ആകാശത്തു തീഗോളമായി ചിതറിയ ‘മഴവിൽ ഉൽക്ക’; അതിലൊളിച്ചത് ജീവന്റെ രഹസ്യം!

HIGHLIGHTS
  • മർക്കിൻസൺ ഉൽക്കയിൽ ഇതുവരെ പ്രോട്ടിന്റെ സാന്നിധ്യം കണ്ടെത്താനിയിട്ടില്ല
  • സൗരയൂഥം രൂപപ്പെടുന്നതിനു മുൻപേ രൂപപ്പെട്ടതാണ് ഇവ
aguas-zarcas-meteorite-and-the-origins-of-life
SHARE

ഭൂമിയിൽ എങ്ങനെയാണു ജീവനുണ്ടായത്? അത് ഉൽക്കകൾ കൊണ്ടുവന്നതാണെന്നു വിശ്വസിക്കുന്ന ഗവേഷകർ ഒട്ടേറെയാണ്. ചുമ്മാ പറയുന്നതല്ല, അതിനു കൃത്യമായ തെളിവുകളും അവരുടെ കയ്യിലുണ്ട്. അത്തരം തെളിവുകളിൽ ഏറ്റവും ശക്തമായ ഒന്ന് ഗവേഷകർക്കു ലഭിച്ചത് 2019 ഏപ്രിൽ 23നാണ്. കോസ്റ്റ റിക്കയിലെ രണ്ടു ഗ്രാമങ്ങളിൽനിന്ന്. ആകാശത്തുനിന്ന് ഭൂമിയിലേക്കു പാഞ്ഞുവന്ന തീഗോളം എന്താണെന്നു നോക്കാൻ പോയതാണ് ഗ്രാമവാസികൾ. ഒരു മഴക്കാടിനു മുകളിലാണ് അതു പൊട്ടിത്തെറിച്ചതെന്നു മാത്രം മനസ്സിലായി. പക്ഷേ തിരച്ചിലിൽ അവർ പലയിടത്തുനിന്നായി ചില വസ്തുക്കൾ കണ്ടെത്തി. ഒറ്റക്കാഴ്ചയിൽ പൊട്ടിയ കളിമൺ പാത്രത്തിന്റെ കഷ്ണം പോലെയിരിക്കും. പക്ഷേ ഭൂമിയിൽ ജീവന്റെ ഉദ്ഭവത്തിനു തുടക്കം കുറിക്കാൻ സഹായിച്ചതെന്നു കരുതുന്ന വസ്തുക്കളായിരുന്നു അവയിൽ ഒളിച്ചിരുന്നിരുന്നത്.

സൂര്യനു ചുറ്റും കറങ്ങുന്ന ചെറുഗ്രഹങ്ങളാണ് ഛിന്നഗ്രഹങ്ങൾ. മണ്ണും കല്ലും പാറയും ലോഹങ്ങളുമൊക്കെക്കൊണ്ടാണ് അവ നിർമിക്കപ്പെട്ടിരിക്കുന്നത്. ചിലതിന് നമ്മുടെ സൗരയൂഥത്തോളം പഴക്കമുണ്ട്. ചിലതിനാകട്ടെ സൗരയൂഥത്തേക്കാളും പഴക്കവും. ഈ ഛിന്നഗ്രഹങ്ങൾ ഇടയ്ക്കു കൂട്ടിയിടിക്കും. അപ്പോൾ പൊട്ടിയടർന്നു ഭൂമിയിലേക്കു പതിക്കുന്ന വസ്തുക്കളാണ് ഉൽക്കകൾ എന്നറിയപ്പെടുന്നത്. ഏകദേശം ഒരു വാഷിങ് മെഷീന്റെ വലുപ്പമുള്ള ഉൽക്കയാണ് കോസ്റ്റ റിക്കയിലെ രണ്ടു ഗ്രാമങ്ങൾക്കു മുകളിലായി പൊട്ടിവീണത്. ഒരു ഗ്രാമത്തിന്റെ പേര് ല പൽമീറ, രണ്ടാമത്തേത് അഗ്വാസ് സർക്കാസും. ഏറ്റവും കൂടുതൽ ഉൽക്കക്കഷ്ണങ്ങൾ കിട്ടിയ ഇടമായതിനാൽ അഗ്വാസ് സർക്കാസിന്റെ പേരിലാണ് ഉൽക്ക അറിയപ്പെടുന്നത്. 

സാധാരണ ഉൽക്കകളിൽനിന്നു വ്യത്യസ്തമായി പല വിധ വർണങ്ങൾ നിറഞ്ഞതായിരുന്നു അഗ്വാസ് സർക്കാസ്. അതിനാൽ ‘മഴവിൽ ഉൽക്ക’യെന്ന പേരും നൽകി ഗവേഷകർ. കാർബണിനാൽ സമ്പുഷ്ടമായിരുന്നു ഇവ. കാർബണേഷ്യസ് ക്രോൺഡ്രൈറ്റ്സ് എന്നറിയപ്പെടുന്ന വിഭാഗം ഉൽക്കകളിലായിരുന്നു ഇവ ഉൾപ്പെട്ടിരുന്നത്. ഗവേഷകരെ സംബന്ധിച്ചിടത്തോളം ഏറെ ‘വിലപ്പെട്ടതാണ്’ ഇത്തരം ഉൽക്കകൾ. കാരണം സൗരയൂഥം രൂപപ്പെടുന്നതിനു മുൻപേ രൂപപ്പെട്ടതാണ് ഇവ. അതായത് സൂര്യനും മുൻപേ പ്രപഞ്ചത്തിൽ രൂപപ്പെട്ടവ! ഇത്തരം ഉൽക്കകളിൽ കാർബൺ സംയുക്തങ്ങളായ അമിനോ ആസിഡുകളുടെ സാന്നിധ്യമാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഈ അമിനോ ആസിഡുകൾ കൂടിച്ചേർന്നാണ് ജീവന്റെ അടിസ്ഥാന ഘടകമായ പ്രോട്ടിനുകളും ഡിഎൻഎകളും രൂപപ്പെട്ടതെന്നാണ് കരുതുന്നത്.

ഭൂമിയിൽ പതിച്ചിട്ടുള്ള മറ്റു പല ഉൽക്കകളും ഇവിടുത്തെ അന്തരീക്ഷവുമായി ചേർന്ന് പ്രതിപ്രവർത്തിച്ച് അവയുടെ യഥാർഥ ബഹിരാകാശ സ്വഭാവം നഷ്ടപ്പെട്ടിരുന്നു. എന്നാൽ അഗ്വാസ് സർക്കാസിന്റെ ആന്തരികഘടനയിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണു ഗവേഷകരുടെ പ്രതീക്ഷ. എന്നിരുന്നാലും സൂര്യപ്രകാശമേറ്റും മണ്ണിലെ രാസവസ്തുക്കളുമായി ചേർന്നും ചെറിയ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 1969ൽ ഓസ്ട്രേലിയയിലെ മർക്കിസണിൽ സമാന സ്വഭാവമുള്ള ഒരു ഉൽക്ക പതിച്ചിരുന്നു. അവയിലും അമിനോ ആസിഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. അവയും സൗരയൂഥം രൂപപ്പെടുന്നതിനു മുൻപ് പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നാണു പഴക്കം സൂചിപ്പിക്കുന്നത്. രണ്ട് ഉൽക്കകളെപ്പറ്റിയുള്ള പഠനവും ഇതുവരെ പൂർത്തിയായിട്ടില്ല. ആധുനിക സാങ്കേതികത ഉൾപ്പെടെ ഉപയോഗിച്ചു വേണം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ. 

മർക്കിൻസൺ ഉൽക്കയിൽ ഇതുവരെ പ്രോട്ടിന്റെ സാന്നിധ്യം കണ്ടെത്താനിയിട്ടില്ല. ഭൂമിയുടെ അന്തരീക്ഷവുമായുള്ള കൂടിച്ചേരലിൽ പ്രോട്ടിൻ ഘടകങ്ങളും മറ്റും നഷ്ടപ്പെട്ടതാകാമെന്നാണു കരുതുന്നത്. എന്നാൽ അഗ്വാസ് സർക്കാസിൽ പ്രോട്ടിന്‍ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മർക്കിൻസണിലും അതുണ്ടായിരുന്നെന്ന് ഉറപ്പിക്കാനാകും. അഗ്വാസ് സർക്കാസുമായി അത്രയേറെ സാമ്യത്തിൽ, ഫോട്ടോസ്റ്റാറ്റ് പതിപ്പു പോലെയാണ് മർക്കിൻസൺ. ഭൂമിയിൽ ഇന്നേവരെ എവിടെയും കാണാത്ത തരത്തിലുള്ള അമിനോ ആസിഡ് അഗ്വാസ് സർക്കാസിൽ കണ്ടെത്തിയിട്ടുമുണ്ട്. എന്തായാലും ഗവേഷകർ ഇവയിന്മേൽ പഠനം തുടരുകയാണ്. 

ഭൗമോപരിതലവുമായി യാതൊരു തരത്തിലും ബന്ധപ്പെടാത്ത വിധം ഛിന്നഗ്രഹങ്ങളിൽനിന്നു നേരിട്ട് സാംപിൾ ശേഖരിക്കാനുള്ള ഗവേഷകരുടെ നീക്കവും തുടരുകയാണ്. ജപ്പാന്റെ ഹയാബുസ2 പേടകം റ്യുഗു എന്ന ഛിന്നഗ്രഹത്തിൽനിന്ന് സാംപിൾ ശേഖരിച്ച് ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞു. ബെന്നു എന്ന ഛിന്നഗ്രഹത്തിൽനിന്നു ശേഖരിച്ച സാംപിളുകളുമായി 2023ൽ നാസയുടെ പേടകവും തിരിച്ചെത്തും. ഇവയുമായി അഗ്വാസ് സർക്കാസിനെയും മർക്കിൻസൺ ഉൽക്കയെയും താരതമ്യപ്പെടുത്തിയും പഠനം തുടരും.

English Summary : Aguas Zarcas meteorite and the origins of life.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA