ADVERTISEMENT

‘ചായ കുടിക്കുമ്പോഴും ചോറുണ്ണുമ്പോഴും അത്താഴത്തിന്റെ നേരത്തുമൊക്കെ ഈ കൊച്ചിന്റെ കണ്ണ് ടിവിയിലാ... ഇനിയിപ്പോൾ ഉറങ്ങുമ്പോൾ കട്ടിലിൽ കൂടി ടിവി അടുത്തുണ്ടെങ്കിൽ സന്തോഷായി...’ ഇതുപോലെ പല വീടുകളിൽ നിന്നും കേൾക്കാം മാതാപിതാക്കളുടെ പരാതി പറച്ചിൽ. പക്ഷേ, ടിവി സ്നേഹമുള്ളതു കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കുമുണ്ട്. അവധി ദിവസങ്ങളിൽ രാവിലെ എഴുന്നേറ്റാൽ രാത്രി വരെ ടിവിക്കു മുന്നിലിരിക്കുന്നവരേറെ. ടിവി കണ്ടുകണ്ട് ഇരുന്നിടത്തു തന്നെ കിടന്നുറങ്ങുന്നവരുമുണ്ട്. അത്തരക്കാരെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാനാണെന്നു തോന്നുന്നു ഒരു പുതിയ തരം കട്ടിൽ വിപണിയിലേക്കു വരുന്നുണ്ട്. 

 

കട്ടിലിനൊപ്പം ടിവിയും കൂടി ചേർത്താണ് ഇതു രൂപകൽപന ചെയ്തിരിക്കുന്നത്. കട്ടിലിന്റെ പ്രത്യേക ഫ്രെയിമിൽ ഘടിപ്പിച്ച ടിവിയിൽ നോക്കിക്കിടക്കാം, ഉറങ്ങാം. 4കെ പ്രൊജ്കറ്ററും 70 ഇഞ്ച് സ്ക്രീനും ചേർന്നതാണ് ഈ ടിവി സിസ്റ്റം. പ്രൊജക്റ്ററുമായി മൊബൈലും മറ്റു ഡിവൈസുകളുമെല്ലാം ഘടിപ്പിക്കാം. അവയിലെ വിഡിയോകളെല്ലാം സ്ക്രീനിൽ കാണുകയുമാകാം. ചുറ്റിലും ഗംഭീരൻ സ്പീക്കറുകളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ ഒരു ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. സ്വന്തം വൈ–ഫൈ സംവിധാനവുമുണ്ടു കട്ടിലിന്. അതുവഴി ഇഷ്ടമുള്ള സിനിമയോ സീരിയലോ വെബ് സീരീസുകളോ ഒക്കെ കാണാം. കട്ടിലിലെ ഫ്രെയിമിൽ കർട്ടനും ഘടിപ്പിച്ചിട്ടുണ്ട്. അതിട്ടാൽ തിയറ്ററിലെന്ന പോലെ ഇരുട്ടിലിരുന്നു സിനിമയും കാണാം. 

 

ഇറ്റാലിയൻ ഫർണിച്ചർ ബ്രാൻഡായ ഹൈ– ഇന്റീരിയേഴ്സിനു വേണ്ടി ഫാബിയോ വിനെല്ല എല്ല പ്രശസ്ത ആർക്കിടെക്ടാണ് ഈ സ്മാർട് കട്ടിൽ തയാറാക്കിയത്. ഹൈബെഡ് എന്നൊരു പേരും കൊടുത്തു. ഇതെന്തു കൊണ്ടാണ് ഇത്തരമൊരു കട്ടിലെന്നു പല കോണുകളിൽ നിന്നും ചോദ്യമുയർന്നിരുന്നു. ജനങ്ങളെ പരമാവധി ആനന്ദിപ്പിക്കാനാണെന്നായിരുന്നു കമ്പനിയുടെ ഉത്തരം. മാത്രവുമല്ല ഇതുവരെ കാര്യമായ ഹൈടെക് സംഗതികളൊന്നും വരാത്ത സംഗതിയാണു കട്ടിൽ. കസേരയ്ക്കു പോലും ഇന്നു തനിയെ സഞ്ചരിക്കാനും പടികൾ കയറാനും വരെ സാധിക്കും. അപ്പോൾപിന്നെ കട്ടിലിനെയും അൽപം ഹൈടെക് ആക്കണമല്ലോയെന്നു കരുതിയാണ് ഇത്തരമൊരു പരീക്ഷണം. 

 

വില കേട്ടു പക്ഷേ ഞെട്ടരുത്– ഏകദേശം 10–20 ലക്ഷം രൂപ വരും! അതെന്താണു സ്വർണം കൊണ്ടാണോ ടിവി നിർമിച്ചിരിക്കുന്നത്? അല്ലേയല്ല. പക്ഷേ, ‘വിലയേറിയ’ പല സംവിധാനങ്ങളുമുണ്ട് ഇതോടൊപ്പം. ഉദാഹരണത്തിന് ഈ കട്ടിലിന് അതിൽ കിടക്കുന്ന വ്യക്തിയുടെ ഉറക്കത്തിന്റെ പാറ്റേൺ നിരീക്ഷിക്കാനുള്ള കഴിവുണ്ട്. ആവശ്യത്തിന് ഉറക്കം കിട്ടിയോ എന്ന് ഇതുവഴി മനസ്സിലാക്കാനാകും. ഉറക്കത്തിനിടയിൽ ശ്വസിക്കുമ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നെല്ലാം ഇതുവഴി അറിയാം. 

 

ഇനി കട്ടിലിലിരുന്നു ഭക്ഷണം കഴിച്ച് ടിവി കണ്ടു തടികൂടിപ്പോയാൽ അത് ഓരോ ദിവസവും അറിയാനുള്ള ബയോമെട്രിക് സെൻസർ സംവിധാനവുമുണ്ട്. മുറിക്കകത്തെ താപനില, വായുവിന്റെ നിലവാരം, എത്രമാത്രം ശബ്ദം മുറിക്കകത്തേക്കു കയറുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം കട്ടിൽ രേഖപ്പെടുത്തും. കട്ടിലിൽ പലതരം ലൈറ്റുകളുമുണ്ട്. രാത്രിയിലും വായിക്കുന്ന സമയത്തുമെല്ലാം ഉപയോഗിക്കാന്‍ ഓരോ തരം ലൈറ്റുകളാണ്. രാവിലെ വിളിച്ചുണർത്തുന്ന അലാമും കട്ടിലിൽ റെഡി. പക്ഷേ കിലുകിലാ ശബ്ദങ്ങളൊന്നുമുണ്ടാക്കില്ല. പകരം കാലാവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും വാർത്തകളുമെല്ലാമാണ് അലാം നോട്ടിഫിക്കേഷനായി ലഭിക്കുക. കട്ടിലിലെ എല്ലാ സംവിധാനങ്ങളെയും നിങ്ങളുടെ ശബ്ദം വഴി നിയന്ത്രിക്കുകയുമാകാം, അടുത്ത വർഷത്തോടെ ഇതു വിൽപനയ്ക്കെത്തും.

 

 English summary : Smart sleeping cot with television

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com