ആകാശത്ത് അഗ്നിപർവതങ്ങൾ നിറഞ്ഞൊരു ഉപഗ്രഹം !

HIGHLIGHTS
  • എവിടെ നോക്കിയാലും തീ നിറത്തിലുള്ള ലാവ മാത്രം
  • ഈ ഗ്രഹങ്ങളില്‍ പലതിനെയും ചുറ്റി ഉപഗ്രഹങ്ങളുമുണ്ട്.
scientists-may-have-found-a-volcanic-exomoon
SHARE

സ്റ്റാർ വാർസ് സിനിമാ പരമ്പരയുടെ ആരാധകർക്ക് മുസ്റ്റഫാർ ഗ്രഹത്തെപ്പറ്റി പറഞ്ഞുകൊടുക്കേണ്ട ആവശ്യമൊന്നുമില്ല. അവിടെ വച്ചു നടക്കുന്ന പോരാട്ടത്തിനൊടുവിലാണ് അനകിൻ സ്കൈവോക്കർ മരണത്തിന്റെ വക്കിൽ നിന്നു രക്ഷപ്പെട്ട് ഡാർത്ത് വേഡറെന്ന വില്ലനായി മാറുന്നത്. ‘സ്റ്റാർ വാർസ്: റിവഞ്ച് ഓഫ് ദ് സിത്’ എന്ന ചിത്രത്തിലാണ് പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ രംഗങ്ങളിലൊന്ന്. എപ്പോഴും അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ച് തിളയ്ക്കുന്ന ലാവ പുറത്തേയ്ക്കൊഴുകുന്ന ഗ്രഹമാണ് മുസ്റ്റഫാർ. എവിടെ നോക്കിയാലും തീ നിറത്തിലുള്ള ലാവ മാത്രം. മനുഷ്യർ അവിടെ ജീവിക്കുന്നതിനെപ്പറ്റി ആലോചിക്കുക പോലും വേണ്ട, കരിഞ്ഞു പോകും. 

സിനിമയിൽ സാങ്കൽപിക ഗ്രഹമാണ് മുസ്റ്റഫാറെങ്കിലും ഇപ്പോൾ ഗവേഷകർ പറയുന്നത് അത്തരമൊരു ഉപഗ്രഹം യഥാർഥത്തിൽ ഉണ്ടെന്നാണ്. അതിനുള്ള തെളിവും അവർ പുറത്തുവിട്ടു. ഭൂമി ഉൾപ്പെടുന്ന സൗരയൂഥത്തിനു പുറത്ത് ഒട്ടേറെ ഗ്രഹങ്ങളുണ്ട്. എക്സ്ട്രാ സോളർ പ്ലാനറ്റ് അഥവാ എക്സോ പ്ലാനറ്റുകൾ എന്നാണ് അവയുടെ വിളിപ്പേര്. ഇത്തരത്തിലുള്ള നാലായിരത്തിലേറെ ഗ്രഹങ്ങളെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രഹങ്ങളില്‍ പലതിനെയും ചുറ്റി ഉപഗ്രഹങ്ങളുമുണ്ട്. എക്സോമൂൺ എന്നാണ് അവയെ വിളിക്കുന്നത്. എക്സോമൂണുകളെ ഭൂമിയിൽ നിന്നു കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. അവയുടെ വലുപ്പക്കുറവാണ് കാരണം.  

അതിനാൽത്തന്നെ സൗരയൂഥത്തിനു പുറത്തേക്കു ശ്രദ്ധയോടെയിരിക്കാൻ വേണ്ടി വിക്ഷേപിച്ചിരിക്കുന്ന ടെലസ്കോപ്പുകളാണ് ഏക ആശ്രയം. അവ കണ്ടെത്തി നൽകുന്ന വിവരങ്ങളിൽ നിന്നാണ് ദൂരെ ഒരു എക്സോമൂൺ ഉണ്ടെന്ന നിഗമനത്തിൽ ഗവേഷകരെത്തുന്നത്. എക്സോപ്ലാനറ്റായ വാസ്പ്–49ബിയെ ചുറ്റുന്ന എക്സോമൂണിൽ നിറയെ അഗ്നിപർവതങ്ങളാണെന്ന നിഗമനത്തിലെത്തിയതും അങ്ങനെത്തന്നെ. ഈ ഗ്രഹത്തിൽ സോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഗവേഷകർ അതിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഗ്രഹത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതല്ലെന്നത് അന്വേഷണത്തിൽ വ്യക്തമായി, പിന്നെ ഇത്രയേറെ സോഡിയം വരണമെങ്കിൽ അഗ്നിപർവത സ്ഫോടനം പോലുള്ള പ്രക്രിയകൾ വേണം. അപ്പോഴും പക്ഷേ അക്കാര്യം ഉറപ്പിച്ചു പറയാറായിട്ടില്ല. അതിന് ഇനിയും ഗവേഷണങ്ങൾ വേണം. 

ഭൂമിയിൽ നിന്ന് ഏകദേശം 550 പ്രകാശവർഷം അകലെയുള്ള മുസ്റ്റഫാറിന്റെ ഈ അപരന് സൗരയൂഥത്തിലെ ഒരു ഉപഗ്രഹമായും സാദൃശ്യമുണ്ട്. വ്യാഴത്തിന്റെ അഞ്ചാമത്തെ ഉപഗ്രഹമായ ഇയോയുമായിട്ടാണത്. നൂറുകണക്കിന് അഗ്നിപർവതങ്ങളാണ് ഇയോയിലുള്ളത്. അതിനാൽത്തന്നെ സൗരയൂഥത്തിലെ ഏറ്റവുമധികം സജീവ അഗ്നിപർവതങ്ങളുള്ളതും സ്ഫോടനങ്ങൾ നടക്കുന്നതും ഇയോയിലാണ്. സൗരയൂഥത്തിനു പുറത്തു കണ്ടെത്തിയ കാന്‍ക്രി–എന്ന എക്സോപ്ലാനറ്റുമായും ഇതിനെ ഗവേഷകർ താരതമ്യം ചെയ്യുന്നുണ്ട്. ഭൂമിയുടെ ഇരട്ടി വലുപ്പമുള്ള കാൻക്രിയിലെ ചൂട് 3000 ഡിഗ്രി ഫാരൻഹീറ്റിലേറെയാണ്. അതുകൊണ്ടൊക്കെയാണ് ‘അപകടം പിടിച്ച അഗ്നിപര്‍വതലോകം’ എന്ന വിശേഷണം പുതിയ എക്സോമൂണിന് ബേൺ സർവകലാശാല ഗവേഷകർ നൽകിയതും. 

പടക്കക്കടയ്ക്കു തീപിടിച്ചതു പോലെ പൊട്ടിത്തെറിയായതിനാല്‍ ഈ എക്സോമൂണ്‍ അൽപാൽപമായി ഇല്ലാതാവുകയാണെന്നും ഗവേഷകർ പറയുന്നു. സൗരയൂഥത്തിനു പുറത്ത് എക്സോമൂണുകളുള്ള ഏകദേശം 100 എക്സോപ്ലാനറ്റുകളെങ്കിലും ഉണ്ടെന്നാണു കരുതുന്നത്. പക്ഷേ സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങൾക്കു മാത്രം 190ലേറെ ഉപഗ്രഹങ്ങളുണ്ടെന്നാണ് നാസയുടെ കണക്ക്. എക്സോ മൂണുകളിൽ ദ്രവരൂപത്തിൽ ജലം ഉണ്ടാകുമെന്നും ഗവേഷകർ വിശ്വസിക്കുന്നുണ്ട്. അതിനാൽത്തന്നെ ഇവയുമായി ബന്ധപ്പെട്ട ഗവേഷണം തകൃതിയായി തുടരാൻ തന്നെയാണു പദ്ധതി.

English Summary :  Scientists may have found a volcanic exomoon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA