ADVERTISEMENT

ഈജിപ്തിലെ തുത്തൻഖാമൻ രാജാവിനെ എല്ലാവർക്കും അറിയാം. എന്നാൽ സൈബീരിയൻ തുത്തൻഖാമനെയോ? ഈജിപ്തിലേതിനു സമാനമായി ശവകുടീരത്തിൽ വിലയേറിയ വസ്തുക്കൾ നിറച്ചതിനാലും മൃതദേഹം വിലയേറിയ വസ്തുക്കളാൽ അലങ്കരിച്ചതിനാലുമാണ് സൈബീരിയൻ തുത്തൻഖാമനും ആ വിശേഷണം ലഭിച്ചത്. 2600 വർഷം മുൻപ് സൈബീരിയ ഉൾപ്പെട്ട പ്രദേശത്തെ ഗോത്രത്തലവനാണ് ഈജിപ്ഷ്യൻ തുത്തൻഖാമന്റെ പേരിൽ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ശവകുടീരം കണ്ടെത്തുന്നതാകട്ടെ 1997ലും. ഇരുവരും ഈജിപ്തിലെ ഗ്രേറ്റ് പിരമിഡ് നിർമിക്കുന്ന കാലത്താണു സൈബീരിയയിൽ ജീവിച്ചിരുന്നതെന്ന പ്രത്യേകതയുമുണ്ട്. അതല്ലാതെ ഇരുവർക്കും ഈജിപ്തുമായി യാതൊരു ബന്ധവുമില്ല. . 

1970കളിലാണ് റഷ്യയ്ക്കു കീഴിലെ ടുവ പ്രദേശത്ത് പുരാവസ്തു ഗവേഷകർ ഉദ്ഖനനം ആരംഭിച്ചത്. അന്നാണ് സിത്തിയൻ എന്ന സംസ്കാരത്തെപ്പറ്റിയുള്ള വിവരം ലോകത്തിനു മുന്നിലേക്ക് ആദ്യമായെത്തുന്നതും. ഇന്നത്തെ തെക്കൻ സൈബീരിയ പ്രദേശത്തു ജീവിച്ചിരുന്ന ഗോത്രവിഭാഗക്കാരായ പോരാളികളായിരുന്നു സിത്തിയനുകൾ. ബിസി 900 മുതൽ ബിസി 200 വരെ സജീവമായിരുന്ന വിഭാഗക്കാരായിരുന്നു ഇവർ. ഇക്കാലത്താണ് സൈബീരിയൻ തുത്തൻഖാമനും ജീവിച്ചിരുന്നിരുന്നത്. മധ്യേഷ്യ ഒന്നാകെ അക്കാലത്ത് ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽത്തന്നെ പണത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലുമല്ലായിരുന്നു. 1997ൽ ടുവയിലെ ഒരു കുന്നിൻപുറത്ത് നടത്തിയ പരിശോധനയിലാണ് ആദ്യമായി ഗോത്രത്തലവന്റെയും രാജ്ഞിയുടെയും കല്ലറ കണ്ടെത്തുന്നത്. മറ്റു പല കല്ലറകളും കൊള്ളക്കാർ കുത്തിത്തുറന്ന നിലയിലായിരുന്നു. എന്നാൽ ഏകദേശം 80 മീറ്റർ ഉയരത്തിലുള്ള കുന്നിനുള്ളിൽ ഒരാൾക്കു പോലും കണ്ടെത്താനാകാത്ത വിധത്തിലായിരുന്നു ഗോത്രത്തലവന്റെ ശവകുടീരം. അതു തുറന്ന ഗവേഷകർ കണ്ടെത്തിയതാകട്ടെ അമ്പരപ്പിക്കുന്ന നിധിശേഖരവും. 

 

siberian-tutankhamun-and-his-queen-2600-years-ago-reconstructed-by-science1

സ്വർണമായിരുന്നു കല്ലറ നിറയെ. കല്ലറയുടെ ചുമരുകൾ കമ്പിളി വസ്ത്രങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. മരംകൊണ്ടായിരുന്നു തറയൊരുക്കിയിരുന്നത്. അതിലായിരുന്നു ഗോത്രത്തലവന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ. തലയോട്ടി ശരീരത്തിൽനിന്നു വിട്ടുപോന്ന നിലയിലായിരുന്നു. എന്നാൽ രണ്ടു ശിരസ്സുകളും പലതരം സ്വർണാഭരണങ്ങളാൽ അലങ്കരിച്ച നിലയിലായിരുന്നു. ടുവയിലെ അർസാൻ–2 കല്ലറ എന്നാണ് അത് അറിയപ്പെട്ടത്. ശവകുടീരത്തിൽ രണ്ട് അറകൾ. അവയിൽ അകത്തെ രണ്ടാമത്തെ കല്ലറയിലായിരുന്നു മൃതദേഹങ്ങളും സ്വർണശേഖരവും. ഏകദേശം 9300 സ്വർണവസ്തുക്കളാണ് കല്ലറയിൽ കണ്ടെത്തിയത്.  അവയ്ക്കെല്ലാം ചേർന്ന് ഏകദേശം 20 കിലോ വരുമായിരുന്നു ഭാരം. കമ്മലുകൾ, പതക്കങ്ങൾ, വിലയേറിയ മുത്തുകൾ, മാലകള്‍ എന്നിവയെല്ലാം ഗോത്രത്തലവന്റെ കല്ലറയിൽ നിറച്ചിരുന്നു. ഒപ്പം 14 ഒത്ത കുതിരകളും. ഇവയുടെ ശരീരവും സ്വർണം, വെങ്കലം, ഇരുമ്പ് എന്നിവ കൊണ്ടുള്ള പടച്ചട്ട കൊണ്ട് അലങ്കരിച്ചിരുന്നു. വിവിധ ജനുസ്സുകളിൽപ്പെട്ട കുതിരകളെ തിരഞ്ഞു കണ്ടെത്തിയായിരുന്നു കല്ലറയിൽ അടക്കിയിരുന്നത്. 

 

രാജാവിന്റെ പരമാധികാരം വ്യക്തമാക്കുന്ന വമ്പനൊരു സ്വർണ മാലയുമുണ്ടായിരുന്നു. അതിൽ പലതരം മൃഗങ്ങളുടെ രൂപം കൊത്തിയിരുന്നു. വസ്ത്രത്തിലാകട്ടെ ആയിരക്കണക്കിന് സ്വർണശകലങ്ങളും. അവയിലേറെയും ചീറ്റപ്പുലിയുടെ രൂപത്തിലുള്ളതായിരുന്നു. രാജ്ഞിയുടെ ആഭരണങ്ങളായിരുന്നു അതിലും ഗംഭീരം. വൈഡൂര്യമണിഞ്ഞായിരുന്നു അവരുടെ മൃതദേഹം, ഒപ്പം വിലയേറിയ മുത്തുകളും. സ്വർണാഭരണങ്ങളും വളകളും യഥേഷ്ടമുണ്ടായിരുന്നു. ഒരു സ്വർണ സഞ്ചിയും വലിയ പാത്രവും ഒപ്പമുണ്ടായിരുന്നു. മരണാനന്തരവും ഗോത്രത്തലവന് രാജകീയ ജീവിതം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെല്ലാമെന്നാണു വിശ്വാസം. ഇന്നും ലോകത്തിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന കണ്ടെത്തലുകളിലൊന്നായാണ് പുരാവസ്തു ഗവേഷകർ ഇതിനെ കണക്കാക്കുന്നത്. 

 

അടുത്തിടെ സൈബീരിയൻ തുക്കൻഖാമൻ വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഗോത്രത്തലവന്റെയും രാജ്ഞിയുടെയും മുഖങ്ങൾ ഗവേഷകർ പുനഃസൃഷ്ടിച്ചതിലൂടെയായിരുന്നു അത്. ഇരുവരുടെയും തലയോട്ടികൾ മാസങ്ങളോളം പരിശോധിച്ചും അവയുടെ ത്രീ–ഡി മോഡൽ തയാറാക്കിയുമാണ് മോസ്കോയിലെ മിക്‌ലുഖോ–മക്‌ലായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എത്‌നോളജി ആൻഡ് ആന്ത്രപ്പോളജിയിലെയും നൊവോസിബിർസ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി ആൻഡ് എത്‌നോഗ്രഫിയിലെയും ഗവേഷകർ മുഖങ്ങൾ പുനഃസൃഷ്ടിച്ചത്. ലേസർ സ്കാനിങ്, ഫോട്ടോഗ്രാമട്രി തുടങ്ങിയ അത്യാധുനിക വിദ്യകളും ഇതിനായി ഉപയോഗപ്പെടുത്തി. മുഖത്തിന്റെ പാതിയോളം ഭാഗം മാത്രമേ കൃത്യമായി സംരക്ഷിക്കപ്പെട്ടിരുന്നുള്ളൂ. തലയോട്ടിയുടെ മറ്റു ഭാഗങ്ങളെല്ലാം ഏകദേശം നഷ്ടമായ അവസ്ഥയിലായിരുന്നു. അതിനാൽത്തന്നെ അതിസൂക്ഷ്മമായി, മുഖത്തിന്റെ മറ്റു ഭാഗങ്ങൾ പരിശോധിച്ചു വിലയിരുത്തിയായിരുന്നു വിട്ടുപോയ ഭാഗങ്ങൾ പുനഃസൃഷ്ടിച്ചത്. യഥാർഥത്തിൽ അല്ലെങ്കിലും ശാസ്ത്രം രാജാവിനെയും രാജ്ഞിയെയും പുനർജനിപ്പിച്ചെന്നു ചുരുക്കം.

 

English Summary : Siberian tutankhamun and his queen 2600 years ago reconstructed by science

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com