ടാഗിഷ് തടാകത്തിനു മുകളിൽ വെടിക്കെട്ട് തീർത്ത ഉൽക്കമഴ; വർഷത്തിനിപ്പുറം പുതിയ രഹസ്യം!

HIGHLIGHTS
  • തടാകത്തിലെ മഞ്ഞിൽ ഉറഞ്ഞുകട്ടിയായ നിലയിലായിരുന്നു അവ
  • ഏകദേശം 200 ടൺ. അതായത് 35 ഇന്ത്യൻ ആനകളുടെ വലുപ്പം
the-long-journey-of-the-tagish-lake-meteorite
Representative image. Photo Credits : Vadim Sadovski / Shutterstock.com
SHARE

സൂര്യനെ ചുറ്റിക്കറങ്ങുന്ന കുഞ്ഞൻ ഗ്രഹങ്ങളാണ് ഛിന്നഗ്രഹങ്ങൾ. അവ ഇടയ്ക്ക് പരസ്പരം കൂട്ടിയിടിക്കും. അപ്പോഴുണ്ടാകുന്ന കഷ്ണങ്ങളാണ് ഉൽക്കകൾ. ബഹിരാകാശത്ത് അലയുന്നതിനിടെ ഇടയ്ക്ക് ഇവ നമ്മുടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടക്കും. അന്തരീക്ഷവുമായുള്ള ഘർഷണം കാരണം ആകാശത്തുവച്ചു തന്നെ തീപിടിച്ച് ഇവ കത്തിത്തീരുകയാണു പതിവ്. ചിലതു മാത്രം തീഗോളമായി ഭൂമിയിലേക്കു പതിക്കും. അവയാണ് ഉൽക്കാശിലകൾ. 2000 ത്തിൽ കാനഡയിൽ ഒരു ഉൽക്കമഴ പെയ്തു. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ ടാഗിഷ് എന്ന തടാകത്തിനു മുകളിലായിരുന്നു ഈ കൂറ്റൻ ഉൽക്കാശില നൂറുകണക്കിനു കഷ്ണങ്ങളായി പൊട്ടിച്ചിതറിയത്. 

പല കഷ്ണങ്ങളാകും മുൻപ് അതിന്റെ വലുപ്പം എത്രയായിരുന്നെന്നോ, ഏകദേശം 200 ടൺ. അതായത് 35 ഇന്ത്യൻ ആനകളുടെ വലുപ്പം. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ തടാകത്തിനു മുകളിലായിരുന്നു ഉൽക്കാശിലകൾ പതിച്ചത്. അവയ്ക്കു ഗവേഷകർ നൽകിയ പേരും ടാഗിഷ് തടാകത്തിലെ ഉൽക്കാശിലകൾ എന്നായിരുന്നു.  ആകാശത്ത് വെടിക്കെട്ടു പോലെ വൻ വിസ്മയം തീർത്തായിരുന്നു ഇവയുടെ പൊട്ടിത്തെറിക്കൽ. അതിനാൽത്തന്നെ ഒട്ടേറെ പേരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഉൽക്കാശില പതിച്ച് അധികം വൈകാതെ തന്നെ തടാകത്തിൽനിന്ന് അവ ശേഖരിക്കാനും ഗവേഷകർക്കു സാധിച്ചു. തടാകത്തിലെ മഞ്ഞിൽ ഉറഞ്ഞുകട്ടിയായ നിലയിലായിരുന്നു അവ. ഗവേഷകർ ആ കഷ്ണങ്ങളെല്ലാം ഫ്രീസറിലേക്കു മാറ്റി. ബഹിരാകാശത്തെ തണുപ്പിൽനിന്ന് നേരെ ഭൂമിയിലെ ലാബിലെ തണുപ്പിലേക്കായിരുന്നു ഉൽക്കാശിലകളുടെ യാത്ര. 

ഇത്തരത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നുമേല്‍ക്കാതിരുന്നതിനാൽത്തന്നെ ഇന്നും ലോകത്തിൽ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട ഉൽക്കാശിലകളിൽ മുൻനിരയിലാണ് ടാഗിഷ് തടാകത്തിലേതിന്റെ സ്ഥാനം. ഉൽക്കാശിലകളുടെ പഴക്കമാകട്ടെ ഏകദേശം 450 കോടി വർഷം വരും. ഭൂമി ഉൾപ്പെട്ട നമ്മുടെ സൗരയൂഥത്തിന്റെ ഉൾപ്പെടെ ഉദ്ഭവത്തെപ്പറ്റി പഠിക്കാൻ ഇതിലും നല്ല മറ്റൊരു പരീക്ഷണവസ്തുവില്ലെന്നു ചുരുക്കം. സൗരയൂഥത്തിന്റെ തുടക്കത്തിൽ ജലത്തിന്റെ സാന്നിധ്യം വൻതോതിലുണ്ടായിരുന്നെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവയുടെ രാസഘടനയെപ്പറ്റി വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ല. അവയാണോ ഭൂമിയിലെ ആദ്യത്തെ അമിനോ ആസിഡ് രൂപീകരണത്തിലേക്കും അതുവഴി സൂക്ഷ്മജീവികളുടെ ജനനത്തിലേക്കും നയിച്ചതെന്നും വ്യക്തമല്ല. എന്തായാലും ഭൂമിയിലെ അമിനോആസിഡ് രൂപീകരണത്തിനു പിന്നാലെയാണ് ജീവന്റെ വരവ്. അങ്ങനെയിരിക്കെയാണ് ടാഗിഷ് ഉൽക്കാശിലകൾ ഒരു സൂപ്പർമാനെപ്പോലെ ഗവേഷകരിലേക്കു പറന്നിറങ്ങിയത്. 

ഈ ഉൽക്കാശിലകളുടെ ആഴങ്ങളിലേക്കിറങ്ങിപ്പഠിക്കുകയായിരുന്നു അവർ. അതായത് ശിലകളിലെ ഇത്തിരിയിത്തിരിക്കുഞ്ഞന്മാരായ നാനോകണങ്ങളുടെ ഘടനയാണ് അവർ പരിശോധിച്ചത്. മനുഷ്യന്റെ തലമുടിയേക്കാൾ ആയിരക്കണക്കിനു മടങ്ങ് കനംകുറഞ്ഞതാണ് ഈ കണങ്ങൾ. ആറ്റം പ്രോബ് ടോമാഗ്രഫി എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു പഠനം. ഭൂമിയിലേക്കെത്തും വരെ യാതൊരുതരത്തിലുള്ള ജലവുമായും ടാഗിഷ് ശിലകൾ ബന്ധപ്പെട്ടിരുന്നില്ല. പക്ഷേ എന്നിട്ടും അതിനകത്ത് ജലത്തിന്റെ സാന്നിധ്യംകൊണ്ടു മാത്രം ഉണ്ടാകാവുന്ന ചില മാറ്റങ്ങൾ ഗവേഷകർ കണ്ടെത്തി. നിറയെ സോഡിയമുള്ള ഒരിനം ദ്രാവകവും കണ്ടെത്തി. അതായത് സൗരയൂഥത്തിന്റെ ആരംഭത്തിൽ, 

ഈ ഉൽക്കാശില ബഹിരാകാശത്ത് കറങ്ങിയടിക്കുന്നതിനിടെ ജലവുമായി എങ്ങനെയോ സമ്പർക്കമുണ്ടായിട്ടുണ്ട്, അല്ലെങ്കിൽ ഈ ശിലയുടെ ‘പിതാവായ’ ഛിന്നഗ്രഹത്തിൽ പ്രത്യേകതരം ദ്രാവകമുണ്ടായിരുന്നു. ഒരുപക്ഷേ ഈ പ്രത്യേക, അതിപുരാതന ദ്രാവകമായിരിക്കാം ഉൽക്കകൾ വഴി ഭൂമിയിലെത്തി ഇവിടെ ജീവനു തുടക്കം കുറിച്ചത്. സംഗതി സത്യമാണോയെന്നറിയില്ല. പക്ഷേ എങ്ങനെയാണു ഭൂമിയിൽ ജീവനുണ്ടായതെന്ന മനുഷ്യന്റെ സംശയത്തിലേക്ക് കൂടുതൽ അന്വേഷണത്തിനുള്ള തെളിവ് നൽകുകയായിരുന്നു യുകെയിലെ യോർക് സർവകലാശാല ഗവേഷകരുടെ ഈ പഠനം.

English Summary : The long journey of the Tagish lake meteorite.

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA