മയൂരസിംഹാസനവും കോഹിനൂറും കൈക്കലാക്കിയ നാദിർഷാ; ഡൽഹി ആക്രമണത്തിന്റെ വാർഷികം

HIGHLIGHTS
  • നാദിർഷാ നേടിയ മയൂരസിംഹാസനം പിന്നീട് നഷ്ടപ്പെട്ടു
  • കോഹിനൂർ രത്നം ബ്രിട്ടീഷുകാർ കൊണ്ടുപോയി
nader-shah-s-invasion-of-india
Photo Credits : Twitter
SHARE

1739 മാർച്ച് 22...

 പുരാതന ഡൽഹിയുടെ ചരിത്രത്തിൽ വലിയൊരു സംഭവം നടന്ന ദിവസമായിരുന്നു അന്ന്. മുഗൾ സാമ്രാജ്യത്തിനു മേൽ കനത്ത ആഘാതമേൽപ്പിച്ച് കൊണ്ട് പേർഷ്യൻ ചക്രവർത്തിയായ നാദിർഷാ അക്രമണപരമ്പര നഗരത്തിൽ അഴിച്ചുവിട്ടത് ആ ദിവസമാണ്. പിന്നീട് ഇന്ത്യയുടെ അളവറ്റ സ്വത്തിൽ ഒരു വലിയ പങ്ക് പേർഷ്യക്കാർ അപഹരിക്കാനും ആ ആക്രമണം വഴിയൊരുക്കി. ചരിത്രത്താളുകളിലേക്ക് മറഞ്ഞ ആ ദിനത്തിന്റെ വാർഷികമാണ് ഇന്ന് കടന്നുപോകുന്നത്.

ഇറാനിലെ ഖൊറോസൻ മേഖലയിൽ ഒരു നാടോടി ഗോത്രത്തിലാണ് നാദിർ ജനിച്ചത്. 13 ാം വയസ്സിൽ പിതാവ് മരിച്ചതോടെ നാദിറിന്റെ ജീവിതം കഷ്ടത്തിലായി. ആദ്യകാലത്ത് കൂലിപ്പടയാളിയായും പിന്നീട് ഉന്നത പേർഷ്യൻ ഉദ്യോഗസ്ഥരുടെ വലംകൈയുമൊക്കെയായി. പിന്നീട് ഇറനിലുണ്ടായ അഫ്ഗാൻ അധിനിവേശം അടിച്ചമർത്തുന്നതിൽ വലിയ പങ്കു വഹിച്ചതോടെ പേർഷ്യൻ സമൂഹത്തിൽ നാദിറിനു വലിയ വില വന്നു.1734ൽ നിലവിലുണ്ടായിരുന്ന ദുർബലമായ രാജവംശത്തെ മാറ്റി നാദിർ പേർഷ്യൻ ചക്രവർത്തിയായി സ്വയം അവരോധിച്ചു...നാദിർഷാ എന്ന പേരിൽ.

1738ൽ അഫ്ഗാനിസ്ഥാനിലെ ഹോടകി രാജവംശത്തിന്റെ അവസാന തുരുത്തായ കാണ്ഡഹാറും പിടിച്ചടക്കിയതോടെ നാദിർഷായുടെ ശ്രദ്ധ ഡൽഹിയിലേക്കു തിരിഞ്ഞു. ശക്തി ക്ഷയിച്ച മുഗൾ രാജവംശമായിരുന്നു ഡൽഹി ഭരിച്ചിരുന്നത്. പക്ഷേ മുഹമ്മദ് ഷാ എന്ന മുഗൾ ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ രാജ്യം സമ്പന്നമായിരുന്നു. ഇവിടെ പിടിച്ചടക്കിയാൽ അളവറ്റ ധനവും മറ്റ് അമൂല്യ വസ്തുക്കളും ലഭിക്കുമെന്ന് നാദിർഷാ കണക്കുകൂട്ടി. അതു സത്യമായിരുന്നു താനും.

അങ്ങനെ നാദിർ ഷാ സിന്ധു നദി കടന്ന് മുഗൾ സാമന്ത മേഖലകളിലേക്കു മാർച്ച് ചെയ്തു. ഈ പടപ്പുറപ്പാടിന്റെ വാർത്ത അറിഞ്ഞ മുഗൾ ചക്രവർത്തി മുഹമ്മദ് ഷാ, പഞ്ചാബിലെ കർണാലിൽ 3 ലക്ഷം പേരടങ്ങുന്ന പടയുമായി നാദിർഷായെ ചെറുക്കാനായെത്തി. മുഗൾ സൈന്യവുമായി തട്ടിച്ചു നോക്കുമ്പോൾ ആറിലൊന്നു മാത്രമായിരുന്നു പേർഷ്യൻ സൈന്യത്തിന്റെ അംഗസംഖ്യ. എന്നാൽ നാദിർ ഷാ വളരെ മികച്ച ഒരു സൈനിക തന്ത്രജ്ഞനായിരുന്നു. തന്റെ സൈന്യത്തിന് കൃത്യമായ പരിശീലനവും മറ്റ് വേതന ആനുകൂല്യങ്ങളുമെല്ലാം കൊടുത്ത് അവരെ കുറ്റമറ്റ രീതിയിൽ നിലനിർത്താൻ നാദിർ ഷാ വലിയ ശ്രദ്ധ കൊടുത്തിരുന്നു.

1739 ഫെബ്രുവരി 13ന് കർണാലിൽ യുദ്ധം തുടങ്ങി. മൂന്നു മണിക്കൂറിനുള്ളിൽ തന്നെ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തിയ നാദിർഷാ, മുഗൾ ചക്രവർത്തി മുഹമ്മദ് ഷായെ തടങ്കലിലാക്കുകയും ചെയ്തു. തുടർന്ന് ഡൽഹിയുടെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ 1739 മാർച്ച് 22 നു ഡൽഹിയിലെ ചില നാട്ടുകാർ പേർഷ്യൻ പടയാളികളെ ആക്രമിക്കുകയും ഇവരിൽ ചിലർ കൊല്ലപ്പെടുകയും ചെയ്തു. ഇതു നാദിർഷായെ കോപാകുലനാക്കി. ഷാ, നാട്ടുകാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും പേർഷ്യൻ സൈന്യം നിരായുധരായ ഇരുപതിനായിരക്കണക്കിന് ഇന്ത്യക്കാരെ കൊലപ്പെടുത്തുകയും ചെയ്തു.

ഇതോടെ മുഹമ്മദ് ഷാ, പേർഷ്യൻ ചക്രവർത്തിയോട് രാജ്യം തിരിച്ചുതരണമെന്നും യുദ്ധം നിർത്തണമെന്നും അപേക്ഷിച്ചു. ഒടുവിൽ നാദിർഷാ ഇതിനു സമ്മതിച്ചു. പക്ഷേ ഇതിനു പകരമായി മുഗൾ സാമ്രാജ്യത്തിന്റെ സ്വത്തുക്കളിൽ നല്ലൊരു പങ്കും നാദിർ ഷാ കരസ്ഥമാക്കി. മുഗൾ അഭിമാനത്തിന്റെ പ്രതീകമായിരുന്ന മയൂരസിംഹാസനം, ലോകപ്രശസ്തമായ കോഹിനൂർ രക്തം, ഡാര്യയെ, നൂർ വജ്രങ്ങൾ എന്നിവയുൾപ്പെടെ നാദിർഷാ ഏറ്റെടുത്തു. 1739 മേയിൽ പേർഷ്യൻ സൈന്യം മുഗൾ പ്രദേശങ്ങളിൽ നിന്നു തങ്ങളുടെ സ്വന്തം രാജ്യത്തേക്കു പിൻവാങ്ങി. ഡൽഹിയിൽ നിന്ന് അവർക്കു ലഭിച്ച ധനം 700 ആനകൾ, 4000 ഒട്ടകങ്ങൾ, 12000 കുതിരകൾ എന്നിവയുടെ പുറത്തേറ്റിയാണ് ഇറാനിലേക്ക് കടത്തിയതെന്ന് പറയപ്പെടുന്നു. അമിതമായ ഈ ധനശേഖരണം കാരണം മൂന്നു വർഷത്തേക്ക് ഇറാനിൽ കരമടയ്ക്കുന്നതിൽ നിന്നു ജനങ്ങളെ നാദിർഷാ മുക്തരാക്കുകയും ചെയ്തു.

നാദിറിന് ഡൽഹിയോ മറ്റ് മുഗൾ പ്രദേശങ്ങളോ പിടിച്ചടക്കാൻ പദ്ധതിയില്ലായിരുന്നെന്നും മറിച്ച് തന്റെ പ്രധാന ശത്രുവായ ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള പണം ശേഖരിക്കൽ മാത്രമായിരുന്നു പദ്ധതിയെന്നും ചില ചരിത്ര ഗവേഷകർ വിശ്വസിക്കുന്നു. ഏതായാലും വമ്പിച്ച ധനവുമായി തിരിച്ചെത്തിയെങ്കിലും നാദിർഷായുടെ പ്രശ്നങ്ങൾ തീർന്നില്ല, സൈന്യതന്ത്രത്തിൽ അദ്വിതീയനാണെങ്കിലും ഭരണപാടവത്തിൽ അമ്പേ പരാജയമായിരുന്നു ഷാ. സിന്ധുനദീതടം മുതൽ യൂറോപ്പ് വരെ തുടർച്ചയായി ഷാ നടത്തിയ സൈനിക മുന്നേറ്റങ്ങളിൽ കഷ്ടത അനുഭവിച്ചത് ഇറാനിലെ ജനതയാണ്. ഷായുടെ നികുതിപിരിവ് ഉദ്യോഗസ്ഥരും മറ്റും അവരുടെ ജീവിതം അവതാളത്തിലാക്കിയിരുന്നു. ഷായ്ക്കെതിരെ നിരന്തരമായി കലാപങ്ങൾ ഉയർന്നു. എല്ലാത്തിനെയും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തിയ നാദിർ ഷാ, എതിർശബ്ദം ഉയർത്തിയവരെയെല്ലാം മൃഗീയമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. എന്നാൽ ഷായുടെ കീഴിൽ തന്നെ ചില സ്വാധീനമുള്ള ഉദ്യോഗസ്ഥർക്ക് ഇതിലെല്ലാം ശക്തമായ അമർഷമുണ്ടായിരുന്നു. ഇവരിൽ 15 പേർ സംഘം ചേർന്ന് ചക്രവർത്തിയെ വധിക്കുന്നതിനായി ഗൂഢാലോചന നടത്തി. 1747 ജൂൺ 19നു ഉറക്കത്തിനിടെ നാദിർഷാ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടു.

കോഹിനൂർ രത്നം പിൽക്കാലത്തു നാദിർ ഷായുടെ സൈന്യാധിപൻമാരിൽ ഒരാളായ അഹമ്മദ് ഷാ അബ്‌ദാലിക്ക് കൈമാറപ്പെട്ടു. ലോക പ്രശസ്തമായ ഈ രത്നം 1813 ൽ സിഖ് രാജാവായ രഞ്ജിത്ത് സിംഗിന്റെ കൈവശം എത്തി. എന്നാൽ 1849 ൽ രഞ്ജിത്ത് സിംഗിന്റെ മകൻ ദുലീപ് സിംഗ് ബ്രിട്ടീഷുകാരുമായി യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് രത്നം ബ്രിട്ടീഷുകാരുടെ കൈവശമായി.1850 ൽ രത്നം കപ്പൽ മാർഗം ബ്രിട്ടനിലേക്ക് കൊണ്ട് പോയി. ഇന്നും അത് ബ്രിട്ടീഷ് രാജാവംശത്തിന്റെ ഉടമസ്ഥതയിലാണ്.

നാദിർഷായുടെ ആക്രമണത്തിന് ഇന്ത്യൻ ചരിത്രത്തിൽ ഒരു നിർണായക സ്ഥാനമുണ്ട്. പുകൾപെറ്റ മുഗൾ സാമ്രാജ്യത്തിന്റെ അവസാനദശയിലെ ദൗർബല്യം അതു വെളിവാക്കി. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ഇക്കാര്യം മനസ്സിലാക്കിയെന്നാണു പറയപ്പെടുന്നത്. ഈസ്റ്റിന്ത്യ കമ്പനിയിൽ നിന്നു കമ്പനി ഭരണത്തിലേക്കും കടക്കാൻ അവർക്ക് ആത്മവിശ്വാസം നൽകിയ സംഭവങ്ങളിൽ പ്രധാനമായിരുന്നു ഈ ആക്രമണം.

English Summary : Nader shah's invasion of India 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA