സൂര്യനെ ചുറ്റിവരാൻ ആയിരം വർഷങ്ങൾ: ഫാർ ഫാർ ഔട്ട്- സൗരയൂഥത്തിലെ ഏറ്റവും ദൂരക്കാരൻ

HIGHLIGHTS
  • സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്‌റെ 132 ഇരട്ടിയിൽ സ്ഥിതി ചെയ്യുന്ന കുള്ളൻ ഗ്രഹം
  • വ്യാസം 400 കിലോമീറ്റർ, കുള്ളൻഗ്രഹങ്ങളിൽ തന്നെ ഏറ്റവും ചെറുത്
farfarout-most-distant-object-in-our-solar-system
Representative image . Photo Credit : Andrey Armyagov/ Shutterstock.com
SHARE

ഭൂമിയുൾപ്പെടുന്ന ഗ്രഹസംവിധാനമായ സൗരയൂഥത്തിൽ നമുക്ക് അറിയാവുന്ന ഏറ്റവും വിദൂരമായ വസ്തു ഏത്? ഒരു കാലത്ത് ഗ്രഹമായിരുന്ന, ഇന്നു കുള്ളൻ ഗ്രഹമായ പ്ലൂട്ടോ എന്നായിരിക്കും പലരുടെയും ഉത്തരം.ഇതു തെറ്റാണ്. പ്ലൂട്ടോയ്ക്കപ്പുറവും സൗരയൂഥത്തിൽ വസ്തുക്കളുണ്ട്. സൂര്യനിൽ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന,സൗരയൂഥത്തിൽ നമുക്ക് അറിയാവുന്ന വസ്തുവെന്ന ഖ്യാതി ഇനി 'ഫാർ ഫാർ ഔട്ട്' എന്ന കുള്ളൻ ഗ്രഹത്തിനു സ്വന്തം.

ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്‌റെ 132 മടങ്ങാണ് 2018 എജി37 എന്നു ശാസ്ത്രീയനാമമുള്ള ഫാർ ഫാർ ഔട്ടിനുള്ളത്. നേരത്തെ നമുക്ക് അറിയാവുന്ന ഏറ്റവും അകലം കൂടിയ വസ്തു ഫാർ ഔട്ട് എന്ന മറ്റൊരു കുള്ളൻ ഗ്രഹമായിരുന്നു. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്‌റെ 124 മടങ്ങായിരുന്നു ഫാർ ഔട്ടിനു സൂര്യനുമായുള്ളത്.ഈ റെക്കോഡാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്.

വളരെ രസകരമായ കുറേ സംഗതികൾ ഫാർ ഫാർ ഔട്ടുമായി ചുറ്റിപ്പറ്റിയുണ്ട്. സൂര്യനെ ഒരു തവണ ചുറ്റാൻ ഫാർ ഫാർ ഔട്ടിന് ആയിരം വർഷങ്ങൾ വേണം. ഇതിനാൽ വളരെ പതുക്കെയാണ് ഈ കുള്ളൻ ഗ്രഹത്തിന്‌റെ സഞ്ചാരം. ദീർഘവൃത്താകൃതിയിലാണ് ഫാർ ഫാർ ഔട്ടിന്‌റെ ഭ്രമണപഥം. 400 കിലോമീറ്ററാണ് വ്യാസം. കുള്ളൻ ഗ്രഹങ്ങളിൽ തന്നെ ഏറ്റവും ചെറിയതാണ് ഇത്. ഐസ് നിറഞ്ഞതാണത്രേ ഈ കുള്ളൻ ഗ്രഹം.

2018ൽ ഹവായ് സർവകലാശാല ഗവേഷകൻ ഡേവിഡ് തോലന്‌റെ നേതൃത്വത്തിലുള്ള സംഘമാണ് ഫാർ ഫാർ ഔട്ടിനെ കണ്ടെത്തിയത്. എന്നാൽ ഫാർ ഫാർ ഔട്ട് സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള വസ്തുവെന്ന് ഉറപ്പിക്കാൻ സമയമായിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. സൗരയൂഥത്തിന്‌റെ വിദൂരമേഖലകളിൽ പര്യവേക്ഷണം നടത്താനുള്ള ശേഷി മനുഷ്യർ കൈ വരിച്ചു തുടങ്ങുന്നതേയുള്ളൂ. ഇനിയും ഇതു പോലത്തെ പുതിയ വസ്തുക്കൾ പ്രത്യക്ഷപ്പെടാം. സൗരയൂഥത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ തിരുത്തുന്നതാകും ആ കണ്ടുപിടുത്തങ്ങൾ.

ഒൻപതാം ഗ്രഹം അല്ല

നമ്മുടെ സൗരയൂഥത്തിൽ ഇപ്പോൾ നമുക്ക് 8 ഗ്രഹങ്ങളെയാണ് അറിയാവുന്നത്. മെർക്കുറി, വീനസ്, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂൺ. ഇതിനുമപ്പുറം ഒരു പ്രബലമായ ഗ്രഹം സ്ഥിതി ചെയ്യുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ ദൃഢമായി വിശ്വസിക്കുന്നുണ്ട്. നിലവിലുള്ള ഗ്രഹങ്ങളുടെയെല്ലാം ഭ്രമണത്തെ സ്വാധീനിക്കത്തക്കവണ്ണം ഭൂഗുരുത്വബലമൊക്കെയുള്ള ഒരു വമ്പൻ ഗ്രഹം.

പ്ലാനറ്റ് എക്‌സ് എന്ന് ആദ്യകാലത്ത് വിളിച്ചിരുന്ന ഈ ഗ്രഹം ഇന്നറിയപ്പെടുന്നത് പ്ലാനറ്റ് നയൻ എന്ന പേരിലാണ്. ഇനിയും കണ്ടെത്തപ്പെടാത്ത ഇതിനെ വെളിച്ചത്തു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഫാർ ഫാർ ഔട്ട് പോലുള്ള കുള്ളൻ ഗ്രഹങ്ങളുടെ കണ്ടെത്തലുകളിലേക്കു നയിച്ചത്. 2018ൽ ഫാർ ഫാർ ഔട്ട് കണ്ടെത്തിയപ്പോൾ ഇതു പ്ലാനറ്റ് നയൻ ആയിരിക്കാമെന്ന് വലിയ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ഇതൊരു പാവം കുള്ളൻഗ്രഹം മാത്രമാണ്.

സൗരയൂഥത്തിലെ കുഞ്ഞൻ ഗ്രഹങ്ങൾ

ഗ്രഹപദവിയിൽ നിന്നു പ്ലൂട്ടോയെ തരം താഴ്ത്തിയതോടെയാണ് കുള്ളൻ ഗ്രഹങ്ങൾ അഥവാ ഡ്വാർഫ് പ്ലാനറ്റുകൾ വലിയ ശ്രദ്ധ നേടിയത്. സൗരയൂഥത്തിൽ ഇരുന്നൂറിലധികം കുള്ളൻ ഗ്രഹങ്ങളെ ഇതു വരെ കണ്ടെത്തിയിട്ടുണ്ട്. നെപ്റ്റിയൂൺ ഗ്രഹത്തിനപ്പുറമുള്ള കൈപ്പർ ബെൽറ്റ് എന്ന ഛിന്നഗ്രഹമേഖലയിലാണ് ഇവയധികവും. സിരീസ്, എറിസ്, ഹോമിയ, മേക്‌മേക് തുടങ്ങിയ കുള്ളൻ ഗ്രഹങ്ങൾ സൗരയൂഥത്തിലെ പ്രശസ്തമായ കുള്ളൻഗ്രഹങ്ങളാണ്.

ഇനിയും 100 കണക്കിനു കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്താനുണ്ടെന്നും വരും വർഷങ്ങളിൽ ഇതു സാധ്യമാകുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വാഗ്ദാനം.

English Summary : 'Farfarout' is most distant object in our solar system

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA