ADVERTISEMENT

ലോകം കാത്തിരിക്കുകയാണ് ഏപ്രിൽ മൂന്ന് എന്ന ദിനത്തിനു വേണ്ടി. മാനവസംസ്കാരത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ ഈജിപ്തിലെ 22 രാജാക്കൻമാരുടെയും റാണിമാരുടെയും മമ്മികൾ തഹ്‌രീറിലെ ഈജിഷ്യൻ മ്യൂസിയത്തിൽ നിന്ന് ഫുറ്റ്സാറ്റിലെ ദേശീയ മ്യൂസിയത്തിലേക്കു മാറ്റുന്നത് അന്നേദിവസമാണ്. വലിയ ഘോഷയാത്രയുടെയും പരേഡിന്റെയും അകമ്പടിയോടെ നടക്കുന്ന ഈ യാത്ര ലൈവായി കാണിക്കാനൊരുങ്ങുകയാണ് ഈജിപ്ത് ടൂറിസം ഡിപാർട്ട്മെന്റ്. ഇക്കൂട്ടത്തിൽ സെഖ്നെൻ റാ, തുത്‌മോസ്, സിറ്റി തുടങ്ങിയ പ്രശസ്ത ഫറവോമാരുടെയും ഹാറ്റ്ഷെപ്സുട്, നെഫർടാരി, മെർട് അമോൺ തുടങ്ങിയ മഹാറാണിമാരുടെയും മമ്മികളുണ്ട്. എന്നാൽ ഈ യാത്രയെ ആകർഷകമാക്കുന്ന പ്രധാന ഘടകം ഒരു വ്യത്യസ്തനായ മനുഷ്യന്റെ മമ്മിയാണ്. റാംസെസ്....ഈജിപ്തിന്റെ എക്കാലത്തെയും പ്രശസ്തനായ ഫറവോ.

∙ ഈജിപ്തിന്റെ സൂര്യപുത്രൻ

ഈജിപ്തിന്റെ പത്തൊൻപതാം സാമ്രാജ്യത്തിലെ രാജാവായിരുന്ന റാംസെസ് രണ്ടാമന്റെ പേരിനർഥം സൂര്യപുത്രനെന്നാണ്. രാജകീയമായ പാരമ്പര്യമുള്ളവരായിരുന്നില്ല ഇദ്ദേഹത്തിന്റെ പൂർവികർ. രാംസെസിന്റെ മുത്തശ്ശനായ റാംസെസ് ഒന്നാമനായിരുന്നു 19ാം സാമ്രാജ്യത്തിനു തുടക്കമിട്ടത്. ഒരു സാധാരണ സൈനികനായിരുന്ന ഇദ്ദേഹം തന്റെ യുദ്ധ നൈപുണ്യവും ബുദ്ധിയും കൈമുതലാക്കി ഈ സ്ഥാനത്തെത്തുകയായിരുന്നു. 

റാംസെസ് ഒന്നാമന്റെ പുത്രനായ സേറ്റിയുടെയും ടുയയുടെയും മകനായി ബിസി 1303 ൽ ആണ് റാംസെസ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും മകനെ ഏൽപ്പിച്ച് അവന്റെ ഭരണനൈപുണ്യം വളർത്താൻ സേറ്റി ശ്രദ്ധാലുവായിരുന്നു. പത്താം വയസ്സി‍ൽ സൈന്യാധിപനും 14ാം വയസ്സിൽ ഈജിപ്തിന്റെ കിരീടാവകാശിയുമായി റാംസെസ് മാറി. ഗ്രീക്കുകാർ റാംസെസിനെ ഒസിമാൻഡിയാസ് എന്നു വിളിച്ചു.

1279 ബിസിയിൽ സേറ്റി അന്തരിച്ചതോടെ റാംസെസ് ഈജിപ്തിന്റെ പരമോന്നത പദവിയായ ഫറവോയായി മാറി. പരമ്പരാഗത തലസ്ഥാനവും പൗരാണിക നഗരവുമായ തീബ്സിൽ നിന്ന് ഈജിപ്തിന്റെ ഭരണകേന്ദ്രം റാംസെസ് പുതിയൊരു നഗരത്തിലേക്കു മാറ്റി. പിറാമിസസ് എന്നായിരുന്നു ആ നഗരത്തിനു റാംസെസ് കൊടുത്ത പേര്. 67 വർഷമായിരുന്നു റാംസെസിന്റെ ഭരണകാലം. ഇത്ര ദൈർഘ്യമേറിയ ഭരണകാലം ഈജിപ്ഷ്യൻ ചരിത്രത്തിൽ തന്നെ അപൂർവമാണ്. മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ സുഡാൻ വരെ വ്യാപ്തിയുള്ളതായിരുന്നു റാംസെസിന്റെ സാമ്രാജ്യം.

∙കാദേഷിലെ വിജയം?

റാംസെസിനും പൂർവികർക്കും മുൻപ് ഈജിപ്തിന്റെ ഭരണം കൈയാളിയിരുന്ന പതിനെട്ടാം രാജവംശം പലപ്പോഴും സാമ്രാജ്യം കാത്തു സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. പ്രശസ്തനായ തൂത്തൻഖാമൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ പിതാവ് അഖേനാടനുമൊക്കെ പതിനെട്ടാം രാജവംശത്തിൽ പെട്ടവരായിരുന്നു.  ഈജിപ്തിന്റെ സാമന്തരാജവംശമായ ഹിറ്റൈറ്റുകൾ അഖേനാടന്റെ കാലത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ഈജിപ്തിനെതിരെ തിരിയുകയും ചെയ്തു.

ഇന്നത്തെ ഏഷ്യാമൈനർ മേഖലയിലുള്ള ഹിറ്റൈറ്റുകളും ഈജിപ്തിലെ പത്തൊൻപതാം രാജവംശവും തമ്മിൽ ഉരസലുകൾ നിലനിന്നിരുന്നു. സിറിയയിലും കാനാനിലുമുള്ള ഒട്ടേറെ വ്യാപാരകേന്ദ്രങ്ങൾ ഹിറ്റൈറ്റ് സാമ്രാജ്യം ഇതിനിടെ കരസ്ഥമാക്കി. അതിൽ ഏറ്റവും പ്രശസ്തമായിരുന്നു കാദേഷ്. ഒരിക്കൽ സേറ്റിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ പട കാദേഷ് പിടിച്ചടക്കിയിരുന്നെങ്കിലും പിന്നീട് ഹിറ്റൈറ്റ് രാജാവായ മുവത്താലി അതു തിരികെപ്പിടിച്ചു.

എങ്ങനെയും കാദേഷ് തിരിച്ചുപിടിക്കുക എന്നത് റാംസെസിന്റെ ഉള്ളിലുറച്ച ഒരു തീരുമാനമായി മാറി. അതിനുവേണ്ടി ആദ്യം  ചെയ്തത് നൈൽ നദീതീരത്തു താമസിച്ചിരുന്ന ഷെർദാൻ എന്ന ഗോത്രത്തെ കീഴ്പ്പെടുത്തുകയാണ്. ഹിറ്റൈറ്റുകളുടെ സഖ്യകക്ഷികളായിരുന്നു ഷെർദാൻ ഗോത്രം. ഇവരെ കീഴടക്കിയ ശേഷം ഇവരിൽ അവശേഷിച്ചവരെ തന്റെ സൈന്യത്തിൽ ചേർക്കുകയും ചെയ്തു റാംസെസ്.

കാദേഷ് പിടിക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് ഇതോടെ റാംസെസ് തുടക്കമിട്ടു. ഇതിന്റെ ആദ്യ പടിയായി കാനാൻ ദേശം ആക്രമിച്ചു. ആ യുദ്ധത്തിൽ നേടിയ വിജയം റാംസെസിന്റെയും സൈന്യത്തിന്റെയും ആത്മവിശ്വാസം ആകാശത്തോളമുയർത്തി. അടുത്ത പടിയായി കാദേഷിലേക്കു റാംസെസിന്റെ ഈജിപ്ഷ്യൻ പട മാർച്ചു ചെയ്തു രണ്ടു മാസത്തോളമെടുത്താണ് മണലാരണ്യത്തിലൂടെയുള്ള ഈ യാത്ര. ഇതിനിടയിൽ കാദേഷിലെത്തുന്നതിനു തൊട്ടുമുൻപ് ഹിറ്റൈറ്റ് പടയിലെ രണ്ടു സൈനികരെ ഈജിപ്ഷ്യൻ പട പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോൾ ഹിറ്റൈറ്റ് പട ഏറെ അകലെയാണെന്നു വിവരം ലഭിച്ചു.

എന്നാൽ കൊടുംചതിയായിരുന്നു അത്. വന്നവർ മുവത്താലിയുടെ ചാരൻമാരായിരുന്നു. റാംസെസിന്റെയും പടയാളികളുടെയും ശ്രദ്ധ തെറ്റിച്ച് അവരെ ട്രാപ്പിൽ പെടുത്തുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ചാരന്മാരുടെ വാക്കുകൾ വിശ്വസിച്ച റാംസെസ് തന്റെ ബാക്കി സേനാവിഭാഗങ്ങൾ വരുന്നതു വരെ കാത്തിരിക്കാനും അത‌ുവരെ കാദേഷിനു സമീപം ക്യാംപ് ചെയ്യാനും തീരുമാനിച്ചു.

എന്നാൽ കുറച്ചു സമയത്തിനു ശേഷം ഹിറ്റൈറ്റ് സൈന്യം ഈജിപ്ഷ്യൻ സൈന്യത്തിനെ പിന്നിൽക്കൂടി ആക്രമിച്ചു. റാംസെസ് ഈ ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആകെ കുറച്ച് പടയാളികളും സൈന്യാധിപൻമാരുമായിരുന്നു റാംസെസിനൊപ്പം ഉണ്ടായിരുന്നത്. എന്നാൽ അവർ ധീരമായി ചെറുത്തു നിന്നു. ഒടുവിൽ ഹിറ്റൈറ്റുകൾ റാംസെസിനെയും കൂട്ടരെയും നശിപ്പിക്കുമെന്ന നിലവന്നു. അപ്പോൾ റാംെസസ് തന്റെ ഈജിപ്ഷ്യൻ ദേവനായ അമുനെ വിളിച്ചു പ്രാർഥിക്കുകയും ആകസ്മികമെന്ന രീതിയിൽ ബാക്കി പട അവിടെയെത്തി റാംസെസിനൊപ്പം ചേർന്നുമെന്നുമാണ് ഐതിഹ്യം. യുദ്ധശേഷം റാംസെസ് ഈജിപ്തിലേക്കു മടങ്ങിയത് അമുനിന്റെ വലിയ ഭക്തനായിട്ടാണ്. ഹിറ്റൈറ്റുകളെ പൂർണമായി പരാജയപ്പെടുത്താൻ റാംസെസിനു കഴിഞ്ഞില്ലെങ്കിലും തിരിച്ചെത്തിയ അദ്ദേഹത്തിനു വലിയ നായകപരിവേഷമാണ് ലഭിച്ചത്. ആ പരിവേഷം നിലനിർത്താൻ അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.

∙ ആദിമകാലത്തെ പിആർ 

മികച്ച ഭരണാധികാരിയും നയതന്ത്രജ്ഞനുമായിരുന്നു റാംസെസ്. ഹിറ്റൈറ്റുകളുമായി ഒരു സമാധാന ഉടമ്പടിക്കരാർ അദ്ദേഹം ഒപ്പുവച്ചു. ലോകത്ത് രേഖപ്പെടുത്തിയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സമാധാനക്കരാർ ഒപ്പുവയ്ക്കപ്പെടുന്നത്. ഹീറോഗ്ലിഫിക്സിലുള്ള ഇതിന്റെ പകർപ്പ് ഇന്നും ഐക്യരാഷ്ട്ര സഭയുടെ ഓഫിസിലുണ്ട്.

യുദ്ധവിജയങ്ങളും നേട്ടങ്ങളും മാത്രം പോരാ, അവ ജനഹൃദയങ്ങളിൽ എത്തിയാലേ ചക്രവർത്തിയെന്നുള്ള തന്റെ സ്ഥാനം സുസ്ഥിരപ്പെടുകയുള്ളുവെന്ന് റാംസെസിന് അറിയാമായിരുന്നു. ഈജിപ്തിൽ മറ്റു പലയിടങ്ങളിലുമുള്ള ക്ഷേത്രങ്ങളിൽ തന്റെ യുദ്ധവിജയം പെയ്ന്റിങ്ങുകളാക്കി അദ്ദേഹം പരസ്യപ്പെടുത്തി. ഹിറ്റൈറ്റുകളെ ഒറ്റയ്ക്ക് തുരത്തിയോടിച്ചെന്ന രീതിയിലായിരുന്നു ചിത്രങ്ങൾ പലതും. പിൽക്കാലത്തെ പബ്ലിക്ക് റിലേഷൻസ് രീതികളുടെ ആദിമരൂപമായിരുന്നു ഇത്.

ഇതു മാത്രമല്ല, തന്റെ കാലത്തു നിർമിച്ചതും പണ്ടുള്ളവർ നിർമിച്ചതുമായ എല്ലാ ക്ഷേത്രങ്ങളിലും മറ്റു ചരിത്രനിർമിതിയിലും തന്റെ പേര് ആലേഖനം ചെയ്തു വയ്ക്കാനും റാംസെസ് മറന്നില്ല. റാംസെസിന്റെ പേരില്ലാത്ത, ഒരു ഈജിപ്ഷ്യൻ നിർമിതിയും ഇല്ലെന്നു തന്നെ പറയാം.

∙ നൂറുകുട്ടികളുടെ പിതാവ്

എട്ടു പ്രധാനഭാര്യമാരും ഒട്ടേറെ അല്ലാത്ത ഭാര്യമാരും റാംസെസിനുണ്ടായിരുന്നു. ഇവരിൽ നിന്നെല്ലാമായി നൂറുകണക്കിനു മക്കളും അദ്ദേഹത്തിനു പിറന്നു. ഹിറ്റൈറ്റ് രാജകുമാരിയായിരുന്ന നെഫർട്ടാറിയായിരുന്നു അദ്ദേഹത്തിന്റെ മഹാറാണിമാരിൽ ഏറ്റവും പ്രശസ്ത.

തന്റെ അപരിമിതമായ സമ്പത്ത് ലോകത്തിനു മുൻപാകെ കാട്ടാനായി ഒട്ടേറെ കെട്ടിടങ്ങളും അദ്ദേഹം പണിതു. കർണാക്കിലും അബുസിംബലിലും ആബിദോസിലും ലോകപ്രശസ്തമായ വമ്പൻ ക്ഷേത്രങ്ങൾ അദ്ദേഹം പണിതു. ഇവയിൽ പലയിടങ്ങളിലും തന്റെ വമ്പൻ പൂർണകായ പ്രതിമകളും സ്ഥാപിച്ചു. റാംസെസിന്റെ കല്ലറ കുടികൊള്ളുന്ന കെട്ടിടമായ റാമീസിയം വാസ്തുശിൽപകലയിലെ ഒരദ്ഭുതമാണ്. പതിനായിരക്കണക്കിന് പാപ്പിറസ് ചുരുളുകൾ സ്ഥിതി ചെയ്യുന്ന ഒരു ലൈബ്രറിയുൾപ്പെടെ ഇതിലുണ്ടായിരുന്നു. 96ാം വയസ്സിലാണ് റാംസെസ് അന്തരിച്ചത്. ഇദ്ദേഹത്തിന്റെ മമ്മി റാമീസിയത്തിലാണ് ആദ്യം സ്ഥാപിച്ചതെങ്കിലും കൊള്ളക്കാരിൽ നിന്നു രക്ഷിക്കാനാനായി ഈജിപ്ഷ്യൻ പുരോഹിതൻമാർ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് പൗരാണിക കാലത്തു തന്നെ മാറ്റിയിരുന്നു. ഒട്ടേറെ പര്യവേക്ഷണങ്ങൾക്കു ശേഷം 1881ലാണു മമ്മി വീണ്ടും കണ്ടെത്തിയത്.

English SUmmary : Egypt to move royal mummies to new museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com