മാനത്ത് വിരിഞ്ഞ റോസാപ്പൂവ്; ആശ്ചര്യമുണർത്തി നാസയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

HIGHLIGHTS
  • മിന്നിത്തിളങ്ങുന്ന പൾസർ
  • നിശബ്ദ കൊലയാളി
nasa-shares-stunning-pulsar-sxp-1062-image
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

പാതിരാവിൽ മാനത്തു വിരിഞ്ഞ വെള്ള പനിനീർപൂവ് പോലെ. . . ഇന്നലെ നാസയുടെ ചന്ദ്ര എക്‌സ് റേ ലബോറട്ടറി പങ്കുവച്ച നക്ഷത്രസമൂഹത്തിന്‌റെ ചിത്രം ലോകത്തിനു കൗതുകമായി. ഒപ്പം ഈ നക്ഷത്രസമൂഹത്തിന്‌റെ വലതുഭാഗത്തായി നീലനിറത്തിൽ ഒരു പ്രകാശദീപം പോലെ എസ്എക്‌സ്പി 1062 എന്ന പൾസറും. നമ്മുടെ നക്ഷത്രസമൂഹമായ ആകാശഗംഗയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്യാലക്‌സിയുടെ മിഴിവുറ്റ ചിത്രമാണ് നാസയുടെ ചന്ദ്ര എക്‌സ്‌റേ ലബോറട്ടറി പകർത്തിയത്.  എന്താണ് പൾസർ എന്ന ചോദ്യമാണ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ പലരും ഇതിനു മറുപടിയായി ചോദിച്ചത്. 

മിന്നിത്തിളങ്ങുന്ന പൾസർ

1967ലാണ് പൾസറുകളെ ആദ്യമായി ജ്യോതിശാസ്ത്ര സമൂഹം കണ്ടെത്തിയത്. ഒരു വലിയ നഗരത്തിന്റെ അത്രമാത്രം വലുപ്പമുള്ള,ഗോളാകൃതിയിലുള്ള പൾസറുകൾക്ക് പക്ഷേ സൂര്യനേക്കാൾ പിണ്ഡവും ഭാരവുമുണ്ടാകും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ആകാശത്തു മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രം കണക്കെയാണു പൾസറുകൾ അനുഭവപ്പെടുക. പക്ഷേ ഇതു ശരിയല്ല,പൾസറുകളുടെ പ്രകാശം മിന്നിത്തിളങ്ങുന്നില്ല, ഇവ നക്ഷത്രങ്ങളുമല്ല. 

പൾസറുകൾ എതിർദിശകളിൽ പ്രകാശം വമിപ്പിക്കാറുണ്ട്.  ഇതിനൊപ്പം തന്നെ സ്വന്തം അച്ചുതണ്ടിൽ ഇവ കറങ്ങുകയും ചെയ്യും. വലിയ വേഗമാണ് ഇവയുടെ കറക്കങ്ങൾക്ക്. ലോകത്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വേഗമുള്ള പൾസറുകൾ സെക്കൻഡിൽ 700 തവണ കറങ്ങുമത്രേ. ഈ കറക്കം പ്രകാശ ബഹിർഗമനത്തിൽ ഉണ്ടാക്കുന്ന മാറ്റം മൂലമാണ് പൾസറുകൾ മിന്നിത്തിളങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ നാസ ഇന്നലെ പുറത്തു വിട്ട ചിത്രത്തിലുള്ള എക്എക്‌സ്പി 1062 എന്ന പൾസർ ഒരു മെല്ലെപ്പോക്കുകാരനാണ്. ഒരു കറക്കം പൂർത്തിയാക്കാൻ ആശാൻ 18 സെക്കൻഡോളം എടുക്കും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിനും ശാസ്ത്രജ്ഞർ ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്. 

നിശബ്ദ കൊലയാളി

എങ്ങനെയാണ് പൾസർ ഉണ്ടാകുന്നത്? പല വിശദീകരണങ്ങളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ഇവ ന്യൂട്രോൺ സ്റ്റാറുകളാണെന്നതാണ്. നക്ഷത്രങ്ങൾക്ക് പല ജൈവിക ഘട്ടങ്ങളുണ്ട്. പ്രോട്ടോ സ്റ്റാർ, ചുവന്ന ഭീമൻ, വെള്ളക്കുള്ളൻ തുടങ്ങിയ ഘട്ടങ്ങൾ. സൂര്യനെപ്പോലെയുള്ള ചെറിയ നക്ഷത്രങ്ങൾ പിൽക്കാലത്ത് ഊർജം നശിച്ച് വെള്ളക്കുള്ളനായി മാറും. എന്നാൽ വലിയ പിണ്ഡമുള്ള നക്ഷത്രങ്ങളുടെ  അവസാനഘട്ടം സൂപ്പർനോവ എന്ന മഹാവിസ്‌ഫോടനമാണ്. സ്‌ഫോടനത്തിന്‌റെ അലകൾ കെട്ടടങ്ങുമ്പോൾ ബാക്കിയാവുന്നത് ന്യൂട്രോൺ സ്റ്റാറുകൾ എന്ന ബഹിരാകാശ വസ്തുക്കളും. 

അതീവ പിണ്ഡമുള്ള ഇവയിൽ നിന്നെടുക്കുന്ന ഒരു സ്പൂൺ വസ്തുവിനു പോലും 100 കോടി ടണ്ണോളം ഭാരമുണ്ടാകും. നമ്മുടെ മഹാപർവതമായ മൗണ്ട് എവറസ്റ്റിന്‌റെ ഏകദേശം ഭാരം. ഒന്നാലോചിച്ച് നോക്കൂ.

മാത്രമല്ല, ഭീകരമായ ഗുരുത്വബലവുമുണ്ട് ഇവയ്ക്ക്, ഭൂമിയുടെ ഗുരുത്വാകർഷണത്തിന്‌റെ 100 കോടി മടങ്ങ് കൂടുതൽ. നിശബ്ദനായ ഒരു കൊലയാളി കൂടിയാണ് പൾസർ. സമീപത്ത് ഏതെങ്കിലും നക്ഷത്രങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ ഇവയുടെ ഊർജവും പിണ്ഡവും വലിച്ചെടുത്ത് സ്വന്തം കാര്യത്തിന് ഉപയോഗിക്കാൻ പൾസറിന് യാതൊരു മടിയുമില്ല. എന്നിരുന്നാലും ശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട പഠന വിഷയമാണ് പൾസർ. ഇവയിൽ നിന്നെത്തുന്ന പ്രകാശം പഠിച്ചാൽ ഇവയുടെ ഘടന പഠിക്കാം. ഭൂമിയിലെപ്പോലെയല്ല പൾസറുകളിൽ മാറ്റർ കണികകൾ അടുക്കിവയ്ക്കപ്പെടുന്നത്. ന്യൂക്ലിയർ പാസ്ത എന്നാണ് സവിശേഷമായ ഈ ഘടനയ്ക്ക് ശാസ്ത്രജ്ഞർ നൽകുന്ന പേര്. 

പൾസറുകളിലെ പ്രകാശം വിലയിരുത്തുക വഴി നക്ഷത്രങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനും കഴിയും. സൗരയൂഥത്തിനു പുറത്തുള്ള ചില അജ്ഞാത ഗ്രഹങ്ങളെ കണ്ടെത്താനും ഇവ സഹായകമായിട്ടുണ്ട്. പൾസറുകൾക്ക് ഭാവിയിൽ എന്തു സംഭവിക്കുമെന്നതും ചർച്ചാവിഷയമാണ്. നക്ഷത്രങ്ങൾ മരിച്ചാണ് പൾസർ ഉണ്ടാകുന്നതെന്ന് നമുക്കറിയാവുന്ന കാര്യമാണ്. പിൽക്കാലത്ത് പൾസറുകളിൽ ബാക്കിയുള്ള ഊർജവും നശിച്ച് ഇവ പ്രകാശം പുറന്തള്ളുന്നത് നിർത്തുമത്രേ. . അതിനു ശേഷം സാധാരണ ന്യൂട്രോൺ സ്റ്റാറുകളായി ഇവ പ്രപഞ്ചത്തിൽ ശേഷിക്കും. 

English Summary : NASA shares stunning pulsar SXP 1062 image

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA