ADVERTISEMENT

ചരിത്രത്തിൽ പിടിതരാത്ത ഒട്ടേറെ കൗതുകങ്ങളുണ്ട്. ഈജിപ്തിലെ തുത്തൻഖാമന്റെ കല്ലറയിൽനിന്ന് ഉൽക്കാശിലയിൽ തീർത്ത കഠാര കണ്ടെത്തിയത് അത്തരത്തിലൊന്നായിരുന്നു. അന്യഗ്രഹജീവികളുമായി പുരാതന ഈജിപ്തുകാർക്കു ബന്ധമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നതാണ് ആ ആയുധമെന്നായിരുന്നു അന്നത്തെ പ്രചാരണം. സമാനമായ ഒരു കണ്ടെത്തൽ പിന്നീടും വാർത്തകളിൽ നിറഞ്ഞു. അതുപക്ഷേ സ്പെയിനിൽനിന്നായിരുന്നു. 

 

researchers-discovered-5000-year-old-rystal-dagge-buried-in-spain1

പണ്ടുകാലത്തെ കല്ലുകൊണ്ടു നിർമിച്ച ആയുധങ്ങൾ പലയിടങ്ങളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഗവേഷകരെ അമ്പരപ്പിച്ചത് ഒരു ക്രിസ്റ്റൽ കഠാരയായിരുന്നു. റോക്ക് ക്രിസ്റ്റൽ കൊണ്ടുള്ള ആ കത്തി കണ്ടെത്തിയതാകട്ടെ പുരാവസ്തു ഗവേഷകർക്ക് ഏറെ പ്രിയപ്പെട്ട സ്പെയിനിലെ സവിലിൽനിന്നും. പ്രശസ്തമാണ് അവിടത്തെ മോണ്ടെലിറിയോ തൊലോസ് എന്ന ശവകുടീരം. ചെമ്പുയുഗത്തിലെ ഐബീരിയൻ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ഏറ്റവും വലുത് ഈ പ്രദേശത്തുനിന്നായിരുന്നു (പ്രധാനമായും സ്പെയിനിലെയും പോർച്ചുഗലിലെയും പർവത മേഖലകൾ ചേർന്ന പ്രാചീന പ്രദേശമായിരുന്നു ഐബീരിയൻ പെനിൻസുല എന്നറിയപ്പെടുന്നത്)  

പണ്ടുകാലത്തു പ്രത്യേകരീതിയിൽ നിർമിച്ചിരുന്ന ശവകുടീരങ്ങളായിരുന്നു തൊലോസ് എന്നറിയപ്പെട്ടിരുന്നത്. തേനീച്ചക്കൂടിന്റെ മാതൃകയിൽ അറകളായിട്ടായിരുന്നു നിർമാണം. മോണ്ടെലിറിയോയിലെ ശവകുടീരത്തിലും (തൊലോസ്) രണ്ട് വലിയ അറകളുണ്ടായിരുന്നു. അവയിലേക്കു നീളുന്ന ഒരു വഴിയും. വമ്പൻ കല്ലുകൾകൊണ്ടായിരുന്നു നിർമാണം. 1868ൽ കണ്ടെത്തിയ ഇത് വർഷങ്ങളോളം ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്നു. സവിലിൽ നഗരവൽക്കരണം ശക്തമായ സമയത്ത്, 1980കളിലാണ് ഇവയെപ്പറ്റി പഠനം പുനഃരാരംഭിച്ചത്. 

മോണ്ടെലിറിയോയിലേത് ശവകുടീരമല്ല, ആരാധനാലയമായിരുന്നു എന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. ഇവിടത്തെ ഒരു അറയിൽനിന്ന് 25 പുരോഹിതരുടേതെന്നു കരുതുന്ന ശരീരാവശിഷ്ടം ലഭിച്ചിരുന്നു. മെർക്കുറി വിഷബാധയേറ്റാണ് ഇവർ മരിച്ചതെന്നും കണ്ടെത്തി. അതോടൊപ്പം ആനക്കൊമ്പും ആഭരണങ്ങളും മണ്‍പാത്രങ്ങളും ഒട്ടകപ്പക്ഷിയുടെ മുട്ടയും വരെ അറയിൽ കണ്ടെത്തിയിരുന്നു. 2007 മുതല്‍ 2010 വരെ ഒരു കൂട്ടം പുരാവസ്തു ഗവേഷകർ നടത്തിയ പരിശോധനയിൽ ഒട്ടേറെ പ്രാചീന വസ്തുക്കളും അറയിൽനിന്നു ലഭിച്ചു. ഗ്രനാഡ–സവിൽ സർവകലാശാലകളും സ്പാനിഷ് ഹയർ റിസർച് കൗൺസിലും സംയുക്തമായിട്ടായിരുന്നു പഠനം നടത്തിയത്.

കണ്ടെത്തിയതിൽ ഏറെ പ്രശസ്തമായിരുന്നു റോക്ക് ക്രിസ്റ്റൽകൊണ്ടു നിർമിച്ച കഠാര. അക്കാലത്ത് ഉണ്ടായിരുന്നെന്നു കരുതാൻ പോലുമാകാത്തത്ര സൂക്ഷ്മമായ കരവിരുതോടെയായിരുന്നു  കഠാര ക്രിസ്റ്റലിൽ കൊത്തിയുണ്ടാക്കിയിരുന്നത്. ചരിത്രാതീതകാലത്തെ ഐബീരിയയിൽനിന്നു കണ്ടെത്തിയ, സാങ്കേതികമായി ഏറെ സൂക്ഷ്മതയോടെ തയാറാക്കിയ വസ്തു കൂടിയായിരുന്നു അത്. ഏകദേശം 5000 വർഷം മുൻപ് നിർമിച്ച കത്തിക്ക് എട്ടര ഇഞ്ചായിരുന്നു നീളം. ഇതോടൊപ്പം ക്രിസ്റ്റലിൽ തീർത്ത 10 അമ്പു മുനകളും നാല് മൂർച്ചയേറി ആയുധങ്ങളും അവ നിർമിക്കാൻ ഉപയോഗിക്കുന്ന വലിയ കല്ലിന്റെ കഷ്ണവും കണ്ടെത്തിയിരുന്നു. എന്നാൽ ഇവ കണ്ടെത്തിയ സ്ഥലത്തിന്റെ പരിസരത്തൊന്നും ക്രിസ്റ്റൽ ഖനികളുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഏറെ വില കൊടുത്ത് ദൂരെനിന്നു കൊണ്ടുവന്നതാണ് ഇത്തരം ശിലകളെന്നാണു കരുതുന്നത്. 

കത്തിയുടെ പിടി നിർമിച്ചിരുന്നത് ആനക്കൊമ്പു കൊണ്ടായിരുന്നു. അവയും ഇറക്കുമതി ചെയ്തതാണ്. സമൂഹത്തിൽ ഏറെ ഉയർന്ന സ്ഥാനമുള്ള വ്യക്തികളിലൊരാളുടെ അധികാര ചിഹ്നമായിരുന്നിരിക്കാം ഇതെന്നും കരുതപ്പെടുന്നു. ശക്തിയുടെയും അസാമാന്യ കഴിവുകളുടെയുമെല്ലാം അടയാളമായിരുന്നിരിക്കാം അത്. മാത്രവുമല്ല പൂർവികരുമായുള്ള ‘കൂടിക്കാഴ്ചയ്ക്കും’ കഠാര സഹായിക്കുമെന്നാണ് ഉടമ കരുതിയിരുന്നത്. മരണാനന്തര ചടങ്ങുകളിൽ ഇവയും ഒപ്പം ചേർക്കുന്നത് പൂർവികരുമായി ബന്ധം സ്ഥാപിക്കാനാണെന്ന് കരുതപ്പെട്ടിരുന്നതായും ക്വാന്റിനറി ഇന്റർനാഷനൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

English summary : Researchers discovered a 5,000-Year-Old Crystal Dagger Buried in Spain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com