ഇന്ത്യയിൽ നിന്നു ഫ്രാൻസിലെത്തിയ, ശാപം പേറുന്ന നീലവജ്രം !

HIGHLIGHTS
  • തന്റെ കടങ്ങൾ തീർക്കാനായി ജോർജ് നാലാമൻ വജ്രം ആർക്കോ വിറ്റു
history-of-the-hope-diamond
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഇന്ത്യയിൽ നിന്ന് ഒട്ടേറെ ലോകപ്രശസ്ത രത്‌നങ്ങളും ആഭരണങ്ങളും ഉത്ഭവിച്ചിട്ടുണ്ട്. കോഹിനൂർ, ദരിയ നൂർ, ദ്രെസ്‌ഡെൻ ഗ്രീൻ, മൂൺ ഓഫ് ബറോഡ, ഫ്ലോറന്റീൻ...പട്ടിക നീളുന്നു. ഇക്കൂട്ടത്തിൽ കോഹിനൂർ കഴിഞ്ഞാൽ ഏറ്റവും പ്രശസ്തമായതും വിലപിടിപ്പുള്ളതുമായ രത്‌നമാണ് ഹോപ് വജ്രം അഥവാ നീലവജ്രം. നാനൂറുവർഷത്തിലധികം പഴക്കമുള്ള ഈ വജ്രം കുഴിച്ചെടുത്തത് ഇപ്പോഴത്തെ തെലങ്കാനയിലുള്ള ഗൊൽക്കൊണ്ട ഖനിയിലാണ്. ലോകത്തെ തന്നെ മാറ്റിമറിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രതീകങ്ങളിലൊന്നായി മാറിയ ഈ വജ്രം ഏറെക്കാലം കാണാതായത് രാജ്യാന്തര രത്‌നമേഖലയിൽ വലിയ ദുരൂഹതയ്ക്കു വഴി വച്ചിരുന്നു.ഈ രത്‌നവുമായി ബന്ധപ്പെട്ട് ഒട്ടേറെ ശാപകഥകൾ പ്രചാരത്തിലുള്ളതും ദുരൂഹതയുടെ ഒരു തിളക്കം നീലവജ്രത്തിനു നൽകുന്നു.

ഇന്ത്യയിൽ നിന്നു ഫ്രാൻസിലേക്ക്

ഫ്രഞ്ച് വ്യാപാരിയും സഞ്ചാരിയുമായ ജീൻ ടവേണിയറാണ് ഇന്ത്യയിൽ നിന്ന് ഈ വജ്രം ഫ്രാൻസിലെത്തിച്ചത്. അന്ന് ത്രികോണാകൃതിയിലിരുന്ന വജ്രത്തിനു പറയത്തക്ക ഫിനിഷിങ് ഉണ്ടായിരുന്നില്ല. അക്കാലത്തെ ഫ്രഞ്ച് ചക്രവർത്തിയായ ലൂയി പതിനാറാമാന് 1668ൽ ടവേണിയർ ഈ വജ്രം വിറ്റു. തുടർന്ന് ഫ്രഞ്ച് കൊട്ടാരത്തിന്റെ ആസ്ഥാന രത്‌നപ്പണിക്കാരനായ സിയോർ പിറ്റോ ഈ വജ്രത്തിനെ ഭംഗിയായി മുറിച്ചു ഫിനിഷ് ചെയ്തു. 

സാധാരണ വജ്രങ്ങൾക്ക് നിറമില്ലായെങ്കിൽ ഈ വജ്രത്തിനു നീലച്ഛവി കലർന്നിരുന്നു. ഇതു മൂലം രാജകുടുംബവും പിന്നീട് ജനങ്ങളും വജ്രത്തിനെ ഫ്രഞ്ച് ബ്ലൂ എന്നു വിളിച്ചു. സവിശേഷമായ സ്ഥാനമാണ് രാജാവിന്റെ ആഭരണങ്ങൾക്കിടയിൽ ഫ്രഞ്ച് ബ്ലൂവിനു ലഭിച്ചത്. രാജാവ് വിശേഷദിവസങ്ങളിൽ കഴുത്തിലണിഞ്ഞിരുന്ന പ്രത്യേക ആഭരണത്തിലാണ് ഈ രത്‌നം പിടിപ്പിച്ചത്. ലൂയി പതിനാലാമനു ശേഷം ലൂയി പതിനഞ്ചാമനും തുടർന്ന് ലൂയി പതിനാറാമനും ഈ രത്‌നത്തിന്റെ കൈവശാവകാശം ലഭിച്ചു.

ഫ്രഞ്ച് വിപ്ലവം

ലൂയി പതിനാറാമന്റെ കാലത്താണു ഫ്രാൻസിൽ രാജാധികാരത്തിന് അന്ത്യം കുറിച്ച ഫ്രഞ്ച് വിപ്ലവം അരങ്ങേറിയത്. ഇതെത്തുടർന്ന് ലൂയി പതിനാറാമൻ അധികാരത്തിൽ നിന്നു നിഷ്‌കാസിതനായിത്തീർന്നു. രാജകീയ സ്വത്തുക്കളുടെയെല്ലാം ഉടമസ്ഥാവകാശം സർക്കാരിനായി. രാജാവിന്റെ ആഭരണശേഖരത്തിലും മറ്റും വലിയ തോതിൽ കൊള്ളയടിയും പിന്നീട് നടന്നു. ഇക്കൂട്ടത്തിൽ ഫ്രഞ്ച് ബ്ലൂവും ഉൾപ്പെട്ടു. അങ്ങനെ ലോകമെമ്പാടും പ്രശസ്തി നേടിയ ആ വജ്രം, ഫ്രാൻസിൽ നിന്ന് 1792 ൽ മോഷണം പോയി. തുടർന്ന് ഇരുപതു വർഷത്തോളം ഈ വജ്രം എവിടെയാണെന്ന് ഒരു വിവരവും ഇല്ലായിരുന്നു. 1812ൽ ഇതിനോട് സാമ്യമുള്ള ഒരു വജ്രം ഇംഗ്ലണ്ടിലുണ്ടെന്നും അവിടത്തെ രാജാവായ ജോർജ് നാലാമൻ ഇതു വാങ്ങിയെന്നും വാർത്ത വന്നു. 1830 ൽ തന്റെ കടങ്ങൾ തീർക്കാനായി ജോർജ് നാലാമൻ വജ്രം ആർക്കോ വിറ്റു.

ഹോപ് ഡയമണ്ട്

പിന്നീട് ഈ വജ്രത്തെക്കുറിച്ച് ഒരു വിവരം വരുന്നത് 1839ലാണ്. ധനികനായ ഹെന്റി ഫിലിപ് ഹോപ്പിന്റെ കൈയിൽ ഈ വജ്രം എത്തിയെന്നായിരുന്നു അത്. അതോടെ വജ്രം ഹോപ് ഡയമണ്ട് എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ടു. പിന്നീട് 60 വർഷങ്ങളോളം വജ്രം ഹോപ് കുടുംബത്തിന്റെ കൈവശമിരുന്നു. പിന്നീടവർ അതു വിറ്റു. വാങ്ങിയവർ വീണ്ടും വിറ്റു. ഒടുവിൽ സെലിം ഹബീബ് എന്ന വ്യക്തിയുടെ കൈവശം വജ്രമെത്തി. ഹബീബ് അതു ലേലത്തിൽ വയ്ക്കുകയും പിയറി കാർട്ടിയർ അതു സ്വന്തമാക്കുകയും ചെയ്തു.

പിന്നീട് കാർട്ടിയർ ഈ വജ്രം യുഎസിലെ അതിസമ്പന്നയായ എവലിൻ മക്ലീനു വിറ്റു. രത്‌നങ്ങളോട് വലിയ താൽപര്യമുണ്ടായിരുന്ന മക്ലീൻ തന്റെ നെക്‌ലേസിൽ ലോക്കറ്റായി ഇതു ഘടിപ്പിച്ചു. 1947ൽ മക്ലീൻ മരണമടഞ്ഞ ശേഷം ഹാരി വിൻസ്റ്റൺ കമ്പനി ഇതു സ്വന്തമാക്കി. ഇവർ 1958ൽ വജ്രം സ്മിത്ത്‌സോണിയൻ സൊസൈറ്റിക്ക് സ്വന്തമായി നൽകി. ഇന്ന് 45.52 കാരറ്റാണ് ഹോപ് ഡയമണ്ടിന്റെ ഭാരം. ഒട്ടേറെ ഗവേഷകർ ഇതിൽ പഠനം നടത്തിയിട്ടുണ്ട്. ബോറോൺ മൂലകത്തിന്റെ സാന്നിധ്യമാണ് വജ്രത്തിനു നീല നിറം നൽകുന്നതെന്നു ഗവേഷകർ പിന്നീട് കണ്ടെത്തി. ഇന്ത്യയിലെ തെലങ്കാനയിലെ ഭൂമിയിൽ ഉയർന്ന ഈ വജ്രം ഇന്നു സ്മിത്ത്‌സോണിയൻ സൊസൈറ്റിയുടെ കൈവശമാണ്.

വജ്രത്തിന്റെ ശാപം

നീലവജ്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ശാപകഥകളും പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ മതപരമായി ആരാധിച്ചിരുന്ന രത്‌നമായിരുന്നു ഇതെന്നും ഇതു മോഷ്ടിക്കുന്നവർക്ക് ശാപം ലഭിക്കുമെന്നും ഒരു അഭ്യൂഹമുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നു വജ്രം നേടിയ ജീൻ ടവേണിയർ ഇതു മോഷ്ടിക്കുകയായിരുന്നെന്നും തത്ഫലമായി അദ്ദേഹം ഗുരുതര രോഗം ബാധിച്ചു മരിച്ചെന്നുമാണ് ശാപത്തെക്കുറിച്ചുള്ള പ്രധാനകഥ. എന്നാൽ ഇതു തെറ്റാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടവേണിയർ തന്റെ 84 ാം വയസ്സിലാണ് സാധാരണരീതിയിലാണു മരിച്ചതെന്ന് ഇവർ പറയുന്നു.

ടവേണിയറിൽ നിന്ന് വജ്രം വാങ്ങിയ ലൂയി പതിനാലാമനും ശാപം ലഭിച്ചെന്നും ഇതുമൂലം അദ്ദേഹം പടുമരണത്തിനിരയായെന്നുമാണ് മറ്റൊരു കഥ. അദ്ദേഹത്തിന്റെ നിരവധി കുട്ടികൾ മരിക്കാനും ഇതു കാരണമായത്രേ.പിന്നീട് ലൂയി പതിനാറാമന്റെ കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ മരിയ അന്‌റോയ്‌നെറ്റെ ഈ രത്‌നം ധരിച്ചിരുന്നു. ഇവർക്കും ശാപമുണ്ടായി. ഫ്രഞ്ച് വിപ്ലവകാലത്ത് ജനകീയ വിധിപ്രകാരം ഇവരെയും ഭർത്താവിനെയും തലവെട്ടിക്കൊന്നു.രത്‌നത്തിന്റെ ഏറ്റവും പ്രശസ്തയായ ഉടമയായ എവലിൻ മക്ലീനും ദുരനുഭവങ്ങളുണ്ടായി. മക്ലീന്റെ കുടുംബത്തിൽ ഒട്ടേറെ മരണങ്ങൾ വജ്രം സ്വന്തമാക്കിയ ശേഷം നടന്നു. ഇതിൽ മക്ലീന്റെ മകനും മകളും ഉൾപ്പെടും.ഈ ശാപകഥകളുടെ സത്യം ആർക്കുമറിയില്ല. എന്നാൽ പല ദുരൂഹതാ സിദ്ധാന്തങ്ങൾ പോലെ ഇവ പ്രചരിക്കുന്നു.

English Summary : History of the Hope Diamond

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA