ADVERTISEMENT

കിഴക്കൻ പോളണ്ടിൽ സ്ഥിതി ചെയ്യുന്ന സോബിബോർ കോൺസന്റ്രേഷൻ ക്യാംപിൽ നാസി ഭരണകൂടം കൊലപ്പെടുത്തിയ നാലു കുട്ടികളുടെ തിരിച്ചറിയൽ കാർഡുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ലോഹത്തിൽ നിർമിച്ച ഈ കാർഡുകൾ തങ്ങളിൽ നിന്നു നാസി സൈനികർ കുട്ടികളെ വേർപെടുത്തുന്നതിനു മുൻപ് രക്ഷിതാക്കൾ നൽകിയതാണ്. എന്നെങ്കിലും ക്യാംപിൽ നിന്നു രക്ഷപ്പെട്ടാലോ മോചിതരായാലോ തിരികെയെത്താൻ കുട്ടികളെ ഈ കാർഡുകൾ സഹായിക്കുമെന്നു കരുതിയാണ് രക്ഷിതാക്കൾ കാർഡുകൾ നൽകിയതെന്ന് ഇവിടെ ഖനനം നടത്തുന്ന ഇസ്രയേൽ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ പര്യവേക്ഷകൻ യോറം ഹൈമി പറഞ്ഞു. 

ആറു വയസ്സുകാരി ലിയ ജൂഡിത്ത്, ഡെഡി സാക്ക് എന്ന എട്ടുവയസ്സുകാരൻ, ആനി കാപ്പെർ എന്ന 12 വയസ്സുകാരി, ഡേവിഡ്  ജുദാ വാൻ എന്ന 11 കാരൻ എന്നിവരുടെ ടാഗുകളാണ് കണ്ടെത്തിയത്. കണ്ടെത്തിയ തിരിച്ചറിയൽ കാർഡുകളിൽ കുട്ടികളുടെ ജനനസ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇവരെപ്പറ്റി കൂടുതൽ അറിയാനായി നെതർലൻഡ്‌സിലെ ക്യാംപ് വെസ്റ്റർബോർക്കുമായി ഗവേഷകർ ബന്ധപ്പെട്ടു. കുട്ടികളെല്ലാവരും തന്നെ നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്നെത്തിയ ജൂതവംശജരാണ്. ഇത്തരത്തിൽ 1300 കുട്ടികളെ ഇവിടെ ഗ്യാസ് ചേംബർ ഉപയോഗിച്ച് നാസികൾ കൊലപ്പെടുത്തിയെന്നാണു കരുതപ്പെടുന്നത്. 

nazi-death-camp
സോബിബോർ കോൺസന്റ്രേഷൻ ക്യാംപ്- കടപ്പാട് വിക്കിമീഡിയ

സോബിബോറിലെ മരണകേന്ദ്രം

നാസി ഭീകരത ഏറ്റവും രൂക്ഷമായ നാളുകളിൽ ഹോളോകോസ്റ്റ് എന്ന കിരാത നടപടിയിൽ 60 ലക്ഷത്തോളം ജൂതരെയും ജിപ്‌സി, സ്ലാവ് വംശങ്ങളിലുള്ളവരെയും നാസി ഭരണകൂടം കൊന്നൊടുക്കിയെന്നാണു കണക്ക്. ജൂതർ ഒരുപാടുണ്ടായിരുന്ന പോളണ്ടിന്‌റെ ഒരു നല്ല ഭാഗം കൈവശപ്പെടുത്തിയ നാസികൾ അവിടത്തെ ജൂതരെ കൊന്നൊടുക്കാനായി ഓപ്പറേഷൻ റൈൻഹാർഡ് എന്ന ക്രൂര പദ്ധതി നടപ്പിലാക്കി. ഇതിന്‌റെ ആവശ്യത്തിനായാണ് സോബിബോർ ക്യാംപ് പോളണ്ടിൽ സ്ഥാപിച്ചത്. ചരിത്രരേഖകൾ പ്രകാരം ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്ന നാലാമത്തെ നാസി ക്യാംപായിരുന്നു സോബിബോർ. ബെൽസെക്,ട്രെബ്ലിങ്ക,ഓഷ്‌വിസ് എന്നിവയ്ക്കു ശേഷം. സോബിബോറിൽ മാത്രം രണ്ടര ലക്ഷത്തോളം പേരെ കൊന്നിട്ടുണ്ട്. 1942നും 43നും ഇടയിലാണ് ഇവിടെ ഈ നരനായാട്ട് അരങ്ങേറിയത്. 

ഗ്യാസ് ചേംബറുകൾ ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങൾ. ആയിരത്തോളം ആളുകളെ ചേംബറിൽ കയറ്റിയ ശേഷം കാർബൺ മോണോക്‌സൈഡ് വാതകടാങ്ക് തുറക്കും. പത്തു മിനിറ്റിൽ ഉള്ളിൽ കുടുങ്ങിയവർ മരിക്കും. 3700 ചതുരശ്ര അടി വിസ്തീർണമുള്ള സോബിഡോറിലെ ഗ്യാസ് ചേംബറിൽ എട്ടു മുറികളുണ്ടായിരുന്നു. ഇവിടെയെത്തിച്ചിരുന്ന ജൂതരെ രണ്ടായി തിരിച്ചിരുന്നു. സിലക്ടഡ് എന്ന വിഭാഗത്തിൽ ഉള്ളവരെ ക്യാംപിലെ ജോലികൾക്കായി ഉപയോഗിക്കും. മറ്റുള്ളവരെ കൊലപാതകത്തിനു വിധേയരാക്കും. ജോലിക്കു നിയോഗിക്കപ്പെട്ട ആളുകളുടെ കാര്യമായിരുന്നു കഷ്ടം. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പന്ത്രണ്ടു മണിക്കൂർ ഇവർ വിശ്രമമില്ലാതെ ജോലി ചെയ്തു. ചിലപ്പോൾ അതിലും കൂടുതൽ. നിർമാണ ജോലികൾ,നാസി ഓഫിസർമാർക്കു വേണ്ടിയുള്ള ജോലികൾ തുടങ്ങി ക്യാംപിൽ മരിച്ചവരുടെ ദേഹങ്ങൾ മാറ്റുക, രക്തവും മറ്റും നീക്കുക എന്നിങ്ങനെ പലതരം ജോലികൾ ഇവർക്കുണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന ഭീതി വേറെ. ജോലിയിൽ ചെറിയ പിഴവുകൾക്കു പോലും ചാട്ടവാറു കൊണ്ടുള്ള അടി അവർ സഹിച്ചിരുന്നു. ജോലി ചെയ്യുന്നതിനിടയിൽ തടവുകാരെ കൊണ്ട് പാട്ടുപാടിക്കുക, സ്വയം അവഹേളിക്കാൻ പ്രേരിപ്പിക്കുക, മറ്റുള്ള തടവുകാരുമായി ദ്വന്ദയുദ്ധം നടത്താൻ നിർദേശം നൽകുക തുടങ്ങിയവ നാസി ഓഫിസർമാരുടെ തടവുകാരെ വച്ചുള്ള മൃഗീയ വിനോദങ്ങളിൽ ചിലതുമാത്രമായിരുന്നു. 

ഭക്ഷണം നാമമാത്രമായിരുന്നു. രാവിലെ ഒരു കഷണം ബ്രഡും കാപ്പിയും. ഉച്ചയ്ക്ക് ഒരു കപ്പ് ഉരുളക്കിഴങ് സൂപ്പ്.  രാത്രിയിൽ ഒരു കപ്പ് കാപ്പി. ക്യാംപിലെ നരകയാതനകൾ മൂലവും പട്ടിണി മൂലവും ജോലിക്കെടുത്ത പല തടവുകാരും മരിച്ചുവീണു. 1943 ഒക്ടോബർ 14നു സോബിബോറിൽ തടവുകാരായവർ ലഹള നടത്തി. 12 നാസി ഉദ്യോഗസ്ഥർ ഈ ലഹളയിൽ കൊല്ലപ്പെട്ടു. 300 തടവുകാർ ക്യാംപിൽ നിന്നു രക്ഷപ്പെട്ടു. ഇവരിൽ 58 പേർ രണ്ടാംലോക യുദ്ധത്തിനു ശേഷവും ജീവനോടെയിരുന്നെന്നാണു കണക്ക്. മനുഷ്യത്വമില്ലായ്മയുടെ ഏറ്റവും വലിയ അടയാളമായി നിന്ന ക്യാംപ് പിന്നീട് നാസികൾ ഇടിച്ചുനിരത്തി. ഇന്ന് ഇവിടം ഒരു മ്യൂസിയമാണ്. 

English summary : Children's ID tags found at Nazi death camp in poland

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com