ADVERTISEMENT

ഈജിപ്ത് വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞദിവസമാണ് ഈജിപ്തിലെ സക്കാറയിൽ പുതിയ ഒരു കൂട്ടം മമ്മികളെയും മറ്റു ചില ചരിത്രരേഖകളുമൊക്കെ കണ്ടെടുത്തത്. 3000 വർഷങ്ങൾ പഴക്കമുള്ളതായിരുന്നു ഇവ. ഇതോടെ ഈജിപ്ത് ചരിത്രത്തിൽ താൽപര്യമുള്ളവരും മറ്റുഗവേഷകരുമൊക്കെ ഉത്സാഹത്തിലാകുകയും ഇവരിൽ പലരും ഈജിപ്ത് സന്ദർശിക്കുകയും ചെയ്തു. 

ഈജിപ്തിന്റെ സെമിത്തേരി നഗരമാണ് സക്കാറ.  പുരാവസ്തുഗവേഷകരുടെയും ചരിത്ര പഠനക്കാരുടെയുമൊക്കെ പ്രിയപ്പെട്ട സ്ഥലം. ഒട്ടേറെ ശവകുടീരങ്ങളും പിരമിഡുകളുമൊക്കെ ഇവിടെ സ്ഥിതി ചെയ്യുന്നു. ഈജിപ്തിന്‌റെ ആദിമതലസ്ഥാനമായ മെംഫിസിന് സമീപമായാണ് സക്കാറ . ഇപ്പോഴത്തെ തലസ്ഥാനമായ കെയ്‌റോയ്ക്കു 30 കിലോമീറ്റർ അകലെ. പടിക്കെട്ടുകൾ കൊണ്ട് പ്രശസ്തിയാർജിച്ച ജോസർ പിരമിഡ് ഒക്കെ സ്ഥിതി ചെയ്യുന്നത് സക്കാറയിലാണ് ഇത്തവണ ഇവിടെ നിന്നു കണ്ടെടുത്ത ചരിത്രവസ്തുക്കളിൽ പ്രധാനപ്പെട്ടത് നിയറിത് എന്ന റാണിയുടെ മമ്മിയാണ്. ടേറ്റി എന്ന പഴയ പുരാതന കാലത്തെ പ്രശസ്തനായ ഈജിപ്ഷ്യൻ ചക്രവർത്തിയുടെ ഭാര്യയായിരുന്നു നിയറിത്. 

ആരായിരുന്നു ടേറ്റി?

ഈജിപ്തിലെ ആറാം ഭരണവംശത്തിലെ ആദ്യ ഫറവോയായിരുന്നു ടേറ്റി. ഒഥോസ് എന്നും അറിയപ്പെട്ടിരുന്നു ഇദ്ദേഹം. 12-18 വർഷങ്ങൾ ടേറ്റി ഈജിപ്ത് ഭരിച്ചെന്നാണ് കരുതപ്പെടുന്നത്. പ്രശസ്തയായ റാണി സേഷ്‌സഷേറ്റിന്‌റെ മകനായിരുന്നു അദ്ദേഹം. 

തനിക്ക് മുൻപ് ഈജിപ്ത് ഭരിച്ചിരുന്ന ഉനാസ് എന്ന ഫറവോയുടെ മകളായ ഇപുത് ആണ് ടേറ്റിയുടെ ആദ്യഭാര്യ. അന്നത്തെ കാലത്തെ ഫറവോമാരുടെ രീതി അനുസരിച്ച് അദ്ദേഹം ഒട്ടേറെ വിവാഹങ്ങൾ കഴിച്ചിരുന്നു. അതിലൊരു ഭാര്യയാണ് ഇപ്പോൾ കണ്ടെടുത്ത ശവകുടീരത്തിന്റെ ഉടമയായ നിയറിത്. 

പുരാതന ഈജിപ്ഷ്യൻ സമൂഹത്തിൽ ഫറവോയ്ക്ക് വലിയ സ്ഥാനം ലഭിച്ചിരുന്നു. ദൈവതുല്യമായ രീതിയിലാണ് പ്രജകൾ തങ്ങളുടെ രാജാവിനെ കണ്ടുപോന്നത്. എന്നാൽ ടേറ്റിയുടെ കാലത്തിനു മുൻപ് ഇതിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ഉദ്യോഗസ്ഥർക്ക് ഫറവോയുടെ മേൽ സ്വാധീനം വന്നു തുടങ്ങിയത് ഈ രാജാവിന്റെ കാലത്താണെന്നു ചരിത്രകാരൻമാർ അനുമാനിക്കുന്നു. ഇവരിൽ പലരും ഫറവോയെ വെല്ലുന്ന പിരമിഡുകളും സൃഷ്ടിച്ചിരുന്നു. ഇതിന്‌റെ തെളിവ് സക്കാറയിൽ തന്നെ കാണാൻ കഴിയും. ടേറ്റിയുടെ പിരമിഡിനേക്കാൾ വലുതാണ് അദ്ദേഹത്തിന്‌റെ പ്രധാനമന്ത്രിയും സമ്പന്നനുമായ മേരെരുകയുടെ പിരമിഡ്. 

അതുപോലെ തന്നെ ഫറവോയിൽ കേന്ദ്രീകൃതമായ ഒരു ഭരണവ്യവസ്ഥയിൽ മാറ്റം വന്ന് വിവിധ അധികാരകേന്ദ്രങ്ങൾ ഈജിപ്തിലുടനീളം ഉയരുന്ന രീതിക്കും ഇതിനു മുൻപ് തന്നെ തുടക്കമായിരുന്നു. എന്നാൽ ടേറ്റിക്ക് ഈ രീതിയായിരുന്നില്ല. കേന്ദ്ര അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം ഫറവോയായിരിക്കെ തുടങ്ങി. ഇതു പലരെയും ചൊടിപ്പിക്കുകയും ചെയ്തു. ഒടുവിൽ  അന്തപ്പുരത്തിൽ വച്ച് സ്വന്തം അംഗരക്ഷകർ തന്നെ അദ്ദേഹത്തെ വധിക്കുകയായിരുന്നെന്നാണ് ഐതിഹ്യം. പുരാതന ഈജിപ്തിന്‌റെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ കാലത്തായിരുന്നു ടേറ്റിയുടെ ഭരണമെന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. 

സക്കാറയിലെ ജയിൽ പിരമിഡ് പോലുള്ള നിർമിതികൾ ടേറ്റി നടത്തിയതാണ്. ഇദ്ദേഹത്തിന്‌റെ ഭരണകാലത്തെക്കുറിച്ച് ചുരുങ്ങിയ വിവരങ്ങൾ മാത്രമേ ഇന്നും ലഭ്യമായിട്ടുള്ളൂ. എങ്കിലും ജനസമ്മതനായിരുന്നു ഫറവോ. ടേറ്റിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിനെ ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടം ജനങ്ങൾ ടേറ്റിയെ ദൈവമായി കണ്ട് ആരാധിച്ചുപോന്നതായും ചരിത്രം പറയുന്നു. ടേറ്റിയുടെ മരണശേഷം കുറച്ചുനാൾ ഉസർകാരെ എന്ന ഫറവോ ഈജിപ്ത് ഭരിച്ചു. തുടർന്ന് ടേറ്റിയുടെ മൂത്തമകനായ പേപി ഒന്നാമൻ അധികാരത്തിലെത്തി. 

സെനറ്റും മരിച്ചവരുടെ പുസ്തകവും

സെനെറ്റ് എന്ന പേരുള്ള ഒരു ബോർഡ് ഗെയിമും സക്കാറയിൽ മമ്മിക്കൂട്ടത്തിനൊപ്പം കണ്ടെടുത്തു.  പുരാതന ഇന്ത്യയിൽ നിലനിന്നിരുന്ന, ഇന്നത്തെ ചെസ്സിന്‌റെ ആദ്യകാല രൂപമായ ചതുരംഗം പോലൊരു കളിയാണ് ഇത്. ഈജിപ്തിലെ രാജാവും പണക്കാരും പ്രഭുക്കളും ദരിദ്രരുമെല്ലാം ഒരുപോലെ കളിച്ചിരുന്ന കളിയാണ് സെനറ്റ്. 30 ചതുരങ്ങളുള്ള ഒരു പലകയാണ് സെനറ്റിന്‌റെ ബോർഡ്, അതിൽ ചെസിലേതു പോലെ കരുക്കൾ വയ്ക്കും. ഇവ മുന്നോട്ടു നീക്കി ആദ്യമെത്തുന്നയാൾ വിജയി. ചെസ്സ് പോലെ തന്നെ സങ്കീർണമായ നിയമങ്ങൾ സെനറ്റിലുമുണ്ട്. ഈജിപ്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തി തൂത്തൻഖാമുനെപ്പോലുള്ളവരൊക്കെ ഈ കളിയുടെ ആരാധകരായിരുന്നത്രേ. 

സക്കാറയിൽ നിന്നു കണ്ടെത്തിയതിൽ മറ്റൊരു ആകർഷകമായ പുരാവസ്തു, ബുക്ക് ഓഫ് ദ ഡെഡ് എന്ന പുസ്തകത്തിന്‌റെ പാപ്പിറസ് ചുരുളുകളാണ്. 13 അടി നീളമുള്ള ഈ ചുരുളുകളിൽ പറഞ്ഞിരിക്കുന്നത് മരിച്ചു കഴിഞ്ഞാൽ ഒരാൾ അനുഷ്ഠിക്കേണ്ട കാര്യങ്ങളെപ്പറ്റിയാണ്. മരിച്ചു കഴിഞ്ഞാൽ ഒരു അന്തർലോകത്തെത്തുമെന്നായിരുന്നു ഈജിപ്തിലെ വിശ്വാസം. പരേതനു സഹായമാകാൻ വേണ്ടി ബുക്ക് ഓഫ് ഡെഡിന്‌റെ പകർപ്പുകൾ പിരമിഡുകളിൽ വയ്ക്കുന്നത് ഈജിപ്തിലെ പതിവുരീതിയായിരുന്നു. 

English Summary : Dozens of 3000 year old mummies discovered in ancient temple in Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com