ADVERTISEMENT

ബാൻകോ ചിൻചോറോ– നാവികരുടെ ഉറക്കം കെടുത്തുന്ന പേടിസ്വപ്നം എന്നായിരുന്നു ആ പ്രദേശം അറിയപ്പെട്ടിരുന്നത്. അത്രയേറെ കപ്പലുകളാണ് അവിടെ തകർന്ന് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിട്ടുള്ളത്. 200 വർഷം മുൻപ് കൊളംബിയയ്ക്കും സ്പെയിനിനും ഇടയ്ക്കുണ്ടായിരുന്ന പ്രശസ്തമായ കപ്പൽപ്പാത‍യിലായിരുന്നു ബാൻകോ ചിൻചോറോ എന്നറിയപ്പെടുന്ന ആ പവിഴപ്പുറ്റ് ദ്വീപ്. രാജ്യാന്തരവ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നു കൂടിയായിരുന്നു ആ പാത. എന്നാൽ കടലിനടിയിൽ ഒളിച്ചിരിക്കുന്ന പവിഴപ്പുറ്റുകൾ ഒട്ടേറെ കപ്പലുകളെ കെണിയൊരുക്കി കാത്തിരുന്ന് തച്ചു തകർത്തു. 

ആഴങ്ങളിലേക്കിറങ്ങിയ കപ്പലുകൾക്ക് അവിടെയും രക്ഷയുണ്ടായിരുന്നില്ല. അത്രയേറെ ശക്തമായിരുന്നു അടിയൊഴുക്ക്. കാഠിന്യമേറിയ ലോഹവസ്തുക്കൾ മാത്രം പവിഴപ്പുറ്റിൽ പറ്റിപ്പിടിച്ചിരുന്നു, മറ്റു കപ്പൽ അവശിഷ്ടങ്ങളെല്ലാം ഒഴുക്കിൽപ്പെട്ടുപോയി. ഉത്തരാർധഗോളത്തിലെ ഏറ്റവും വലിയ പവിഴദ്വീപ് എന്നായിരുന്നു ബാൻകോ ചിൻചോറോ അറിയപ്പെട്ടിരുന്നത്.  ഇതിനോടകം ഏകദേശം 70 കപ്പലുകളുടെ അവശിഷ്ടം പ്രദേശത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. അതിൽത്തന്നെ 9 എണ്ണം മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. ഒട്ടേറെ മനുഷ്യജീവനുകളാണ് ഈ പവിഴപ്പുറ്റ് പ്രദേശത്ത് പൊലിഞ്ഞിരിക്കുന്നത്. നിലവിൽ യുനെസ്കോയുടെ പൈതൃകസ്മാരകങ്ങളിലൊന്നു കൂടിയാണിത്. 

അടുത്തിടെ ഈ പവിഴദ്വീപ് വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഒരു ബ്രിട്ടിഷ് കപ്പലിന്റെ പേരിലായിരുന്നു അത്. 1990കളിൽ ഒരു മെക്സിക്കൻ മത്സ്യബന്ധനത്തൊഴിലാളിയാണ് ഈ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതും ഗവേഷകരെ അറിയിച്ചതും. വലിയ ഇനം ചെമ്മീനുകളെയും മറ്റും പിടികൂടാനായി പവിഴപ്പുറ്റിലേക്കു ഡൈവ് ചെയ്തു പോകുന്നത് ഇവിടത്തെ മത്സ്യബന്ധനക്കാരുടെ പതിവായിരുന്നു. അത്തരം ഡൈവിങ്ങിലാണ് പല കപ്പലുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയതും. ബ്രിട്ടിഷ് കപ്പലിന്റെ ലോഹനങ്കൂരം കണ്ടെത്തിയതാണ് സംഭവത്തിൽ വഴിത്തിരിവായത്. മത്സ്യത്തൊഴിലാളിയായ മാനുവൽ പൊളാൻകോയാണ് ആദ്യം ഈ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്. അദ്ദേഹം അതിനു നൽകിയ പേര് ‘ദി ഇംഗ്ലിഷ്’ എന്നായിരുന്നു. പലതരം കപ്പലുകളുടെ അവശിഷ്ടം കണ്ടിട്ടുള്ളതിനാൽത്തന്നെ ബാൻകോയിൽ കണ്ടെത്തിയ കപ്പലിനെപ്പറ്റി ഏകദേശ ധാരണ പൊളാൻകോയ്ക്കുണ്ടായിരുന്നു. അങ്ങനെയാണ് അതൊരു ബ്രിട്ടിഷ് കപ്പലിന്റെ അവശിഷ്ടമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതും. 

കഴിഞ്ഞവർഷം മെക്സിക്കോയിലെ മറൈൻ ആർക്കിയോളജിസ്റ്റുകൾ ഒരിക്കൽക്കൂടി ഈ കപ്പലിനെ തിരഞ്ഞ് കടലിലേക്ക് ഡൈവ് ചെയ്തു. അവരുടെ അന്വേഷണത്തിലും തെളിഞ്ഞത്, അതൊരു ബ്രിട്ടിഷ് കപ്പലാണെന്നായിരുന്നു. പൊളാൻകോയോടുള്ള ആദരസൂചകമായി അവർ കപ്പലിന് അദ്ദേഹത്തിന്റെ പേരും നൽകി. മെക്സിക്കോയുടെ നാഷനൽ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിൽ കപ്പലിന്റേതെന്നു കരുതുന്ന പല നിർണായക വസ്തുക്കളും കണ്ടെത്തി. എട്ടടി നീളമുള്ള പീരങ്കി, ലോഹനങ്കൂരം, അതിൽ ഉപയോഗിച്ചതെന്നു കരുതുന്ന ഇരുമ്പുണ്ട തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനം. കപ്പലിന്റെ മരഭാഗങ്ങളിൽ ചിലത് പരിശോധിച്ചതിൽനിന്ന് അവ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ നിർമിച്ചതാണെന്നു കണ്ടെത്തി. 

കപ്പലിന്റെ നങ്കൂരത്തിന്റെ ആകൃതിയിൽനിന്നാണ് അത് ബ്രിട്ടിഷ് നിർമിതമാണെന്നു തിരിച്ചറിഞ്ഞത്. കപ്പൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ്  നങ്കൂരമിടാൻ ശ്രമിച്ചതെന്നും കണ്ടെത്തി. അതായത്, പവിഴപ്പുറ്റ് ദ്വീപിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ച് കപ്പലിന്റെ വേഗം കുറയ്ക്കാൻ വേണ്ടി നങ്കൂരമിട്ടതാണ്. എന്നാല്‍ അതിനു മുൻപേതന്നെ പവിഴപ്പുറ്റുകളിലേക്ക് ഇടിച്ചുകയറി കപ്പൽ തകരുകയായിരുന്നു. ശക്തമായ അടിയൊഴുക്കുണ്ടായിരുന്നതിനാൽത്തന്നെ ആരും രക്ഷപ്പെടാനും സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു. ‌‘കരീബിയനിലെ പ്രേതക്കപ്പൽ’ എന്നാണ് ഈ ബ്രിട്ടിഷ് കപ്പല്‍ ഇപ്പോൾ അറിയപ്പെടുന്നത്. കോവിഡ് പ്രശ്നങ്ങൾ കുറഞ്ഞു തുടങ്ങിയാൽ വൈകാതെതന്നെ കപ്പലിന്റെ ചരിത്രം തേടി സമുദ്രത്തിലേക്കു കൂടുതൽ ആഴ്ന്നിറങ്ങാനാണു ഗവേഷകരുടെ തീരുമാനം.

English Summary : 200 year old wreck ship found by archaeologists 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com