ഗ്രീൻലൻഡിൽ കിടന്നുറങ്ങിയ വാൽറസ് എഴുന്നേറ്റത് അയർലൻഡിൽ; കടൽയാത്ര ചെയ്തത് 1000 കിലോമീറ്റർ !

a-walrus-fell-asleep-on-an-Iceberg-and-woke-up-in-ireland
മ്യൂയിറിയാൻ– ചിത്രം:ട്വിറ്റർ
SHARE

കഴിഞ്ഞ ദിവസം അയർലൻഡിനെ ഭാഗമായ വാലന്റീന ദ്വീപിലെ ഗ്ലാൻലിം ബീച്ചിൽ കളിക്കാനെത്തിയ അ‍ഞ്ച് വയസ്സുകാരി മ്യൂയിറിയാൻ ഒരു വിചിത്ര കാഴ്ച കണ്ട് അച്ഛൻ അലൻ ഹൂലിഹാനെ വിവരം അറിയിച്ചു. തീരത്ത് കിടക്കുകയാണ് ഇതുവരെ അവിടെ കണ്ടിട്ടില്ലാത്ത ഒരു വിചിത്രജന്തു. അയർലൻഡിനു സമീപമുള്ള സമുദ്രമേഖലയിൽ സാധാരണ കാണപ്പെടുന്ന നീർനായയാകാം ഈ ജീവിയെന്നാണ് ഹൂലിഹാൻ ആദ്യം വിചാരിച്ചത്. എന്നാൽ ഈ ധാരണ തെറ്റായിരുന്നു.

അൽപം അടുത്തെത്തി പരിശോധന നടത്തിയ ഹൂലിഹാന് ഒരു കാര്യം മനസ്സിലായി, കിടക്കുന്നത് ഉത്തരധ്രുവത്തിൽ കാണപ്പെടുന്ന വാൽറസ് എന്ന പ്രത്യേകതരം കടലാനയാണ്. ഹൂലിഹാൻ ജന്തുവിന്റെ ചിത്രങ്ങളും വിഡിയോകളും എടുത്തു. ഇവ പിന്നീട് ജെന്നി സള്ളിവൻ എന്ന മാധ്യമപ്രവർത്തക ട്വിറ്ററിൽ പങ്കുവച്ചു. ഇവ സമൂഹമാധ്യമങ്ങളിൽ ഉടനടി തന്നെ ഹിറ്റായി.

a-walrus-fell-asleep-on-an-Iceberg-and-woke-up-in-ireland1
Representative image. Photo Credits : Christopher Wood / Shutterstock.com

താൻ കണ്ട വാൽറസ് കടലാനയ്ക്ക് ഒരു കാളയുടെയത്ര വലുപ്പമുണ്ടായിരുന്നെന്ന് ഹൂലിഹാൻ പറയുന്നു. കൊമ്പ് വളരെ ചെറുതായിരുന്നു. അതിനാൽ അത്ര പ്രായം ഇതിനുണ്ടായിരിക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഏതായാലും ഞൊടിയിടയിൽ പ്രദേശത്ത് ഈ നീർക്കുതിര ഒരു താരമായി മാറി. ഇതിനെ ആദ്യം കണ്ടെത്തിയ മ്യൂയിറിയാൻ നീർക്കുതിരയ്ക്ക് പേരും കണ്ടുപിടിച്ചു. ആണാണെങ്കിൽ സിയാൻ, പെണ്ണാണെങ്കിൽ ഇസബെല്ല. എന്നാൽ ആണാണോ പെണ്ണാണോ എന്നു തീ‍ർച്ചപ്പെടുത്താനായി ശാസ്ത്രജ്ഞർ സ്ഥലത്ത് എത്തിയപ്പോഴേക്കും അവിടെ നീർക്കുതിരയുടെ പൊടിപോലുമുണ്ടായിരുന്നില്ല. ഭക്ഷണം തേടിപ്പോയതാകാം എന്നാണു കരുതുന്നത്.

∙ഉറക്കത്തിൽ കിട്ടിയ പണി

ഉത്തരധ്രുവപ്രദേശത്ത് കാണപ്പെടുന്നതും അയർലൻഡിൽ ഇതുവരെ കാണാത്തതുമായ ഈ വാൽറസ് പിന്നെ എങ്ങനെ എത്തി?‌ ജീവശാസ്ത്ര വിദഗ്ധനായ കെവിൻ ഫ്ലാനറിയുടെ കൈയിൽ ഉത്തരമുണ്ട്. ഉത്തരധ്രുവ മേഖലയിലെ  ദ്വീപായ ഗ്രീൻലൻഡിലെ ഒരു മഞ്ഞുപാളിയിൽ കിടന്നുറങ്ങിപ്പോയതാണത്രേ ഈ പാവം വാ‍ൽറസ്. എന്നാൽ ഉറക്കത്തിനിടയിൽ പണികിട്ടി. മഞ്ഞുപാളി കരയിൽ നിന്ന് അടർന്നുമാറി തെക്കോട്ടൊഴുകി. നല്ല ഉറക്കമായതിനാൽ വാൽറസ് ഇതൊന്നുമറിഞ്ഞില്ല. നമ്മൾ ചിലപ്പോൾ ട്രെയിനിലും ബസിലുമൊക്കെ ഇരുന്നുറങ്ങി ഇറങ്ങേണ്ട സ്ഥലം കടന്നുപോകാറില്ലേ? അതു പോലെ തന്നെ. പക്ഷേ ഇതിത്തിരി കൂടിപ്പോയി. ആയിരക്കണക്കിനു കിലോമീറ്ററാണ് ഈ വാൽറസ് അയർലൻഡ് വരെയെത്താൻ സഞ്ചരിച്ചത്. വിശപ്പും ക്ഷീണവും കാരണം വല്ലാത്ത അവസ്ഥയിലുമായിരുന്നു പാവം. ഇനി ഈ വാൽറസ് എങ്ങനെ സ്വദേശത്തേക്കു തിരികെപ്പോകുമെന്നതാണ് ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്ന ചോദ്യം. ഇതിനുള്ള ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.

∙ഉത്തരധ്രുവത്തിലെ വമ്പൻമാർ

ഉത്തരധ്രുവത്തിലെ ഏറ്റവും പ്രശസ്തമായ വമ്പൻ ജീവികളാണ് വാൽറസുകൾ. ഏഴ് മുതൽ പന്ത്രണ്ട് അടി വരെ നീളത്തിൽ വളരുന്ന ഇവയ്ക്ക് 1500 കിലോ വരെയൊക്കെ ഭാരം വയ്ക്കും. ഒരു കാറിന്റെയൊക്കെ ഭാരം.40 വർഷം വരെ ജീവിക്കുന്ന ഈ ജീവികൾക്ക് ആനകളെപ്പോലെ വലിയ കൊമ്പുകളുണ്ട്. 3 അടി വരെയൊക്കെ കൊമ്പുകൾക്ക് നീളമുണ്ടാകും. ഹിമപാളികൾ പൊളിക്കാനാണ് ഈ കൊമ്പ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്.

ലോകത്ത് രണ്ടര ലക്ഷത്തോളം വാൽറസുകളുണ്ടെന്നാണു കണക്ക്. ഓർക്ക എന്ന തിമിംഗലവും ഹിമക്കരടികളുമാണ് ഇവയുടെ പ്രധാന ശത്രുക്കളും വേട്ടക്കാരും. ഇവയ്ക്ക് മൈനസ് 35 ഡിഗ്രി വരെയുള്ള വളരെ തണുപ്പേറിയ വെള്ളത്തിൽ കഴിയാനൊക്കും. കക്കകളാണ് ഇവയുടെ പ്രധാന ആഹാരം. സസ്തനികളായ ഇവ ഒരു പ്രസവത്തിൽ സാധാരണ ഒരു കുട്ടിക്കാണ് ജന്മം നൽകുന്നത്. 75 കിലോ വരെ ഭാരമുള്ള നവജാതശിശുവിന് ജനിച്ച് ഉടനെ തന്നെ നീന്താനുള്ള കഴിവുണ്ടാകും. ധ്രുവപ്രദേശത്തെ തദ്ദേശീയ ജനത ഭക്ഷണത്തിനും കൊമ്പിനും എല്ലുകൾക്കുമായി വാൽറസുകളെ വേട്ടയാടാറുണ്ട്.

English Summary : A Walrus fell asleep on an Iceberg and woke up in Ireland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA