ഖനിയിൽനിന്നു ലഭിച്ച നിഗൂഢ ലോഹവസ്തു; എന്താണ് സാൽസ്‌ബുർഗ് ക്യൂബിന്റെ രഹസ്യം?

HIGHLIGHTS
  • ഒറ്റനോട്ടത്തിലറിയാം അതിൽ മനുഷ്യന്റെ കരവിരുത് പതിഞ്ഞിട്ടുണ്ടെന്ന്
  • നാലു വശങ്ങളും ഏകദേശം സമനിരപ്പായിരുന്നു
the-salzburg-cube
SHARE

ലോകത്ത് ഇന്നു കണ്ടെത്തിയതിൽവച്ച് ഏറ്റവും പഴക്കംചെന്ന ഇരുമ്പ് ഉപകരണം നിർമിക്കപ്പെട്ടത് ബിസി 3000–2500 കാലഘട്ടത്തിലാണ്. അനറ്റോളിയയിലെ ഒരു ശവകുടീരത്തിൽനിന്നു ലഭിച്ച ബ്ലേഡ് ആണു സംഭവം. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് വ്യാപകമായി ഇരുമ്പ് ഉപയോഗിച്ചു തുടങ്ങിയ ഇരുമ്പ് യുഗത്തിന്റെ ആരംഭം-ഏകദേശം ബിസി 500–ാം ആണ്ടിൽ. എന്നാൽ ഇതിനെല്ലാം പതിനായിരക്കണക്കിനു വർഷം മുൻപേതന്നെ മനുഷ്യൻ ഇരുമ്പ് ഉപയോഗിക്കാൻ തുടങ്ങിയിരുന്നുവെന്നാണ് നിഗൂഢതാസിദ്ധാന്തക്കാർ പറയുന്നത്. അതിന് അവർ നിരത്തുന്ന ചില വാദങ്ങളുമുണ്ട്. അതിലൊന്ന് ഓസ്ട്രിയയിലെ സാൽസ്‌ബുർഗ് പ്രദേശവുമായി ബന്ധപ്പെട്ടതാണ്. 

അവിടത്തെ ഒരു ലിഗ്‍നൈറ്റ് ഖനിയിൽ നിന്ന് 1885ൽ പ്രത്യേകയിനം ലോഹവസ്തു ലഭിച്ചു. ലിഗ്നൈറ്റ് ശേഖരിച്ച് ഒരു ഫാക്ടറിയിലേക്ക് ഉപയോഗത്തിനായി കൊണ്ടുവന്നിരുന്നു. ഓരോ ലിഗ്നൈറ്റ് കഷ്ണവും പൊട്ടിച്ചു മാറ്റുന്നതിനിടെ ജീവനക്കാരിലൊരാളാണ് ലോഹവസ്തു കണ്ടെത്തുന്നത്. ലിഗ്നൈറ്റ് പാളിക്കുള്ളിൽ ഉറച്ച നിലയിലായിരുന്നു അത്. മുകളിൽ തുരുമ്പു പിടിച്ചതു പോലുള്ള അടയാളങ്ങളും രൂപവും കണ്ടപ്പോൾത്തന്നെ സംഗതി ഇരുമ്പാണെന്ന് ഉറപ്പായിരുന്നു. എന്നാൽ ഏകദേശം രണ്ടു കോടി വർഷം മുൻപ് രൂപപ്പെട്ട ലിഗ്നൈറ്റിനുള്ളിൽ എങ്ങനെ ഇരുമ്പ് പ്രത്യക്ഷപ്പെട്ടു? ഒറ്റനോട്ടത്തിലറിയാം അതിൽ മനുഷ്യന്റെ കരവിരുത് പതിഞ്ഞിട്ടുണ്ടെന്ന്. 

നാലു വശങ്ങളും ഏകദേശം സമനിരപ്പായിരുന്നു. രണ്ടു വശങ്ങൾ അകത്തേക്ക് കുഴിഞ്ഞ നിലയിലും. കൃത്യമായി ആ ലോഹവസ്തുവിനു നടുവിലൂടെ ഒരു ചാല് കീറിയ പോലുള്ള ഭാഗവും ഉണ്ടായിരുന്നു. മൈനിങ് എൻജിനീയർ അഡോൾഫ് ഗൾട്ട് ആദ്യം ഈ വസ്തു പരിശോധിച്ചു. പിന്നീട് ബോണിലെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിക്ക് കൈമാറി. അവരതിനു നൽകിയ പേരാണ് സാൽസ്‌ബുർഗ് ക്യൂബ്. കണ്ടെത്തിയ ഇടവുമായി ചേർത്ത് വോൾഫ്‌സ്‌എഗ്ഗ് ക്യൂബ് എന്നും പേരുണ്ട്. 785 ഗ്രാം മാത്രമായിരുന്നു അതിന്റെ ഭാരം. വശങ്ങളുടെ അളവുകളാകട്ടെ 67മില്ലിമീറ്റർ x 67മില്ലിമീറ്റർx 47 മില്ലിമീറ്റര്‍ എന്നിങ്ങനെയും. ‘ഔട്ട് ഓഫ് പ്ലേസ്’ വസ്തുക്കളെന്നാണ് ഇത്തരം കണ്ടെത്തലുകളെ ഗവേഷകർ വിശേഷിപ്പിക്കുക. അതായത് ഒരു തരത്തിലും യോജിച്ചു പോകാത്ത സാഹചര്യത്തിൽ കണ്ടെത്തുന്ന വസ്തുക്കൾ. 

രണ്ട് കോടി വർഷം മുൻപ് ഇത്രയും കൃത്യതയോടെ ഒരു ലോഹവസ്തു ഭൂമിയില്‍ നിർമിക്കപ്പെടുമെന്നു വിശ്വസിക്കാൻ പോലും സാധിക്കില്ല. അങ്ങനെയാണ് സാൽസ്ബുർഗ് ക്യൂബ് അന്യഗ്രഹജീവികളുടെ സംഭാവനയാണെന്ന വാദവും ഉയർന്നത്. എന്നാൽ ആദ്യഘട്ടത്തിൽ ഗവേഷകർ പറഞ്ഞത് അതൊരു ഉൽക്കയുടെ ഭാഗമാണെന്നാണ്. കൂടുതൽ ഗവേഷണം നടത്തിയപ്പോൾ ആ വാദവും തള്ളിപ്പോയി. കാരണം ഉൽക്കകളിൽ ധാരാളമായി കാണപ്പെടുന്ന നിക്കൽ, ക്രോമിയം, കോബാൾട്ട് എന്നിവയൊന്നും സാൽസ്ബുർഗ് ക്യൂബിലുണ്ടായിരുന്നില്ല. മ്യൂസിയം അധികൃതരുടെ പരിശോധനയിൽ ഒന്നുകൂടി തെളിഞ്ഞു– ലോഹവസ്തുവിൽ മഗ്നീഷ്യത്തിന്റെ അളവ് വളരെ കുറവാണ്. യന്ത്രഭാഗങ്ങളും മറ്റും നിർമിക്കാനായി സംസ്കരിച്ചെടുക്കുന്ന ഇരുമ്പിലാണ് സാധാരണ ഇതു സംഭവിക്കുക. അങ്ങനെയാണ്, പണ്ടെപ്പോഴെങ്കിലും ഖനി നിര്‍മാണത്തിനിടെ കുടുങ്ങിപ്പോയ ലോഹഭാഗമാകാം ഇതെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. 

ഖനിയിൽനിന്ന് ലിഗ്നൈറ്റ് പുറത്തെത്തിക്കാനായി ഒട്ടേറെ ട്രാക്കുകൾ നിർമിച്ചിരുന്നു. അവയിൽ ഭാരം ക്രമീകരിക്കുന്നതിനു വേണ്ടി ഇത്തരം ലോഹവസ്തുക്കൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇതിനു സമാനമായ വസ്തുക്കൾ മറ്റെവിടെയും കണ്ടുകിട്ടിയിട്ടുമില്ല! ഒട്ടേറെ ഗവേഷകർ പരിശോധനയ്ക്കായി അൽപാൽപം കൊണ്ടുപോയതിനാൽ പിൽക്കാലത്ത് ഈ ക്യൂബിന്റെ വലുപ്പം കുറഞ്ഞുവന്നു. അതോടെ ഇതിന്റെ ഒരു മാതൃക തയാറാക്കി ഓസ്ട്രിയയിലെ ലിൻസിലുള്ള മ്യൂസിയത്തിലേക്കു മാറ്റി. അവിടെയായിരുന്നു യഥാർഥ ക്യൂബ് 1950 മുതൽ 1958 വരെ സൂക്ഷിച്ചിരുന്നത്. യഥാർഥ ക്യൂബ് ഇപ്പോൾ ഓസ്ട്രിയയിലെതന്നെ ഹെയ്മത്തേയൂസ് എന്ന മ്യൂസിയത്തിലാണുള്ളത്. സാൽസ്ബുർഗ് ക്യൂബിനു പിന്നിലെ രഹസ്യം എന്താണെന്ന് ഇന്നും ഉറപ്പിച്ചു പറയാൻ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. അതിനാൽത്തന്നെ പാരാനോർമൽ ആരാധകരും യുഎഫ്ഒ പ്രേമികളുമെല്ലാം ഇന്നും ഇതിനെപ്പറ്റി ഒട്ടേറെ തിയറികളാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

 English Summary :The Salzburg Cube 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA