ADVERTISEMENT

ശവകുടീരത്തിലെ സ്വർണനിധി എന്നു കേട്ടാൽ ആദ്യം മനസ്സിലേക്കോടിയെത്തുക ഈജിപ്തിലെ ഫറവോകളുടെ മമ്മികളാണ്. എന്നാൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വർണനിധി നിറഞ്ഞ ശവകുടീരം എവിടെയാണു കണ്ടെത്തിയതെന്ന് അറിയാമോ? ബൾഗേറിയയ്ക്കാണ് ആ റെക്കോർഡ്. സ്വർണം നിറഞ്ഞ ആ ശവകുടീരത്തോടൊപ്പം 1970കളിൽ ഗവേഷകർ കരിങ്കടലിന്റെ തീരത്തുനിന്നു കുഴിച്ചെടുത്തത് കണ്ണഞ്ചിപ്പിക്കുന്ന ഒരു സംസ്കാരത്തിന്റെ കൂടി ശേഷിപ്പായിരുന്നു–വർനാ നാഗരികത. ഈജിപ്തിലെയും മെസപ്പൊട്ടേമിയയിലെയുമെല്ലാം നാഗരിക സംസ്കാരം ലോകത്തു ചുവടുറപ്പിക്കും മുൻപേതന്നെ സ്വർണവും ചെമ്പുമെല്ലാം ഉപയോഗിച്ച് ആഭരണങ്ങളും ആയുധങ്ങളും നിർമിച്ചു പേരെടുത്തവരാണു വർനാ വിഭാഗക്കാർ. എന്നാൽ ഈ സംസ്കാരത്തെപ്പറ്റി ഇന്നും ഗവേഷകർക്ക് കാര്യമായറിയില്ല. കൂടുതൽ പഠനം നടന്നു വരുന്നേയുള്ളൂ. അതിനിടയിൽ കണ്ടെത്തിയ വിവരങ്ങളാകട്ടെ ഏതൊരു പുരാവസ്തു ഗവേഷകനെയും അമ്പരപ്പിക്കുന്നതും. 

 

ഏകദേശം 7000 വർഷങ്ങൾക്കു മുൻപ് കരിങ്കടലിന്റെ തീരത്തെ തടാകങ്ങളോടു ചേർന്നു രൂപപ്പെട്ടതാണ് വർനാ സംസ്കാരം. ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച്, പെട്ടെന്നൊരുനാൾ ഇല്ലാതായതല്ല. മറിച്ചു പ്രാചീന യൂറോപ്യൻ സംസ്കാരത്തിൽ നിർണായക പങ്കു വഹിക്കും വിധം പടർന്നു പന്തലിച്ചതായിരുന്നു ഈ നാഗരികത. മാത്രവുമല്ല, ലോകത്തിൽ ആദ്യമായി സ്വർണം ഉപയോഗിച്ച് ആഭരണങ്ങളും മറ്റും നിർമിച്ചതിന്റെ ക്രെഡിറ്റും വർനാ വിഭാഗക്കാർക്കാണ്. തെക്കു–കിഴക്കൻ യൂറോപ്പിൽ ഇന്നേവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ പ്രാചീന ശവകുടീരവും വർനായിലേതാണ്. ശരിക്കും അക്കാലത്തെ യൂറോപ്യൻ നാഗരികതയുടെ തൊട്ടിൽ എന്നുതന്നെ വർനായെ വിശേഷിപ്പിക്കാം. 

 

ലഭ്യമായ തെളിവുകൾ അനുസരിച്ച് ബിസി 4600നും 4200നും ഇടയിലാണ് വർനായിൽ സ്വർണം ഉപയോഗിച്ചുള്ള നിർമാണം ആരംഭിക്കുന്നത്. പതിയെപ്പതിയെ സ്വർണത്തിലും ചെമ്പിലും അതീവ വൈദഗ്ധ്യത്തോടെ ആഭരണങ്ങൾ തീർക്കാൻ അവർക്കു സാധിച്ചു. അക്കാലത്ത് മറ്റെവിടെയും കിട്ടാത്ത അദ്ഭുത വസ്തുവായ സ്വർണാഭരണങ്ങൾ വര്‍നാ വിഭാഗക്കാരിൽനിന്നു ലഭിച്ചതോടെ വ്യാപാരത്തിന്റെ സിരാകേന്ദ്രമായും ഇവരുടെ താവളം മാറി. മെഡിറ്റേറിയൻ പ്രദേശത്തുനിന്നും കരിങ്കടൽ തീരത്തുനിന്നുമെല്ലാം വ്യാപാരികൾ കൂട്ടമായി എത്തി. കപ്പലുകൾക്കു നങ്കൂരമിടാൻ എളുപ്പമാർന്ന കരിങ്കടൽ തീരം കൂടിയായതോടെ വർനാ നാഗരികത തഴച്ചു വളർന്നു. സ്വർണാഭരണം നിർമിച്ചു വിൽക്കുന്നവർക്കായി അതോടെ സമൂഹത്തിൽ ഏറ്റവും ഉയർന്ന സ്ഥാനം. അതിനു താഴെ വ്യാപാരികളും ഏറ്റവും താഴെക്കിടയില്‍ കർഷകരും. അക്കാലത്തു ശക്തരായ ഭരണാധികാരികളും വർനായ്ക്കുണ്ടായിരുന്നു. 

 

പിൻക്കാലത്ത്് ഇവിടെനിന്നു കുഴിച്ചെടുത്ത വസ്തുക്കളിൽ പലതരം ഉപകരണങ്ങളും പാത്രങ്ങളും പ്രതിമകളുമെല്ലാമുണ്ടായിരുന്നു. സ്വർണം, ചെമ്പ് എന്നിവകൊണ്ടു മാത്രമല്ല കല്ല്, എല്ല്, കളിമണ്ണ് തുടങ്ങിയവ കൊണ്ടും പലതരം വസ്തുക്കൾ നിർമിക്കുന്നതിൽ പ്രഗത്ഭരായിരുന്നു വർനാ വിഭാഗക്കാർ. അതിനിടെയാണ് വർനായെ ഏറെ പ്രശസ്തമാക്കിയ ആ കണ്ടെത്തലും ഗവേഷകർ നടത്തിയത്. 1972 ഒക്ടോബറിലായിരുന്നു അത്. റേയ്ച്ചോ മാറിനോവ്് എന്ന പുരാവസ്തു ഗവേഷകൻ ഒരു ശവകുടീരം കണ്ടെത്തി. ലോകത്ത് സ്വർണം നിറച്ച നിലയിൽ കണ്ടെത്തിയ ഏറ്റവും പഴക്കം ചെന്ന കുടീരമായിരുന്നു അത്. ഒട്ടേറെ പേരെ ഒരുമിച്ച് അടക്കം ചെയ്തതായിരുന്നു അവിടം. 1991 വരെ രണ്ടു ഘട്ടങ്ങളിലായി പ്രദേശത്ത് ഗവേഷണം നടന്നു. ബൾഗേറിയയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന കണ്ടെത്തലുകളിലൊന്നായിരുന്നു അവിടെനിന്നുണ്ടായത്. മുന്നൂറിലേറെ കല്ലറകളുണ്ടായിരുന്നു അവിടെ. അതിൽനിന്നെല്ലാമായി ലഭിച്ചത് 22,000ത്തിലേറെ കൗതുകവസ്തുക്കൾ. അതിൽ മൂവായിരത്തിലേറെ എണ്ണം സ്വർണംകൊണ്ടു നിർമിച്ചവയായിരുന്നു. ഏകദേശം ആറു കിലോഗ്രാം വരുന്ന സ്വര്‍ണം! 

 

ചെമ്പ്, വിവിധ ആഭരണങ്ങൾ, മെഡിറ്ററേനിയൻ കടലിലെ ചിപ്പിയും ശംഖും ഉപയോഗിച്ചുള്ള ആഭരണങ്ങൾ, മൺപാത്രങ്ങൾ, വാളുകൾ, മുത്തുകൾ അങ്ങനെ പലതും കണ്ടെത്തി. കൂട്ടത്തിൽ ഗ്രേവ് 43 എന്നു പേരിട്ട കല്ലറയാണു ഞെട്ടിച്ചത്. അക്കാലത്ത് സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവരെ അടക്കം ചെയ്യുമ്പോൾ വിലപിടിച്ച വസ്തുക്കൾ ഒപ്പം ചേർക്കുന്നതു പതിവായിരുന്നു. മൃതദേഹത്തെ പൊതിയുന്ന ശവക്കച്ചയിൽ തുന്നിച്ചേർത്ത വിധമായിരുന്നു സ്വർണാഭരണങ്ങൾ. കൂടാതെ ചെമ്പുകൊണ്ടുള്ള കോടാലിയും സെറാമിക് പാത്രങ്ങളുമെല്ലാമുണ്ടായിരുന്നു. കല്ലറ 43ൽനിന്നായിരുന്നു ഏറ്റവുമധികം സ്വർണം ലഭിച്ചത്. അക്കാലഘട്ടത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നു ഉണ്ടായിരുന്ന ആകെ സ്വർണത്തേക്കാൾ ഏറെയുണ്ടായിരുന്നു ആ ഒരൊറ്റ കല്ലറയിലെ നിധിശേഖരം. സ്വത്തിന്റെ ബാഹുല്യം കാരണം അതിൽ അടക്കം ചെയ്തയാൾക്ക് ‘വാർനാ മാൻ’ എന്ന പേരും ഗവേഷകർ നൽകി. യൂറോപ്പിൽ അക്കാലത്ത് സ്ത്രീകള്‍ക്കും കുട്ടികൾക്കുമായിരുന്നു ഇത്രയേറെ ആഡംബരത്തോടെ ശവകുടീരങ്ങൾ നിർമിച്ചിരുന്നത്. വാർനാ മാനിന്റെ കണ്ടെത്തലോടെ യൂറോപ്പിലെ ഒരു ബഹുമാനസ്ഥാനത്തിരിക്കുന്ന പുരുഷന്റെ ആദ്യ ആഡംബര ശവകുടീരമായും ഗ്രേവ് 43 മാറി. പക്ഷേ ഇത് ആരുടെ കല്ലറയാണെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്നും അന്വേഷണം തുടരുകയാണ്. 

 

English Summary : Varna man Bulgaria and the wealthiest grave

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com