ADVERTISEMENT

മരണത്തെ ഭയം ഇല്ലാത്തവരായി ആരും കാണില്ല. എന്നാൽ മരിക്കാനുള്ള വിദൂര സാധ്യതകൾ പോലും ഒഴിവാക്കാൻ പണിപ്പെട്ട് ഇറങ്ങുന്നവർ ചുരുക്കമായിരിക്കും. ഒരുകാരണവശാലും അബദ്ധത്തിൽ താൻ മരണപ്പെട്ടു പോകരുതെന്ന് കരുതി പ്രത്യേക സജ്ജീകരണങ്ങളോടെ ഒരു നൂറ്റാണ്ട് മുൻപ്  നിർമ്മിക്കപ്പെട്ട ഒരു കല്ലറ ഇപ്പോൾ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. അമേരിക്കയിലെ വെർമോണ്ടിലുള്ള എവർഗ്രീൻ സെമിത്തേരിയിലാണ്  ഈ വിചിത്ര കല്ലറ സ്ഥിതിചെയ്യുന്നത്.

 

1800 കളുടെ അവസാനകാലത്ത് ഡോക്ടർ തിമോത്തി ക്ലാർക്ക് സ്മിത്ത് എന്ന വ്യക്തിയാണ് ഈ കല്ലറ പണികഴിപ്പിച്ചത്. മറ്റ് കല്ലറകളിൽ നിന്ന് വ്യത്യസ്തമായി മണ്ണിന് പുറത്തുള്ള കാഴ്ചകൾ കാണത്തക്കവിധം ഒരു ജനാലയും ഉള്ളിൽ കിടന്നുകൊണ്ട്  പുറത്തേക്ക് കേൾക്കത്തക്ക വിധം അടിക്കാവുന്ന  ഒരു മണിയും  ഡോക്ടർ തിമോത്തിയുടെ കല്ലറയിൽ ഉണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ താൻ അടക്കം ചെയ്യപ്പെട്ട ശേഷവും ജീവൻ അവശേഷിക്കുന്നുണ്ടെങ്കിൽ പുറത്തുള്ളവരെ വിവരമറിയിച്ച് രക്ഷപ്പെടണം എന്ന ചിന്തയാണ് ഇത്തരമൊരു കല്ലറ നിർമ്മിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കല്ലറയ്ക്കുള്ളിൽ വച്ച് തനിക്ക് ജീവൻ തിരികെ ലഭിച്ചാൽ മണിയുടെ ചരട് വലിച്ചു വിവരം അറിയിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.

1893 ൽ ഹലോവീൻ ദിനത്തിൽ മരണപ്പെട്ട തിമോത്തിയെ ഇതേ കല്ലറയിലാണ് അടക്കം ചെയ്തത്. പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ  ജീവൻ തിരികെ ലഭിക്കുകയോ മണിയടിച്ചു പുറത്തേക്ക് വരാൻ സാധിക്കുകയോ ചെയ്തില്ലയെന്നു മാത്രം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവിടം സന്ദർശിച്ച ഒരു വ്യക്തി സമൂഹമാധ്യമങ്ങളിൽ വിചിത്ര കല്ലറയുടെ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ഇതേപറ്റി പുറംലോകമറിഞ്ഞത്.

കല്ലറയക്കുറിച്ച്  കേട്ടറിഞ്ഞ് നിരവധി ആളുകൾ  ഇവിടം സന്ദർശിക്കാൻ എത്താറുണ്ട്. തിമോത്തിയുടെ കല്ലറയ്ക്കുള്ളിലേക്ക് നോക്കാവുന്ന വിധത്തിൽ  സ്ഥാപിച്ച ചില്ലു പാളി ഇപ്പോഴും  ഇവിടെയെത്തുന്നവർക്ക് കാണാം. പക്ഷേ ഒരു നൂറ്റാണ്ടിലധികം പഴക്കംചെന്നതിനാൽ  കല്ലറയ്ക്കുള്ളിലെ കാഴ്ചകൾ  ഇപ്പോൾ അവ്യക്തമാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കൗതുകം തോന്നുന്നുണ്ടെങ്കിലും ഏറെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇതെന്ന് പലരും കുറിക്കുന്നു. അതേസമയം തിമോത്തി തിമോത്തിയുടെ കല്ലറയ്ക്കു സമീപത്തുകൂടി പോകുമ്പോൾ എവിടെയെങ്കിലും ഒരു മണിയടി ശബ്ദം കേട്ടാൽ അവസ്ഥ എന്താകുമെന്ന തരത്തിലുള്ള തമാശ കലർന്ന പ്രതികരണങ്ങളുമുണ്ട്.

English Summary : Scared of being buried alive man gets a window fitted into his graves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com