20 ശവപ്പെട്ടികൾ, മമ്മികൾ; കണ്ടെത്തിയത് ‘ഈജിപ്തിലെ ഈ വർഷത്തെ ഏറ്റവും വലിയ അദ്ഭുതം’

HIGHLIGHTS
  • ഏകദേശം 3000 വർഷത്തെ പഴക്കം ഇവയ്ക്കുണ്ടെന്നാണു കരുതുന്നത്
  • അലങ്കാരപ്പണികൾക്കോ ചിത്രങ്ങൾക്കോ യാതൊരു േകടുപാടും സംഭവിച്ചിട്ടില്ല
20-preserved-wooden-coffins-found-egypt-by-archaeologists
SHARE

ഒന്നും രണ്ടുമല്ല, 20 ശവപ്പെട്ടികളാണു കണ്ടെത്തിയിരിക്കുന്നത്. അതും ഈജിപ്തിൽ അധികമാരും കടന്നു ചെല്ലാത്ത ഒരു മേഖലയിൽ നിന്ന്. പുതിയ കണ്ടെത്തലോടെ ഇവിടേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കായിരിക്കുമെന്നു സർക്കാർ പറയുന്നു. എന്താണു കാരണം?  യാതൊരു കേടുപാടുകളും പറ്റാതെ 20 ശവപ്പെട്ടികൾ ലക്സർ നഗരത്തിനു സമീപത്തു നിന്നു പര്യവേക്ഷകര്‍ക്കു ലഭിക്കുന്നത്. ഏകദേശം 3000 വർഷത്തെ പഴക്കം ഇവയ്ക്കുണ്ടെന്നാണു കരുതുന്നത്. പുരാതന കാലത്തെ ഈജിപ്തുകാർ ‘ഇന്നലെ’ ഉപേക്ഷിച്ചതു പോലെയായിരുന്നു 20 ശവപ്പെട്ടികളെന്നും ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് പറയുന്നു. 

റാംസിസ് ഫറവോ ആറാമന്റെ മരണത്തോടെ ആരംഭിച്ച കാലഘട്ടത്തിലെയാണു ശവപ്പെട്ടികൾ. രാജാക്കന്മാരുടെയോ രാജ്ഞിമാരുടെയോ അല്ല ഈ ശവപ്പെട്ടികളെന്ന പ്രത്യകതയുമുണ്ട്. മറിച്ച് ബിസി 1070ലും സമീപ കാലത്തും ജീവിച്ചിരുന്ന പുരോഹിതന്മാരുടേതാകാനാണു സാധ്യത. അതാണ് ഈ കണ്ടെത്തലിനെ വേറിട്ടതാക്കുന്നതും. തുത്തൻഖാമൻ പോലുള്ള ഫറവോമാരുടെ ശവപ്പെട്ടികൾ കണ്ടെത്തിയിരുന്നത് ശവക്കല്ലറകളിൽ നിന്നായിരുന്നു. പക്ഷേ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ശവപ്പെട്ടികളെല്ലാം കല്ലറയില്ലാതെ മണ്ണിൽ അടക്കം ചെയ്ത നിലയിലായിരുന്നു.  

ഫറവോമാരുടെ പ്രതാപകാലം കഴിഞ്ഞതോടെ പലരും ശവക്കല്ലറകൾ എന്ന സങ്കൽപം തന്നെ ഉപേക്ഷിച്ചതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പകരം സാധാരണ ശവപ്പെട്ടികളിൽ അന്ത്യവിശ്രമം കൊള്ളാനാണ് അവർ ആഗ്രഹിച്ചത്. പക്ഷേ കല്ലറയില്ലാത്തതിനാൽത്തന്നെ ശവപ്പെട്ടിയിലെ കൊത്തുപണികളും മറ്റ് അലങ്കാരങ്ങളും ഗംഭീരമായിരിക്കും. ബിസി 1070നും 650നും ഇടയ്ക്കുള്ള കാലത്തെ ഇത്തരം ചില ശവപ്പെട്ടികൾ നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് ഈജിപ്തിന്റെ തെക്കുഭാഗം പുരോഹിതന്മാരുടെ കീഴിലായിരുന്നു. വടക്കൻ മേഖലയിലെ ഭരണം ഫറവോമാരുടെ കീഴിലും. ഇപ്പോൾ ശവപ്പെട്ടികൾ കണ്ടെത്തിയിരിക്കുന്ന ഭാഗത്ത് പുരോഹിതന്മാരുടെ ഭരണമായിരുന്നു. അതിനാൽത്തന്നെ മുതിർന്ന പുരോഹിതന്മാരുടെയും അവരുടെ ശിഷ്യന്മാരുടെയും ഭാര്യമാരുടെയുമെല്ലാം മമ്മികളായിരിക്കും 20 ശവപ്പെട്ടികളിലെന്നും കരുതപ്പെടുന്നു. 

ഇക്കാലത്തു തന്നെയാണ് ഒരാൾക്ക് ഒരു ശവക്കല്ലറ എന്ന രീതി മാറി കൂട്ടക്കുഴിമാടങ്ങൾ നിർമിക്കാൻ ഈജിപ്തിലുള്ളവർ താൽപര്യം കാണിച്ചതും. പൊടിപിടിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും കൊത്തുപണികൾക്കോ മരത്തിനോ വിവിധ നിറത്തിലുള്ള അലങ്കാരപ്പണികൾക്കോ ചിത്രങ്ങൾക്കോ യാതൊരു േകടുപാടും സംഭവിച്ചിട്ടില്ല. ഉണങ്ങി വരണ്ട മരുഭൂമിയിലെ കാലാവസ്ഥയായിരിക്കും ഇതിനു കാരണം. മരത്തിനു മുകളിൽ മെഴുകും മരക്കറയുമെല്ലാം പുരട്ടിയിരുന്നു. അതോടെ വാർണിഷ് അടിച്ചതിനു സമാനമായി കീടങ്ങളുടെ ആക്രമണങ്ങളില്ലാതെ ശവപ്പെട്ടികൾ നിലനിന്നെന്നും ഗവേഷകര്‍ പറയുന്നു. 

ലക്സറിന്റെ പടിഞ്ഞാറൻ തീരമേഖലയിലുള്ള ഹാത്ഷെപ്സു ക്ഷേത്രത്തിന്റെ സമീപത്തു നിന്നാണ് 20 ശവപ്പെട്ടികൾ ലഭിച്ചത്. 

English Summary : 20 preserved wooden coffins found Egypt by archaeologists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA