ADVERTISEMENT

ചാൾസ് ഡാർവിൻ 1835 ൽ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിലേക്ക് ബീഗിൾ എന്ന കപ്പലിൽ നടത്തിയ യാത്രയും, തുടർന്ന് അദ്ദേഹം അവിടെ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ജീവപരിണാമത്തെ കുറിച്ചുള്ള ‘ഒറിജിൻ ഓഫ് ദ് സ്പീഷീസ്’ എന്ന പഠനഗ്രന്ഥം എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

184 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം അവതരിപ്പിച്ച പരിണാമ സിദ്ധാന്തം, പ്രകൃതിനിർധാരണം എന്നീ ആശയങ്ങളെല്ലാം ഇക്കാലമത്രയും ആയിരക്കണക്കിന് പുതുപുത്തൻ തെളിവുകളിലൂടെ സുശക്തമാകുന്നതല്ലാതെ, ഭൂമിയിൽ പുതിയ ജീവിവർഗങ്ങൾ ഉണ്ടായതിന് വൈജ്ഞാനിക സമൂഹം വേറൊരു കാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ലോകത്ത് ഇന്നേവരെ ഏറ്റവും അധികം ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതും ഒട്ടേറെ വിദഗ്ധർ പലപല ദേശങ്ങളിലും കാലങ്ങളിലുമായി വിമർശന ബുദ്ധിയോടെ ഇത്രമേൽ പഠിച്ചതുമായ വേറൊരു ജീവശാസ്ത്രപരമായ ആശയവും ഉണ്ടാകാനിടയില്ല.

വിചിത്ര ജീവികൾ

ഡാർവിൻ പതിനെട്ടാം നൂറ്റാണ്ടിന്റെ പാതിയിൽ പസിഫിക് സമുദ്രത്തിലെ അഗ്നിപർവത നിർമിതമായ ഗാലപ്പഗോസ് ദ്വീപുകളിൽ എത്തിയപ്പോൾ അവിടെക്കണ്ട വിചിത്രമായ ജീവിവർഗങ്ങൾ അദ്ദേഹത്തെ അതിശയിപ്പിച്ചു. ലോകത്ത് മറ്റൊരു ഭാഗത്തും കാണാത്ത ശാരീരിക സ്വഭാവ സവിശേഷതകളായിരുന്നു അവിടുത്തെ ജീവികൾക്ക്.

പല സ്പീഷീസുകളും ഭൂമിയുടെ ഇതരഭാഗങ്ങളിലെ ജീവികളോട് ഏതെങ്കിലുമൊക്കെ തരത്തിൽ ബന്ധപ്പെട്ടവയായിരുന്നെങ്കിലും ദ്വീപിൽ അവ വളരെയേറെ വ്യത്യസ്ത രൂപത്തിലും വിചിത്ര സ്വഭാവത്തിലും കാണപ്പെട്ടു. മനുഷ്യരെ പേടിയില്ലാത്ത പക്ഷികൾ, വലിയ ആമകൾ, വ്യത്യസ്തമായ ചുണ്ടുകളോടു കൂടിയ ഫിഞ്ച് കുരുവികൾ അങ്ങനെയങ്ങനെ... 

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇത്തരം വിചിത്ര ജീവിവർഗങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്നായി ഡാർവിന്റെ ആലോചന. ആ ചിന്തയിൽ നിന്നാണ് അനുകൂലനങ്ങൾ, അതിജീവനത്തിനായുള്ള പോരാട്ടം, പ്രകൃതിനിർധാരണം  തുടങ്ങിയ ആശയങ്ങൾ അദ്ദേഹത്തിനു ലഭിച്ചത്.  

ജീവികൾക്ക് സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മ്യൂട്ടേഷനുകളിൽ ചിലത് അതീവ ദുർഘടമായ, ഒറ്റപ്പെട്ട, മത്സരാധിഷ്ഠിതമായ, ‘അതിജീവന സമരത്തിന്റെ’  സാഹചര്യങ്ങളിൽ പുതിയ ചില ജീവിവർഗങ്ങൾ തന്നെ ഭൂമിയിൽ ഉരുതിരിഞ്ഞു വരാൻ കാരണമായേക്കാം എന്ന ആശയമാണ് ഡാർവിൻ അവതരിപ്പിച്ചത് . ഡാർവിന്റെ കാലം തൊട്ട് ഇങ്ങോട്ട് നിയന്ത്രിത സാഹചര്യങ്ങളിലും സ്വാഭാവിക പ്രകൃതി പരിസരങ്ങളിലും പരിണാമത്തിന്റെ പഠനങ്ങൾ ഇഷ്ടംപോലെ  നടന്നിട്ടുണ്ട്.

ഇ–കോളിയിലെ പരീക്ഷണം

യു എസിൽ നിന്നുള്ള പരിണാമ ജൈവശാസ്ത്രജ്ഞൻ  റിച്ചഡ് ലെൻസ്കി 1988 മുതൽ  നടത്തിയ പരീക്ഷണത്തെക്കുറിച്ചാണ്. ഇ-കോളി ബാക്ടീരിയങ്ങളുടെ ചില ബാച്ചുകൾ, പുറമേയുള്ള വേറെ ഒറ്റ ബാക്റ്റീരിയൽ കോളനികളുമായി കൂടിക്കലരാതെ വളർത്തുന്ന The E. coli long-term evolution experiment (LTEE) പരിണാമ പരീക്ഷണം ഏറെ കൗതുകം പകരുന്നതാണ്. 

ബാക്ടീരിയകൾക്ക് മനുഷ്യന്റെ അത്രയും  ആയുസ്സ് ഉണ്ടായിരുന്നെങ്കിൽ, 68000 തലമുറകൾക്ക് ചുരുങ്ങിയത്  10 ലക്ഷം വർഷം വേണ്ടിവന്നേനെ. നിലവിലെ തെളിവുകൾ വച്ച് നോക്കുമ്പോൾ മനുഷ്യ പരിണാമത്തിന്റേത് രണ്ടുലക്ഷം വർഷങ്ങളുടെ ചരിത്രമേയുള്ളൂ എന്നോർക്കുക.

ഓരോ 75 ദിവസത്തിലും ( ഇ-കോളി ബാക്ടീരിയയുടെ 500 തലമുറകളുടെ ശരാശരി ആയുർദൈർഘ്യം) അദ്ദേഹം ബാക്ടീരിയകളെ വളർത്തുന്ന കൾച്ചറിൽ നിന്ന് ഓരോ ബാച്ച് എടുത്ത് മൈനസ് 80 ഡിഗ്രിയിൽ ശീതീകരിച്ച് സൂക്ഷിച്ചു. പിന്നീട് ഓരോ തലമുറകളിലും എന്തെന്ത് പരിണാമങ്ങളാണു സംഭവിക്കുന്നത് എന്നു മനസ്സിലാക്കാനുള്ള റഫറൽ സ്പെസിമനുകളായിരുന്നു അത്.

ഏറ്റവും ആദ്യത്തെ റഫറൽ സാംപിളിൽ നിന്നു തികച്ചും വ്യത്യസ്തമായ ജനിതക സവിശേഷതകളുള്ള പുതിയ സ്പീഷീസ് ബാക്ടീരിയകളായി ഇതിനകം അദ്ദേഹത്തിന്റെ ബാക്റ്റീരിയൽ കോളനികളിൽ പലതും മാറിക്കഴിഞ്ഞിരിക്കുന്നു. 

മനുഷ്യന്റെ കൺമുന്നിൽ, പരിണാമത്തിന്റെ ഉദാത്തമായ നിരീക്ഷണ പഠനമായി ശാസ്ത്രലോകം റിച്ചഡ് ലെൻസ്കി യുടെ E. coli long-term evolution experiment (LTEE) നെ പരിഗണിക്കുന്നു. കൃത്രിമ സാഹചര്യങ്ങൾ സൃഷ്ടിച്ച്, കൃത്രിമമായ തിരഞ്ഞെടുപ്പ് നടത്തി, ജനിതകമാറ്റങ്ങൾ വരുത്തി പല പുത്തൻ ജീവിവർഗങ്ങളെയും നമ്മൾ സൃഷ്ടിച്ചെടുത്തിട്ടുണ്ടല്ലോ. 

തെളിവുകൾ പലയിടത്തും

കിടങ്ങുകളിൽ, ഭൂമിയിലെ ഒറ്റപ്പെട്ട ഗുഹകൾക്കുള്ളിലെ വെളിച്ചമില്ലാത്ത ജലാശയങ്ങളിൽ, കരകളോടു ബന്ധമില്ലാതെ ഒറ്റപ്പെട്ടുപോയ വിദൂര ദ്വീപുകളിൽ– ഇവിടെയെല്ലാമുണ്ട് പരിണാമത്തിന്റെ അതിവിചിത്രമായ ജീവിക്കുന്ന തെളിവുകൾ.

English Summary : Galapagos Islands and Darwin's Theory of Evolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com