ADVERTISEMENT

ഈജിപ്തിൽ നീണ്ട നാളുകളായി ഗവേഷകർ തേടിക്കൊണ്ടിരുന്ന, അമോൻഹൊടെപ് രാജാവ് പണികഴിപ്പിച്ച ലൂക്സറിലെ സുവർണ നഗരം കഴിഞ്ഞ ദിവസം വീണ്ടും കണ്ടെടുത്തത് മറഞ്ഞ നഗരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സമൂഹമാധ്യമങ്ങളിലും ഫോറങ്ങളിലും ചരിത്രകുതുകികൾക്കിടയിലും നിറച്ചു. ലോകത്ത് വിവിധയിടങ്ങളിൽ പടർന്നു പന്തലിച്ച മാനവികസംസ്കാരങ്ങൾ പലയിടങ്ങളിലും നഗരങ്ങൾ സ്ഥാപിച്ചിരുന്നു. നദി, തടാക തീരങ്ങളിലും കടൽക്കരയിലും ഫലഫൂയിഷ്ടമായ താഴ്‌വരകളിലുമങ്ങനെയെല്ലാം. ചരിത്രത്തിൽ ഒരു സമയം വളരെ പ്രോജ്ജ്വലമായി നിലനിന്ന ഇവയിൽ ചിലത് പിന്നീട് മറയപ്പെട്ടു. ഇവയെപ്പറ്റിയുള്ള ഓർമകളും രേഖകളും മാത്രം കുറേക്കാലം നിലനിന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഹാരപ്പ, മോഹൻ ജൊദാരോ, ധോളവീര, ദ്വാരക, ലോഥൽ, മുസിരിസ്, ഈജിപ്തിലെ മെംഫിസ്, ആവാരിസ്, പിറാമിസിസ്, തിനിസ്, ടുണീഷ്യയിലെ കാർത്തേജ്, അൾജീരിയയിലെ ടിംഗാഡ്, റഷ്യയിലെ സരായ്, ചൈനയിലെ സുബാഷി,പശ്ചിമേഷ്യയിലെ അക്കാദ്, ദിൽമുൻ, ഗ്രീസിലെ ഹെലികെ, പാവ്‌ലോ പെട്രി തുടങ്ങി പ്രശസ്തവും പ്രശസ്തമല്ലാത്തതുമായ എത്രയോ നഗരങ്ങൾ. ഇവയിൽ ഭൂരിഭാഗവും പിന്നീട് പര്യവേക്ഷകർ കണ്ടെത്തുകയും വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. 

എന്നാൽ ചിലത് ഒരിക്കലും കണ്ടെത്താനായില്ല. ഇതിനു വേണ്ടിയുള്ള നിരവധി തിരച്ചിലുകൾ നടന്നിട്ടും. അവയെ ഗവേഷകർ നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്നു വിളിച്ചു. ഇത്തരത്തിൽ 2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ട നഗരമാണ് അറ്റ്ലാന്റിസ്. നൂറ്റാണ്ടുകൾക്കു ശേഷവും ദുരൂഹതയുടെ നിഴലിലൊളിച്ച നഗരം. മറ്റുള്ള നഗരങ്ങൾക്കൊക്കെ ചരിത്രപരമായ തെളിവുകളോ അവശേഷിപ്പുകളോ ഉള്ളപ്പോൾ ഇതിന് മാത്രം അത്തരമൊരു തെളിവുകളും കിട്ടിയിട്ടില്ല. വിഖ്യാത ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയുടെ ഭാവനയിൽ വിരിഞ്ഞ ഒരു നഗരം മാത്രമാണ് അറ്റ്ലാന്റിസെന്ന് ലോകത്തെ ഭൂരിഭാഗം ശാസ്ത്രജ്ഞരും ഇന്നു വിധിക്കുമ്പോഴും ഇതിനെപ്പറ്റിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അവസാനിക്കുന്നില്ല.

∙പ്ലേറ്റോ പറഞ്ഞ കഥ

പ്ലേറ്റോയുടെ കൃതികളായ ടിമയൂസ്, ക്രിഷ്യാസ് എന്നിവയിലാണ് അറ്റ്ലാന്റിസിനെക്കുറിച്ചുള്ള വിവരണങ്ങളുള്ളത്. ബിസി 424 മുതൽ 328 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്ലേറ്റോ അറ്റ്ലാന്റിസിനെ ഒരു ശക്തമായ ദ്വീപനഗരവും സാമ്രാജ്യവുമായാണ് വർണിച്ചത്. 9600 ബിസിയിൽ (ഏകദേശ കണക്ക്) നഗരം കടലിലേക്ക് ആണ്ടുപോയതായും അദ്ദേഹം പറഞ്ഞു.‌ പ്ലേറ്റോയുടെ വിവരണപ്രകാരം ഒരു വൻ ദ്വീപനഗരമായിരുന്നു അറ്റ്ലാന്റിസ്.ഇന്നത്തെ കാലത്തെ ലിബിയയും ഏഷ്യാമൈനറും ചേർന്നുള്ള വിസ്തീർണം. സ്പെയിനിനു സമീപം ഗിബ്രാൾട്ടർ കടലിടുക്കിൽ ഇതു നിലനിൽക്കുന്നതായാണു പ്ലേറ്റോ നൽകിയ വിവരം. സമുദ്രദേവനായ പൊസൈഡോൺ ആണത്രേ ഈ നഗരം നിർമിച്ചത്.  തുടർന്ന് തന്റെ മകനായ അറ്റ്ലസിനെ നഗരത്തിന്റെ അധിപനാക്കി. പൗരാണിക ഗ്രീക്ക് സംസ്കാരത്തിന്റെ ശക്തിദുർഗമായിരുന്ന ആഥൻ‌സിന്റെ എല്ലാ അർഥത്തിലുമുള്ള പ്രതിയോഗിയായിരുന്നു അറ്റ്ലാന്റിസ്.

പിന്നീട് അറ്റ്ലാന്റിസ് കരുത്തുറ്റ ഒരു സാമ്രാജ്യമായി വളർന്നു. അതുവരെ പുലർത്തി വന്ന ധാർമികതയും മൂല്യങ്ങളും അവർ കൈവിട്ടു.ഈജിപ്തിലും ഇറ്റലിയിലുമൊക്കെ അറ്റ്ലാന്റിസിന്റെ സൈന്യം ആധിപത്യം സ്ഥാപിച്ചു നിരവധി പേരെ കൊന്നൊടുക്കി. ഈ മൂല്യശോഷണങ്ങളുടെ ശിക്ഷയായി ദൈവകോപം അറ്റ്ലാന്റിസിനു പിടിപെടുകയും തുടർന്ന് ശക്തമായ ഭൂചലനത്തിലും വെള്ളപ്പൊക്കത്തിലും സൂനാമിയിലും പെട്ട് നഗരം കടലിലേക്ക് ആണ്ടുപോയെന്നുമാണ് പ്ലേറ്റോയുടെ വിവരണം.

അറ്റ്ലാന്റിസിന്റെ കഥ തന്റെ മുത്തശ്ശൻ പറഞ്ഞുതന്നതാണ് എന്നായിരുന്നു പ്ലേറ്റോ ഇതിന്റെ ഉദ്ഭവത്തിനെക്കുറിച്ച് വിവരിച്ചത്. ആ മുത്തശ്ശൻ ഈ കഥ കേട്ടത് ഒരു ഈജിപ്ഷ്യൻ പുരോഹിതനിൽ നിന്നും. പ്ലേറ്റോയുടെ സമകാലികരായിരുന്ന ഗ്രീക്കുകാർക്കിടയിൽ തന്നെ ഈ വിവരണങ്ങൾ ശരിയാണോ തെറ്റാണോയെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഭാവനാത്മകമായ ഒരു നഗരത്തിന്റെ കഥ പറഞ്ഞ് പൗരജനങ്ങളിൽ മൂല്യബോധത്തിന്റെ അവബോധം സൃഷ്ടിക്കാനായിരുന്നു പ്ലേറ്റോയുടെ ശ്രമമെന്നായിരുന്നു വിലയിരുത്തൽ.ഇതു തികച്ചും ഭാവനയാണെന്ന് പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടിലും പറഞ്ഞിട്ടുണ്ട്.

∙ അറ്റ്ലാന്റിസ് പനി

ഒരു മങ്ങിയ മിത്തായി മറഞ്ഞു കിടന്ന അറ്റ്ലാന്റിസ് വീണ്ടും സജീവമായത് 1627–ലാണ്.  ശാസ്ത്രചിന്തയുടെ തലതൊട്ടപ്പനായ ഇംഗ്ലിഷ് ചിന്തകൻ ഫ്രാൻസിസ് ബേക്കൺ, ദി ന്യൂ അറ്റ്ലാന്റിസ് എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെ അറ്റ്ലാന്റിസിനെക്കുറിച്ചുള്ള ചിന്തകൾ വീണ്ടും ലോകശ്രദ്ധ നേടി.

1882 ൽ യുഎസ് രാഷ്ട്രീയക്കാരനായ എൽ.ഡോണലി, അറ്റ്ലാന്റിസ് എന്ന പേരിലൊരു പുസ്തകമെഴുതി. അറ്റ്ലാന്റിസ് നഗരം യഥാർഥ്യത്തിലുള്ളതായിരുന്നെന്നും, മുങ്ങിയ നഗരത്തിൽ നിന്നു രക്ഷപ്പെട്ട ഇതിലെ നഗരവാസികൾ പിന്നീട് യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ താമസമുറപ്പിച്ചെന്നും ഡോണലി എഴുതിപ്പിടിപ്പിച്ചു. ഇതൊരു വലിയ തരംഗം സൃഷ്ടിച്ചു. വൈറൽ പനി പോലെ ‘അറ്റ്ലാന്റിസ് പനി’ ബാധിച്ച പര്യവേക്ഷകർ ഈ നഗരം കണ്ടെത്താനായി പാഞ്ഞുനടന്നു. ഒന്നും കിട്ടിയില്ലെങ്കിലും.

എന്നാൽ പത്തൊൻപതാം നൂറ്റാണ്ടു മുതൽ അറ്റ്ലാന്റിസിനെ മറ്റുള്ള ചില ചരിത്രസ്ഥലങ്ങളുമായി കൂട്ടിയിണക്കാൻ ശ്രമമുണ്ട്. പൗരാണിക കാലഘട്ടത്തിൽ കടലെടുത്തു പോയ ഗ്രീക്ക് ദ്വീപായ സാന്റോറിനിയുമായിട്ടൊക്കെ ഉപമയായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. യൂറോപ്യൻ മേഖലയല്ലാതെ ലോകത്തിലെ മറ്റു സ്ഥലങ്ങളും അറ്റ്ലാന്റിസ് നിലനിന്നിരുന്ന മേഖലയായി അവതരിപ്പിക്കപ്പെട്ടു.

1970 ൽ ചാൾസ് ബെർലിസ് എന്ന എഴുത്തുകാരൻ അറ്റ്ലാന്റിസ് കരീബിയൻ മേഖലയിൽ ഇപ്പോഴത്തെ ബെർമുഡ ട്രയാംഗിളിനുള്ളിൽ നിലനിന്നിരുന്നെന്നു എഴുതി. ഇതിനു വായനക്കാർക്കിടയിൽ വലിയ ആകർഷണമാണു ലഭിച്ചത്. ചാൾസ് ഹാപ്ഗുഡ് 1958ൽ എഴുതിയ കൃതിയിൽ അറ്റ്ലാന്റിസ് ഇപ്പോഴത്തെ അന്റാർട്ടിക്കയാണെന്ന് പറഞ്ഞു.

5600 ബിസിയിൽ കരിങ്കടലിൽ സംഭവിച്ച ഒരു വലിയ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയ ഏതോ നാഗരികതയെ പരിഷ്കരിച്ചാണ് പ്ലേറ്റോ അറ്റ്ലാന്റിസ് എന്ന ആശയം വികസിപ്പിച്ചതെന്നും യൂറോപ്പിലെ ആദ്യ മനുഷ്യസംസ്കാരമായ മിനോവൻ നാഗരികതയുടെ കഥയാണെന്നും തുടങ്ങി ഒട്ടേറെ സിദ്ധാന്തങ്ങൾ അറ്റ്ലാന്റിസിനെക്കുറിച്ച് പ്രചരിച്ചിട്ടുണ്ട്. ഇന്നും അറ്റ്ലാന്റിസ് പര്യവേക്ഷകരെ കൊതിപ്പിക്കുന്ന ഒരേടായി നിലനിൽക്കുന്നു.

English USmmary : Atlantis the mysterious island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com