ADVERTISEMENT

ചൊവ്വയിൽ വിചിത്രമായ മേഖലയിൽ ഒരു തടാകം കണ്ടെത്തി. ഇപ്പോൾ വറ്റി വരണ്ടുകിടക്കുന്ന തടാകത്തിൽ പഴയകാലത്ത് നന്നായി ജലം നിറഞ്ഞിരുന്നെന്നു ഗവേഷണത്തിനു ചുക്കാൻ പിടിച്ച യുഎസിലെ ബ്രൗൺ സർവകലാശാലാ ശാസ്ത്രജ്ഞർ പറയുന്നു. ജലസാന്നിധ്യം വ്യക്തമാക്കുന്ന അടയാളങ്ങൾ തടാകം സ്ഥിതി ചെയ്തിടത്തുണ്ടത്രേ. ചൊവ്വയിലെ ഹെല്ലാസ് ബേസിൻ എന്നറിയപ്പെടുന്ന മേഖലയിൽ സ്ഥിതി ചെയ്യുന്ന തടാകത്തിന് 400 കോടി വർഷങ്ങളാണു പഴക്കം കണക്കാക്കുന്നത്.

ചൊവ്വയിൽ തടാകങ്ങൾ കണ്ടെത്തുന്നത് ഇതാദ്യമല്ല. ഇപ്പോൾ പെഴ്സിവീയറൻസ് ദൗത്യം ഇറങ്ങിയിരിക്കുന്ന ജെസീറോ ക്രേറ്റർ മേഖലയും പണ്ട് തടാകമായിരുന്നു. അതിനും മുൻപ് യുഎസ് വിക്ഷേപിച്ച ക്യൂരിയോസിറ്റി റോവർ പറന്നിറങ്ങിയ ഗെയ്‌ലി ക്രേറ്ററും പഴയകാലത്ത് തടാകമായിരുന്നെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടേക്കൊക്കെ ജലമൊഴുക്കി നദികളെത്തിയിരുന്നു. അവയുടെ മായാത്ത പാടുകൾ ഇന്നും ചൊവ്വയുടെ ഉപരിതലത്തിലുണ്ട്. എന്നാൽ പുതിയതായി എത്തിയ തടാകത്തിനു സമീപം ഇത്തരം പാടുകളൊന്നുമില്ല. അപ്പോൾ പിന്നെ ആ തടാകത്തിലേക്ക് എങ്ങനെ ജലമെത്തി? 

∙ കാരണം ഐസ് 

ഒരു വലിയ ഹിമപ്പരപ്പ് (ഗ്ലേസിയർ) ഈ തടാകത്തിനു സമീപം ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്നെന്നും ഇതിൽ നിന്നുള്ള മഞ്ഞുരുകിയ ജലമാണ് തടാകത്തിൽ നിറഞ്ഞതെന്നും ഗവേഷകർ പറയുന്നു. എന്നാൽ ഈ കണ്ടെത്തൽ ചൊവ്വയിലെ ആദിമകാല കാലാവസ്ഥയെക്കുറിച്ച് വിവരം നൽകുന്നതാണ്. ഇന്ന് ചൊവ്വ തണുപ്പുകൂടിയ ഒരു മരുഭൂമിയാണ്. എന്നാൽ ആദിമകാലത്ത് ഇവിടം അങ്ങനെയല്ലായിരുന്നു. ഇന്നത്തേതിനേക്കാൾ താപനില കൂടുതലായിരുന്നു. ഐസായും ദ്രാവകമായും ജലവും ഇവിടെ സ്ഥിതി ചെയ്തിരുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ അടുത്തു സ്ഥിതി ചെയ്യുന്ന ചൊവ്വയിൽ അക്കാലത്ത് ഭൂമിക്കു സമാനമായ കാലാവസ്ഥയായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്നത്. 

നാസയുടെ മാഴ്സ് റീക്കണസെൻസ് ഓർബിറ്റർ ഉപഗ്രഹം പകർത്തിയ ചിത്രങ്ങളിൽ നിന്നാണു ബ്രൗൺസ് സർവകലാശാലയിലെ ശാസ്ത്ര‍ജ്ഞർ പുതിയ തടാകത്തെപ്പറ്റി മനസ്സിലാക്കിയത്. നിലവിൽ ഈ തടാകമാണു ശ്രദ്ധേയമായിരിക്കുന്നതെങ്കിലും ഇതുപോലെയുള്ള നാൽപതിലധികം തടാകങ്ങൾ ചൊവ്വയിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. 

ഈ സിദ്ധാന്തങ്ങളൊക്കെ മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ടെങ്കിലും ചൊവ്വയുടെ പഴയകാല കാലാവസ്ഥയെക്കുറിച്ച് ഇന്നും ശാസ്ത്ര ലോകത്തിനു കൃത്യമായ ധാരണയില്ല. കഴിഞ്ഞ വർഷം, ചൊവ്വയുടെ ദക്ഷിണധ്രുവത്തിനടുത്ത് ഉപരിതലത്തിനുള്ളിൽ ഉപ്പുവെള്ളം നിറഞ്ഞു കിടക്കുന്ന നിലയിൽ മൂന്ന് തടാകങ്ങൾ സ്ഥിതി ചെയ്യുന്നുണ്ടെന്നു ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. എന്നാൽ, ഇതിനു പൂർണ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

English Summary: Hellas possible site of ice-covered lakes on-mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com