ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗോൾഫ് കളി നടന്നത് എവിടെയായിരിക്കുമെന്ന് കൂട്ടുകാർക്കറിയാമോ? ആരായിരിക്കും അത് കളിച്ചത്. ടൈഗർ വുഡ്‌സിനെയോ ജാക്ക് നിക്ലോസിനെപ്പോലെ ഏതെങ്കിലും ഇതിഹാസ ഗോൾഫ് കളിക്കാരാണെന്നു വിചാരിച്ചെങ്കിൽ തെറ്റി. അമേരിക്കയിലെ ബഹിരാകാശ ഏജൻസിയായ നാസയുടെ യാത്രികൻ അലൻ ഷെപാഡ് ആണ് ലോകപ്രശസ്തമായ ആ ഗോൾഫ് കളിച്ചത്. ഇവിടെങ്ങുമല്ല, ഭൂമിയിൽപോലുമല്ലായിരുന്നു ഷെപാഡിന്‌റെ കളി. അതങ്ങ് ചന്ദ്രനിലായിരുന്നു. ആ ഒരൊറ്റകാര്യം കൊണ്ടു തന്നെയാണ് ആ കളി ലോകപ്രസിദ്ധമായതും. വിഖ്യാതമായ ഷെപാഡിന്‌റെ ഗോൾഫ് കളിയുടെ സുവർണജൂബിലി പിന്നിട്ടിരിക്കുകയാണ് ഈ വർഷം. ഒപ്പം കൗതുകകരമായ ചില വെളിപ്പെടുത്തലുകളും ഇതു സംബന്ധിച്ച് പുറത്തു വന്നിട്ടുണ്ട്. 

കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്

1971 ഫെബ്രുവരി 6. മനുഷ്യനെ ചന്ദ്രനിലെത്തിച്ച നാസയുടെ ദൗത്യപരമ്പരയായ അപ്പോളോയുടെ അവസാന ദൗത്യങ്ങളിലൊന്നായ അപ്പോളോ 14 ചന്ദ്രനിലെത്തിയിരുന്നു. ദൗത്യത്തിന്‌റെ കമാൻഡറായിരുന്നു പരിചയസമ്പന്നനായ അലൻ ഷെപാഡ്. ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരൻ എന്ന ഖ്യാതി സ്വന്തമായുള്ള ഷെപാഡ് ചന്ദ്രനിൽ നടക്കാൻ ഭാഗ്യം കിട്ടിയ അഞ്ചാമത്തെയാളുമായിരുന്നു. 

ഗോൾഫിൽ തൽപരനും അൽപം കുസൃതിക്കാരനുമായ ഷെപാഡ് ചന്ദ്രനിലെ ബോറടി മാറ്റാൻ അൽപം ഗോൾഫ് കളിച്ചാലോ എന്ന് ആലോചിച്ചു. കൈയിൽ രണ്ട് ബോളുകളുണ്ട്. എന്നാൽ ഗോൾഫ് കളിക്കണമെങ്കിൽ അതിന്‌റെ സ്റ്റിക്കായ ഗോൾഫ് ക്ലബ് കൂടി വേണം. സാധാരണ ഗോൾഫ് ക്ലബുകളുടെ തുമ്പത്ത് വളഞ്ഞിരിക്കുന്ന ആകൃതിയിലുള്ള ഭാഗം ഷെപാഡ് ഭൂമിയിൽ നിന്ന് കൊണ്ടുവന്നിരുന്നു. ഇത് ചന്ദ്രനിൽ നിന്നു പാറകൾ എടുക്കാനായി ഉപയോഗിക്കുന്ന ഒരുപകരണത്തിന്‌റെ നീണ്ട കമ്പിയിലേക്കു ചേർത്ത് ഉറപ്പിച്ചതോടെ ഗോൾഫ് ക്ലബും റെഡി. 

Alan
അലൻ ഷെപാഡ്

ഇനിയെന്നാൽ ഗോൾഫ് കളിച്ചേക്കാം എന്ന് വിചാരിച്ച ഷെപ്പാഡിനു പക്ഷേ ദൗത്യത്തിന്‌റെ ഡയറക്ടറായ ബോബ് ഗിൽറൂത്തിന്‌റെ സമ്മതം വേണ്ടിയിരുന്നു. എന്നാൽ ഗിൽറൂത്ത് ആദ്യം ഇതു സമ്മതിച്ചില്ല. കാരണമെന്തെന്നോ? ശതകോടിക്കണക്കിനു ഡോളർ ചെലവഴിച്ചുള്ള അപ്പോളോ ദൗത്യങ്ങൾ ആദ്യം വലിയ ഓളമുണ്ടാക്കിയെങ്കിലും അവസാന ദൗത്യങ്ങളെത്തിയപ്പോഴേക്കും ജനങ്ങൾക്ക് ഇതിലുള്ള താൽപര്യം കുറഞ്ഞിരുന്നു. രാജ്യത്ത് പരിഹരിക്കാൻ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരിക്കെ ജനങ്ങൾ കരമൊടുക്കിയ പണം കൊണ്ട് എന്തിനാണ് എപ്പോഴുമെപ്പോഴും ചന്ദ്രനിൽ പോകുന്നതെന്ന ചോദ്യം അമേരിക്കൻ പൗരൻമാർ ചോദിച്ചു തുടങ്ങിയ കാലമായിരുന്നു. അതിന്‌റെ കൂടെ ചന്ദ്രനിൽ ഗോൾഫും കൂടി കളിച്ചാൽ തമാശ കാട്ടാനാണോ അങ്ങോട്ട് ആളെവിട്ടതെന്ന വിമർശനം ഉയരുമെന്നു നാസ ഭയന്നിരുന്നു. 

ഷെപാഡിന്‌റെ നിർബന്ധം കൂടിയതോടെ ഗിൽറൂത്ത് അർധസമ്മതം നൽകി. അതു മതിയായിരുന്നു ഷെപാഡിന്. എന്നാൽ ഭൂമിയിൽ ഗോൾഫ് കളിക്കുന്നതു പോലെ എളുപ്പമല്ല ചന്ദ്രനിൽ കളിക്കാൻ. ഭൂമിയുടെ ആറിലൊന്നു മാത്രം ഗുരുത്വബലവും, പിന്നെ വളരെ നേർത്ത അന്തരീക്ഷവും. ഭൂമിയിൽ ബോൾ അടിച്ചുതെറിപ്പിക്കുന്നതു പോലെ ചന്ദ്രനിൽ പറ്റില്ല. ഏതായാലും നിർബന്ധബുദ്ധിക്കാരനായ ഷെപാഡ് ഉറപ്പിച്ചു തന്നെയായിരുന്നു. അദ്ദേഹം ക്ലബ് വീശാനായി ചന്ദ്രനിൽ ദിവസങ്ങൾ പരിശീലനം നടത്തി. 

 

ഒടുവിൽ അപ്പോളോ 14 ദൗത്യത്തിന്‌റെ വാഹനം ചന്ദ്രനിൽ നിന്നു തിരിച്ചു പറന്നു പൊങ്ങുന്നതിനു മുൻപായി തന്‌റെ ലക്ഷ്യം സാധിക്കാൻ ഷെപാഡ് തീരുമാനിച്ചു. ചന്ദ്രോപരിതലത്തിൽ സ്ഥാപിച്ച ഗോൾഫ് ബോൾ തന്‌റെ ക്ലബ് കൊണ്ട് ഒറ്റയടി. ആദ്യ ശ്രമം വിജയിച്ചില്ല. രണ്ടാമത്തേത് ബോളിൽ കൊണ്ടു. അടുത്തുള്ള ഒരു പടുകുഴിയിലേക്ക് അതു ചെന്നു വീണു. 

മൂന്നാമത്തെ ശ്രമത്തിനായി കൈയിലുള്ള രണ്ടാമത്തെ ബോൾ ചന്ദ്രനിലെ മണ്ണിൽ ഷെപാഡ് വച്ചു. വീണ്ടും ക്ലബ് കറക്കി ഒറ്റയടി. ഇത്തവണ അടി ശരിക്കും കൊണ്ടു. കിലോമീറ്ററുകൾ പറന്ന ബോൾ ദൂരെയെവിടെയോ ചെന്നു വീണെന്നാണ് പിന്നീട് ഷെപാഡ് ഇതിനെക്കുറിച്ച് പറഞ്ഞത്. ഭൂമിയിൽ തിരികെ വന്ന ഷെപാഡ് നാസയ്ക്കു കൈമാറിയ ഗോൾഫ് ക്ലബ് ഇന്നും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതു കാണാനായി വർഷം തോറും നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്. ഷെപാഡ് ചന്ദ്രനിൽ ഗോൾഫ് കളിക്കുന്നതിന്‌റെ വിഡിയോയും നാസ പുറത്തിറക്കി. വളരെ പ്രശസ്തമായ ഒരു വിഡിയോയാണ് ഇത്. 

കുറച്ച് തള്ളിയതാണ്

എന്നാൽ ഈ ഗോൾഫ് കളിയുടെ അൻപതാം വാർഷികത്തിൽ ഇതിനെക്കുറിച്ച് ചില പുതിയ വിവരങ്ങൾ വന്നിരിക്കുകയാണ്. ഇമേജ് സ്‌പെഷലിസ്റ്റായ ആൻഡി സാൻഡേഴ്‌സാണ് ഇതു സംബന്ധിച്ച നാസാചിത്രങ്ങൾ ഹൈ ഡെഫനിഷനിലാക്കി പഠനം നടത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളിൽ നിന്ന് പ്രത്യേക സോഫ്‌റ്റ്വെയർ ഉപയോഗിച്ച് ഷെപാഡ് അടിച്ചുപറത്തിയ രണ്ട് ബോളുകളും സാൻഡേഴ്‌സ് കണ്ടെത്തി. ആദ്യ ബോൾ 22 മീറ്റർ ദൂരമാണ് സഞ്ചരിച്ചത്.  കിലോമീറ്ററുകൾ പറന്നു പോയെന്നു പറഞ്ഞ രണ്ടാമത്തെ ബോളോ?അതു കിലോമീറ്ററുകളൊന്നും പോയില്ല, വെറും 36 മീറ്റർ മാത്രമാണ് ആ പ്രശസ്തമായ ബോൾ സഞ്ചരിച്ചത്. ബാക്കി ഷെപാഡിനു തെറ്റുപറ്റിയതോ അല്ലെങ്കിൽ അൽപം പൊങ്ങച്ചം പറഞ്ഞതോ ആണ്. എങ്കിലും ഷെപാഡ് വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ചന്ദ്രനിൽ ഗോൾഫ് കളിച്ചതു തന്നെ ഒരു വലിയ നേട്ടം. സാക്ഷാൽ ടൈഗർ വുഡ്‌സിനു പോലും സാധിക്കാത്ത കാര്യമല്ലേ ഇത്. 

 

Summary : Alan Shepard put golf on moon fifty years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com