ADVERTISEMENT

മമ്മിയാണിപ്പോൾ ഈജിപ്തിലെ ചർച്ച. നൂറ്റാണ്ടുകൾ പഴക്കമുള്ള മമ്മികൾ തെരുവിലിറങ്ങിയാൽ എങ്ങനെ ചർച്ചയാകാതിരിക്കും? മമ്മികൾക്കു ജീവൻ തിരികെക്കിട്ടിയതോ ആരെങ്കിലും പറ്റിച്ചതോ അല്ല. കയ്‌റോയിലെ പുതിയ മ്യൂസിയത്തിന്റെ തുടക്കം ഗംഭീരമാക്കാനായാണ് നാൽപതിലേറെ മമ്മികളെ അണിനിരത്തി ഈജിപ്ത് വമ്പൻ പരേഡ് ഒരുക്കിയത്. റാംസീസ് രണ്ടാമനും ഹാറ്റ്ഷപ്സുത് രാജ്ഞിയും ഉൾപ്പെടെയുള്ളവരുടെ മമ്മികൾ ഇനി കയ്റോയിലെ പുതിയ നാഷനൽ മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ സിവിലൈസേഷനിലാകും വിശ്രമിക്കുക.

പുതിയ ‘താമസസ്ഥല’ത്തേക്കുള്ള മമ്മികളുടെ യാത്ര രാജകീയമായിരുന്നു. ‘ദ് ഫറവോസ് ഗോൾഡൻ പരേഡി’ന് നർത്തകരും ബാൻഡ് വാദകരുമൊക്കെ അകമ്പടിയായി. തഹ്‌രീർ സ്‌ക്വയറിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽനിന്ന് 5 കിലോമീറ്റർ അകലെ പുതിയ മ്യൂസിയത്തിലേക്കു മമ്മികളുടെ യാത്രയ്ക്കായി ട്രക്കുകൾ പുരാതന പത്തേമാരികൾ പോലെ അലങ്കരിച്ചിരുന്നു. പണ്ട് ഫറവോകളുടെ മൃതദേഹം കുടീരങ്ങളിലേക്കു വഹിച്ച പത്തേമാരികളുടെ ഓർമയ്ക്കായാണു ട്രക്കുകൾക്കു രൂപമാറ്റം വരുത്തിയത്. ജനങ്ങളുടെ ആവേശത്തിരയ്ക്കൊപ്പം നീങ്ങിയ ‘പത്തേമാരി’കളിൽ, ബിസി 1539 – 1075 കാലത്തെ 22 ഫറവോകളുടെയും 18 രാജാക്കൻമാരുടെയും 4 രാജ്ഞികളുടെയും മമ്മിയാണുണ്ടായിരുന്നത്. യാത്രാവേളയിൽ സുരക്ഷ ഉറപ്പാക്കാൻ മമ്മികൾ നൈട്രജൻ ട്യൂബിനുള്ളിലാണു വച്ചത്.

3000 വർഷങ്ങൾക്കുമുൻപ് ഈജിപ്തിലെ ‘രാജാക്കൻമാരുടെ താഴ്‌വര’യിൽ അടക്കം ചെയ്തിരുന്ന ഈ മമ്മികൾ പത്തൊൻപതാം നൂറ്റാണ്ടിൽ നടത്തിയ ഖനനത്തിലാണു കണ്ടെത്തിയത്. പിന്നീട് കയ്റോയിലെത്തിച്ച ഇവയിൽ ചിലതു പഴയ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിലും ബാക്കിയുള്ളവ സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പുതിയ മ്യൂസിയത്തിൽ എത്തിച്ച മമ്മികളിൽ 20 എണ്ണം സന്ദർശകർക്കായി പ്രദർശിപ്പിക്കും. കോവിഡ് പ്രതിസന്ധിയിൽ തളർന്നുപോയ ടൂറിസം രംഗത്തേക്കു ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈജിപ്ത് മമ്മികൾക്ക് ‘സ്ഥലംമാറ്റം’ നൽകിയത്.

∙ നിലയ്ക്കുന്നില്ല ആ ശബ്ദം

മമ്മികളെവച്ചുള്ള പരീക്ഷണം ഈജിപ്തിൽ ഇതാദ്യമല്ല. യുകെയിലെ ലീഡ്സ് മ്യൂസിയത്തിൽ മമ്മി രൂപത്തിൽ സൂക്ഷിച്ചിരുന്ന ഈജിപ്ഷ്യൻ പുരോഹിതൻ നെസ്യാമുനിന്റെ ശബ്ദം ത്രീഡി പ്രിന്റിങ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചു ഗവേഷകർ അടുത്തിടെ പുനഃസൃഷ്ടിച്ചിരുന്നു. 3000 വർഷം മുൻപ് ഈജിപ്തിലെ ദേവാലയങ്ങളിൽ കേട്ട ശബ്ദമാണു വീണ്ടും മുഴങ്ങിയത്. മമ്മിയിൽ അന്നത്തെ അവസ്ഥയിൽത്തന്നെയുള്ള സ്വനതന്തുക്കളുടെ ഘടന സ്കാൻ ചെയ്ത ശേഷം കൃത്രിമമായി നിർമിച്ചാണ് ശബ്ദം സൃഷ്ടിച്ചത്. പുരാതന ഈജിപ്തിലെ തീബ്സിലുള്ള കർനാക് ദേവാലയത്തിലെ പുരോഹിതനായിരുന്നു നെസ്യാമുൻ.

