രാക്ഷസന്റെ പേരിലൊരിടം; ഈജിപ്തിലെ പിരമിഡിനും മുന്‍പേ ലോകം കണ്ട ഹെല്ലെനിക്കോൺ!

HIGHLIGHTS
  • ഗ്രീക്ക് പുരാതന നഗരമായ എല്ലിനിക്കയിലായിരുന്നു ഈ പിരമിഡിന്റെ സ്ഥാനം
  • ഫറവോമാരെ അടക്കാൻ വേണ്ടിയായിരുന്നില്ല ഇത്
pyramid-of-hellinikon-in-greece
Pyramid of Hellinikon : Photo Credits - Heracles Kritikos / Shutterstock.com
SHARE

ഗ്രീക്ക് പുരാണത്തില്‍ ഒരു രാക്ഷസനുണ്ട്. പേര് ആർഗാസ്. ദേഹം മുഴുവൻ കണ്ണുകളുള്ളതാണ് ഈ രാക്ഷസന്റെ പ്രത്യേകത. അതിനാൽത്തന്നെ എല്ലാം കാണുന്നവൻ എന്നാണ് ആർഗാസിന്റെ അർഥം. ഉറങ്ങുമ്പോഴല്ലാതെ ഈ രാക്ഷസനെ ആക്രമിക്കാനോ കൊലപ്പെടുത്താനോ സാധിക്കില്ല. ഒടുവിൽ തന്ത്രപൂർവം മയക്കിയാണ് ആര്‍ഗസിനെ കൊലപ്പെടുത്തുന്നതും. സംഗതി ഗ്രീക്ക് പുരാണകഥയാണെങ്കിലും ഈ രാക്ഷസന്റെ പേരിൽ ഒരിടമുണ്ട് ഗ്രീസിൽ. അവിടെനിന്ന് ഒൻപതു കിലോമീറ്റർ മാറി മറ്റൊരു അദ്ഭുതവും–ഒരു പിരമിഡ്!

ആര്‍ഗാസിന്റെ കഥ കേൾക്കുന്ന ആരും ചോദിച്ചുപോകും; ദേഹം മുഴുവൻ കണ്ണുകളുള്ള മനുഷ്യരുണ്ടാകുമോ? ഹെല്ലെനിക്കോൺ പിരമിഡിന്റെ കഥ പറയുമ്പോഴും അങ്ങനെത്തന്നെയാണ്. ഈജിപ്തിലല്ലാതെ വേറെ എവിടെയെങ്കിലും പിരമിഡ് കാണുമോ? എന്നാൽ ഈജിപ്തിൽ പിരമിഡ് നിർമിക്കുന്നതിനും വർഷങ്ങൾക്കു മുൻപേ ഹെല്ലെനിക്കോൺ പിരമിഡ് നിർമിക്കപ്പെട്ടിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പിരമിഡ് എന്നറിയപ്പെടുന്നത് ഈജിപ്തിലെ സോസറാണ്. ബിസി 270ലാണ് സോസർ പിരമിഡ് നിർമിച്ചതെന്നാണു കരുതുന്നത്. എന്നാൽ ഹെല്ലെനിക്കോൺ പിരമിഡ് നിർമിച്ചത് ബിസി 300ലാണെന്നാണു ഗവേഷകരിൽ ഒരു പക്ഷത്തിന്റെ വാദം. 

ഗ്രീക്ക് പുരാതന നഗരമായ എല്ലിനിക്കയിലായിരുന്നു ഈ പിരമിഡിന്റെ സ്ഥാനം. ഈജിപ്തിലേതു പോലെ ഫറവോമാരെ അടക്കാൻ വേണ്ടിയായിരുന്നില്ല ഇത്. പകരം സൈനികതാവളമായി ഉപയോഗിച്ചതാണെന്നാണു കരുതുന്നത്. പിരമിഡ് ആകൃതിയിൽ കല്ലുകൾ ചേർത്തുവച്ച ഇവയുടെ ഉൾഭാഗം ശൂന്യമാണ്. കല്ലുകളാകട്ടെ ഈജിപ്ഷ്യൻ പിരമിഡുകളിലേതു പോലെ കൃത്യമായ ആകൃതിയിൽ വെട്ടിയെടുത്തതുമായിരുന്നില്ല. യുദ്ധങ്ങളിൽ വീരമൃത്യു വരിക്കുന്നവരുടെ മൃതദേഹം അടക്കാൻ വേണ്ടി നിർമിച്ചതാണ് ഹെല്ലെനിക്കോണെന്നും കരുതുന്നവരുണ്ട്. അതല്ല ‘സ്മോക്ക് സിഗ്നൽ’ നൽകാൻ നിർമിച്ചവയാണെന്നും പറയപ്പെടുന്നു. 

ദൂരെയുള്ളവർക്ക് വിവിധ നിറത്തിലും കനത്തിലുമുള്ള പുകയിലൂടെ സന്ദേശങ്ങൾ നൽകുന്ന പണ്ടുകാലത്തെ രീതിയാണ് സ്മോക്ക് സിഗ്നൽ. അപകട സന്ദേശവും ഒത്തുചേരാനുള്ള അറിയിപ്പുമെല്ലാം ഇതുവഴി നല്‍കാറുണ്ട്. ചുറ്റുമുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാൻ വേണ്ടി സൈന്യം നിർമിച്ച ഒബ്സർവേറ്ററിയാണ് ഹെല്ലെനിക്കോണെന്ന വാദവും ഉയർന്നിട്ടുണ്ട്. പക്ഷേ ഈജിപ്തിലെ പിരമിഡുകളുമായി ഇവയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണമാണ് പുരാവസ്തു ഗവേഷണതലത്തിലും ഏറെയും നടന്നിരുന്നത്. ആർഗാസുമായി പുരാതന ഈജിപ്തിനുണ്ടായിരുന്ന ബന്ധത്തെയാണ് ഹെല്ലെനിക്കോൺ സൂചിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.

എന്നാൽ 1938ൽ അമേരിക്കൻ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് ഈ പിരമിഡ് നിര്‍മിച്ചത് ബിസി 300–400 കാലഘട്ടത്തിലാണെന്നാണ്. എന്നാൽ പിന്നീടു നടത്തിയ ശാസ്ത്രീയമായ നിരീക്ഷണത്തിൽ ഇവ ബിസി 3000ത്തിൽ നിർമിച്ചതാണെന്നു കണ്ടെത്തി. ഏറ്റവുമൊടുവിൽ അക്കാദമി ഓഫ് ഏതൻസും എഡിൻബറ സർവകലാശാലയും നടത്തിയ അന്വേഷണത്തിൽ ബിസി 2720ലാണ് ഹെല്ലെനിക്കോൺ നിർമിച്ചതെന്ന സൂചനയാണു ലഭിച്ചത്. ഈജിപ്തിലെ പിരമിഡുകളുടെ കാലപ്പഴക്കം സംബന്ധിച്ച് ഇപ്പോഴും തർക്കം തുടരുന്നതു പോലെത്തന്നെയാണ് ഗ്രീസിലെ പിരമിഡുകളുടെയും അവസ്ഥ. എന്നാണ് നിർമിച്ചതെന്നതിൽ ഇന്നും അവ്യക്തയാണ്. 

ഹെല്ലെനിക്കോൺ കൂടാതെ പിന്നെയും ഇരുപതിലേറെ സമാന നിർമിതികൾ ഗ്രീസിലുണ്ട്. പലതും തിരിച്ചെടുക്കാന്‍ പോലുമാകാത്ത വിധം നശിച്ചു പോയി. ഇന്നും പക്ഷേ ലോകത്തിനു മുന്നിലെ ചുരുളഴിയാത്ത രഹസ്യങ്ങളാണ് അവ– ആര്, എന്തിന്, എന്നു നിർമിച്ചു എന്നു മനസ്സിലാക്കാനാകാത്ത വിധം എല്ലാ രഹസ്യങ്ങളും ഒളിപ്പിച്ച പിരമിഡുകൾ!

English Summary : Pyramid of Hellinikon in Greece

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA