ADVERTISEMENT

1912 ഏപ്രിൽ 15... ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് യുഎസ് നഗരം ന്യൂയോർക്കിലേക്കു തന്‌റെ കന്നിയാത്രയ്ക്കു പുറപ്പെട്ടതായിരുന്നു ആ കപ്പൽ. വെറുമൊരു കപ്പലായിരുന്നില്ല അത്. ബ്രിട്ടനിലെ വമ്പൻ സമുദ്രഗതാഗത കമ്പനിയായ വൈറ്റ്സ്റ്റാർ ലൈനിന്‌റെ അഭിമാന ചിഹ്നമായിരുന്നു അത്. അന്നു വരെ ലോകത്തിൽ നിർമിക്കപ്പെട്ടവയിൽ ഏറ്റവും വലിയ ആഢംബരക്കപ്പൽ. നാലുവർഷമെടുത്തു പൂർത്തീകരിച്ച കപ്പലിന്റെ നിർമാണത്തിന്റെ തുടക്കം മുതൽ തന്നെ അത് യുഎസിലെയും യൂറോപ്പിലെയും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

2224 യാത്രക്കാരുമായി യാത്ര തിരിച്ച ആ കപ്പലിനെ, പക്ഷേ കന്നിയാത്രയിൽ തന്നെ സർവനാശമായിരുന്നു കാത്തിരുന്നത്. അറ്റ്‌ലാന്‌റിക് സമുദ്രത്തിൽ സ്ഥിതി ചെയ്ത ഒരു കൂറ്റൻ മഞ്ഞുപാളിയിൽ ഇടിച്ച് ഏപ്രിൽ 15നു കപ്പൽ പൂർണമായി തകർന്നു. യാത്രക്കാരിൽ 1500 പേർ മരിച്ചു. ലോകം കണ്ട ഏറ്റവും ശ്രദ്ധേയമായ കപ്പൽ അപകടം. ആർഎംഎസ് ടൈറ്റാനിക് എന്ന ആ കപ്പൽ അന്നു തകർന്നെങ്കിലും പിന്നീട് ജനമനസ്സുകളിൽ അനശ്വരത നേടി. 1997 ഹോളിവുഡിലെ ഒന്നാം നിര സംവിധായകനായ ജെയിംസ് കാമറൺ, ഈ കപ്പലിന്റെ കഥയെ ആസ്പദമാക്കിയെടുത്ത ടൈറ്റാനിക് എന്ന ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം 11 ഓസ്‌കാർ പുരസ്‌കാരങ്ങൾ നേടി ലോകം മുഴുവൻ ഹിറ്റായി. ടൈറ്റാനിക്കിനെക്കുറിച്ച് അറിയാത്തവർ പോലും ഈ സിനിമ പുറത്തിറങ്ങിയതോടെ അതിനെക്കുറിച്ച് അറിഞ്ഞു. ഇന്നു ടൈറ്റാനിക്ക് മുങ്ങിയിട്ട്  109 വർഷങ്ങൾ പൂർത്തിയാകുകയാണ്.

ഏതൊരു ചരിത്രസംഭവത്തെയും പോലെ, ടൈറ്റാനിക്കിന്റെ മുങ്ങലിനും പിന്നിൽ ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇൻഷുറൻസിനു വേണ്ടി ബോധപൂർവം കപ്പലിനെ മുക്കിയതാണെന്നുൾപ്പെടെയുള്ള വാദങ്ങൾ ഇതിലുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ഒരു ഈജിപ്ഷ്യൻ മമ്മിയുമായി ബന്ധപ്പെട്ടുള്ളതാണ്. ടൈറ്റാനിക്കിനെ മുക്കിയത് ഒരു മമ്മിയുടെ ശാപമാണെന്നുള്ള കഥ.

ശാപങ്ങളുടെ പുരോഹിത

ബിസി 1500 കാലഘട്ടത്തിലാണ് ആ വനിത ഈജിപ്തിൽ ജീവിച്ചിരുന്നത്. പൗരാണിക ഈജിപ്തിലെ ഏറ്റവും ശക്തനായ ദേവൻ അമുൻ റായുടെ പുരോഹിതയായിരുന്നു അവർ. കാലാന്തരത്തിൽ അവർ അന്തരിച്ചു.അതിനു ശേഷം മൃതശരീരം അന്നത്തെ ഈജിപ്ഷ്യൻ രീതിയനുസരിച്ച് മമ്മിയാക്കുകയും ഒരുപാടു ചിത്രപ്പണികളുള്ള ഒരു ശവപ്പെട്ടിയിൽ സ്ഥാപിച്ചു നൈലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ലൂക്‌സർ നഗരത്തിലെ ഒരു കല്ലറയിൽ അടക്കുകയും ചെയ്തു.

19 ാം നൂറ്റാണ്ടിന്റെ അവസാനകാലം. ഈജിപ്തിന്റെ സംസ്‌കാരവും അവിടുള്ള മമ്മികളും യൂറോപ്യൻ ജനതയെ വല്ലാതെ ആകർഷിച്ച കാലം. അന്ന് ഈജിപ്തിലെത്തിയ 4 ബ്രിട്ടിഷ് ചെറുപ്പക്കാർ, നേരത്തെ പറഞ്ഞ പുരോഹിതയുടെ മമ്മി വിലയ്ക്കു വാങ്ങി. തുടർന്നു കുറേ സംഭവങ്ങളുണ്ടായത്രേ. ഈ നാലുപേരിൽ ഏറ്റവുമധികം പണം മുടക്കിയ ആൾ അന്നു വൈകുന്നേരം മരുഭൂമിയിലേക്കു മതിമറന്നു നടന്നു തുടങ്ങി. അയാൾ പിന്നെ തിരിച്ചു വന്നില്ല.

ശേഷിക്കുന്ന മൂന്നുപേരിൽ ഒരാളെ ഒരു ഈജിപ്തുകാരൻ വെടിവച്ചു. അയാളുടെ കൈയ്ക്കു സാരമായി പരുക്കേൽക്കുകയും അതു മുറിച്ചുമാറ്റുകയും ചെയ്തു. സംഘത്തിൽ ഉൾപ്പെട്ട മൂന്നാമത്തെയാൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ അയാൾ അതുവരെ സമ്പാദിച്ച ധനമെല്ലാം നഷ്ടമായി പാപ്പരായി. സംഘത്തിലെ നാലാമത്തെയാൾക്ക് ഗുരുതരരോഗം ബാധിക്കുകയും അയാളുടെ പിൽക്കാലജീവിതം തെരുവിലാകുകയും ചെയ്തു.

എങ്കിലും പുരോഹിതയുടെ മമ്മി ബ്രിട്ടനിലെത്തി. അവിടെ ഒരു ധനികൻ ഈ മമ്മിയെ വിലകൊടുത്തു സ്വന്തമാക്കി. എന്നാൽ അയാളുടെ 3 കുടുംബാംഗങ്ങൾ ഉടനടി തന്നെ പടുമരണങ്ങൾക്കിടയായതോടെ ഭയന്ന ധനികൻ മമ്മിയെ ബ്രിട്ടിഷ് മ്യൂസിയത്തിനു നൽകി. മ്യൂസിയത്തിലേക്ക് ട്രക്കിലെത്തിച്ച മമ്മിയെ, ഇറക്കിയ രണ്ടു ജോലിക്കാരിൽ ഒരാൾക്ക് പിറ്റേന്ന് വലിയൊരപകടം സംഭവിക്കുകയും മറ്റെയാൾ രണ്ടു ദിവസത്തിനുള്ളിൽ മരിക്കുകയും ചെയ്തു. മ്യൂസിയത്തിൽ മമ്മിയെ സ്ഥാപിച്ചെങ്കിലും അതീന്ദ്രിയമായ അനുഭവങ്ങൾ തുടർന്നു. രാത്രി ജോലി ചെയ്തിരുന്ന വാച്ച്മാൻമാർ, മമ്മി സ്ഥിതി ചെയ്തിടത്തു നിന്നും കരച്ചിലുകളും വിതുമ്പലുകളും കേട്ടു. ഇതിലൊരു വാച്ച്മാൻ ഡ്യൂട്ടിക്കിടെ അവിചാരിതമായി മരിച്ചു.

ഇത്രയുമായതോടെ മമ്മി ബ്രിട്ടനിലെമ്പാടും പ്രശസ്തി നേടി. ദുർശാപങ്ങളുടെ പുരോഹിത, അൺലക്കി മമ്മി എന്നിങ്ങനെ പലപേരുകളിൽ ഇത് അറിയപ്പെട്ടു. ഒരു പത്രഫോട്ടോഗ്രാഫർ മമ്മിയുടെ പേടകത്തിന്റെ ചിത്രമെടുത്തു. എന്നാൽ അതു ഡവലപ് ചെയ്തപ്പോൾ അയാൾ ഞെട്ടിപ്പോയി. പേടകത്തിനു പകരം തെളിഞ്ഞു വന്നത് ഒരു മനുഷ്യമുഖമായിരുന്നു. ഭയാനകമായ ആ രംഗത്തിൽ സമനില നഷ്ടപ്പെട്ട ഫൊട്ടോഗ്രഫർ തന്റെ മുറിയിൽ കയറി വാതിലടയ്ക്കുകയും സ്വയം വെടിവച്ചുമരിക്കുകയും ചെയ്തു. 

ഇതോടെ പേടിച്ചരണ്ട മ്യൂസിയം അധികൃതർ മമ്മിയെ വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.തുടർന്ന് ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു വിശ്വാസവുമില്ലാതിരുന്ന ഒരു അമേരിക്കക്കാരൻ മമ്മിയെ വിലയ്ക്കു വാങ്ങുകയും ടൈറ്റാനിക്കിലേറ്റി അതു യുഎസിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മമ്മിയുടെ ശാപം ടൈറ്റാനിക്കിനെയും വെറുതെ വിട്ടില്ല. അതു ദുരന്തത്തിലേക്കാണ് തന്റെ ആദ്യയാത്ര ചെയ്തത്.

പ്രശസ്തമായ കെട്ടുകഥ

ടൈറ്റാനിക്കുമായി ബന്ധപ്പെട്ടുള്ള മമ്മിക്കഥ മേൽപ്പറഞ്ഞതാണ്. യൂറോപ്പിലും യുഎസിലും ഈ കഥ വളരെ പ്രചാരം നേടിയിരുന്നു. ടൈറ്റാനിക് തകർന്നെങ്കിലും മമ്മിയെ രക്ഷാബോട്ടിലേറ്റി, കാർപാത്യ എന്ന കപ്പലിലെത്തിച്ച് യുഎസിൽ കൊണ്ടുവന്നെന്ന അനുബന്ധ കഥയും ഇതോടൊപ്പമുണ്ടായിരുന്നു.

എന്നാൽ ഒട്ടേറെ ആളുകൾ വിശ്വസിച്ച ഈ കഥ പടച്ചുവിട്ട കഥയാണെന്നതാണു വസ്തുത. ബ്രിട്ടിഷ് മ്യൂസിയത്തിൽ അമുൻ റായുടെ പുരോഹിതയാണെന്നു വിശ്വസിക്കപ്പെടുന്ന ഒരു അജ്ഞാത ചരിത്ര വ്യക്തിത്വത്തിന്റെ മമ്മിയുണ്ടെന്നതു ശരിയാണ്. ആർട്ടിഫാക്ട് 22542 എന്ന നമ്പരിൽ ഇന്നും ആ മമ്മി മ്യൂസിയത്തിൽ കാണാം. എന്നാൽ  മമ്മി ഒരിക്കലും ബ്രിട്ടിഷ് മ്യൂസിയം വിട്ടുപോയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

വില്യം സ്റ്റെഡ് എന്ന മാധ്യമപ്രവർത്തകനും ഡഗ്ലസ് മുറേ എന്ന സ്വയം പ്രഖ്യാപിത ചരിത്രകാരനും ചേർന്നാണ് ഈ കഥ തട്ടിക്കൂട്ടിയതെന്നാണു കരുതപ്പെടുന്നത്. ടൈറ്റാനിക്ക് ദുരന്തം നടക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടിഷ് മ്യൂസിയത്തിലെ ഈ മമ്മിയെക്കുറിച്ച് ഇരുവരും കഥകളിറക്കിയിരുന്നു. ഈ മമ്മിയുടെ പേടകത്തിലെ മുഖത്തിനു ദുഖഭാവമാണെന്നും ഇത് അവർ മുൻപുള്ള ജീവിതത്തിൽ അനുഭവിച്ച കഷ്ടതകൾ മൂലമാണെന്നും നിർഭാഗ്യം കൊണ്ടുവരാൻ മമ്മിക്കു കഴിയുമെന്നൊക്കെയായിരുന്നു കഥകൾ. അപകടം സംഭവിച്ച ടൈറ്റാനിക് കപ്പലിൽ വില്യം സ്റ്റെഡും യാത്ര ചെയ്തിരുന്നു. അപകടശേഷം മമ്മി ടൈറ്റാനിക്കിലുണ്ടെന്നും അതിന്റെ ശാപമാകും അപകടത്തിനു വഴി വച്ചതെന്നും സ്റ്റെഡ് യാത്രക്കാരോട് പറഞ്ഞിരിക്കാമെന്നും അതാകാം ഈ കെട്ടുകഥയ്ക്കു തുടക്കമിട്ടതെന്നും വാദമുണ്ട്.

ഏതായാലും കഥയെക്കുറിച്ച് അന്വേഷിച്ചിട്ടുള്ള ചരിത്രകാരൻമാരെല്ലാം ഒരു കാര്യം ശക്തമായി പറയുന്നു...ടൈറ്റാനിക്കിനെ മുക്കിയത് മമ്മിയല്ല, മറിച്ച് ഒരു മഞ്ഞുപാളിയാണ്.എങ്കിലും ഈ മമ്മിക്കഥ ഇന്നും ദുരൂഹതാ സിദ്ധാന്തക്കാരുടെ പ്രിയപ്പെട്ട വ്യാഖ്യാനങ്ങളിലൊന്നായി തുടരുന്നു.

English Summary : Did a Cursed Mummy Sink with the Titanic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com