ADVERTISEMENT

സംഭവം നടക്കുന്നത് 13 വർഷം മുൻപാണ്. തെക്കൻ ചൈനയിലെ ഡാൻഷുയി നദിയുടെ തീരം. ജിയോളജി പ്രഫസറായ ഷിങ്‌ലിയാങ് സങ്ങും സഹപ്രവർത്തകരും പ്രദേശത്തെ പാറകളൊക്കെ പരിശോധിച്ച് അങ്ങനെ നടക്കുകയായിരുന്നു. മൃദുവായ പാറകൾ എന്നറിയപ്പെടുന്ന ഷെയ്ൽ പാറകളായിരുന്നു അവിടത്തെ പ്രത്യേകത. കുറച്ചു ദിവസം നദീതീരത്തു ചുറ്റിയടിച്ചു കഴിഞ്ഞപ്പോഴേക്കും സങ്ങിനും സംഘത്തിനും പിടികിട്ടി, തങ്ങളെത്തിയിരിക്കുന്നത് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ‘നിധി’ നിറഞ്ഞ ഒരു പ്രദേശത്താണ്. ഏകദേശം 54 കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിലുണ്ടായിരുന്ന ജീവി വർഗത്തിന്റെ വിലമതിക്കാനാകാത്ത ഫോസിലുകളായിരുന്നു ആ കണ്ടെത്തൽ. 

കൃത്യമായി പറഞ്ഞാൽ കാംബ്രിയൻ കാലഘട്ടത്തിലെ ജീവികളുടേത്. ഇന്നു കാണുന്ന ഞണ്ടുകൾ, തേളുകൾ തുടങ്ങിയവയ്ക്കു സമാനമായി ദേഹത്തു ശൽക്കങ്ങളുള്ള ജീവികൾ നിറഞ്ഞതായിരുന്നു കാംബ്രിയൻ കാലഘട്ടം. സമുദ്രത്തിൽ വൻതോതിൽ ജീവികളുണ്ടാകുന്നത് ഈ കാലത്താണ്. അതിനാൽത്തന്നെ പരിണാമപരമായും ഏറെ പ്രാധാന്യമുണ്ട് പുതിയ കണ്ടെത്തലിന്. കാനഡയിലെ ബർജെസ് ഷെയ്‌ൽ സൈറ്റിലെ പാറകളില്‍ നിന്നു പണ്ടു കണ്ടെത്തിയ ഫോസിലുകൾക്കു സമാനമാണു പുതിയ കണ്ടെത്തലെന്നു പറയുന്നു ഗവേഷകർ. 54 കോടി വർഷം മുൻപുണ്ടായിരുന്ന അതേ രൂപത്തിൽ കേടുപാടുകളൊന്നുമില്ലാതെ പാറകളിൽ പതിഞ്ഞ നിലയിൽ ഫോസിലുകൾ കണ്ടെത്തിയതായിരുന്നു ബർജെസിലെ സംഭവം. ഇപ്പോൾ ചൈനയിൽ കണ്ടെത്തിയ ഫോസിലുകൾക്കു കുറഞ്ഞത് 51.8 കോടി വർഷമെങ്കിലും പഴക്കമുണ്ട്. 

ഇതുവരെ ആകെ 101 വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട ജീവികളുടെ 4351 ഫോസിലുകൾ കണ്ടെത്തി. ഇവയിൽ 53 തരം ജീവികളെക്കുറിച്ചും ലോകം ഇതാദ്യമായി അറിയുകയായിരുന്നു. പവിഴപ്പുറ്റുകളും സ്പോഞ്ചുകളും ജെല്ലിഫിഷുകളും മഡ് ഡ്രാഗണുകൾ എന്നറിയപ്പെടുന്ന നട്ടെല്ലില്ലാത്ത ജീവികളുമൊക്കെ ചേർന്നതായിരുന്നു ഇത്. ചിലതിന്റെ ആകൃതി അദ്ഭുതപ്പെടുത്തുന്നതായിരുന്നു, മറ്റു ചിലത് ഇന്നു കാണുന്ന ജീവികൾക്കു സമാനമായതും. ഇവയുടെ ശരീരപേശികളും വായും വയറും കണ്ണുകളുമെല്ലാം കൃത്യമായി മനസ്സിലാകും വിധം പാറകളിൽ ‘ടാറ്റൂ’ ചെയ്തതു പോലെയാണു ലഭിച്ചത്. മൃദുശരീരമുള്ള ജീവികളുടെ ഫോസിലുകള്‍ കോടിക്കണക്കിനു വർഷങ്ങളോളം ഇത്രയേറെ വ്യക്തമായി സംരക്ഷിക്കപ്പെടുന്നതും അപൂർവം. 

‘കാംബ്രിയൻ രഹസ്യങ്ങളുടെ നിധിക്കൂമ്പാരം’ എന്നാണ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഈ മേഖലയെപ്പറ്റി ഗവേഷകർ വിശദീകരിച്ചത്. തെക്കൻ ചൈനയിലെ ക്വിങ്ജിയാങ്ങിലുളള ഈ നദീതീര പ്രദേശം എന്തുവില കൊടുത്തും സംരക്ഷിക്കണമെന്നു പ്രാദേശിക സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവേഷകരിപ്പോൾ. ഇനിയും ‘നിധി’കളേറെ കുഴിച്ചെടുക്കാനുണ്ടെന്നു ചുരുക്കം. 

Summary : Scientists find marine fossils from the cambrian explosion in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com