വാളുകളേന്തിയ കൂറ്റൻ ചിലന്തി; കരിമ്പുകൃഷിക്കിടെ പ്രത്യക്ഷപ്പെട്ട ‘ദൈവം’

HIGHLIGHTS
  • പടുകൂറ്റനൊരു ചിലന്തിയുടെചിത്രം മൺതിട്ടയിൽ
  • ആ ചിത്രത്തിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്
mural-knife-wielding-spider-god-found-peru
ചിത്രത്തിന് കടപ്പാട് : യു ട്യൂബ്
SHARE

കരിമ്പു കൃഷിക്കായി നിലമൊരുക്കുന്നവർക്കു മുന്നിൽ അപ്രതീക്ഷിതമായി ദൈവം പ്രത്യക്ഷപ്പെട്ടാലെങ്ങനെയുണ്ടാകും? പെറുവിൽ 2020 നവംബറിന് അതാണു സംഭവിച്ചത്. പെറുവിനു വടക്കുള്ള വിറു പ്രവിശ്യയിൽ കരിമ്പു കൃഷിക്ക് നിലമൊരുക്കുകയായിരുന്നു കർഷകർ. മണ്ണുമാന്തിയുപയോഗിച്ച് കുറേയേറെ ഭാഗങ്ങൾ ഇടിച്ചു നിരപ്പാക്കി. അങ്ങനെ മുന്നോട്ടു പോകുന്നതിനിടെയായിരുന്നു ആ കാഴ്ച. പടുകൂറ്റനൊരു ചിലന്തിയുടെചിത്രം മൺതിട്ടയിൽ! സാധാരണ ചിലന്തിയല്ല, വാളുകളേന്തിയ കൂറ്റൻ ചിലന്തി. തുടക്കത്തിൽ കർഷകർ അതു കാര്യമാക്കിയില്ല. പക്ഷേ ഈ സംഭവം നാട്ടുകാർ പറഞ്ഞറിഞ്ഞ് പ്രദേശം മുഴുവൻ പരന്നു. പുരാവസ്തു ഗവേഷകനായ റെഗുലോ ഫ്രാങ്കോ ജോർദാനും ഇക്കാര്യം അങ്ങനെയാണ് ഒരു സുഹൃത്തിൽ നിന്നറിഞ്ഞത്. 

mural-knife-wielding-spider-god-found-peru
ചിത്രത്തിന് കടപ്പാട് : യു ട്യൂബ്

സ്ഥലത്തു ചെന്നു നോക്കിയ അദ്ദേഹവും അമ്പരന്നു പോയി. ഒറ്റ നോട്ടത്തിൽത്തന്നെ ഒരു കാര്യം ഉറപ്പ്, ആ ചിത്രത്തിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. എന്തായാലും റെഗുലോ ആ സ്ഥലം കൃത്യമായി ‘മാർക്ക്’ ചെയ്തു. വൈകാതെതന്നെ അധികൃതരുമായെത്തി, എല്ലാ കൃഷിപ്പണികളും നിർത്തിവച്ചു. ഇപ്പോൾ ഇവിടെ വീണ്ടും പുരാവസ്തു ഗവേഷകർ ഉത്ഖനനം ആരംഭിച്ചിരിക്കുകയാണ്. എട്ടുകാലിയുടെ ചുമർചിത്രത്തിന്റെ 60 ശതമാനവും നഷ്ടപ്പെട്ടിട്ടും ശേഷിച്ച ഭാഗങ്ങൾ വിശകലനം ചെയ്ത് അതിന്റെ ചരിത്രത്തെപ്പറ്റി അന്വേഷിക്കുകയാണ് ഗവേഷകർ. ഏകദേശം 3200 വർഷം പഴക്കമുള്ളതാണ് എട്ടുകാലിച്ചിത്രമെന്നാണു കരുതുന്നത്. 

കൊളംബസിന്റെ  നേതൃത്വത്തിൽ യൂറോപ്യൻ അധിനിവേശം ഉണ്ടാകുന്നതിനു മുൻപ് പെറുവിൽ ജീവിച്ചിരുന്ന വിഭാഗക്കാരാണ് ക്യുപിസ്‌നീക്കുകൾ. ഇന്നും പുരാവസ്തു ഗവേഷകർക്കു മുന്നിൽ ഒരദ്ഭുതമാണ് ഈ വിഭാഗക്കാർ. ഇവരെക്കുറിച്ചു കാര്യമായ വിവരങ്ങൾ ഇന്നും കണ്ടെത്താനായിട്ടില്ല എന്നതുതന്നെ കാരണം. ബിസി 1500നും 200നും ഇടയ്ക്ക് പെറുവിൽ നിലനിന്നിരുന്ന സംസ്കാരമാണ് ഇവരുടേത്. വടക്കൻ പെറുവിലെ പല പ്രദേശത്തും ഇവരുടെ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. പിൽക്കാലത്ത് ഷാവിൻ സംസ്കാരവുമായി കൂടിച്ചേർന്ന് ക്യുപിസ്നീക്കുകൾ എന്നന്നേക്കുമായി ഇല്ലാതായെന്നാണ് കരുതുന്നത്. അതിനാൽത്തന്നെ ഷാവിന്‍ വിഭാഗക്കാരിലും അവർക്കു ശേഷമുണ്ടായ മോഷെ സംസ്കാരത്തിലുമെല്ലാം ക്യുപിസ്നീക്ക് വിഭാഗക്കാരുടെ സ്വാധീനമുണ്ട്. ചിലപ്പോഴൊക്കെ ഷാവിൻ വിഭാഗക്കാരെ ക്യുപിസ്നീക്കുകളായി പുരാവസ്തുഗവേഷകർ തെറ്റിദ്ധരിച്ചിട്ടുമുണ്ട്.

മഞ്ഞ, ചാരം, വെളുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള മണ്ണ് ഉപയോഗിച്ചായിരുന്നു ഇവരുടെ ചിത്രം വര. ഇപ്പോൾ എട്ടുകാലിയെ കണ്ടെത്തിയത് ഷെക്കെത്തെപേക്കെ താഴ്‌വര പ്രദേശത്താണ്. ഇതിനു സമീപത്തുതന്നെ ഒരു പുഴയുമുണ്ട്. അതിനാൽത്തന്നെ ഫലഭൂയിഷ്ഠമായ മണ്ണിനും വെള്ളത്തിനും വേണ്ടി കർഷകർ പ്രത്യേക പ്രാർഥന നടത്തിയ ഇടമാണ് ഇതെന്നാണു കരുതുന്നത്. പെറുവിലുള്ളവരെ സംബന്ധിച്ചിടത്തോളം പണ്ടുകാലത്ത് അഞ്ച് വിഭാഗത്തിനായിരുന്നു പ്രധാന്യം–മനുഷ്യൻ, രാക്ഷസൻ, പക്ഷി, മത്സ്യം, എട്ടുകാലി എന്നിവ. ഇവയെ പ്രീതിപ്പെടുത്താനായിട്ടായിരുന്നു പ്രത്യേക പ്രാർഥനകൾ. പുനർജന്മത്തിന്റെ അടയാളങ്ങളാണ് ഇവയെന്നായിരുന്നു വിശ്വാസം. 

mural-knife-wielding-spider-god-found-peru
ചിത്രത്തിന് കടപ്പാട് : യു ട്യൂബ്

അതിൽത്തന്നെ വെള്ളം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട ദൈവമായിരുന്നു എട്ടുകാലി. അവയ്ക്കു പ്രാധാന്യവും ഏറെയാണ്. മലമുകളിൽനിന്ന് മഴയെത്തിയിരുന്ന ജനുവരി–മാർച്ച് മാസങ്ങളിലായിരുന്നു  എട്ടുകാലി ദൈവത്തിനു വേണ്ടിയുള്ള പ്രത്യേക ചടങ്ങുകൾ. അതിനു വേണ്ടി നിർമിച്ച അമ്പലത്തിൽനിന്നാണിപ്പോൾ എട്ടുകാലിയുടെ ചിത്രം കണ്ടെത്തിയതെന്നും ഗവേഷകർ കരുതുന്നു. 50 അടി നീളവും 20 അടി വീതിയുമുള്ള ചുമരാണ് ഇപ്പോൾ അവശേഷിച്ചിരിക്കുന്നത്. പ്രദേശത്ത് ഉദ്ഖനനം ശക്തമാക്കിയാൽ ക്യുപിസ്നീക്ക് വിഭാഗക്കാരെപ്പറ്റിയുള്ള കൂടുതൽ രഹസ്യങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയും ഗവേഷകർ പങ്കുവയ്ക്കുന്നു.

English Summary : Mural knife wielding spider god found Peru

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA