ADVERTISEMENT

നമ്മുടെ അയൽരാജ്യമായ മ്യാൻമറിൽ (പഴയ ബർമ) വീണ്ടും പട്ടാള അട്ടിമറി നടന്നതും അവിടത്തെ ജനായത്ത ഭരണത്തിന്‌റെ വക്താവും നേതാവുമായ ഓങ് സാൻ സൂ ചിയെ വീട്ടുതടങ്കലിലാക്കിയതും കഴിഞ്ഞദിവസം നടന്ന പ്രധാനസംഭവങ്ങളാണ്. ലോകമാധ്യമങ്ങളിൽ വലിയ കവറേജ് ലഭിച്ച ഈ വാർത്തകൾക്കൊപ്പം ഒരു നഗരത്തിന്‌റെ പേരും സവിശേഷ ശ്രദ്ധ നേടി. നയ്പിഡോ...മ്യാൻമറിന്‌റെ തലസ്ഥാനം.ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ തലസ്ഥാന നഗരം.

ന്യൂയോർക്ക് നഗരത്തിന്‌റെ ഏഴുമടങ്ങ് വിസ്തീർണമുള്ള വൻ നഗരമാണ് നയ്പിഡോ. അംബരചുംബികളായ വൻ കെട്ടിടങ്ങളും 16 മുതൽ 20ല വരെ വരികളുള്ള വീതിയേറിയ പാതകളുമെല്ലാമുള്ള നഗരം.കൃത്യമായി പരിചരിക്കപ്പെടുന്ന പൂന്തോട്ടങ്ങളും, ഗോൾഫ് കോഴ്‌സുകളും സ്‌റ്റേഡിയങ്ങളുമെല്ലാമുള്ള നയ്പിഡോയിൽ പക്ഷേ ഒരു കാര്യം മാത്രം കുറവാണ്.. ആളുകൾ. വെറും ഒൻപതു ലക്ഷം ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്ന് സർക്കാർ കണക്കുകൾ തന്നെ പറയുന്നു. പക്ഷേ അത്രപോലും ഉണ്ടാകില്ലെന്നാണ് ഇവിടെ സഞ്ചരിച്ചിട്ടുള്ള വിദേശ പത്രപ്രവർത്തകർ പറഞ്ഞിട്ടുള്ളത്.

naypyidaw-myanmar-world-s-most-mysterious-capital-city1
സ്റ്റേഡിയം

ന്യൂയോർക്കിന്‌റെ 7 മടങ്ങ് വിസ്തീർണമുള്ള നഗരത്തിൽ ന്യൂയോർക്കിന്‌റെ ഒൻപതിലൊന്നു ജനസംഖ്യ പോലുമില്ല. ഒഴിഞ്ഞ നിരത്തുകളും ആളുകളില്ലാത്ത സ്ഥാപനങ്ങളുമെല്ലാം ഇവിടത്തെ കാഴ്ചയാണത്രേ.

തലകൾ മാറിയ മ്യാൻമർ

അനേകം നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബർമയിൽ ഒട്ടേറെ തവണ തലസ്ഥാനങ്ങൾ മാറിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ആദ്യത്തെ ശക്തമായ സാമ്രാജ്യമായ പഗൻ രാജവംശത്തിന്‌റെ ആസ്ഥാനം ബഗൻ എന്ന ചെറുപട്ടണമാണ്, മ്യാൻമറിലെ പ്രശസ്തവും പുരാതനവുമായ മാണ്ടലെ നഗരത്തിന്‌റെ ഭാഗമാണ് ഈ പട്ടണമിന്ന്. പിന്നീട് വിവിധ രാജവംശങ്ങൾ വിവിധ തലസ്ഥാനങ്ങൾ പരീക്ഷിച്ചുകൊണ്ടിരുന്നു.1859ൽ മാണ്ഡലേ രാജ്യത്തിന്‌റെ തലസ്ഥാനമായി മാറി.

എന്നാൽ ബ്രിട്ടിഷ് ഭരണം ബർമയിൽ ശക്തി പ്രാപിച്ചതോടെ യങ്കൂൺ തലസ്ഥാനമായി മാറി. അന്നത്തെ കാലത്ത് തെക്കു കിഴക്കൻ ഏഷ്യയിലെ കച്ചവട താൽപര്യങ്ങൾക്ക് യങ്കൂൺ പോലെ ഒരു തുറമുഖ നഗരമായിരുന്നു ബ്രിട്ടിഷുകാർക്ക് അഭികാമ്യം. അവർ നഗരത്തെ നന്നായി വികസിപ്പിച്ചു. ഇന്നും മ്യാൻമറിന്‌റെ ഏറ്റവും വലിയതും ജനസാന്ദ്രതയുള്ള നഗരവും യങ്കൂണാണ്. 70 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഇവിടം മ്യാൻമറിന്‌റെ വ്യാവസായിക ഹബ് കൂടിയാണ്. ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരും യങ്കൂണിലുണ്ട്. രണ്ടാം ലോകയുദ്ധ സമയത്ത് നഗരത്തിന്‌റെ പകുതിയും ഇന്ത്യക്കാർ ആയിരുന്നെന്നാണ് ചരിത്ര വസ്തുത. ഇന്ന് ആ സ്ഥിതി മാറി.

naypyidaw-myanmar-world-s-most-mysterious-capital-city2
എയർപോർട്

രാജാക്കൻമാരുടെ നഗരം

2005ലാണ് നയ്പിഡോ നഗരം മ്യാൻമറിന്‌റെ തലസ്ഥാനമായി മാറുന്നത്. കടൽത്തീരത്തു നിന്നെല്ലാം മാറി മധ്യ മ്യാൻമറിലെ പ്യിൻമന ജില്ലയിലാണ് നഗരം പണിതത്. അതുവരെയുള്ള തലസ്ഥാനവും തീരനഗരിയുമായ യങ്കൂണിന് 320 കിലോമീറ്റർ അകലെ. അവിടത്തെ ഹെക്ടറുകളോളം വരുന്ന പാടങ്ങളും,വനങ്ങളും കരിമ്പിൻ തോട്ടങ്ങളുമെല്ലാം നഗരനിർമാണത്തിനായി നശിപ്പിക്കപ്പെട്ടു. അതീവ രഹസ്യമായായിരുന്നു നിർമാണപ്രവർത്തനങ്ങൾ.2002ൽ തുടങ്ങിയ നഗരത്തിന്‌റെ നിർമാണത്തെപ്പറ്റി ലോകമറിഞ്ഞത് 2005ൽ പണിപൂർത്തിയാക്കി തലസ്ഥാനം അങ്ങോട്ടുമാറ്റി സ്ഥാപിച്ചപ്പോഴാണ്.

രാജാവിന്‌റെ ആസ്ഥാനം എന്നാണ് നയ്പിഡോ എന്ന വാക്കിനു ബർമീസ് ഭാഷയിൽ അർഥം. മ്യാൻമറിലെ സർവശക്തരായ മിലിട്ടറി ഭരണകൂടമാണ് നഗരം നിർമിച്ചത്. നാലു ബില്യൺ യുഎസ് ഡോളർ എന്ന വമ്പൻ തുക മുടക്കിയാണ് നയ്പിഡോ കെട്ടിയുണ്ടാക്കിയതെന്നാണ് അനൗദ്യോഗിക കണക്കുകൾ. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കും മറ്റും ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ തുക നീക്കിയിരുത്തുന്ന രാജ്യത്താണ് ഇതു സംഭവിച്ചതെന്ന് ഓർക്കണം.

താൻ ഷ്വെയുടെ പേടി

അന്നത്തെ മിലിട്ടറി ചീഫ് കമാൻഡറും ഭരണാധിപനുമായിരുന്ന ജനറൽ താൻ ഷ്വെയാണ് നഗരനിർമാണത്തിനു തുടക്കമിട്ടത്. എന്തു കാരണങ്ങൾ കൊണ്ടാണ് ശൂന്യതയിൽ നിന്നു പെട്ടെന്ന് ഈ നഗരം പടുത്തുയർത്തിയതെന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ല. ഭാവിയിൽ തലസ്ഥാന നഗരമായ യങ്കൂണിൽ വലിയ പ്രകൃതിക്ഷോഭങ്ങളും മഹാമാരികളുമൊക്കെ വരുമെന്ന് ജ്യോത്സ്യൻമാർ പ്രവചിച്ചത്, ജ്യോതിഷ വിശ്വാസിയായ താൻ ഷ്വെയെ സ്വാധീനിച്ചിരിക്കാം എന്നു കരുതുന്നവരുണ്ട്. ബംഗാൾ ഉൾക്കടലിന്‌റെ തീരത്തു സ്ഥിതി ചെയ്യുന്ന നഗരമായ യങ്കൂണിൽ ചുഴലിക്കാറ്റുകളും കടലാക്രമണങ്ങളുമൊക്കെ സ്ഥിരം സംഭവിക്കാറുണ്ട്. ഇതെല്ലാം ഷ്വെയെ പേടിപ്പിച്ചിരിക്കാം.

APTOPIX Myanmar
നയ്പിഡോയിലെ ആളില്ലാത്ത വമ്പൻ ഹൈവേകൾ

മറ്റൊരു കാരണമായി പറയപ്പെടുന്നത്, യുഎസുമായുള്ള മ്യാൻമർ സൈന്യത്തിന്‌റെ അഭിപ്രായവ്യത്യാസങ്ങളാണ്. എന്നെങ്കിലുമൊരിക്കൽ ശക്തമായ ഒരു പ്രകോപനമുണ്ടാകുന്ന പക്ഷം കടൽമാർഗം യുഎസ് നേവിക്കും നേവി സീൽസ്, ഡെൽറ്റഫോഴ്‌സ് തുടങ്ങിയ നവീന ദൗത്യസംഘങ്ങൾക്കുമൊക്കെ തങ്ങളെ ആക്രമിക്കാൻ യങ്കൂണിൽ എളുപ്പമാണെന്ന് ഷ്വെയുൾപ്പെടെ മ്യാൻമറിലെ ഉന്നത സൈനിക കമാൻഡർമാർക്ക് പേടിയുണ്ടായിരുന്നു. യുഎസിന്‌റെ അഫ്ഗാനിസ്ഥാൻ, ഇറാക്ക് ആക്രമണങ്ങളൊക്കെ ഈ ഭയത്തെ വളർത്തിയും കാണും. ഇതാകാം രാജ്യതലസ്ഥാനം കൂടുതൽ സുരക്ഷിതമായ നയ്പിഡോയിലേക്കു മാറ്റാനുളള കാരണം.

നയ്പിഡോ ഇപ്പോൾ സ്ഥിതി ചെയ്യുന്നത് മ്യാൻമറിലെ പ്രക്ഷുബ്ധമായ മേഖലയിലാണ്. ഒട്ടേറെ പ്രക്ഷോഭസാധ്യതയുള്ള ഈ മേഖലയെ നിയന്ത്രണത്തിലാക്കാനാകും തലസ്ഥാനം അങ്ങോട്ടു മാറ്റിയതെന്നും അഭ്യൂഹമുണ്ട്.

ഇന്ന് നയ്പിഡോയിൽ താമസിക്കുന്നവരിൽ കൂടുതലും സർക്കാർ, പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥരാണ്. അവരവരുടെ ജോലിക്ക് അനുസരിച്ച് പ്രത്യേകനിറങ്ങൾ നൽകിയിട്ടുള്ള കെട്ടിടങ്ങളിലാണ് ഇവരുടെ താമസം. യങ്കൂണിലെ പ്രശസ്തവും പ്രാചീനവുമായ ശ്വേദഗൺ പഗോഡയുടെ ഒരു പകർപ്പ് നയ്പിഡോയിലും സ്ഥാപിച്ചിട്ടുണ്ട്. ഉപ്പതശാന്തി പഗോഡ എന്ന് ഇത് അറിയപ്പെടുന്നു. ആസിയാൻ ഉച്ചകോടി,ബിംസ്‌ടെക് ഉച്ചകോടി,ഈസ്റ്റ് ഏഷ്യ ഉച്ചകോടി, 2013ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസ് തുടങ്ങിയവയ്ക്ക് വേദിയായിരുന്നു ഈ വൻനഗരം. ഭാവിയിൽ നയ്പിഡോ കൂടുതൽ വികസിക്കുമെന്നും ഓസ്‌ട്രേലിയയിലെ കാൻബറ, ബ്രസീലിലെ ബ്രസീലിയ തുടങ്ങിയ ആധുനിക നിർമിത നഗരങ്ങളെപ്പോലെ ഇതുമാറുമെന്നുമാണ് മ്യാൻമർ അധികൃതരുടെ പ്രതീക്ഷ.

English Summary : Naypyidaw, Myanmar: The world's most mysterious capital city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com