ADVERTISEMENT

വളരെപ്പണ്ട്, രാജസ്ഥാനിലെ ഭാൻഗർ എന്ന പട്ടണത്തിൽ ഒരു വലിയ കോട്ടയുണ്ടായിരുന്നു. കോട്ടയിൽ രത്നാവതിയെന്ന അതിസുന്ദരിയായ രാജകുമാരി പാർത്തിരുന്നു. രത്നാവതിക്ക് വിവാഹപ്രായമായി, പലനാടുകളിൽ നിന്നും രാജകുമാരൻമാർ അവളെ ഭാര്യയാക്കണമെന്ന ആഗ്രഹത്തോടെ രാജാവിനു സമീപം ആലോചനകളുമായെത്തി. എന്നാൽ ആയിടെ അവിടെ വന്നു ചേർന്ന ഒരു ദുർമന്ത്രവാദിയായ സിംഗിയ രത്നാവതിയെ കണ്ട് ആകൃഷ്ടനായി. എങ്ങനെയും അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം അയാളിൽ ഉറച്ചു. നേരിട്ടു ചെന്നു ചോദിച്ചാൽ രാജാവ് വിവാഹം കഴിച്ചു തരില്ല. അതിനാൽ ദുർമന്ത്രവാദത്തിലൂടെ രത്നാവതിയെ സ്വന്തമാക്കാൻ സിംഗിയ തുനിഞ്ഞു.

ആയിടയ്ക്ക് ചന്തയിൽ വച്ച് രത്നകുമാരിയുടെ ദാസിയെ സിംഗിയ കണ്ടു. രത്നാവതിക്ക് തലയിൽ തേക്കാൻ എണ്ണ വാങ്ങാൻ വന്നതായിരുന്നു അവൾ. ദാസി വാങ്ങിയ എണ്ണയിൽ ദുർമന്ത്രവാദി കൂറെ മന്ത്രക്രിയകൾ ചെയ്തു. അതു തലയിൽ തേച്ചാൽ രത്നാവതി മന്ത്രവാദിയെ ഭർത്താവായി സ്വീകരിക്കേണ്ടി വരും. എന്നാൽ രത്നാവതി ബുദ്ധിമതിയായിരുന്നു. അവൾ ആ എണ്ണ തലയിൽ തേച്ചില്ല. പകരം തറയിൽ ഒഴിച്ചു. എണ്ണവീണ മണ്ണ് ചുരുണ്ടു കട്ടികൂടി ഒരു പാറയായി മന്ത്രവാദിയുടെ നേർക്ക് ഉരുണ്ടെത്തിയെന്നും അതിടിച്ചു മന്ത്രവാദി മരിച്ചെന്നുമാണു കഥ.

 

എന്നാൽ മരിക്കുന്നതിനു മുൻപ് മന്ത്രവാദി ഭാൻഗറിനെ കഠിനമായി ശപിച്ചു. നശിച്ചുപോകട്ടെയന്നായിരുന്നു ശാപം. ഇതിന്റെ ഫലമോ എന്തോ തൊട്ടടുത്ത വർഷം തന്നെ അയൽരാജ്യമായ അജബ്ഗഡ് ഭാൻഗഡിനെ ആക്രമിച്ചു. രക്തരൂക്ഷിതമായിരുന്നു ആ പോരാട്ടം. ഭാൻഗറിലുള്ള എല്ലാവരും അജബ്ഗഡ് സൈന്യത്തിന്റെ വാളിനിരയായി. രത്നാവതിയും കോട്ടയ്ക്കുള്ളിൽ കൊല്ലപ്പെട്ടു.

 

പിന്നീട് ഭാൻഗർ  ഒരു അപ്രധാന പട്ടണമായി മാറി. അരുംകൊലകൾക്കു സാക്ഷിയായ കോട്ട മുടിഞ്ഞു. രാത്രിയിൽ കോട്ടയ്ക്കുള്ളിൽ നിന്നും ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. ഉറക്കെ ഒച്ചവച്ചു ചീറിയ ശേഷം പൊടുന്നനെ പൊട്ടിക്കരയുന്ന സ്ത്രീശബ്ദം പലരും കേട്ടു. കോട്ടയ്ക്കു സമീപം നടന്നവർ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന പ്രകാശങ്ങളും ക്ഷണനേരം കൊണ്ട് തെന്നിമറയുന്ന രൂപങ്ങളും കണ്ടു. കോട്ടയ്ക്കുള്ളിൽ കടന്നവരിൽ ചിലർ ഇരുട്ടിൽ പെട്ടെന്ന് ഒരു കൈ വന്നു തങ്ങളെ വീശിയടിച്ചതായി പറഞ്ഞു. വേറെ ചിലർ ഇന്നു ഭൂമിയിലില്ലാത്ത തരം പെർഫ്യൂമുകളുടെ സുഗന്ധം കോട്ടയ്ക്കുള്ളിൽ ഉയരുന്നുണ്ടെന്നു പറഞ്ഞു.....

 

ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലമായ രാജസ്ഥാനിലെ ഭാൻഗർ കോട്ടയെക്കുറിച്ചുള്ള കഥകളാണ് ഇവയൊക്കെ. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടാണു രാജസ്ഥാൻ. സംസ്ഥാനത്തെ ആൾവാർ മേഖലയിലാണ് ആളുകളെ നൂറ്റാണ്ടുകളായി പേടിപ്പിക്കുന്ന ഈ കോട്ട നിലനിൽക്കുന്നത്, പ്രശസ്തമായ സരിസ്ക കടുവാസങ്കേതത്തിന്റെ അതിർത്തിയിൽ.17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കോട്ടയുടെ നാശത്തിനു പിന്നിലുള്ള കഥയും ആളുകളുടെ പ്രേതാനുഭവങ്ങളും ലോകം മുഴുവൻ ഇപ്പോൾ പ്രസിദ്ധമാണ്. ഈ കഥകളൊന്നും സത്യമാണെന്ന് യാതൊരുറപ്പുമില്ലെങ്കിലും. എന്നാൽ പ്രേതകഥകൾക്കപ്പുറം ഒരുപാട് ചരിത്രമുറങ്ങുന്ന സ്ഥലം കൂടിയാണ് ഭാൻഗഡ്.

 

അക്ബറിന്റെ രാജസഭയിലെ നവരത്നങ്ങളിലൊരാളായിരുന്ന മധോ സിങ്, തന്റെ മകൻ മാൻ സിങ്ങിനായാണ് ഈ കോട്ട പണിതത്. ഇതിന്റെ വസന്തകാലത്ത് പതിനായിരത്തിലധികം ആളുകൾ ഈ കോട്ടയിൽ കഴിഞ്ഞിരുന്നത്രേ. എന്നാൽ ചരിത്രത്തിന്റെ ഇടവേളകളിലെപ്പോഴോ ഈ കോട്ടനഗരത്തിൽ ആളില്ലാതെയാകുകയായിരുന്നു, എന്തോ കാരണം കൊണ്ട്.

ആർക്കയോളജിക്കൽ സർവേയുടെ ഓഫ് ഇന്ത്യ (എഎസ്ഐ) നിയന്ത്രണത്തിലുള്ള ഈ കോട്ടയിൽ സൂര്യോദയത്തിനു മുൻപും സൂര്യാസ്തമനത്തിനു ശേഷവും പ്രവേശിക്കുന്നത് എഎസ്ഐ വിലക്കിയിട്ടുണ്ട്. 

 

English Summary: Most haunted place-Bhangarh fort in Rajasthan and story of Rani Ratnavati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com