ADVERTISEMENT

1985 ൽ ബ്രസീലിലെ ഗൊയിയാനിയ എന്ന സ്ഥലത്തെ റേഡിയോതെറപ്പി ഇൻസ്റ്റിറ്റ്യൂട്ട് ഒരു പുതിയ സ്ഥലത്തേക്കു മാറ്റിയപ്പോൾ ഉപയോഗശൂന്യമായ ഒരു സീസിയം 137 ടെലിതെറപ്പി യൂണിറ്റ് അവിടെ ഉപേക്ഷിച്ചു.  ഒരു കൊല്ലത്തോളം ആരുമറിയാതെ കിടന്ന ആ ഉപകരണം മോഷ്ടിച്ച രണ്ടുപേർ അതൊരു ആക്രിക്കടയ്ക്ക് വിറ്റു. ഉപകരണം അഴിച്ചു കഷണങ്ങളാക്കിയ ജോലിക്കാർക്കാണ് നീലനിറത്തിൽ തിളങ്ങുന്ന കല്ല് ലഭിച്ചത്.

ആക്രി സാധനങ്ങളുടെ കൂട്ടത്തിൽ നിന്നു തിളങ്ങുന്ന ഒരു നീലക്കല്ല് കിട്ടിയപ്പോൾ അതൊരു നിധി തന്നെ ആകുമെന്ന് അവിടുത്തെ പണിക്കാർ ഉറപ്പിച്ചു. നീലക്കല്ല് പങ്കിട്ടെടുത്ത അവർ, അതിന്റെ കഷണങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽക്കാർക്കും വീതിച്ചു നൽകി. പിന്നെ സംഭവിച്ചതൊക്കെ അത്യന്തം അപകടം നിറഞ്ഞ കാര്യങ്ങൾ

കല്ലിന്റെ കഷണങ്ങൾ കിട്ടിയവരെല്ലാം ദിവസങ്ങൾക്കകം അസുഖം ബാധിച്ച് ആശുപത്രിയെ സമീപിക്കേണ്ടി വന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആ നീലക്കല്ല്, സീസിയം എന്ന മൂലകത്തിന്റെ ഒരു റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം 137 ആണെന്നു തിരിച്ചറിഞ്ഞത്. 160 കിലോമീറ്റർ ദൂരെ വരെ ഇതിൽ നിന്നുള്ള വികരണം എത്തി. മാരക വികിരണമേറ്റ് 5 പേർ മരിച്ചു. ഒട്ടേറെ പേർക്ക് അസുഖം ബാധിച്ചു. 249 പേരുടെ നില ഗുരുതരമായിരുന്നു. ഒരു ലക്ഷത്തിലേറെ ആളുകൾ നിരീക്ഷണത്തിലായി.

ബ്രസീൽ സർക്കാർ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടത്തെയും മേൽമണ്ണ് നീക്കംചെയ്തു. നഗരത്തിലെ കനത്ത വികിരണമേഖലയിൽ ഉണ്ടായിരുന്ന 40 വീടുകൾ നശിപ്പിച്ചു. ധാരാളം ആളുകൾ ഭയത്താൽ മാനസികചികിൽസ തേടി. ഗൊയിയാനിയയിൽ നിന്നുമുള്ള ആൾക്കാരെയും വസ്തുക്കളെയും ബാക്കിപ്രദേശങ്ങളിൽ ഉള്ളവർ ബഹിഷ്കരിക്കുന്ന നിലവരെയെത്തി. ദിവസങ്ങൾക്കുള്ളിൽ ഭൂരിഭാഗം സീസിയവും തിരിച്ചുപിടിച്ചു. സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ വേഗത്തിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ അപകടമുണ്ടാകാതെ കാര്യങ്ങൾ വരുതിയിലായി. വെറും 30 ഗ്രാം സീസിയം ആണ് ഇത്രയും പ്രശ്നങ്ങൾ വരുത്തിവച്ചത്.

കൊടും ഭീകരൻ സീസിയം 137

അണുസ്ഫോടനങ്ങളിലും ആണവറിയാക്ടറുകളിലുമാണ് സീസിയം 137 ഉണ്ടാകുന്നത്. കുറഞ്ഞ അർധായുസ് ഉള്ള ഐസോടോപ്പുകളിൽ വലിയ പ്രശ്നക്കാരനാണ് ഇത്. പക്ഷേ, പല പ്രായോഗിക ഉപയോഗങ്ങളും ഉണ്ട്. റേഡിയേഷൻ തെറാപ്പിയിൽ ഇത് ഉപയോഗിക്കുന്നു.   സീസിയത്തിന്റെ മിക്ക സംയുക്തങ്ങളും ജലത്തിൽ ലയിക്കും എന്നത് അപകടകരമാകുന്നു. 

അങ്ങനെ ജലത്തിൽക്കൂടി വളരെവേഗം പലസ്ഥലങ്ങളിലും ഇത് എത്തും. ആണവ അപകടങ്ങളിലെ പ്രശ്നമുള്ള റേഡിയേഷനുകളിൽ  പ്രധാനിയും ഇതാണ്. മൃദുകലകളിൽ ബീറ്റ ഗാമ രശ്മികൾ ഏൽക്കുന്നത് അർബുദത്തിനു കാരണമാവാം.  തീരെച്ചെറിയ അർധായുസ് കാരണം (30 കൊല്ലം) താരതമ്യേനവേഗത്തിൽ മറ്റു സ്ഥിരമൂലകങ്ങളാവുന്നതിനാൽ ഭൂമിയിൽ സ്വാഭാവികമായി സീസിയം 137 കാണപ്പെടാറില്ല. 

ഭൂമിയിൽ ഉള്ള സീസിയം 137 മുഴുവൻ മനുഷ്യനിർമിതമാണ്.അർധായുസ് 30 വർഷമെന്നു പറയുമ്പോൾ മനുഷ്യരുടെ ഒന്നിലധികം തലമുറകളെ കുഴപ്പത്തിലാക്കാൻ ഇതിനുകഴിയും.

നാശം വിതച്ചു ചെർണോബിലിലും

ചെർണോബിൽ അപകടത്തിൽ 27 കിലോഗ്രാം സീസിയം 137 അന്തരീക്ഷത്തിൽ കലർന്നു. തീരെച്ചെറിയ അർധായുസ് ഉള്ള അയഡിൻ 131 കഴിഞ്ഞാൽ സീസിയം 137 ആണ് ഈ ദുരന്തത്തിന്റെ ഭീകരത ഏറ്റവും വർധിപ്പിച്ചത്. ഏതാണ്ട് 4000 ചതുരശ്രകിലോമീറ്റർ പ്രദേശം  ഇനിയും തലമുറകളോളം, സീസിയത്തിന്റെ പല അർധായുസുകൾ കഴിയുന്നതുവരെ ഈ പ്രദേശം വാസയോഗ്യമല്ലാതെ കൃഷിയോഗ്യമല്ലാതെ തുടരും.

പലവസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കാൻ അതിൽനിന്നും വരുന്ന സീസിയം 137 റേഡിയേഷനെപ്പറ്റി പഠിക്കാറുണ്ട്. 1945 -നുമുൻപ് ഉണ്ടാക്കിയ ഒരുവസ്തുവിൽ നിന്നും സീസിയം റേഡിയേഷൻ പുറത്തുവരില്ല, കാരണം ഭൂമിയിൽ ഉള്ള സീസിയം 137 മുഴുവൻ മനുഷ്യന്റെ ആണവപരീക്ഷണങ്ങളിൽനിന്നും ആണവായുധങ്ങളിൽനിന്നും ആണവ റിയാക്ടറുകളിൽനിന്നും മാത്രം പുറത്തുവരുന്നതാണ്. നൂറ്റാണ്ടുകൾ പഴക്കംചെന്ന വൈനിന് കോടികളാണ് വില. പുതിയ വൈനും ബോട്ടിലുകളും കൃത്രിമമായി പഴക്കം തോന്നിക്കുന്ന രീതിയിൽ ഉണ്ടാക്കി പറ്റിക്കുന്നതൊഴിവാക്കാൻ അവയിൽ നിന്നും സീസിയം 137 ന്റെ വികിരണം പുറത്തുവരുന്നുണ്ടോ എന്നു നോക്കാറുണ്ട്, ഉണ്ടെങ്കിൽ നിശ്ചയമായും അത് 1945 നു ശേഷം ഉണ്ടാക്കിയതായിരിക്കും.

English Summary : Cesium blue stone from Brazil caused poisoning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com