മീൻപിടിക്കും പക്ഷി പക്ഷേ മീനുകളെയും രക്ഷിക്കും; ഇത് ആൽബട്രോസ് അദ്ഭുതകഥ!

HIGHLIGHTS
  • രീരത്തിൽ പ്രത്യേകതരം ഉപകരണം ഘടിപ്പിക്കുകയായിരുന്നു
  • അന്റാർട്ടിക്കയ്ക്കു വടക്ക് ഇന്ത്യൻ മഹാസമുദ്രത്തിലായിരുന്നു ഈ ദ്വീപുകൾ
widespread-illegal-fishing-albatrosses-are-helping-us
Representative image. Photo Credits/ Shutterstock.com
SHARE

കൊതിയൂറുന്ന വിഭവങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നവയാണ് ട്യൂണ (കേര) മത്സ്യം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട മത്സ്യവുമാണിത്. അതിനാൽത്തന്നെ ആവശ്യക്കാരുമേറെ. ആവശ്യം കൂടിയതോടെ ഇവയെ അനധികൃതമായി പിടികൂടുന്നതും വർധിച്ചു. അതോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉൾപ്പെടെ പല മേഖലകളിലും ട്യൂണയുടെ എണ്ണം കുറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യത്തിന് മത്സ്യം കിട്ടാത്ത അവസ്ഥയായി. അങ്ങനെയാണ് ട്യൂണകളെ അനധികൃതമായി പിടികൂടുന്നതു തടയാൻ 2016ൽ ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മിഷൻ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. 

അനധികൃത ബോട്ടുകളിലെത്തി മീൻ പിടിത്തം, ട്യൂണകളുടെ കൂട്ടത്തെ ഡ്രോണുകൾ ഉപയോഗിച്ചു കണ്ടെത്തൽ, പ്രകാശമുള്ള വസ്തുക്കൾ വെള്ളത്തിലിട്ട് മീനുകളെ ആകർഷിക്കൽ, വെള്ളത്തിലേക്ക് ലൈറ്റടിച്ച് മീൻ പിടിക്കൽ... ഇത്തരം രീതികളൊക്കെ കമ്മിഷൻ നിരോധിച്ചു. എന്നിട്ടും അനധികൃത ട്യൂണ പിടിത്തം വർധിച്ചതോടെയാണു ഗവേഷകർ ഒരുഗ്രന്‍ വഴി കണ്ടെത്തിയത്. ആൽബട്രോസ് പക്ഷികളെ ഉപയോഗിച്ച് ട്യൂണ മീനുകളെ രക്ഷിക്കുക. ഏറ്റവും വലുപ്പത്തിൽ ചിറകു വിരിക്കുന്ന പക്ഷികളാണ് ആൽബട്രോസുകൾ. ഇവയുടെ ആയുസ്സും കൂടുതലാണ്. കടലിനു മുകളിലൂടെ ചുറ്റിയടിക്കലാണ് ഇവയുടെ പ്രധാന ജോലി, മീനാണു പ്രധാന ഭക്ഷണം. അതെല്ലാം ഉപയോഗപ്പെടുത്തിയാണ് ഫ്രാൻസിലെ ല റൊഷെല്‍ സർവകലാശാലയിലെ ഗവേഷകർ അനധികൃത മീൻപിടിത്തം തടയാനുള്ള വഴി കണ്ടെത്തിയതും.

തെക്കൻ പസിഫിക് സമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായിരുന്നു ഗവേഷകരുടെ ആൽബട്രോസ് പരീക്ഷണം. ഈ പക്ഷികളുടെ ശരീരത്തിൽ പ്രത്യേകതരം ഉപകരണം ഘടിപ്പിക്കുകയായിരുന്നു. അതിനു വേണ്ടി ഗവേഷകർ ആൽബട്രോസുകൾ വൻതോതിൽ കാണപ്പെടുന്ന ആംസ്റ്റർഡാം ദ്വീപിലേക്കും കെർഗ്യുലിൻ ദ്വീപിലേക്കും പോയി. അന്റാർട്ടിക്കയ്ക്കു വടക്ക് ഇന്ത്യൻ മഹാസമുദ്രത്തിലായിരുന്നു ഈ ദ്വീപുകൾ. അവിടെ കൂടുകൂട്ടിയിരുന്ന 169 ആൽബട്രോസുകളിലായിരുന്നു പ്രത്യേക സെൻസറുകൾ ഘടിപ്പിച്ചത്. ഒരു പക്ഷിയിൽ ഉപകരണം ഘടിപ്പിക്കാൻ വേണ്ടിവന്നത് 10 മിനിറ്റ് മാത്രം. 

സെൻസറൊന്നിന് 65 ഗ്രാം ആയിരുന്നു ഭാരം. അതിന്മേൽ ഒരു ജിപിഎസ് റിസീവറും റഡാർ ആന്റിനയും ഒരു സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് മോണിറ്ററുമുണ്ടായിരുന്നു. കടലിലെ ബോട്ടുകളിലെ ആശയവിനിമയ സംവിധാനത്തെ പിടിച്ചെടുക്കാൻ കഴിവുള്ളതായിരുന്നു ഇവ. ചെറിയൊരു സോളർ പാനൽ വഴി ലിഥിയം ബാറ്ററി ചാർജ് ചെയ്തായിരുന്നു സെൻസറുകൾ പ്രവർത്തിച്ചിരുന്നത്. ഇതുവരെ ആൽബട്രോസുകൾ 1.8 കോടി ചതുരശ്ര മൈൽ പ്രദേശത്തു സഞ്ചരിച്ചു. കിഴക്കൻ ആഫ്രിക്കയ്ക്കും ന്യൂസീലൻഡിനും ഇടയിൽ ഏകദേശം ആറു ലക്ഷം ജിപിഎസ് ലൊക്കേഷനുകളും കണ്ടെത്തി. 353 ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നുമായി 5000 റഡാർ സിഗ്നലുകളും പിടിച്ചെടുത്തു. ഈ റഡാറിലാണ് ഗവേഷകരുടെ തന്ത്രം ഒളിച്ചിരിക്കുന്നത്. 

റഡാറുകൾ കണ്ടെത്തിയ ബോട്ടുകളിലേറെയും അവയുടെ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ ‘ഓഫ്’ ചെയ്തിരിക്കുകയായിരുന്നു. അതായത് അവ അനധികൃതമായി പ്രവർത്തിച്ചവയായിരുന്നുവെന്നു ചുരുക്കം. 28% ബോട്ടുകളും അത്തരത്തിൽ കമ്യൂണിക്കേഷൻ ഓഫ് ചെയ്ത നിലയിലായിരുന്നു. അനുവാദമില്ലാത്ത പ്രദേശത്ത് മീൻപിടിക്കാൻ കയറുമ്പോഴും നിരീക്ഷണ കപ്പലുകൾ പിടികൂടാതിരിക്കാനുമാണ് പല ബോട്ടുകളും കമ്യൂണിക്കേഷൻ സംവിധാനം ഓഫ് ചെയ്യുന്നത്. ഓരോ മേഖലയിലേക്കും എത്തുന്ന പുതിയ ബോട്ടുകളെ തിരിച്ചറിയാൻ വെസ്സൽ മോണിറ്ററിങ് സിസ്റ്റമാണ് (വിഎംഎസ്) അധികൃതർ സാധാരണ ഉപയോഗിക്കുക. ബോട്ടുകളും കപ്പലുകളും കൂട്ടിയിടിക്കാതിരിക്കാൻ പരസ്പരം സിഗ്നലുകൾ കൈമാറുന്ന ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനവുമുണ്ട് (എഐഎസ്). ഈ സിഗ്നലുകൾ പരിശോധിച്ചാണ് റോന്തുചുറ്റുന്ന അധികൃതർ ‘കള്ള’ബോട്ടുകളും കപ്പലുകളും കണ്ടെത്തുന്നത്. എന്നാൽ അവ ഓഫ് ചെയ്താൽ കണ്ടെത്താനുമാകില്ല. 

പക്ഷേ മീൻപിടിത്തത്തിനായും മുന്നിലെ തടസ്സങ്ങൾ കണ്ടെത്താനും ഈ അനധികൃബോട്ടുകൾ റഡാർ സിഗ്നലുകൾ സ്ഥിരമായി ഉപയോഗിക്കും. ഈ സിഗ്നൽ പിടിച്ചെടുക്കുകയാണ് ആൽബട്രോസുകൾ ചെയ്യുക. തുടർന്ന് ഗവേഷകർ ഓരോ ബോട്ടിന്റെയും സ്ഥാനം തിരിച്ചറിയും. അവയുടെ വിഎംഎസും എഐഎസും പരിശോധിക്കും. ഓഫാണെങ്കിൽ ഉറപ്പാണ് സംഗതി അനധികൃതമാണെന്ന്. ട്യൂണയെ പിടികൂടാനെത്തുന്ന ബോട്ടുകളിലേറെയും അവയുടെ എഐഎസ് ഓഫ് ചെയ്യുന്നുണ്ടെന്നും തിരിച്ചറിഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും ജോലി എളുപ്പമായി. പദ്ധതി വിജയിച്ചതോടെ ആൽബട്രോസുകളെ ഇനി ഹവായിയിലും തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലും ന്യൂസീലൻഡിനു ചുറ്റുമുള്ള മറ്റു പ്രദേശങ്ങളിലും പരീക്ഷിക്കാനൊരുങ്ങുകയാണു ഗവേഷകർ.

Summary : Albatrosses can spy on illegal fishing in international waters

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA