ADVERTISEMENT

മനുഷ്യനുമായി ബന്ധപ്പെട്ടു ശാസ്ത്രം കണ്ടെത്തിയ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഡിഎൻഎ വംശാവലി ഏതു വിഭാഗക്കാരുടെയാണെന്നറിയാമോ? ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ സൻഡാവെ ഗോത്ര വിഭാഗക്കാർക്കാണ് ആ ബഹുമതി. ഏകദേശം 87,000 വർഷത്തെ പഴക്കമുണ്ട് അവരുടെ ഗോത്രപാരമ്പര്യത്തിന്. പണ്ടുകാലത്തുണ്ടായിരുന്ന ‘ഗോഗോ’ ഗോത്രവിഭാഗക്കാരിലെ പുതുതലമുറയാണ് സൻഡാവെ. ഇവർക്ക് ഇതേ പേരിൽ ഒരു ഭാഷയുമുണ്ട്. 

ടാൻസാനിയയിലെത്തുന്ന പുരാവസ്തു ഗവേഷകരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സൻഡാവെ വിഭാഗക്കാരുടെ ചരിത്രത്തെപ്പറ്റി ആഴത്തിൽ മനസ്സിലാക്കുകയെന്നതാണ്. എന്നാൽ അതിനിടെ അദ്ഭുതകരമായ ചില കണ്ടെത്തലുകളും നടക്കും. അത്തരത്തിലൊന്നായിരുന്നു സെൻട്രൽ ടാൻസാനിയയിലെ ഡോഡോമ മേഖലയിൽനിന്ന് 2018 ജൂണിൽ കണ്ടെത്തിയത്. പലയിനം മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങൾ വരച്ച ഗുഹയായിരുന്നു ഗവേഷകർക്കു ലഭിച്ച നിധി!. അമാഖി4 എന്നറിയപ്പെടുന്ന പാറക്കൂട്ടങ്ങളിലൊന്നിനു കീഴെ ആരുമറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു ഇത്രയും കാലം ഈ ചിത്രങ്ങൾ. പോളണ്ടിൽനിന്നുള്ള ഗവേഷകരാണ് ഇവ കണ്ടെത്തിയത്. 

മനുഷ്യർ, കാളകള്‍, ജിറാഫ്, മറ്റു കന്നുകാലികൾ തുടങ്ങിയവയുടെ ചിത്രങ്ങളായിരുന്നു പാറയിൽ വരച്ചിരുന്നത്. അവയോടൊപ്പം. ചില പ്രത്യേക രൂപങ്ങളുമുണ്ടായിരുന്നു. കാഴ്ചയിൽ മനുഷ്യരെപ്പോലെയിരിക്കും, പക്ഷേ കൊമ്പുണ്ട്. മനുഷ്യരെപ്പോലെയിരിക്കുന്ന (ഹ്യൂമനോയ്‌ഡ്) അത്തരം ജീവികൾ പരസ്പരം ഭക്ഷിക്കുന്നതിന്റെ ചിത്രങ്ങളുമുണ്ടായിരുന്നു. എന്താണെന്നു പിടികിട്ടാത്ത വിധത്തിലുള്ളതായിരുന്നു കണ്ടെത്തിയ ഗുഹാചിത്രങ്ങളിലേറെയും. ആചാരപരമായ ചില കാര്യങ്ങൾ ചെയ്യുന്നതും പാറകളിൽ വരച്ചിട്ടിരുന്നു. എന്നാൽ ഗവേഷകരെ അമ്പരപ്പിച്ചത് ഇതൊന്നുമായിരുന്നില്ല. സൻഡാവേ ഗോത്രവിഭാഗക്കാർ ഇന്നേവരെ ചെയ്യാത്ത തരം ആചാരങ്ങളെപ്പറ്റിയായിരുന്നു ചിത്രത്തിൽ വിശേഷിപ്പിച്ചിരുന്നത്. ‌

hundreds-of-years-old-spooky-paintings-discovered-in-a-rock-shelter-in-tanzania1

ഈ ചിത്രങ്ങളെല്ലാം വരയ്ക്കപ്പെട്ട പാറയ്ക്കു മുകളിൽ മറ്റൊരു പാറയുമുണ്ടായിരുന്നു. കാലങ്ങളോളം മഴയും വെയിലുമേൽക്കാതെ ചിത്രങ്ങൾക്കു സംരക്ഷണം തീർക്കാനും അതിലൂടെ സാധിച്ചു. അതിനാൽത്തന്നെ കാര്യമായ കേടുപാടുകളും ചിത്രങ്ങൾക്കുണ്ടായിരുന്നില്ല. പ്രകൃതിദത്ത ചായങ്ങളായിരുന്നു വരയ്ക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവയുടെ കൃത്യമായ പഴക്കം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. നൂറുകണക്കിനു വർഷം പഴക്കമുണ്ടെന്നു മാത്രം അറിയാമെന്നാണ് ഗവേഷകർ പറയുന്നത്. കൊമ്പുള്ള മനുഷ്യര്‍ക്കു പിന്നിലെ കൗതുകവും ഗവേഷകർ അന്വേഷിച്ചിരുന്നു. അത്തരം മനുഷ്യർ ജീവിച്ചിരുന്നു എന്നതിന്റെ ഫോസിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഒരുപക്ഷേ കാട്ടുപോത്തിന്റെ കൊമ്പുകൾ മനുഷ്യനു വരച്ചു ചേർത്തതാകാമെന്നാണു ഗവേഷകർ കരുതുന്നത്. എന്നാൽ ഈ കൊമ്പുകൾകൊണ്ടു കുത്തുന്നതും പരസ്പരം ഭക്ഷിക്കുന്നതുമെല്ലാം എന്താണ് അർഥമാക്കുന്നതെന്നു മാത്രം ഗവേഷകർക്കു പിടിയില്ല! 

സൻഡാവെ വിഭാഗക്കാരിലെ പല തലമുറകൾ കടന്നാണ് ഗുഹാചിത്രങ്ങൾ ഇന്നു ലോകത്തിനു മുന്നിലെത്തിയത്. പണ്ടു വരച്ച ചിത്രത്തിനു മുകളിലൂടെ ആരെങ്കിലും വരച്ചതാണോയെന്നും ഗവേഷകർ പരിശോധിച്ചു. എന്നാൽ ഒറ്റത്തവണയായി വരച്ചതാണ് അതെന്നു വ്യക്തമാവുകയായിരുന്നു. വരച്ച ചിത്രത്തിനു മുകളിൽ വരയ്ക്കാതെ, അവയ്ക്കു ചുറ്റും പുതിയ ചിത്രങ്ങൾ പിന്നീടു വരച്ചു ചേർത്തതായും കണ്ടെത്തി. കുന്നുകളിലെ ഗുഹകളിൽ ചില ആത്മാക്കളെ അടക്കിവച്ചിട്ടുണ്ടെന്നാണ് സൻഡാവെ വിഭാഗക്കാരുടെ വിശ്വാസം. ശരീരമില്ലാത്ത ഇവയ്ക്കു കടന്നുചെല്ലാൻ വേണ്ടിയായിരിക്കാം ഇത്തരം രൂപങ്ങൾ വരച്ചതെന്ന നിഗമനത്തിലാണ് ഗവേഷകരിപ്പോൾ.

English Summary : Hundreds of years old spooky paintings discovered in a rock shelter in Tanzania

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com