ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിൽ അജയ്യ ശക്തികളായി മാറാൻ ഹിറ്റ്‌ലറെയും നാസികളെയും സഹായിച്ചത് എന്താണ്? ആയുധങ്ങളും തന്ത്രപരമായ മുന്നേറ്റങ്ങളും മാത്രമല്ല, മന്ത്രവാദവും മന്ത്രവാദികളും അമാനുഷിക തന്ത്രങ്ങളും നാസികൾക്കു കൂട്ടായുണ്ടായിരുന്നെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. ചുമ്മാ പറയുന്നതല്ല, അതിനുള്ള തെളിവുകളും അവർ നിരത്തുന്നുണ്ട്. 2016ൽ ചെക്ക് റിപ്പബ്ലിക്കിൽനിന്നു കണ്ടെത്തിയ ഒരു കൂട്ടം പുസ്തകങ്ങളാണ് ആ തെളിവുകളിൽ മുന്നിൽ. ഹിറ്റ്ലറിന്റെ പ്രധാന അർധ സൈനിക വിഭാഗമായിരുന്നു ഷൂട്‌സ്റ്റാഫർ അഥവാ എസ്എസ് എന്നറിയപ്പെട്ടിരുന്നത്. അതിന്റെ തലവനായിരുന്നു ഹെൻറിച് ഹിമ്മ്‌ലർ. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു മന്ത്രവാദത്തെപ്പറ്റിയുള്ള അന്വേഷണം പ്രധാനമായും നടന്നിരുന്നത്. മന്ത്രവാദത്തിൽ അത്രയേറെ വിശ്വാസമായിരുന്നു ഹിമ്മ്‌ലർക്ക്. 

ആര്യന്മാരുടെ നേതൃത്വത്തിൽ ലോകം കീഴടക്കാൻ പണ്ടുകാലത്തെ ജർമൻ മന്ത്രവാദം സഹായിക്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. തന്റെ പൂർവികരിലൊരാളെ മന്ത്രവാദിയെന്നാരോപിച്ച് ചുട്ടുകൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശ്വസിച്ചുപോന്നു. മന്ത്രവാദ പ്രയോഗങ്ങൾ നിറഞ്ഞ പതിനായിരത്തിലേറെ പുസ്തകങ്ങൾ 2016ൽ പ്രാഗിൽനിന്നാണു കണ്ടെത്തിയത്. അവിടത്തെ നാഷനൽ ലൈബ്രറിയിൽ 1950 മുതൽ ആരുമറിയാതെ കിടക്കുകയായിരുന്നു ഇവ. ചില പുസ്തകങ്ങൾ നാസികൾ നോർവെയില്‍നിന്നു കടത്തിയതായിരുന്നുവെന്നു പിന്നീട് കണ്ടെത്തിയിട്ടുണ്ട്. 1935ലാണ് എച്ച് സോണ്ടർകമാൻഡോ എന്ന വിഭാഗത്തിന് ഹിമ്മ്‌ലർ രൂപം നൽകിയത്. ദുർമന്ത്രവാദം, അമാനുഷിക കഴിവ് തുടങ്ങിയവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഈ വിഭാഗത്തിന്റെ ദൗത്യം. എച്ച് എന്നാൽ ഹെക്സെ എന്നാണ്. ജർമൻ ഭാഷയിൽ മന്ത്രവാദം എന്നർഥം. 

ഈ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജർമനിയില്‍നിന്നു മാത്രമല്ല മറ്റു പല രാജ്യങ്ങളിൽനിന്നും മന്ത്രവാദം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുകൊണ്ടേയിരുന്നു. ഏകദേശം 260 ലൈബ്രറികളെങ്കിലും ഇത്തരത്തിൽ ഹെക്സെ സംഘം അരിച്ചുപെറുക്കിയിട്ടുണ്ട്. ശേഖരിച്ച പുസ്തകങ്ങളെല്ലാം ചേർന്ന് ‘വിച്ചസ് ലൈബ്രറി’ എന്നാണ് അറിയപ്പെട്ടിരുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഹിമ്മ്‌ലറുടെ ദുർമന്ത്രവാദത്തിനോട് ഹിറ്റ്‌ലർക്ക് കാര്യമായ താൽപര്യമുണ്ടായിരുന്നില്ല. എന്നിരുന്നാലും തന്റെ ഏറ്റവും വിശ്വസ്തനായ സൈനികത്തലവന് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള അനുവാദം ഹിറ്റ്ലർ നൽകിയിരുന്നു. പടിഞ്ഞാറൻ ജർമനിയിലെ ഒരു കൊട്ടാരത്തിലായിരുന്നു ഈ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവയെങ്ങനെ ചെക്ക് റിപ്പബ്ലിക്കിലെത്തി എന്ന കാര്യത്തിൽ ഇന്നും അവ്യക്തത തുടരുകയാണ്.

പ്രാഗിനു വടക്ക് 47 കിലോമീറ്റർ മാറി ഹൂസ്‌ക കാസിൽ എന്നറിയപ്പെടുന്ന കൊട്ടാരത്തിൽ ചില മന്ത്രവാദ ചടങ്ങുകൾ നടന്നതായി ചരിത്ര രേഖകളിലുണ്ട്. ഇതിൽ ഹിറ്റ്‌ലറും പങ്കെടുത്തിരുന്നതായി പറയപ്പെടുന്നു. ജ്യോതിശാസ്ത്രത്തിലും ഹിമ്മ്‍ലർക്ക് താൽപര്യമുണ്ടായിരുന്നു. ആര്യന്‍ ആധിപത്യം ഉറപ്പിക്കുന്നതിന് ചില ഗ്രഹങ്ങൾ കനിയേണ്ടതുണ്ടെന്നും അദ്ദേഹം അനുയായികളോടു പറഞ്ഞിരുന്നു. അതിനായി പ്രത്യേക പ്രാർഥനകളും പലപ്പോഴും നടത്തി. ചില നിഗൂഢ മന്ത്രവാദ സംഘങ്ങളുമായും ഹിമ്മ്‌ലർക്കു ബന്ധമുണ്ടായിരുന്നെന്നു വിശ്വസിക്കുന്നവരും ഏറെ. മാർഗരറ്റ് മറെ എന്ന ഈജിപ്തോളജിസ്റ്റിന്റെ സംഘവുമായിട്ടായിരുന്നു ബന്ധമെന്നാണു പറയപ്പെടുന്നത്. 

കൊൽക്കത്തയിൽ ജനിച്ച മറെ പിന്നീട് ഈജിപ്തിലും ലണ്ടിനുമെല്ലാം പഠിച്ച് മന്ത്രവാദത്തിൽ അഗ്രഗണ്യയായെന്നും ഒരു നിഗൂഢ സംഘം രൂപീകരിച്ചെന്നും പറയപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലായിരുന്നു അത്. അന്നു രൂപീകരിക്കപ്പെട്ട നിഗൂഢ സംഘം തലമുറകളായി തുടർന്നപ്പോൾ അതിൽ ഹിമ്മ്‌ലറും അംഗമായെന്നാണു കരുതപ്പെടുന്നത്. പ്രാഗില്‍ കണ്ടെത്തിയ മന്ത്രവാദ പുസ്തകങ്ങൾ നാസികൾ നിരോധിച്ചതാണെന്നു കരുതുന്നവരുമുണ്ട്. മന്ത്രവാദം ആര്യൻ ആധിപത്യത്തിനു വിലങ്ങുതടിയാവുന്ന വിശ്വാസമാണെന്നാരോപിച്ച് അതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കൂട്ടത്തോടെ ശേഖരിച്ച് രഹസ്യകേന്ദ്രങ്ങളിൽ തള്ളിയതാകാമെന്നും കരുതുന്നവരേറെ. എന്നാൽ ഹിമ്മ്‌ലറുടെ വിശ്വാസങ്ങളും മന്ത്രവാദപുസ്തകങ്ങളും ചേർത്തുവയ്ക്കുമ്പോൾ അത്തരമൊരു നിഗമനത്തിന് കാര്യമായ പരിഗണന ലഭിക്കാൻ ബുദ്ധിമുട്ടാണെന്നു മാത്രം.

English Summary : Heinrich Himmler's nazi witch library discovered in Czech Republic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com