ADVERTISEMENT

മത്സ്യകന്യകമാർ– കഥ കേട്ടു വളരുന്ന നാൾ മുതൽ ഓരോ കുട്ടിയുടെയും മനസ്സിലൂടെ കൗതുകത്തിന്റെ ചിറകടിച്ചു നീന്തുന്ന കൂട്ടരാണിത്. പക്ഷേ കൊച്ചുകൂട്ടുകാർക്കറിയാമോ, ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പുകൾ നടന്നിട്ടുള്ളതും ഈ സാങ്കൽപിക ജീവികളുടെ പേരിലാണ്. അതിൽ ഏറെ കുപ്രസിദ്ധമാണ് ഫിജിയിലെ മത്സ്യകന്യക അഥവാ ഫിജി മെർമെയ്ഡ്. സത്യം പറഞ്ഞാൽ ഇവയെ പൂർണമായും തട്ടിപ്പെന്നു വിളിക്കാനാകില്ല. ഒരു കൂട്ടർ ആചാരം പോലെ ചെയ്യുന്നതിനെ മറ്റൊരു കൂട്ടർ തട്ടിപ്പാക്കി മാറ്റിയതാണ്. ആ കഥയാണിനി പറയാൻ പോകുന്നത്. 

 

യുഎസിലാണു സംഭവങ്ങളുടെ തുടക്കം, 1842ൽ. ‍ഡോ.ജെ.ഗ്രിഫിൻ എന്ന വ്യക്തി തന്റെ പതിവു ചുറ്റിക്കറക്കങ്ങളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കയ്യില്‍ ഒരു അപൂർവ വസ്തുവുണ്ടായിരുന്നു. മത്സ്യമനുഷ്യൻ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. പാതി മനുഷ്യനും പാതി മത്സ്യവുമായ ഈ ജീവിയെ തെക്കൻ പസിഫിക് സമുദ്രത്തിലെ ഫിജി ദ്വീപുകളിൽനിന്നു ലഭിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. സംഭവം കേട്ടയുടനെ മാധ്യമങ്ങൾ ഉൾപ്പെടെ ഗ്രിഫിൻ താമസിക്കുന്ന ഹോട്ടലിലെത്തി. അവർക്കു മുന്നിൽ അദ്ദേഹം തന്റെ കയ്യിലെ ശരീരം പ്രദർശിപ്പിക്കുകയും ചെയ്തു. 

 

ഒറ്റനോട്ടത്തിൽത്തന്നെ മത്സ്യമനുഷ്യൻ യാഥാർഥ്യമാണെന്ന് അവർ വിധിയെഴുതുകയും ചെയ്തു. ‘ഫിജിയിലെ മത്സ്യമനുഷ്യൻ’ എന്ന പേരിൽ തലക്കെട്ടിട്ടു പിറ്റേന്നുതന്നെ സംഭവം വൻ വാർത്തയുമായി. അതിനിടെയാണ് പി.ടി.ബാനം എന്ന ബിസിനസുകാരൻ ന്യൂയോർക്കിലെ പ്രശസ്തമായ പത്ര സ്ഥാപനങ്ങളിൽ ഒരു പരസ്യവുമായെത്തുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘അമേരിക്കൻ മ്യൂസിയ’ത്തിൽ ഗ്രിഫിന്റെ മത്സ്യമനുഷ്യനെ പ്രദർശിപ്പിക്കുന്നുവെന്നായിരുന്നു പരസ്യം. എന്നാൽ അതു പ്രസിദ്ധീകരിക്കും മുന്‍പേതന്നെ ഗ്രിഫിന്‍ ആ ആവശ്യം തള്ളി. അതിനോടകംതന്നെ ന്യൂയോർക്കിലാകെ പതിനായിരത്തോളം ലഘുലേഖകൾ ബാനം വിതരണം ചെയ്തിരുന്നു. അതും മത്സ്യകന്യകമാരുടെ ചിത്രങ്ങളുമായി. 

 

ബാനം നൽകിയ പരസ്യത്തിലെ മത്സ്യകന്യകയുടെ ചിത്രം ചില പത്രങ്ങളാകട്ടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ന്യൂയോർക്കിലെമ്പാടും ഗ്രിഫിന്റെ മത്സ്യമനുഷ്യൻ ചർച്ചാവിഷയമായതോടെ ബ്രോഡ്‌വേ കൺസർട്ട് ഹാളിൽ ഒരാഴ്ചത്തേക്ക് പ്രദർശനത്തിനു വയ്ക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. സംഭവം വൻ ഹിറ്റായി, ജനം ഇടിച്ചു കയറി. അതോടെ കുറച്ചധികം നാൾ കൂടി പ്രദർശനത്തിന് അധികൃതർ സമ്മതിച്ചു. പിന്നാലെ ബാനത്തിന്റെ അമേരിക്കൻ മ്യൂസിയത്തിൽ ഒരു മാസത്തെ പ്രദർശനത്തിനും സമ്മതിച്ചു. മത്സ്യമനുഷ്യനെ കാണാനെത്തുന്നവർക്കു മുന്നിൽ ഗ്രിഫിന്റെ ‘ലൈവ്’ വിവരണവും ഉണ്ടായിരുന്നു. 

എന്നാൽ ബാനം പുറത്തുവിട്ട ലഘുലേഖകളിൽ അച്ചടിച്ചതു പോലുള്ള മത്സ്യകന്യകയായിരുന്നില്ല ഗ്രിഫിന്റെ കയ്യിലുണ്ടായിരുന്നത്. മറിച്ച് ആകെ ഉണങ്ങിയൊട്ടിയ ഒരു വിചിത്രജീവിയുടെ ശരീരമായിരുന്നു. തുടക്കത്തിൽ അതു യഥാർഥജീവിയാണെന്നു പലരും വിശ്വസിച്ചെങ്കിലും പിന്നീടാണ് അതിനു പിന്നിലെ യാഥാർ‌ഥ്യം പുറത്തു വന്നത്. ഒരു കുട്ടിക്കുരങ്ങന്റെ ശരീരം ഒരു വലിയ മത്സ്യത്തിന്റെ ശരീരത്തോടു തുന്നിച്ചേർത്ത് ഉണക്കിയെടുത്തതായിരുന്നു അത്. പല ഏഷ്യൻ രാജ്യങ്ങളിലും ഇത്തരം മത്സ്യമനുഷ്യരെ നിർമിച്ചെടുക്കുന്നതു പതിവായിരുന്നു, പ്രത്യേകിച്ചു ജപ്പാനിൽ. അവിടത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഒരാചാരം പോലെയായിരുന്നു ഇത്തരം വിചിത്ര ജീവിയെ നിർമിക്കൽ. വർഷങ്ങളായി അവരതു തുടരുകയും ചെയ്യുന്നു. 

 

ഡച്ച് വ്യാപാരികളാണ് ഈ വിചിത്രരൂപങ്ങളിലൊന്നിനെ വാങ്ങി വിൽപനയ്ക്കെത്തിച്ചത്. അവർ ഇത് 1822ൽ സാമുവൽ ബാരെറ്റ് ഏഡ്സ് എന്ന അമേരിക്കന്‍ കപ്പിത്താനു വിറ്റു. അതിനു വേണ്ടി വൻ തുകയാണ് സാമുവൽ മുടക്കിയത്. പക്ഷേ അതു പ്രദർശിപ്പിച്ചു പണമുണ്ടാക്കുന്നതിനു മുൻപേ അദ്ദേഹം മരിച്ചു. തുടർന്ന് ആ മത്സ്യമനുഷ്യനെ അദ്ദേഹത്തിന്റെ മകനു ലഭിച്ചു. പിന്നീട് പലരിലൂടെ കൈമാറിയാണ് അത് ഗ്രിഫിനിലേക്കും ബാനത്തിലേക്കും എത്തിയത്. 20 വർഷത്തോളം അത് ബാനത്തിന്റെ മ്യൂസിയത്തിൽ തുടർന്നു. 1859ൽ അത് പ്രദർശനത്തിനായി ലണ്ടനിലുമെത്തി. 

 

എന്നാൽ 1865ൽ അമേരിക്കൻ മ്യൂസിയത്തിലുണ്ടായ തീപിടിത്തത്തിൽ മത്സ്യമനുഷ്യൻ ഇല്ലാതായെന്നാണ് റിപ്പോർട്ട്. എന്നാൽ അങ്ങനെയല്ല, തീപിടിത്തത്തെത്തുടർന്ന് മത്സ്യമനുഷ്യനെ കിംബാൽസ് മ്യൂസിയത്തിലേക്കു മാറ്റുകയും 1880കളിൽ അവിടെയുണ്ടായ മറ്റൊരു തീപിടിത്തത്തിൽ അതു നശിച്ചില്ലാതായെന്നും മറ്റൊരു കഥ. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഫിജി മെർമെയ്ഡ് യാഥാർഥ്യമാണെന്നു വിശ്വസിക്കുന്നവരുണ്ട്. അവർ അതിനെക്കുറിച്ച് ചർച്ചകളും സംഘടിപ്പിക്കാറുണ്ട്. അത്തരക്കാരെ ലക്ഷ്യമിട്ട് പല ലോക മ്യൂസിയങ്ങളിലും ഇപ്പോഴും ഈ മത്സ്യമനുഷ്യരുടെ വിവിധ രൂപങ്ങൾ തടിയിലും മറ്റും തീർത്ത് പ്രദർശനത്തിനു വച്ചിട്ടുമുണ്ട്.

English Summary : Story of mythical Fiji mermaid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com