ADVERTISEMENT

പ്രായപൂർത്തിയാകാത്തവരും കുട്ടികളും പ്രതിസ്ഥാനത്തു വരുന്ന കൊലപാതകങ്ങൾ നിരവധി ലോകത്ത് സംഭവിക്കുന്നുണ്ട്. അതിക്രൂരമായ പല കൊലപാതകങ്ങളിലും കുട്ടികൾ പ്രതിസ്ഥാനത്തു വന്നപ്പോൾ ലോകം നടുങ്ങി. അറിയാം, അത്തരത്തിലുള്ള ചില കൊലപാതകങ്ങളുടെ കഥ. 

1. ജോൺ വെനബിൾസ്, റോബർട്ട് തോംപ്സൺ

ജോൺ വെനബിൾസും റോബർട്ട് തോംപ്സണും ഉറ്റസുഹൃത്തുക്കളായിരുന്നു. കളിയിയും വികൃതിയുമൊക്കെയായി എപ്പോഴും ഒന്നിച്ചു നിൽക്കുന്നവർ. എന്നാൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അവർ ചെയ്ത വികൃതി കേട്ട് ബ്രിട്ടൻ വിറങ്ങലിച്ചു പോയി. ജെയിംസ് ബൾജർ എന്ന രണ്ടു വയസ്സുകാരനെ ഇരുവരും ചേർന്ന് അതിദാരുണമായി കൊലപ്പെടുത്തി ! 

ഇംഗ്ലണ്ടിലെ മേഴ്സിസൈഡിലെ സ്കൂളിൽ നിന്ന് സ്ഥിരമായി ക്ലാസ് കട്ട് ചെയ്തു പുറത്തുപോവുമായിരുന്ന ജോണും റോബർട്ടും 1993 ഫെബ്രുവരി 12ന് എത്തിയത് നഗരത്തിലെ ഷോപ്പിങ് കോംപ്ലക്സിലായിരുന്നു. കടകളിൽ നിന്ന് ചെറിയ മോഷണങ്ങൾ നടത്തിയശേഷം അവർ കോംപ്ലക്സിലെത്തിയ ചെറിയ കുട്ടികളെ നിരീക്ഷിക്കാൻ തുടങ്ങി. 

അമ്മയോടൊപ്പം ഷോപ്പിങ്ങിനെത്തിയിരുന്ന ജെയിംസ് ബൾജറെ അങ്ങനെയാണ് അവർ കണ്ടെത്തുന്നത്. അമ്മയുടെ കണ്ണു തെറ്റിയ ഒരു നിമിഷത്തിൽ അവർ ജെയിംസ് ബൾജറിന്റെ കൈപിടിച്ച് കെട്ടിടത്തിന്റെ പുറത്തേക്ക് നടന്നു. ആൻഫീൽഡിലെ പഴയ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു അവർ പോയത്. ചെറിയ കുട്ടിയുമായി നടക്കുന്നതു കണ്ട് സംശയം തോന്നി ചോദിച്ചവരോടൊക്കെ അവൻ തങ്ങളുടെ അനിയനാണെന്നും വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും മറുപടി നൽകി. റെയിൽവേസ്റ്റേഷനടുത്തുള്ള സെമിത്തേരിക്കടുത്തുവച്ച് ബൾജറെ വെനബിൾസും തോംപ്സണും ചേർന്ന് ഉപദ്രവിക്കാൻ തുടങ്ങി. 

ചായം നിറച്ച ടിന്നും ഇഷ്ടികകഷ്ണങ്ങളും മുഖത്തേക്കെറിഞ്ഞായിരുന്നു തുടക്കം. പല തരത്തിലുള്ള പീഡനങ്ങൾക്കുശേഷം 10 കിലോ ഭാരമുള്ള ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ച് ബൾജറെ അവർ കൊലപ്പെടുത്തി. തുടർന്ന് വിവസ്ത്രനാക്കിയ ശേഷം മൃതശരീരം റെയിൽവേ ട്രാക്കിലുപേക്ഷിച്ച് അവർ വീട്ടിലേക്കു മടങ്ങി. കുട്ടി ട്രെയിനിടിച്ച് മരിച്ചതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. 

രണ്ടു ദിവസത്തിനു ശേഷമാണ് ബർജറിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരം പരിശോധിച്ച ഫൊറെൻസിക് വിദഗ്ധൻ ട്രെയിനിടിക്കുന്നതിനു മുൻപു തന്നെ കുട്ടി മരിച്ചിരുന്നെന്ന് ഉറപ്പിച്ചു പറഞ്ഞു. ഷോപ്പിങ് ക്ലോംപ്ലക്സിൽ നിന്ന് കുട്ടിയുമായി പുറത്തുപോവുന്ന അവ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് റോബർട്ട് തോംപ്സണെ അയൽവാസിയായ ഒരു സ്ത്രീ തിരിച്ചറിഞ്ഞതോടെ രണ്ടു കുട്ടികളും പിടിയിലായി. 

ഏറെ കാലം ജുവനൈൽ ഹോമിൽ തടവിൽ കഴിഞ്ഞ ഇരുവരും പിന്നീട് പുതിയ പേരുമായി ജയിലിൽ നിന്ന് പുറത്തിറങ്ങി. പരോൾ നിയമങ്ങൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വെനബിൾസ് രണ്ടു തവണ കൂടി ജയിലിലായി. തോംപ്സൺ തന്റെ പുതിയ ഐഡന്റിറ്റിയുമായി ജീവിക്കുന്നു. 

2. ജെസെ പോമെറോയ്

1859ൽ യുഎസ് നഗരമായ ബോസ്റ്റണിൽ ഒരു പട്ടാളക്കാരന്റെ മകനായാണ് ജെസെ പോമെറോയ് ജനിച്ചത്. 11 വയസ്സു മുതലാണ് ജെസെ തന്റെ ക്രൂരകൃത്യങ്ങൾ തുടങ്ങുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ കുട്ടികളെ സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി ബെൽറ്റ്, കത്തി തുടങ്ങിയ വസ്തുക്കളുമായി ഉപദ്രവിക്കുന്നതിൽ അവൻ ഹരം കണ്ടെത്തിയിരുന്നു. 

പോമെറോയ്ക്കെതിരെ തുടർച്ചയായി പരാതികൾ ലഭിച്ചതോടെ 1872ൽ അവനെ ദുർഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു. 1874ൽ അവൻ വീട്ടിലേക്കു തിരിച്ചെത്തി. എന്നാൽ ആ തിരിച്ചുവരവ് 10 വയസ്സുകാരിയായ മേരി ക്യുറൻ, നാലു വയസ്സുകാരി ഹോറെയ്സ് മുള്ളിൻ എന്നിവരുടെ കൊലപാതകത്തിലാണ് കലാശിച്ചത്. കാണാതായ കുട്ടികളെ തിരഞ്ഞ പൊലീസ് ഒടുവിൽ എത്തിയത് പോമെറോയുടെ അമ്മ നടത്തിയിരുന്ന കടയുടെ ബേസ്മെന്റിലായിരുന്നു. വെട്ടിയും കുത്തിയും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ കുട്ടികളുടെ മൃതശരീരം പോമെറോയ് അവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട പോമെറോയെ ആദ്യം വധശിക്ഷയ്ക്കു വിധിച്ചെങ്കിലും പിന്നീട് അത് മരണം വരെ തടവുശിക്ഷയാക്കി മാറ്റി. 1932ൽ 72-ാം വയസ്സിൽ ക്രിമിനലുകൾക്കുള്ള ആശുപത്രിയിൽ വച്ചാണ് പോമെറോയ് മരണമടഞ്ഞത്. 

പോമെറോയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലായിരുന്നു. അതു മൂലം കൂട്ടുകാരിൽ നിന്ന് ഏൽക്കേണ്ടി വന്ന കളിയാക്കലുകൾ പോമെറോയിൽ മാനസിക വൈകൃത്യങ്ങൾ സൃഷ്ടിച്ചിരിക്കാമെന്നാണ് പിന്നീട് വിദഗ്ധർ കണ്ടത്തിയത്. 

3. മേരി ബെൽ

‌തന്റെ പതിനൊന്നാം പിറന്നാളിന് ഒരു ദിവസം മുൻപാണ് മേരി ബെൽ നാലു വയസ്സുകാരനായ മാർട്ടിൻ ബ്രൗണിന്റെ കൈപിടിച്ച് ഇംഗ്ലണ്ടിലെ ന്യൂകാസിൽ നഗരത്തിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്കു നടന്നു കയറിയത്. അവിടെ വച്ച് ആ കുഞ്ഞിനെ അവൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മാർട്ടിന്റെ കൊലപാതകിയെ കണ്ടെത്താൻ ആദ്യ ദിവസങ്ങളിൽ പൊലീസിനു കഴിഞ്ഞില്ല. എന്നാൽ ഒരു ദിവസം നഗരത്തിലുള്ള ഒരു നഴ്സറി സ്കൂളിൽ കൂട്ടുകാരിക്കൊപ്പമെത്തിയ മേരി ബെൽ തങ്ങളാണ് കൊലപാതകികളെന്നു പറ‍ഞ്ഞുകൊണ്ടുള്ള കടലാസുതുണ്ടുകൾ അവിടെ നിക്ഷേപിച്ച് കടന്നുകളഞ്ഞു. എന്നാൽ പൊലീസ് ഇവരുടെ പ്രഖ്യാപനം മുഖവിലയ്ക്കെടുത്തില്ല. രണ്ടു മാസത്തിനു ശേഷം മൂന്നു വയസ്സുകാരൻ ബ്രയാൻ ഹോവിനെ കൊലപാതകത്തിലാണ് ഇത് കലാശിച്ചത്. മാർട്ടിൻ ബ്രൗണിന്റെ മൃതദേഹം കിട്ടിയ അതേ സ്ഥലത്തുനിന്നാണ് ബ്രയാൻ ഹോവിന്റ മൃതദേഹവും കിട്ടിയത്. ഈ കൊലപാതകത്തിന് മേരി പൊലീസ് പിടിയിലായി. 

1957ൽ ഒരു ലൈംഗിക തൊഴിലാളിയുടെ മകളായി ജനിച്ച മേരി ബെല്ലിനെ പല തവണ അവരുടെ അമ്മ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിചാരണയ്ക്കൊടുവിൽ മേരി ബെല്ലിന് മികച്ച മാനസികരോഗവിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി വിധിച്ച 12 വർഷത്തെ ജയിൽ ശിക്ഷയ്ക്കൊടുവിൽ 1980ൽ മേരി പുറം ലോകത്തെത്തി മറ്റൊരു പേരിൽ സ്വാഭാവിക ജീവിതത്തിലേക്കു കടന്നു. 

4. അമർജീത് സാദാ

പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതിൽ ഹരം കണ്ടെത്തുന്ന എട്ടുവയസ്സുകാരൻ. അതായിരുന്നു ബിഹാറിൽ നിന്നുള്ള അമർജീത് സദ. 2007ൽ ബിഹാറിലെ മുസാഹ്‍രി ഗ്രാമത്തിൽ അയൽവാസിയുടെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു സദ പിടിക്കപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയെടുത്ത് ആളൊഴിഞ്ഞ പറമ്പിലെത്തി കല്ലുകൊണ്ട് തലയ്ക്കിടിച്ചായിരുന്നു ക്രൂരകൃത്യം. പിറകെയാണ് എട്ടുമാസം പ്രായമുള്ള സ്വന്തം സഹോദരിയെയും ഏഴു മാസം പ്രായമുള്ള കസിൻ സഹോദരിയെയും കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്. മകളെ കൊലപ്പെടുത്തിയത് സദയാണെന്നുള്ള കാര്യം മാതാപിതാക്കൾ നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും മറച്ചുവയ്ക്കുകയായിരുന്നു. 

പിടിക്കപ്പെട്ടുകഴിഞ്ഞും താൻ ചെയ്തതിന്റെ ഗൗരവം അമർജീത്തിനു മനസ്സിലായിരുന്നില്ല. എന്തിനാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്നുള്ള ചോദ്യത്തിന് ഒരു ചിരിയായിരുന്നത്രെ അവന്റെ ഉത്തരം. അതുകഴിഞ്ഞ് തനിക്ക് കഴിക്കാൻ ബിസ്കറ്റ് തരാമോ എന്ന ചോദ്യവും കേട്ടപ്പോൾ പൊലീസുകാർ അമ്പരന്നു. എങ്ങനെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുള്ള ചോദ്യത്തിന് യാതൊരു കൂസലുമില്ലാതെ താൻ ചെയ്ത ഓരോ കാര്യങ്ങളും കൃത്യമായി വിശദീകരിക്കുകയും ചെയ്തു. ജുവനൈൽ ഹോമിൽ പ്രവേശിപ്പിക്കപ്പെട്ട അമർജീത്തിനെ പറ്റിയുള്ള മറ്റു വാർത്തകളൊന്നും പിന്നീട് പുറത്തുവന്നില്ല. 

5. എറിക് സ്മിത്ത്

ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഏൽക്കേണ്ടി വരുന്ന പീഡനവും കളിയാക്കലുകളുമെല്ലാം എങ്ങനെ ഒരു കുട്ടിയെ കൊലപാതകിയാക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു പതിമൂന്നുകാരനാൻ എറിക് സ്മിത്ത്. വൈകല്യങ്ങളുമായായിരുന്നു എറിക് സ്മിത്ത് ജനിച്ചത്. കാഴ്ച പ്രശ്നം മൂലം കട്ടിക്കണ്ണടയും വലിപ്പം കൂടിയ ചെവിയുമെല്ലാം സ്കൂളിലെ കുട്ടികൾക്കിടയിൽ അവനെ ഒരു പരിഹാസപാത്രമാക്കിത്തീർത്തു. ഇതു കൂടാതെ വീട്ടിൽ നിന്ന് അച്ഛനിൽനിന്നും മൂത്ത സഹോദരിയിൽ നിന്നും നിരന്തരമായി ഏൽക്കേണ്ടി വന്ന പീഡനങ്ങളും എറിക് സ്മിത്തിന് കൊല നടത്താനുള്ള മാനസികാവസ്ഥയിലെത്തിച്ചിരുന്നു. 

1993 ഓഗസ്റ്റ് രണ്ടിന് ന്യൂയോർക്കിലെ സ്റ്റ്യൂബൻ കൗണ്ടിയിലുള്ള പാർക്കിലൂടെ സൈക്കിൾ ചവിട്ടി പോകുമ്പോഴായിരുന്നു എറിക് ഡെറിക് റോബി എന്ന നാലു വയസ്സുകാരൻ ഒറ്റയ്ക്കു നടക്കുന്നതു കണ്ടത്. ഡെറിക്കിനെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്കു നയിക്കുകയും അവിടെ വെച്ച് കഴുത്ത് ഞെരിക്കുകയും ഭാരമേറിയ കല്ലെടുത്ത് തലയ്ക്ക് ഇട്ടുമായിരുന്നു എറിക് കൊലപാതകം നിർവഹിച്ചത്. പിടിക്കപ്പെട്ട ശേഷം ജുവനൈൽ ഹോമിലേക്കും പതിനെട്ടു വയസ്സ് തികഞ്ഞ ശേഷം ജയിലിലേക്കും എറിക്കിനെ അയച്ചു. ജയിലിലായിരിക്കെ പല വട്ടം ഡെറിക് റോബിയുടെ കുടുംബത്തോട് എറിക് സ്മിത്ത് മാപ്പു ചോദിച്ചിരുന്നു. എറിക് സ്മിത്ത് ഇന്നും ജയിലിൽ തുടരുകയാണ്. 

6. സിലിയെ റെദെഗാർദിന്റെ കൊലപാതകം

1994 ഒക്ടോബർ 15 വൈകുന്നേരം, നോർവെയിലെ ചെറുപട്ടണമായ ട്രോഡ്ഹെയിമിലെ മഞ്ഞുപുതച്ച ചെറിയ കളിക്കളം ഒരു കൊലക്കളമായി മാറി. അഞ്ചുവയസ്സുകാരിയായ സിലിയെ റെദെഗാർദ് എന്ന പെൺകുട്ടി തന്റെ കളിക്കൂട്ടുകാരായ ആറു വയസ്സുകാരായ രണ്ട് ആൺകുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. എന്നാൽ അവർക്കിടയിലുണ്ടായ ചെറിയ തർക്കം സിലിയെയുടെ കൊലപാതകത്തിലേക്കാണ് വഴി തെളിച്ചത്. ആറു വയസ്സുകാരായ ആൺക്കുട്ടികളുടെ ഇടിയേറ്റു സിലിയ വീണുപോയി. ഒരാൾ അവളുടെ വസ്ത്രങ്ങൾ ഉരിഞ്ഞടുക്കുകയും ചെയ്തു. അതിനു ശേഷം അവർ അവരു‌ടെ വീടുകളിലേക്ക് ഓടിപ്പോയി. കൊടും മഞ്ഞിൽ കിടന്ന് മരവിച്ചായിരുന്നു സിലിയെ മരിച്ചത്. 

എങ്ങനെയാണ് മരണം സംഭവിച്ചതെന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചിരുന്നില്ല. സിലിയെയുടെ മൃതദേഹം ആദ്യം കണ്ട ഒരു സ്ത്രീ കൃത്രിമശ്വാസവും സിപിആറും നൽകി ജീവൻ നിലനിർത്താൻ ശ്രമിച്ചിരുന്നതായി സിലിയെയുടെ അമ്മ അറിഞ്ഞിരുന്നു. 

ശ്രമം പരാജയപ്പെട്ടെങ്കിലും അവരോടു നന്ദി പറയാനായി സിലിയെയുടെ അമ്മ അവരുടെ വീട്ടിലെത്തി. സിലിയെയുടെ മാതാപിതാക്കളുടെ സങ്കടം കണ്ട് പിടിച്ചുനിൽക്കാനാകാതെ ആ സ്ത്രീ സിലിയെയുടെ കൊലപാതകത്തിൽ തന്റെ ആറുവയസ്സുകാരൻ മകനു പങ്കുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. 

നോർവെയിലെ നിയമമനുസരിച്ച് ആ രണ്ട് ആറു വയസ്സുകാരുടെയും പേരുകൾ പുറത്തുവിട്ടേയില്ല. കുട്ടികളെ ശിക്ഷിക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ഇരുവരെയും കോടതി വെറുതെ വിടുകയും ചെയ്തു. 

പ്രായപൂർത്തിയാവാത്തവർ പ്രതിസ്ഥാനത്തു വരുന്ന കൊലപാതകങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പട്ടിക വളരെ വലുതാണ്. ഇത്തരം കൃത്യങ്ങളിലെ കുറ്റവാളികളുടെ മാനസികാവസ്ഥയെ പറ്റി പഠനങ്ങൾ നടത്തിയ വ്യക്തിയാണ് ബ്രിട്ടനിലെ പ്രശസ്തയായ ഫൊറെൻസിക് സൈക്കോളജിസ്റ്റായ കെറി നിക്സൺ. കുട്ടിക്കാലത്ത് നേരിടുന്ന പീഡനാനുഭവങ്ങളും അവഗണനയും ഒറ്റപ്പെടലും കുട്ടികളിലെ കുറ്റവാളിയെ ഉണർത്തുന്നതാണെന്ന് അവർ അഭിപ്രായപ്പെടുന്നു. കൂട്ടുകാരിൽ നിന്നോ മുതിർന്നവരിൽ നിന്നോ നേരിടുന്ന കളിയാക്കലുകൾ, കുറ്റപ്പെടുത്തലുകൾ എന്നിവയും അവരെ കുറ്റകൃത്യങ്ങളിലേക്കു നയിക്കാം. 

2007ൽ ന്യൂയോർക്ക് മെഡിക്കൽ സർവകലാശാലയിൽ ഏഴ് സൈക്കോളജിസ്റ്റുകൾ ചേർന്നു നടത്തിയ പഠനത്തിൽ കുട്ടിക്കുറ്റവാളികൾ പൊതുവായ ചില് മാനസികപ്രശ്നങ്ങൾ കാണിക്കുന്നതായും കൊലപാതകത്തിനു മുൻപു തന്നെ പലതരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും കണ്ടെത്തി. കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടാതിരിക്കുന്നത് കൊലപാതകമടക്കമുള്ള വലിയ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രേരണയായി മാറുന്നതായി അവർ കണ്ടെത്തി. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും കുട്ടികളെ പറഞ്ഞുമനസ്സിലാക്കുന്നതിലും മാതാപിതാക്കൾക്കുള്ള പങ്കും വലുതാണ്.

English Summary : Six notorious child criminals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com