ഈഗോ ശമിപ്പിക്കാൻ ഇലക്ട്രിക് ചെയർ : എഡിസൻ ശാസ്ത്രജ്ഞരിലെ കൊടുംവില്ലനോ?

HIGHLIGHTS
  • തോമസ് ആൽവ എഡിസന്‌റെ 175ാം ജന്മവർഷത്തിനു തുടക്കം
  • ആയിരത്തിലധികം കണ്ടുപിടിത്തങ്ങൾ നടത്തിയ മഹാശാസ്ത്രജ്ഞൻ
thomas-alva-edison
തോമസ് ആൽവ എഡിസൻ : ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ
SHARE

തോമസ് ആൽവ എഡിസൻ.. നവീന ശാസ്ത്രയുഗത്തിന്‌റെ കിരീടം വയ്ക്കാത്ത രാജാവ്. ആയിരത്തിലധികം പേറ്റന്റുകൾ സ്വന്തമായുള്ള, പ്രായോഗിക ശാസ്ത്രത്തിന്റെ പ്രയോക്താവ്. പ്രതിഭയോടൊപ്പം തന്നെ കഠിനാധ്വാനവും സ്ഥിരോൽസാഹവും കൈമുതലാക്കിയ ശാസ്ത്രജ്ഞൻ. എഡിസന്റെ 174ാം ജന്മദിനമാണ് ഈ ഫെബ്രുവരി 11നു കടന്നു പോയത്.

എന്നാൽ എഡിസനെ പലപ്പോഴും വില്ലത്തരത്തിന്റെ ഇമേജിൽ നിർത്തിയാണ് പിൽക്കാല സമൂഹവും ശാസ്ത്രാന്വേഷികളും സംസാരിച്ചിട്ടുള്ളത്. നിക്കോളസ് ടെസ്‌ല എന്ന തന്‌റെ സമകാലീനനായ മറ്റൊരു ശാസ്ത്രപ്രതിഭയുടെ കണ്ടെത്തലുകളേക്കാൾ മെച്ചപ്പെട്ടത് തന്‌റേതാണെന്നു തെളിയിക്കാനായി എഡിസൻ നടത്തിയ ശ്രമങ്ങൾ മൂലമാണ് ഇത്തരമൊരു പരിവേഷം അദ്ദേഹത്തിനു വന്നു ചേർന്നത്. ഇക്കാര്യത്തിൽ കുറേയൊക്കെ സത്യവും കുറച്ചധികം പൊടിപ്പും തൊങ്ങലും വച്ച കഥകളുമാണ്. ശരിക്കും എഡിസൻ വില്ലനായിരുന്നോ?

∙ മെൻലോ പാർക്കിലെ മാന്ത്രികൻ

ഇലക്ട്രിക് ലാംപ് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ-ഈ വിശേഷണമാണ് എഡിസനെപ്പറ്റി പറയുമ്പോൾ ആദ്യം മനസ്സിലെത്തുക.പലരുടെയും മനസ്സിൽ ഇങ്ങനെയൊരു ധാരണ ഉറച്ചിട്ടുണ്ടെങ്കിലും ഇതു സത്യമല്ല. 1802ൽ വിഖ്യാത ശാസ്ത്രജ്ഞനായ സർ ഹംഫ്രി ഡേവിയാണ് ആദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ച് ഒരു പ്രകാശ സംവിധാനം രൂപപ്പെടുത്തിയത്. ഇലക്ട്രിക് ആർക് ലാംപ് എന്നായിരുന്നു അതിന്‌റെ പേര്.

തെരുവുവിളക്കുകളിലും വ്യാവസായിക സ്ഥലങ്ങളിലുമൊക്കെ ഉപയോഗിക്കാമായിരുന്നെങ്കിലും വീടുകളിലെ ഉപയോഗത്തിന് ആർക് ലാംപ് പ്രയോജനപ്രദമല്ലായിരുന്നു. വീടുകളിലെ ഉപയോഗത്തിനായി പലരും പല ലാംപുകളും പരീക്ഷിച്ചു. ജോസഫ് വിൽസൻ സ്വാൻ, ഹെന്റി വുഡ്വാഡ്, മാത്യു ഇവാൻസ് തുടങ്ങി ഇരുപതോളം ശാസ്ത്രജ്ഞർ ഇതിനായുള്ള കഠിനപ്രയത്‌നത്തിലായിരുന്നു. എന്നാൽ ഇതിന്‌റെ ഉത്തരം ലഭിച്ചത് എഡിസനിലൂടെയാണ്.1880ൽ കാർബണും മുളനാരും ചേർത്തുള്ള ഫിലമെന്‌റിന് കൂടുതൽ നേരം വെളിച്ചം നൽകാൻ സാധിക്കുമെന്ന് എഡിസനും സംഘവും തിരിച്ചറിഞ്ഞു. പിന്നീട് ഒരുപാടുകാലം വീടുകളിൽ വെളിച്ചം പരത്തിയ ഇൻകാൻഡിസെന്‌റ് ബൾബുകളുടെ തുടക്കമായിരുന്നു ഇത്. 1906ൽ ബൾബുകളുടെ ഫിലമെന്‌റിൽ ടങ്സ്റ്റൻ ഉപയോഗിച്ചു തുടങ്ങി. കലിഫോർണിയയിലെ മെൻലോപാർക്ക് ആസ്ഥാനമാക്കിയാണ് എഡിസന്റെ ഗവേഷക സംഘം പ്രവർത്തിച്ചത്. പിൽക്കാലത്ത് ലോകം എഡിസനെ പ്രശസ്തമായ ആ പേരു വിളിച്ചു...‘മെൻലോ പാർക്കിലെ മാന്ത്രികൻ’.

∙ കറന്റുകളുടെ യുദ്ധം

ആധുനിക മനുഷ്യന്റെ ജീവിതത്തെ മൊത്തത്തിൽ മാറ്റിമറിച്ച ഇലക്ട്രിസിറ്റി എന്ന മേഖലയിൽ നടന്ന ചേരി തിരിഞ്ഞുള്ള പോരാട്ടമായിരുന്നു ‘വാർ ഓഫ് കറന്റ്സ്’ അഥവാ കറന്റുകളുടെ യുദ്ധം. ഡയറക്ട് കറന്റിന്റെ ശക്തനായ പ്രചാരകനായിരുന്നു എഡിസൻ. ഇന്നു നമ്മുടെ കംപ്യൂട്ടറുകളും മോബൈലുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം പ്രവർത്തിക്കുന്നത് ഈ ഡിസിയിലാണ്.

nikola-tesla-and-george westinghouse
നിക്കോളസ് ടെസ്‌ല, ജോർജ് വെസ്റ്റിങ്ഹൗസ്. ചിത്രങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ

1870കളുടെ അവസാനത്തിൽ അമേരിക്കയിലെ വിദ്യുച്ഛക്തി മേഖലയെ പൂർണമായും നിയന്ത്രിച്ചത് എഡ‍ിസനാണ്. എന്നാൽ എഡിസന്റെ ഡയറക്ട് കറന്റ് അഥവാ ഡിസിക്ക് ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നു. ഒന്നാമത്തേതും പ്രധാനവുമായ പ്രശ്നം ദൂരത്തേക്ക് വൈദ്യുതി വിതരണം ചെയ്യുമ്പോൾ വലിയ തോതിൽ ഊർജനഷ്ടമുണ്ടാകുന്നു എന്നതായിരുന്നു. ഈ പ്രശ്നമുള്ളതിനാൽ ഡിസി പവർ പ്ലാന്റുകൾ ഒട്ടേറെ വേണ്ടി വന്നു. ഇതിനായി വേണ്ടി വരുന്ന വയറിങ്ങിന്റെ അളവും കൂടുതലായിരുന്നു. ഡിസിക്ക് സ്ഥിരമായി ഒറ്റ വോൾട്ടേജ് മാത്രമായതിനാൽ പ്രത്യേകം വോൾട്ടേജുകൾക്ക് പ്രത്യേക ലൈനുകൾ വേണ്ടി വന്നിരുന്നു.

ഓൾട്ടർനേറ്റിങ് കറന്റ് എന്നറിയപ്പെടുന്ന എസി കറന്റ് ഇതിനെല്ലാം പരിഹാരമായിരുന്നു. എന്നാൽ അതിനും ചില്ലറ പോരായ്മകളുണ്ടായിരുന്നു. ഇതെല്ലാം പരിഷ്കരിച്ച് ഇതിനെ ഉപയോഗക്ഷമമാക്കാനായി ആയിടെ ഒരു വ്യക്തി ഉയർന്നു വന്നു. സാക്ഷാൽ നിക്കോളസ് ടെസ്‌ല. സെർബിയയിൽ നിന്നുള്ള മഹാപ്രതിഭ. 1884ൽ കൈയിൽ വെറും നാലു നാണയങ്ങളുമായാണ് അമേരിക്കിയിലേക്ക് ടെസ്‌ല എത്തിയത്. എഡിസന്റെ കമ്പനിയിൽ സാങ്കേതിക സഹായിയായാണ്  തുടക്കം. ഓൾട്ടർനേറ്റിങ് കറന്റിനോടായിരുന്നു ടെസ്‌ലയ്ക്ക് പ്രതിപത്തി. എന്നാൽ ഡയറക്ട് കറന്റിനെ മാത്രം ഉപാസിച്ചിരുന്ന എഡിസൻ ടെസ്‌ലയെ കാര്യമായെടുത്തതേയില്ല. കുറച്ചു നാളുകൾക്കുള്ളിൽ ഇരുവരും പിരിഞ്ഞു.

തുടർന്നു കുറച്ചു വർഷങ്ങൾ ഓൾട്ടർനേറ്റിങ് കറന്റിനെപ്പറ്റിയുള്ള ഗവേഷണത്തിലായിരുന്നു ടെസ്‌ല. പിൽക്കാലത്ത് ഇതിന്റെ ഉപയോഗത്തിൽ വിപ്ലവം സൃഷ്ടിച്ച എസി മോട്ടർ ഉൾപ്പെടെ അദ്ദേഹം അക്കാലയളവിൽ വികസിപ്പിച്ചു. ടെസ്‌ലയുടെ ആശയങ്ങളെ ഏറ്റെടുക്കാനായി ജോർജ് വെസ്റ്റിങ്ഹൗസ് എന്ന വ്യവസായി മുന്നോട്ടു വന്നതോടെ കറന്റുകളുടെ യുദ്ധം ചൂടുപിടിച്ചു.

∙എഡിസൺ ആക്രമിക്കുന്നു

വെസ്റ്റിങ് ഹൗസ് അപ്പുറത്തു നിലയുറപ്പിച്ചതോടെ എഡിസൻ സമ്മർദ്ദത്തിലായി. ഡയറക്ട് കറന്റ് വിതരണം അസാധ്യമായ വിദൂരമേഖലകളിൽ വെസ്റ്റിങ്ഹൗസ് തന്റെ ഓൾട്ടർനേറ്റിങ് കറന്റ് വിതരണം ചെയ്തു. പതിയെ ഡിസിയെ അപേക്ഷിച്ച് എസിക്ക് ആവശ്യക്കാർ ഏറിത്തുടങ്ങി. ഇതോടെ എഡിസൻ ഓൾട്ടർനേറ്റിങ് കറന്റിനെതിരെ ശക്തമായ പ്രചാരണം തുടങ്ങി. ഈ കറന്റ് ജനങ്ങൾക്ക് ഹാനികരമാണെന്ന് വാദിച്ചായിരുന്നു ആക്രമണം. എസി കറന്റ് ലൈനുകളിൽ തട്ടി ഷോക്കടിച്ച് ചില മരണങ്ങൾ ആയിടെ അമേരിക്കയിൽ സംഭവിച്ചിരുന്നു. ഇത് തന്റെ പ്രചാരണത്തിന് വലിയ ആയുധമാക്കിയെടുത്തു എഡിസൻ. പത്രമാധ്യമങ്ങളിലും മറ്റും എസി കറന്റിന്റെ ദൂഷ്യവശങ്ങൾ വിശദീകരിച്ച് വലിയ ലേഖനങ്ങൾ അദ്ദേഹം എഴുതി. ഡയറക്ട് കറന്റ്  ശാന്തരൂപിയായ പുഴയും ഓൾട്ടർനേറ്റിങ് കറന്റ് അലയടിക്കുന്ന ജലപ്രവാഹവുമാണെന്നായിരുന്നു എഡിസന്റെ ഇതെപ്പറ്റിയുള്ള താരതമ്യം.

എന്നാൽ ഇതിനു ശേഷമാണ് ജനമനസ്സുകളിൽ എഡിസനു വില്ലൻ പരിവേഷമുണ്ടാക്കിക്കൊടുത്ത സംഭവമുണ്ടായത്. ഹാരോൾഡ് പി ബ്രൗൺ എന്ന ഇലക്ട്രിക്കൽ എൻജിനീയറുടെ സഹായത്തോടെ എസി കറന്റിന്റെ ദൂഷ്യവശങ്ങൾ ജനങ്ങളെ നേരിട്ടു ബോധിപ്പിക്കാനായി പൊതുസ്ഥലങ്ങളിൽ ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി എഡിസൻ തുടങ്ങി. മൃഗങ്ങളിലേക്കു എസി കറന്റ് കടത്തി വിട്ട് അവയെ ജനങ്ങളുടെ മുന്നിൽ വച്ച് ഷോക്കടിപ്പിച്ച് കൊല്ലുന്നതായിരുന്നു ആ പരിപാടി. തെരുവുനായകൾ, കാലികൾ, കുതിരകൾ, ടോപ്സി എന്ന ആന എന്നിവയെല്ലാം ഇതിന്റെ ഫലമായി എരിഞ്ഞു ചത്തു.

ഇതിനിടെ വില്യം കെംലർ എന്ന ക്രിമിനലിനെ അമേരിക്കയിൽ വധശിക്ഷയ്ക്കു വിധിച്ചു. തൂക്കിക്കൊല്ലുന്നതിനു പകരമുള്ള വധശിക്ഷാരീതികൾ അന്ന് അമേരിക്കൻ അധികൃതർ ആലോചിച്ചു കൊണ്ടിരുന്ന കാലമാണ്. വധശിക്ഷയെ കഠിനമായി എതിർത്തിരുന്ന എഡിസൻ പക്ഷേ ആ ഒരു ഘട്ടത്തിൽ മാത്രം താൽക്കാലികമായി ആ എതിർപ്പ് മാറ്റി. എസി കറന്റ് ഉപയോഗിച്ച് കൊല്ലുന്ന ഒരു ഇലക്ട്രിക് കസേര അദ്ദേഹം രൂപകൽപന ചെയ്തു നൽകി. ഇതിലിരുത്തിയ കെംലറിന്റെ ദേഹത്തേക്ക് വൈദ്യുതി വലിയ അളവിൽ കയറി. ബീഭത്സമായ രീതിയിലുള്ള ആ മരണം കണ്ട് കൂടി നിന്ന ചില അധികൃതർ ഉൾപ്പെടെ ഛർദ്ദിച്ചിരുന്നു.

ഇത്രയൊക്കെ ശ്രമിച്ചിട്ടും എസി കറന്റിനെ പൊതു ഉപയോഗത്തിൽ നിന്നു വിലക്കാൻ എഡിസനായില്ല. അതു പിന്നീട് എല്ലാ രാജ്യങ്ങളിലും വിദ്യുച്ഛക്തിയുടെ മുഖമായി മാറി. പക്ഷേ അതിനെ തടയാനുള്ള ശ്രമങ്ങൾ എഡിസൻ എന്ന മഹാശാസ്ത്രജ്ഞന്റെ പരിവേഷത്തിൽ ഒരിക്കലും മാഞ്ഞു പോകാത്ത ഒരു കറ സമ്മാനിച്ചു. ഒരു വില്ലന്റെ കളങ്കം.

∙അത്ര വില്ലനല്ല എഡിസൻ

സമാനതകളില്ലാത്ത ശാസ്ത്രജ്ഞനാണ് എഡിസൻ. ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവ വികസിപ്പിച്ച് നടപ്പിൽ വരുത്തിയ തികഞ്ഞ പ്രായോഗികവാദിയായിരുന്നു അദ്ദേഹം. ഓട്ടമാറ്റിക് ടെലിഗ്രാഫ്, ഫോണോഗ്രാഫ്, മൂവി  ക്യാമറ തുടങ്ങി എണ്ണിയാൽ തീരാത്തത്ര കണ്ടുപിടിത്തങ്ങളും പരിഷ്കരിക്കലുകളും. സാമുവൽ എഡിസന്റെയും നാൻസി ഏലിയറ്റിന്റെയും ഏഴാമത്തെ മകനായി പിറന്ന അദ്ദേഹത്തിനു ചെറുപ്പത്തിൽ തന്നെ ശ്രവണശക്തി കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹത്തെ കാര്യമായി എടുത്തില്ല. കഷ്ടപ്പെട്ട് വിവിധ കൂലിപ്പണികൾ ചെയ്ത് ഉപജീവനം കഴിച്ച യൗവനത്തിൽ അദ്ദേഹത്തിന്റെ ഒരേയൊരു ആശ്വാസം വായനയായിരുന്നു.

പിന്നീട് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിലും സംരംഭകൻ എന്ന നിലയിലുമുള്ള എഡിസന്റെ വളർച്ച അദ്ദേഹത്തിന്റെ സ്വന്തം കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രമാണ് സാധ്യമായത്.എന്നാൽ എസി വൈദ്യുതിയെ സംബന്ധിച്ച് അദ്ദേഹത്തിനു ശക്തമായ മുൻവിധി ഉണ്ടായിരിക്കാമെന്ന് ഫോർബ്സിന്റെ സയൻസ് എഡിറ്റർ അലക്സ് ക്ണാപ്പ് പറയുന്നു. ജനദ്രോഹപരമാണ് എസി കറന്റെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ഈ മുൻവിധിയാകാം തീവ്രമായ പ്രവൃത്തികളിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഒരിക്കലും എഡിസൻ ഒരു വില്ലനല്ലെന്നും ക്ണാപ് അടിവരയിടുന്നു.

English Summary : Thomas Alva Edison-visionary, genius or fraud ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA