ഇനിയും എടുത്തുതീരാതെ സ്വർണക്കട്ടികൾ, നാണയം, സ്വർണത്തരികൾ...കടലെടുത്ത ‘സ്വർണക്കപ്പലിന്റെ’ കഥ

HIGHLIGHTS
  • ലോകസമ്പദ്‌വ്യവസ്ഥയെത്തന്നെ തകർക്കാൻ ശേഷിയുള്ളതായിരുന്നു ആ അപകടം
  • കപ്പലിനെ ചുറ്റി വമ്പനൊരു കൊടുങ്കാറ്റ് രൂപംകൊണ്ടു
ss-central-america-shipwreck-and-the-hunt-for-its-treasure
SHARE

‘ഞങ്ങൾക്കുറപ്പായിരുന്നു അവിടെത്തന്നെയാണു നിധിയെന്ന്. സംശയിച്ചതു പോലെ താഴേക്കെത്തിയ റോബട്ടിക് വെഹിക്കിളിന്റെ പോലും ക്യാമറക്കണ്ണഞ്ചിക്കും വിധം കടലിന്റെ അടിത്തട്ടിലാകെ സ്വർണം നിറഞ്ഞിരിക്കുകയായിരുന്നു, സ്വർണത്തരികൾ, നാണയങ്ങൾ, വലിയ സ്വർണക്കട്ടികൾ അങ്ങനെയങ്ങനെ... ചില സ്വർണക്കട്ടികളുടെ മുകളിൽ പവിഴപ്പുറ്റുകൾ പോലും വളർത്തു തുടങ്ങിയിരുന്നു...’ പ്രശസ്ത സമുദ്രഗവേഷകൻ ബോബ് ഇവാന്‍സിന്റെ വാക്കുകളായിരുന്നു ഇത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിനിടയാക്കിയ കപ്പലപകടത്തെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. 1857ൽ സൗത്ത് കാരലൈന തീരത്തുനിന്നു മാറി കൊടുങ്കാറ്റിൽപ്പെട്ട് കടലിന്റെ ആഴങ്ങളിലേക്കു പോയ എസ്എസ് സെൻട്രൽ അമേരിക്കയിൽനിന്ന് നഷ്ടപ്പെട്ടത് അത്രയേറെ സ്വർണമായിരുന്നു. 

ലോകസമ്പദ്‌വ്യവസ്ഥയെത്തന്നെ തകർക്കാൻ ശേഷിയുള്ളതായിരുന്നു ആ അപകടം. ലോകത്തിലെ ആദ്യ സാമ്പത്തികമാന്ദ്യത്തിന് ഒരുപക്ഷേ കാരണമായതും ഏകദേശം പത്തു ടണ്ണോളം സ്വർണവുമായി മുങ്ങിപ്പോയ ആ കപ്പലാണ്. ‘പാനിക് ഓഫ് 1857’ എന്നാണ് ആ സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകൾ അറിയപ്പെടുന്നതും. 130 വർഷത്തിനിപ്പുറം ആ നിധി കണ്ടെത്തിയെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാൾ ഇന്നും ജയിലിലാണ്. ‘ഷിപ് ഓഫ് ഗോൾഡ്’ അഥവാ സ്വർണക്കപ്പൽ എന്നറിയപ്പെടുന്ന എസ്എസ് സെൻട്രൽ അമേരിക്കയ്ക്കു സംഭവിച്ച ദുരന്തം അമേരിക്കയുടെ ചരിത്രത്തോടും അത്രയേറെ ചേർന്നുനിൽക്കുന്നു. 1857 ഓഗസ്റ്റ് 24നാണ് ആ നിധിക്കഥയുടെ തുടക്കം. ഒഹായോ ലൈഫ് ഇൻഷുറൻസ് ആൻഡ് ട്രസ്റ്റ് കമ്പനി തങ്ങളുടെ ന്യൂയോർക്ക് ഓഫിസ് പേമെന്റുകൾ നൽകുന്നത് നിർത്തിയതായി പ്രഖ്യാപിച്ചു. കമ്പനിയുടെ തകർച്ച മറ്റുള്ള സാമ്പത്തിക സ്ഥാപനങ്ങളിലേക്കും പടരുമെന്ന ഭയവും നിറഞ്ഞു. അങ്ങനെയാണ് ഒരു കൂട്ടം സാമ്പത്തിക സ്ഥാപന ഉടമകൾ ഒരുമിച്ചു ചേർന്ന് പനാമയിൽനിന്ന് സ്വർണക്കട്ടികൾ ന്യൂയോർക്കിലെത്തിക്കാൻ തീരുമാനിച്ചത്. 

ss-central-america-shipwreck-and-the-hunt-for-its-treasure2

ഓരോ കമ്പനിയിലെയും നിക്ഷേപകരെ താൽക്കാലികമായെങ്കിലും ആശ്വസിപ്പിക്കുകയെന്നതായിരുന്നു സ്വർണം കൊണ്ടുവരുന്നതിലൂടെ ലക്ഷ്യമിട്ടത്. 1857 സെപ്റ്റംബർ മൂന്നിന് 477 യാത്രക്കാരും 101 ജീവനക്കാരുമായി കപ്പൽ പുറപ്പെട്ടു. അന്നത്തെ മൂല്യമനുസരിച്ച് ഏകദേശം 20 ലക്ഷം ഡോളർ മൂല്യമുള്ള 9.1 ടൺ സ്വർണവുമായിട്ടായിരുന്നു യാത്ര. ഇന്നത്തെ കോടിക്കണക്കിനു രൂപയ്ക്കു തുല്യം വരും അത്. കാരലൈനയുടെ തീരത്തേക്ക് അടുത്തെങ്കിലും കപ്പലിനെ ചുറ്റി വമ്പനൊരു കൊടുങ്കാറ്റ് രൂപംകൊണ്ടു. തുടർച്ചയായ തിരയടിയിലും കൊടുങ്കാറ്റിലും കപ്പിലിന് കേടുപാടുകൾ സംഭവിച്ചു. ഒടുവിൽ സെപ്റ്റംബർ 11ന് ആ ആവിക്കപ്പൽ മുങ്ങി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടൽ ദുരന്തമായി അന്നു കപ്പലിനോടൊപ്പം മുങ്ങിത്താണത് 425 പേരായിരുന്നു. രക്ഷപ്പെട്ടത് അൻപതോളം പേർ മാത്രവും. അതിൽത്തന്നെ മൂന്നു പേരെ അപകടം നടന്ന് ഒരാഴ്ചയ്ക്കപ്പുറം ഒരു ലൈഫ് ബോട്ടിൽനിന്നാണു കണ്ടെത്തിയത്. 

ബാങ്കുകളെയും മറ്റു സാമ്പത്തിക സ്ഥാപനങ്ങളെയും രക്ഷിക്കാനായി എത്തിച്ച സ്വർണം ഒറ്റയടിക്ക് ഇല്ലാതായതോടെ അതിന്റെ അലയൊലികൾ സമ്പദ്‌വ്യവസ്ഥയിലേക്കും പടർന്നു. ആ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് ഏറെ പാടുപെട്ടാണ് അമേരിക്ക തിരിച്ചു കയറിയത്. പിന്നീട് കഥ നടക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലാണ്. മുങ്ങിപ്പോയ കപ്പലുകളിൽനിന്നു നിധി കണ്ടെത്തുന്നതിൽ വിദഗ്ധനായ ടോമ്മി ഗ്രിഗറി തോംസൺ എന്ന എൻജിനീയർ എസ്എസ് സെൻട്രൽ അമേരിക്കയെ കണ്ടെത്തിയേ അടങ്ങൂ എന്നുറപ്പിച്ചു രംഗത്തെത്തി. കടലിന്റെ ആഴങ്ങളിലേക്കിറങ്ങാൻ അദ്ദേഹം സ്വന്തമായി നെമോ എന്നൊരു റോബട്ടിക് വെഹിക്കിൾ നിർമിച്ചെടുത്തു. കപ്പൽ മുങ്ങിയതിന്റെ ഏകദേശ സ്ഥാനവും തിരിച്ചറിഞ്ഞു. പക്ഷേ പര്യവേക്ഷണത്തിന് 1.25 കോടി ഡോളർ ചെലവ് വരും. ആ പണം നൽകാമെന്നേറ്റ് വിവിധ കമ്പനികൾ രംഗത്തുവന്നതോടെ അന്വേഷണത്തിനും തുടക്കമായി. 

ss-central-america-shipwreck-and-the-hunt-for-its-treasure1

1988 സെപ്റ്റംബർ 11ന് സമുദ്രോപരിതലത്തിൽനിന്ന് 7200 അടി താഴെ ടോമ്മിയുടെ സംഘം നിധി കണ്ടെത്തി. ബോബ് ഇവാൻസും അക്കൂട്ടത്തിലുണ്ടായിരുന്നു. സൗത്ത് കാരലൈനയിൽനിന്ന് 257 കിലോമീറ്റർ മാറിയായിരുന്നു കപ്പലിന്റെ സ്ഥാനം. 1988നും 1991നും ഇടയ്ക്ക് ടോമ്മിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് സ്വർണക്കട്ടികളും നാണയങ്ങളും മറ്റു വിലയേറിയ വസ്തുക്കളും കരയിലേക്കു കൊണ്ടുവന്നുകൊണ്ടേയിരുന്നു. അപ്പോഴും കപ്പലിലെ ആകെ നിധിയുടെ അഞ്ചു ശതമാനം മാത്രമേ അദ്ദേഹത്തിനു പുറത്തെത്തിക്കാനായുള്ളൂ. എസ്എസ് സെൻട്രൽ അമേരിക്കയിലെ നിധി കണ്ടെത്തിയ വാർത്ത ലോകം മുഴുവൻ പരന്നു. പിന്നാലെ കേസുകളുമെത്തി. 1857ൽ കപ്പലിലെ സ്വർണത്തിൽ ഉടമസ്ഥതയുണ്ടായിരുന്ന 35 ഇൻഷുറന്‍സ് കമ്പനികൾ കപ്പലിലെ നിധിയിൽ അവകാശവാദം ഉന്നയിച്ചു രംഗത്തെത്തി. അതുമായി ബന്ധപ്പെട്ട നിയമപ്പോരാട്ടം 1996 വരെ തുടർന്നു. എന്നാൽ ടോമ്മിയുടെ കൊളംബസ്–അമേരിക്ക ഡിസ്കവറി ഗ്രൂപ്പിനായിരുന്നു കോടതിയിൽ അന്തിമജയം. നിധിയിൽ 92 ശതമാനവും അവർക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി. 

നിധി കണ്ടെത്താനായി പണം മുടക്കിയ കമ്പനികളാണു പിന്നീട് രംഗത്തെത്തിയത്. ടോമ്മി തങ്ങളെ പറ്റിച്ച് പണമൊന്നും തരാതെ മുങ്ങിയെന്നായിരുന്നു പരാതി. അതിനിടെ ടോമ്മിയാകട്ടെ നൂറുകണക്കിന് സ്വർണക്കട്ടികളും ആയിരക്കണക്കിനു നാണയങ്ങളും വിറ്റിരുന്നു. അതുവഴി സ്വന്തമാക്കിയതാകട്ടെ ഏകദേശം അഞ്ചു കോടി ഡോളറും! ലോകത്തിലെ ഏറ്റവും വിലയേറിയ സ്വർണക്കട്ടി വരെയുണ്ടായിരുന്നു അദ്ദേഹം വിറ്റഴിച്ചവയുടെ പട്ടികയിൽ, അതിനു മാത്രം വരും ഏകദേശം 80 ലക്ഷം ഡോളർ. 2005ൽ രണ്ട് നിക്ഷേപക കമ്പനികൾ ടോമ്മിക്കെതിരെ രംഗത്തുവന്നു. പര്യവേക്ഷക കപ്പലിലുണ്ടായിരുന്നവരും ടോമ്മി തങ്ങളെ പറ്റിച്ചെന്ന ആരോപണവുമായി രംഗത്തെത്തി. പിന്നാലെ അദ്ദേഹം മുങ്ങുകയും ചെയ്തു. 2012ൽ വാറന്റും പുറപ്പെടുവിച്ചു. എന്നാൽ 2015ൽ അദ്ദേഹം പിടിക്കപ്പെട്ടു. 

അതിനോടകം തന്റെ കാമുകി വഴി കോടിക്കണക്കിനു ഡോളറിന്റെ സ്വർണനാണയങ്ങളാണ് അദ്ദേഹം വിറ്റഴിച്ചത്. 2000ത്തിൽ അഞ്ചു കോടി ഡോളറിന് ടോമ്മി വിറ്റ 500 സ്വർണനാണയങ്ങളുമായി ബന്ധപ്പെട്ട കേസാണ് ആദ്യം കോടതിയിലെത്തിയത്. എന്നാൽ നാണയം എവിടെയാണെന്നു മാത്രം അദ്ദേഹം പറഞ്ഞില്ല. കോടതി അദ്ദേഹത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. മാത്രവുമല്ല, സ്വർണനാണയങ്ങൾ എവിടെയാണെന്നു പറയും വരെ ഓരോ ദിവസവും 1000 ഡോളർ വീതം പിഴയും വിധിച്ചു. അതിപ്പോൾ എത്രയായിക്കാണുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ! 

ഭീമമായ പിഴത്തുകയുടെ ഭാരവുമായി ഇപ്പോഴും അഴിക്കുള്ളിലാണ് ടോമ്മി. അതിനിടെ ഒഡീസി മറൈൻ എക്സ്പ്ലൊറേഷൻ കമ്പനിയുടെ നേതൃത്വത്തിൽ കൂടുതൽ സ്വർണം എസ്എസ് സെൻട്രൽ അമേരിക്കയിൽനിന്നു കരയിലെത്തിച്ചു. 2018 ആയപ്പോഴേക്കും കമ്പനിയുടെ നേതൃത്വത്തിൽ ഏകദേശം 16,000 വിലയേറിയ കൗതുകവസ്തുക്കളും 3100 സ്വർണനാണയങ്ങളും 45 സ്വർണക്കട്ടികളും 36 കിലോ സ്വർണത്തരികളും കരയിലെത്തിച്ചിരുന്നു. സ്വർണം ലേലം ചെയ്യും മുൻപ് പൊതുജനത്തിനു കാണാനും അവസരം നൽകിയിരുന്നു. 2018ൽ മാത്രം 3129 നാണയങ്ങളാണ് ലേലത്തിൽ പോയത്. അതും കോടിക്കണക്കിനു ഡോളറിന്. കടലിൽനിന്ന് ഇപ്പോഴും എടുത്തു തീർന്നിട്ടില്ല സ്വർണം. അതിപ്പോഴും തുടരുകയാണ്. ഓരോ പുതിയ സ്വർണ–വെള്ളി വസ്തുക്കൾ കരയിലേക്കെത്തിച്ച് ലേലത്തിനു വയ്ക്കുമ്പോഴും ചൂടപ്പം പോലെയാണു വിറ്റുപോകുന്നത്. അപ്പോഴും ഒരു ചോദ്യം മാത്രം ബാക്കി. എവിടെയാണ് ടോമ്മി ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്വർണനിധി? അഴികൾക്കുള്ളിൽ ആ രഹസ്യവും അദ്ദേഹത്തോടൊപ്പം ഭദ്രം.

 English Summary : SS central America shipwreck and the hunt for its treasure

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA