ADVERTISEMENT

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം ഏതാണെന്നറിയാമോ? ദക്ഷിണാഫ്രിക്കയിലെ ഒരു ഗുഹയിൽനിന്നാണത് കണ്ടെത്തിയത്. പക്ഷേ അതിന് കൃത്യമായ ഒരാകൃതിയൊന്നുമുണ്ടായിരുന്നില്ല. ഇന്നത്തെ കാലത്തെ ഹാഷ്‌ടാഗ് പോലെ ഒരു അടയാളം. പക്ഷേ 73,000 വർഷത്തെ പഴക്കമുണ്ടായിരുന്നു അതിന്. ഇപ്പോഴിതാ പഴക്കത്തിന്റെ കാര്യത്തിൽ മറ്റൊരു ഗുഹാചിത്രവും റെക്കോർഡിട്ടിരിക്കുകയാണ്. കൃത്യമായ ആകൃതിയുള്ള ഒരു വസ്തുവിന്റെ രൂപം വരച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗുഹാചിത്രമാണു ഗവേഷകർ കണ്ടെത്തിയത്. ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപില ഗുഹകളിലൊന്നിൽനിന്നാണ് ഈ കണ്ടെത്തൽ. 

ഒരു കാട്ടുപന്നിയുടെ ചിത്രമാണ് ഗവേഷകർ കണ്ടെത്തിയത്. അതു വരച്ചതാകട്ടെ ഏകദേശം 45,5000 വർഷം മുൻപും. കടുംചുവപ്പ് നിറത്തിലുള്ള ഒരുതരം മണ്ണ് ഉപയോഗിച്ചായിരുന്നു ചിത്രംവര. ഒത്ത വലുപ്പത്തിലുള്ള കാട്ടുപന്നിയുടെ ചിത്രം കാര്യമായ കേടുപാടുകളൊന്നുമില്ലാതെതന്നെ ഗവേഷകർക്കു വീണ്ടെടുക്കാനായി. പന്നിയുടെ മുഖത്തിനു മുന്നിൽ തേറ്റയും ഉണ്ടായിരുന്നു. തൊട്ടുപിന്നിൽ കൈപ്പത്തി പതിഞ്ഞതു പോലുള്ള രണ്ട് അടയാളങ്ങളും. ഒരു കാട്ടുപന്നി മറ്റു രണ്ടു കാട്ടുപന്നികൾ പോരടിക്കുന്നതു നോക്കിനില്‍ക്കുന്ന ചിത്രമായിരുന്നു അതെന്നും ഗവേഷകർ പറയുന്നു. എന്നാൽ കാലപ്പഴക്കം കാരണം രണ്ടു പന്നികളുടെ ചിത്രം മങ്ങിപ്പോയി. 

ലിയാങ് തെഡോങ്ങെ എന്നു പേരിട്ട ഗുഹയ്ക്കകത്തുനിന്ന് നമ്മുടെ പൂർവികരുടെ ജീവിതരീതിയെപ്പറ്റിയുളള അടയാളം കൂടിയാണു ലഭിച്ചിരിക്കുന്നത്. ‘നമ്മെപ്പോലെ തികച്ചും ആധുനികരായ മനുഷ്യരായിരുന്നു ഇവിടെ ജീവിച്ചിരുന്നിരുന്നത്. ഇഷ്ടമുള്ള ഏതു ചിത്രവും വരയ്ക്കാനുള്ള ഉപകരണങ്ങളും അതിനുള്ള കഴിവും സ്വന്തമായിരുന്നു ഇവർക്ക്...’ ഗവേഷകനായ മാക്സിം ഓബർട്ട് പറയുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സയൻസ് അഡ്വാൻസസ് ജേണലിൽ ഗുഹാചിത്രം സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അധികമാരും കടന്നു ചെല്ലാത്ത ഒരു താഴ്‌വര പ്രദേശത്തായിരുന്നു ഗുഹ. എന്നാൽ ഏതുവിഭാഗം മനുഷ്യരാണ് ഇവിടെ ജീവിച്ചിരുന്നതെന്നു മാത്രം വ്യക്തമല്ല. 

65,000 വർഷം മുന്‍പുതന്നെ ആഫ്രിക്കയിൽനിന്നു മനുഷ്യരുടെ പലായനം ആരംഭിച്ചിരുന്നു. ഇന്നത്തെ ഓസ്ട്രേലിയയുടെ ഭാഗത്തേക്കു കടക്കാനായി അവർ സുലവേസി ഉൾപ്പെടെയുള്ള ഇന്തൊനീഷ്യൻ ദ്വീപസമൂഹങ്ങളും മറികടന്നിരുന്നുവെന്നും ഗവേഷകർ കരുതുന്നു. അങ്ങനെയായിരിക്കാം ഈ തെക്കുകിഴക്കൻ ദ്വീപസമൂഹത്തിൽ മനുഷ്യരുടെ സാന്നിധ്യമുണ്ടായതെന്നും ഗവേഷകർ കരുതുന്നു. സുലവേസിയിൽനിന്നു മനുഷ്യരുടെ ഫോസിലുകൾ അധികം ലഭിച്ചിട്ടില്ല. അതിനാൽത്തന്നെ ഏതുവിഭാഗം മനുഷ്യരാണെന്നു തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ഒരുപക്ഷേ ആധുനിക മനുഷ്യരായ നിയാൻഡർതാൽ പോലുമായിരിക്കാമെന്നും ഗവേഷകരുടെ വാക്കുകൾ. യൂറോപ്യൻ പ്രദേശങ്ങളിൽ ആദ്യമായി കൃത്യമായ ആകൃതിയിലുള്ള രൂപങ്ങൾ വരയ്ക്കുന്നത് നിയാൻഡർതാൽ മനുഷ്യരാണ്. 

world-s-oldest-animal-cave-painting-found-in-indonesia

എന്നാൽ ഗുഹാചിത്രത്തിന്റെ പഴക്കത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്. ചിത്രത്തിനു മേൽ അടിഞ്ഞുകൂടിയ കാൽസൈറ്റിന്റെ പഴക്കം പരിശോധിച്ചാണ് ഇപ്പോൾ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ചിലപ്പോൾ പഴക്കം അതിലുമേറെയായിരിക്കാം. ഇതിനായി ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്താനാണു തീരുമാനം. 136 സെന്റിമീറ്റർ നീളവും 54 സെന്റിമീറ്റർ ഉയരവുമുള്ള ചിത്രത്തിൽ പെയിന്റ് പ്രയോഗിക്കാൻ പ്രത്യേകരീതിയാണ് ഉപയോഗിച്ചിരുന്നത്. മണ്ണുപൊടിച്ച് വിരലില്‍വച്ച് അതിലേക്ക് ഉമിനീരും ചേർത്തായിരുന്നു ചിത്രംവര. അതിനാൽത്തന്നെ ഉമിനീരിന്റെ ഡിഎൻഎ പരിശോധനയിലൂടെ കൃത്യമായ പഴക്കം മനസ്സിലാക്കാനാകുമെന്നും ഗവേഷകർ പറയുന്നു. അതിനായി ഡിഎൻഎ സാംപിളുകളും ശേഖരിച്ചുകഴിഞ്ഞു. 

English Summary : World's oldest animal cave painting found in Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com