∙ ജീവിക്കുന്നു മമ്മിയിലൂടെ

മരണത്തെ തോൽപിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളാണു മമ്മികളെ സൃഷ്ടിച്ചത്. പ്രത്യേക ലേപനങ്ങളും രാസവസ്തുക്കളും ഉപയോഗിച്ചാണ് ഈജിപ്തുകാർ ശവശരീരങ്ങൾ മമ്മികളാക്കി ദീർഘകാലത്തേക്കു സൂക്ഷിച്ചുവച്ചത്. ഫറവോകളുടെ മൃതശരീരം മമ്മിയാക്കി മാറ്റുന്നതു പ്രത്യേക ചടങ്ങായിരുന്നു. മരിച്ചയുടൻ ആത്മാവിനുവേണ്ടിയുള്ള പ്രാർഥന ആരംഭിക്കുന്നു. മരണാനന്തരം ആത്മാവ് ശരീരത്തിൽ വസിക്കുമെന്നാണ് ഇവരുടെ വിശ്വാസം. തുടർന്ന്, തുണിയിൽ പൊതിയുന്ന ശരീരം കൊട്ടാരത്തിൽനിന്നു താഴ്‌വരയിലെ ദേവാലയത്തിലേക്കു മാറ്റുന്നു; നൈൽ നദിയിലൂടെ പത്തേമാരിയിലായിരുന്നു ആ യാത്ര. പ്രത്യേക പരിശീലനം നേടിയ പുരോഹിതരാണു മൃതദേഹം മമ്മിയാക്കുന്നത്. മൃതിയടഞ്ഞവർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, വസ്ത്രങ്ങൾ, സ്വർണം ഉൾപ്പെടെ സാധനങ്ങളും ആഹാരപദാർഥങ്ങളും മമ്മിയോടൊപ്പം അടക്കം ചെയ്‌തിരുന്നു.

∙ ബൈബിളിലെ ഫറവോ

ഇസ്രയേൽ ജനത്തെ ഫറവോകൾ അടിമകളാക്കി പണിയെടുപ്പിച്ചിരുന്നതായാണു ബൈബിളിൽ പറയുന്നത്. ഇവരുടെ മോചനത്തിനായി മോശ 10 തവണ അഭ്യർഥിച്ചെങ്കിലും ഫറവോ അതെല്ലാം തള്ളി. ഇതെത്തുടർന്ന് ഓരോ പ്രാവശ്യവും ഈജിപ്‌തിൽ മഹാദുരന്തങ്ങളുണ്ടായി (പുറപ്പാട്: 7 – 12 അധ്യായങ്ങൾ). നദിയിലെ വെള്ളം രക്തമായി, ദേശത്തു തവളകൾ പെറ്റുപെരുകി ശല്യമായി, പേൻ ബാധയുണ്ടായി, മൃഗങ്ങൾ ചത്തൊടുങ്ങി, കൽമഴ പെയ്തിറങ്ങി, വെട്ടുക്കിളി ശല്യമുണ്ടായി എന്നിങ്ങനെ നീളുന്നു... ഒടുവിൽ പത്താമത്തെ ബാധയായി കടിഞ്ഞൂൽ സംഹാരം വന്നതോടെ ഫറവോ ഗത്യന്തരമില്ലാതെ ഇസ്രയേൽ ജനത്തെ മോചിപ്പിച്ചു. മോശെയുടെ നേതൃത്വത്തിൽ അവർ യാത്ര പുറപ്പെട്ടു.

ഇസ്രയേൽ ജനത്തിന്റെ കൂട്ടപ്രയാണം നിർമാണ മേഖലയെ ബാധിക്കുമെന്നു തിരിച്ചറിഞ്ഞ ഫറവോ അവരെ തിരിച്ചുകൊണ്ടുവരാൻ സൈന്യവുമായി പിന്നാലെ പുറപ്പെട്ടു. മുന്നിൽ കടലും പിന്നിൽ ഫറവോയുടെ സൈന്യവുമായതോടെ ഇസ്രയേൽ ജനം ഭയന്നു. അവർ മോശെയെ കുറ്റപ്പെടുത്തി. മോശെ പ്രാർഥിക്കുകയും കയ്യിലിരുന്ന വടി കടലിനു നേരെ നീട്ടുകയും ചെയ്തു. കടൽ രണ്ടായി പിളർന്നു. വെള്ളം മതിലുപോലെ ഇടത്തും വലത്തുമായി നിന്നു. മോശെയും ഇസ്രയേൽ ജനവും കടലിലൊരുങ്ങിയ പാതയിലൂടെ മറുകര ലക്ഷ്യമാക്കി നീങ്ങി. ഫറവോയും സൈന്യവും പിന്തുടർന്നു. യഹോവയുടെ നിർദേശപ്രകാരം മോശെ വീണ്ടും കൈ കടലിനുനേരെ നീട്ടി. ജലം പൂർവസ്‌ഥിതിയിലായതോടെ കടലിൽ മുങ്ങി ഫറവോയും സൈന്യവും ഇല്ലാതായി.

English Summary: Egyptian royal mummies moved to new home in Cairo- The ‘Pharaohs’ Golden Parade^

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com