യുദ്ധത്തിൽ ഭയന്നോടി ജനം; കുഴിച്ചിട്ടത് കോടി മൂല്യമുള്ള സ്വർണം–വെള്ളി നാണയങ്ങൾ

HIGHLIGHTS
  • കോടികൾ വരും നാണയങ്ങളുടെ മൂല്യം
  • കാത്തിരുന്നത് ഏഴായിരത്തിലേറെ നാണയങ്ങൾ
medieval-gold-coins-discovered-on-a-farm-in-hungary
ചിത്രങ്ങൾക്ക് കടപ്പാട്: ഫെയ്സ്ബുക്ക്
SHARE

1526 ഓഗസ്റ്റ് 29നാണ് പ്രശസ്തമായ മൊഹാജ് യുദ്ധം നടക്കുന്നത്. ഹംഗറിയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ സംഭവങ്ങളിലൊന്നാണ് ‘ബാറ്റിൽ ഓഫ് മൊഹാജ്’ എന്നറിയപ്പെട്ട ഈ യുദ്ധം. തുർക്കിയുടെ ഒട്ടോമൻ സാമ്രാജ്യത്തെ നയിച്ചിരുന്ന സുലൈമാൻ ദ് മാഗ്നിഫിസെന്റ് എന്നറിയപ്പെട്ട സുൽത്താൻ സുലൈമാൻ ഹംഗറിയെ കീഴടക്കിയത് ഈ യുദ്ധത്തിലാണ്. ലൂയി രണ്ടാമൻ രാജാവിന്റെ നേതൃത്വത്തിൽ ഹംഗറിയും സഖ്യകക്ഷികളും പോരാടി നോക്കിയെങ്കിലും ഒട്ടോമൻ കരുത്തിനു മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു. യുദ്ധത്തിൽ ഹംഗറിക്കുണ്ടായ നഷ്ടം ചെറുതൊന്നുമായിരുന്നില്ല. ജനം ജീവനും കൊണ്ടു പലായനം ചെയ്തു. 

medieval-gold-coins-discovered-on-a-farm-in-hungary2

എന്നെങ്കിലും തിരിച്ചു വരാനാകുമെന്ന പ്രതീക്ഷയിൽ അവരിൽ ചിലർ ഒരു കാര്യം കൂടി ചെയ്തു. സ്വത്തെല്ലാം പ്രത്യേക പാത്രങ്ങളിലാക്കി പലയിടത്തായി കുഴിച്ചിട്ടു. എന്നാൽ ഇവ തിരിച്ചെടുക്കാൻ ആരും വന്നില്ല. വർഷങ്ങൾക്കിപ്പുറം 2019ൽ പുരാവസ്തു ഗവേഷകരാണ് ഇവ കണ്ടെത്തിയത്. ആരുടേതാണെന്നറിയാതെ അനാഥമാക്കപ്പെട്ട കോടികൾ മൂല്യമുള്ള നാണയങ്ങളാണ് ഹംഗറിയുടെ മണ്ണിനടിയിലുള്ളത്. അക്കാര്യം സാക്ഷ്യപ്പെടുത്തുന്ന സംഭവങ്ങളും അടുത്തിടെ നടന്നു. ബുഡാപെസ്റ്റിന് 50 കിലോമീറ്റർ മാറിയുള്ള ഉയ്‌ലേഞ്ചെൽ എന്ന ഗ്രാമത്തിൽനിന്ന് ഏകദേശം 150 നാണയങ്ങളാണ് 2019ൽ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. കോവിഡ് പ്രശ്നങ്ങളെല്ലാം കഴിഞ്ഞപ്പോൾ ഇതേയിടത്തേക്കുതന്നെ ഗവേഷകർ തിരിച്ചെത്തി. 

medieval-gold-coins-discovered-on-a-farm-in-hungary4

ഹംഗറിയിലെ ഫെറെൻസി മ്യൂസിയത്തിന്റെ നേതൃത്വത്തിലായിരുന്നു 2020 ഡിസംബറിലെ പരിശോധന. കമ്യൂണിറ്റി ആർക്കിയോളജിക്കൽ അസോസിയേഷന്റെ വൊളന്റിയർമാരും   പങ്കെടുത്തു. ഒരു ഫാമിനോടു ചേർന്ന കുന്നിൻപുറത്തെ കൃഷിയിടത്തിലായിരുന്നു സംഘത്തിന്റെ പരിശോധന. മെറ്റർ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കിടെ ഒരിടത്തുനിന്ന് ‘ബീപ് ബീപ്’ സൂചന ലഭിച്ചു. കുഴിച്ചു നോക്കിയ ഗവേഷകരുടെ പ്രതീക്ഷ തെറ്റിയില്ല. മണ്ണിനടിയിൽ കാത്തിരുന്നത് ഏഴായിരത്തിലേറെ നാണയങ്ങൾ. അതിൽ നാലെണ്ണം സ്വർണനാണയമായിരുന്നു. ബാക്കിയെല്ലാം വെള്ളി നാണയങ്ങളും. നാണയങ്ങൾ സൂക്ഷിച്ചിരുന്നു പാത്രം പൊട്ടി ചിതറിയ നിലയിലായിരുന്നു നാണയങ്ങളെല്ലാം. നിലമുഴുന്നതിനിടെയായിരിക്കും പാത്രം പൊട്ടിയതെന്നാണു കരുതുന്നത്. 

medieval-gold-coins-discovered-on-a-farm-in-hungary3

1500കളിലെ കണക്കനുസരിച്ച് ഇത്രയും നാണയങ്ങൾ കൊണ്ട് ഒത്ത ഏഴു കുതിരകളെ വാങ്ങാമായിരുന്നു. ഇന്നത്തെ മൂല്യമനുസരിച്ചാണെങ്കിലോ, ഒരു ആഡംബര കാറും. എന്നാൽ ചരിത്രപരമായ ഇവയുടെ പ്രാധാന്യവും പഴക്കവും നോക്കിയാൽ കോടികൾ വരും നാണയങ്ങളുടെ മൂല്യം. അത്രയേറെ വൈവിധ്യമാർന്ന നാണയങ്ങളായിരുന്നു ഗവേഷകർ കുഴിച്ചെടുത്തത്. കൂട്ടത്തിൽ ഏറ്റവും പഴക്കമുള്ളത് എഡി 169ലെ റോമൻ വെള്ളി നാണയമായിരുന്നു. ഏറ്റവും പുതിയതെന്നു പറയാവുന്നതാകട്ടെ എഡി 1521–26 കാലഘട്ടത്തിൽ പ്രചാരത്തിലുണ്ടായിരുന്നതും. ലൂയി രണ്ടാമൻ ഹംഗറിയും ബൊഹീമിയയും ഭരിക്കുന്ന സമയമായിരുന്നു അത്. 1458 മുതൽ 1490 വരെ ഹംഗറി ഭരിച്ച മാത്തിയാസ് ഒന്നാമന്റെ കാലത്തെയായിരുന്നു നാല് സ്വർണ നാണയങ്ങൾ. പ്രത്യേകം തുണിയിൽ പൊതിഞ്ഞായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 

medieval-gold-coins-discovered-on-a-farm-in-hungary

പോപ് പയസ് 1458–64 കാലത്തു പുറത്തിറക്കിയ നാണയങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. 15, 16 നൂറ്റാണ്ടുകളിൽ ഹംഗറി ഭരിച്ച മറ്റു രാജാക്കന്മാരുടെ കാലത്തെയായിരുന്നു ശേഷിച്ച വെള്ളി നാണയങ്ങൾ. ലഭ്യമായ വിവരങ്ങളനുസരിച്ചാണ് ഇവ മൊഹാജ് യുദ്ധത്തിനു പിന്നാലെ ഒളിപ്പിക്കപ്പെട്ട നാണയങ്ങളാണെന്ന നിഗമനത്തിൽ മ്യൂസിയം വിദഗ്ധരെത്തിയത്. തുടരെ നാണയങ്ങൾ കണ്ടെത്തിയതോടെ  ഉയ്‌ലേഞ്ചെൽ ഗ്രാമം പുരാവസ്തു വിദഗ്ധരുടെ പ്രിയപ്പെട്ട ഉദ്ഖനന കേന്ദ്രം കൂടിയായിരിക്കുകയാണിപ്പോൾ.

English sumamry : Medieval gold coins discovered on a farm in Hungary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA