ഇരുട്ടിലും തിളങ്ങുന്ന ആ കണ്ണുകൾ; ഗവേഷകരെ ഞെട്ടിച്ചൊരു ‘ഭീകരൻ’ കണ്ടെത്തൽ!

HIGHLIGHTS
  • പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണുകളായിരുന്നു എട്ടുകാലികളുടേത്
  • ഭൂരിപക്ഷം എട്ടുകാലികളുടെയും കണ്ണുകൾ ഇരുട്ടത്ത് തിളങ്ങില്ല
researchers-found-spider-fossils-of-110-million-years
SHARE

അന്റാർട്ടിക്കയിലൊഴികെ ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്ന ജീവികളിലൊന്നാണ് എട്ടുകാലി. ഏകദേശം 38 കോടി വർഷങ്ങൾക്കു മുൻപേ തന്നെ ഇവ ഭൂമിയിലുണ്ടായിരുന്നെന്നാണു കരുതുന്നത്. ഇന്ന് അരലക്ഷക്കോളം സ്പീഷീസുകളിൽപ്പെട്ട എട്ടുകാലികൾ ലോകത്തിന്റെ പല ഭാഗങ്ങളിലായുണ്ട്. ചിലത് കുഞ്ഞന്മാരാണ്, മറ്റു ചിലതാകട്ടെ പക്ഷികളെ വരെ പിടികൂടി കൊന്നുതിന്നാൻ സാധിക്കുന്നവയും! 11 കോടി വർഷങ്ങൾക്കു മുൻപു ഭൂമിയിലുണ്ടായിരുന്ന ഒരു തരം എട്ടുകാലികളെപ്പറ്റിയാണു പക്ഷേ ഇപ്പോൾ ജന്തുശാസ്ത്രജ്ഞർ ചർച്ച ചെയ്യുന്നത്. ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളുള്ള ഈ എട്ടുകാലികളെ ദക്ഷിണ കൊറിയയിൽ നിന്നാണു കണ്ടെത്തിയത്. ജീവനോടെയല്ല, ഫോസിൽ രൂപത്തിൽ. പക്ഷേ ഗവേഷകരെ ഞെട്ടിക്കാൻ പോന്ന വിശേഷങ്ങളാണ് ഈ ഫോസിലിനു പറയാനുണ്ടായിരുന്നത്. 

ലഗോനോമെഗോപിഡെ ( Lagonomegopidae) കുടുംബത്തിൽപ്പെട്ട രണ്ട് എട്ടുകാലികളുടെ ഫോസിലുകളാണ് ഗവേഷകർ കണ്ടെത്തിയത്. ഫോസിൽ ഗവേഷകർക്കിടയിൽ പേരുകേട്ടയിടമാണ് ദക്ഷിണ കൊറിയയിലെ ലോവർ ക്രെറ്റേഷ്യസ് ജിൻജു ഫോർമേഷൻ. മിസോസോയിക് കാലഘട്ടത്തിലെ ഒട്ടേറെ ജീവികളുടെ ഫോസിലുകൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 25.2 കോടിക്കും 6.6 കോടി വർഷത്തിനും ഇടയിലുള്ള കാലഘട്ടമാണ് മിസോസോയിക്. ജിൻജു ഫോർമേഷനിനു സമീപം ഒരു നിർമാണ ജോലി നടക്കുന്നതിനിടെയാണ് ഫോസിൽ കണ്ണിൽപ്പെട്ടത്. 

സാധാരണ ഗതിയിൽ കുന്തിരിക്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരിക്കും എട്ടുകാലികളുടെയും മറ്റും ഫോസിലുകൾ കേടുകൂടാതെ ലഭിക്കുക. എന്നാൽ ഇത്തവണ ലഭിച്ചത് അതീവ ദുർബലമായ ഷെയ്ൽ ശിലകളിൽ നിന്നായിരുന്നു. രണ്ട് എട്ടുകാലികളുടെയും കണ്ണുകളുടെ പ്രത്യേകത വളരെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും വിധമായിരുന്നു രണ്ടു ഫോസിലുകളും സംരക്ഷിക്കപ്പെട്ടിരുന്നത്. അതാണു ഗവേഷകരെ ഏറെ സന്തോഷിപ്പിക്കുന്നതും. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണുകളായിരുന്നു എട്ടുകാലികളുടേത്. മനുഷ്യരുടെ കണ്ണുകളിലേക്കെത്തുന്ന പ്രകാശത്തെ അതു പ്രതിഫലിപ്പിക്കില്ല. അതിനാൽത്തന്നെ ഇരുട്ടിൽ നമ്മുടെ കണ്ണുകൾ തിളങ്ങാറുമില്ല. എന്നാൽ ഈ എട്ടുകാലികളുടെ കണ്ണുകൾ തിളങ്ങും. രാത്രിയിൽ ഈ കണ്ണുകളുടെ തിളക്കം കണ്ടു പറന്നെത്തുന്ന ജീവികളെ എട്ടുകാലികൾ പിടികൂടി ശാപ്പിടുകയും ചെയ്യും. 

ഭൂരിപക്ഷം എട്ടുകാലികളുടെയും കണ്ണുകൾ ഇരുട്ടത്ത് തിളങ്ങില്ല. വൂൾഫ് സ്പൈഡറുകളുടെ കണ്ണുകൾ പക്ഷേ തിളങ്ങും. പ്രാചീന കാലത്തെ എട്ടുകാലികൾക്ക് ഇന്നത്തെപ്പോലെ നിന്നനില്‍പിൽ ചാടാനുള്ള കഴിവൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ കാലത്തെ എട്ടുകാലികൾക്കു സാധിക്കും. ഇങ്ങനെ എട്ടുകാലികളുടെ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും നിർണായക മാറ്റങ്ങളുണ്ടായിട്ടുണ്ട്. അവയെപ്പറ്റി പഠിക്കാൻ ഏറെ സഹായിക്കുന്നതായിരിക്കും പുതിയ കണ്ടെത്തലെന്നു പറയുന്നു ഗവേഷകർ. എങ്ങനെയോ വെള്ളത്തിൽ പെട്ടുപോയവയാണ് ഈ എട്ടുകാലികൾ. പക്ഷേ വെള്ളത്തിന്റെ പ്രത്യേകത കാരണം ബാക്ടീരിയകളുടെ ആക്രമണമുണ്ടായില്ല. ചത്തെങ്കിലും മൃദുവായ ചെളിക്കിടയിൽ ദ്രവിച്ചു പോകാതെ സംരക്ഷിക്കപ്പെട്ടു. ഇവ പിന്നീട് ഷെയ്ൽ ശിലകളുമായെന്നാണു കരുതുന്നത്. നേരത്തേ കുന്തിരിക്കത്തിൽ നിന്നു ലഭിച്ച ലഗോനോമെഗോപിഡെ കുടുംബത്തിലെ എട്ടുകാലികളുടെ ഫോസിലുകളും ശിലയിൽ നിന്ന് ലഭിച്ച ഫോസിലും തമ്മിൽ താരതമ്യ പഠനത്തിനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോൾ. 

 English summary : Researchers found spider fossils of 110 million years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA