കൊടുംവനത്തിൽ മറഞ്ഞ് നിഗൂഢ ‘മഹേന്ദ്രപർവത’; കണ്ടെത്തിയത് നൂറ്റാണ്ടുകളുടെ രഹസ്യം

HIGHLIGHTS
  • മഹേന്ദ്ര പർവതയിലെ കാലാവസ്ഥ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
  • കണ്ടെത്തിയത് അത്രയേറെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്
ancient-khmer-empire-rediscovered-under-cambodian-jungle
SHARE

കൊട്ടാരങ്ങളും കനാലുകളും പൂന്തോട്ടങ്ങളുമെല്ലാം നിറഞ്ഞ ‘ബാഹുബലി’ സിനിമയുടെ സെറ്റ് പോലെ ഒരു പ്രദേശം. അതു നൂറ്റാണ്ടുകളോളം മറഞ്ഞിരിക്കുന്നു, ഒടുവിൽ ഗവേഷകർ കണ്ടെത്തുന്നു. അത്തരമൊരു കണ്ടെത്തലിന്റെ ആഹ്ലാദത്തിലാണ് ഒരു കൂട്ടം പുരാവസ്തു ഗവേഷകർ. കംബോഡിയയിൽ പനാം കുലേൻ പീഠഭൂമി മേഖലയിൽ അവർ കണ്ടെത്തിയത് അത്രയേറെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്. ഒരുകാലത്ത് ഖമേർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന മഹേന്ദ്ര പർവതയാണ് ഗവേഷകർ കണ്ടെത്തിയത്. 

ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടയിൽ സജീവമായിരുന്ന ഈ നഗരത്തെപ്പറ്റി ഗവേഷകർക്കു പതിറ്റാണ്ടുകളായി അറിവുണ്ടായിരുന്നു. പക്ഷേ  പനാം കുലേൻ പീഠഭൂമിയിലെ കൊടുംകാട്ടിനിടയിൽ നിന്ന് അതിനെ കണ്ടെത്താനായിരുന്നു ബുദ്ധിമുട്ട്. ഒട്ടേറെ തവണ കാടു കയറി നോക്കിയെങ്കിലും ആകെ കണ്ടെത്താനായത് ചില ഇഷ്ടികകളും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുമായിരുന്നു. കാടുകയറി ഈ നഗരം മണ്ണിനടിയിലായിപ്പോയതാണെന്നും ഗവേഷകർക്കു മനസ്സിലായി. അതോടെ കാട്ടിലൂടെയുള്ള അന്വേഷണം നിർത്തി. പകരം ചെറുവിമാനത്തിൽ കയറി കാടിനു മുകളിലൂടെ പറന്നായി നിരീക്ഷണം. 

‘ലിഡാർ’ സാങ്കേതിക വിദ്യയാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. ഒരു തരം സർവേ രീതിയാണിത്. ആകാശത്തു കൂടെ പറന്ന് കാട്ടിലേക്ക് ലേസർ രശ്മികൾ പായിക്കും. ആ രശ്മികൾ താഴെത്തട്ടി തിരിച്ചു വരുമ്പോൾ അതിനെ ഒരു സെൻസർ കൊണ്ട് അളക്കും. എത്ര സമയം കൊണ്ടാണ് ലേസർ രശ്മികൾ തിരിച്ചെത്തിയതെന്നും മറ്റും പരിശോധിച്ച് ആ മേഖലയുടെ ഒരു ത്രീഡി ചിത്രവും തയാറാക്കും. ആ ലിഡാർ ചിത്രത്തിലാണ് മഹേന്ദ്ര പർവതയിലെ അസാധാരണ കാഴ്ചകൾ തെളിഞ്ഞത്. കാട്ടിലൂടെ നടത്തിയ സർവേയിൽ നിന്നു നേരത്തേ ലഭിച്ച വിവരങ്ങളും ലിഡാർ ചിത്രങ്ങളുമായി കൂട്ടിച്ചേർത്തായിരുന്നു യുകെയിലെ ആർക്കിയോളജി ആൻഡ് ഡവലപ്മെന്റ് ഫൗണ്ടേഷൻ ഗവേഷകർ അന്തിമ നിഗമനത്തിലെത്തിയത്. 

2012ൽ ആരംഭിച്ച ഈ ഗവേഷണം അഞ്ചു വര്‍ഷത്തോളം നീണ്ടു. പല തവണ പനാം കുലേനിലെ വനത്തിനു മുകളിലൂടെ സഞ്ചരിച്ചു തയാറാക്കിയ മാപ്പിൽ മഹേന്ദ്രപർവതയുടെ ഏതാണ്ടെല്ലാം വിവരങ്ങളും ഉണ്ടായിരുന്നു. കുളങ്ങൾ, കനാലുകൾ, ജലസംഭരണികൾ, റോഡുകൾ, ക്ഷേത്രങ്ങൾ, വയലുകൾ തുടങ്ങിയവ ഉൾപ്പെട്ട ഗംഭീര നഗരമായിരുന്നു മഹേന്ദ്ര പർവത. ഏകദേശം 50 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു നിറഞ്ഞു കിടക്കുകയായിരുന്നു ഈ പുരാതന നഗരം. എന്നാൽ ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും കംബോഡിയയുടെ ചരിത്രത്തിൽ അധികകാലം സ്ഥാനമുണ്ടായിരുന്നില്ല മഹേന്ദ്ര പർവതയ്ക്ക്. ഖമേർ രാജവംശം ഇടയ്ക്കു തലസ്ഥാനം മഹേന്ദ്ര പർവതയിൽ നിന്ന് അങ്കോറിലേക്കു മാറ്റിയതായിരുന്നു പ്രശ്നം. കൃഷി കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയായിരുന്നു അത്. 

മഹേന്ദ്ര പർവതയിലെ കാലാവസ്ഥ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അവിടത്തെ കുന്നുകൾ നിറഞ്ഞ ഭൂമിയും കൃഷിക്കു വെല്ലുവിളിയായതോടെയാണ് തലസ്ഥാനം അങ്കോറിലേക്കു മാറ്റിയത്. അതോടെ മഹേന്ദ്ര പർവതയുടെ കഷ്ടകാലവും തുടങ്ങി. ഗവേഷകരുടെ അഭിപ്രായ പ്രകാരം ഏതാനും ദശാബ്ദങ്ങൾ മാത്രമായിരുന്നു മഹേന്ദ്ര പർവത അതിന്റെ സകല പ്രതാപത്തോടെയും നിലനിന്നിരുന്നത്. പക്ഷേ ആ നഗരത്തിലുണ്ടായിരുന്ന സാംസ്കാരികവും മതപരവുമായ കാര്യങ്ങൾ കംബോഡിയയിലാകെ പ്രചാരം നേടിയിരുന്നു. അത് ഇന്നും ആ രാജ്യത്തുള്ളവർ പിന്തുടരുന്നുണ്ടെന്നും ‘ആന്റിക്വിറ്റി’ ജേണലിലെ പഠനത്തിൽ പറയുന്നു.

English Summary : Ancient Khmer empire rediscovered under Cambodian jungle

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA