വൂൾപിറ്റിലെത്തിയ പച്ചനിറമുള്ള കുട്ടികൾ- അന്യഗ്രഹജീവികൾ? ഇന്നും അവസാനിക്കാത്ത ദുരൂഹത

HIGHLIGHTS
  • അവരുടെ ശരീരത്തിന്റെ നിറം പച്ചയായിരുന്നു
  • ഏതോ ഭാഷ അവർ തമ്മിൽ കലപിലാ സംസാരിച്ചുകൊണ്ടിരുന്നു
the-mystery-of-the-green-children-of-woolpit
Representative image. Photo Credits : Mia Studio/ Shutterstock.com
SHARE

അന്യഗ്രഹജീവികളെക്കുറിച്ചും അദ്ഭുത മനുഷ്യരെപ്പറ്റിയുമൊക്കെ ധാരാളം കഥകളും കെട്ടുകഥകളും പ്രചരിക്കാറുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തതയുള്ള ഒരു സംഭവമാണ് വൂൾപിറ്റിലെ കുട്ടികളെക്കുറിച്ചുള്ളത്. അവിശ്വസനീയതയോടെ അല്ലാതെ ഈ കഥ കേൾക്കാൻ പറ്റില്ല. ആ കുട്ടികൾക്കു പച്ചനിറമായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലാണ് ഈ കഥ നടക്കുന്നത്. അന്ന് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റീഫൻ എന്ന രാജാവായിരുന്നു. വളരെയേറെ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്ന ആ രാജവാഴ്ചക്കാലം ഇംഗ്ലിഷ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് തന്നെ അനാർക്കി എന്ന പേരിലാണ്.അക്കാലത്ത് ഇംഗ്ലണ്ടിലെ സുഫോൾക്ക് പ്രവിശ്യയിൽ സ്ഥിതി ചെയ്ത ഒരു ഗ്രാമമായിരുന്നു വൂൾപിറ്റ്. ഗ്രാമത്തിലേക്കു ചെന്നായ്ക്കൾ കടന്നുവരുന്നത് പതിവായിരുന്നു. ഇവയെ പിടിക്കാനായി ഗ്രാമത്തിന്റെ പ്രാന്തങ്ങളിൽ വാരിക്കുഴികൾ ഗ്രാമീണർ കുഴിച്ചു. വൂൾഫ് പിറ്റ് എന്നറിയപ്പെട്ട ഈ കുഴികളുടെ പേര് ലോപിച്ചാണു ഗ്രാമം വൂൾപിറ്റ് എന്നറിയപ്പെട്ടത്. 

വർഷം 1150...ഒരു കുഴിയിൽ വലിയ ശബ്ദം കേട്ട് ഒരു സംഘം ഗ്രാമീണർ അങ്ങോട്ടേക്കു ചെന്നു. ചെന്നായ കുഴിയിൽ വീണെന്നു കരുതി കൈകളിൽ ആയുധങ്ങളും മറ്റു സന്നാഹങ്ങളുമൊക്കെയായാണ് അവർ ചെന്നത്. എന്നാൽ കുഴിയിലേക്കു നോക്കിയ ഗ്രാമീണർ അദ്ഭുതപ്പെട്ടു. അവിടെ ചെന്നായയുണ്ടായിരുന്നില്ല. പകരം രണ്ടു കുട്ടികൾ. ഒരു പെൺകുട്ടിയും അവളേക്കാൾ പ്രായം കുറഞ്ഞ ഒരാൺകുട്ടിയും. അവരുടെ ശരീരത്തിന്റെ നിറം പച്ചയായിരുന്നു. ഇംഗ്ലിഷല്ലാത്ത ഏതോ ഭാഷ അവർ തമ്മിൽ കലപിലാ സംസാരിച്ചുകൊണ്ടിരുന്നു. ഗ്രാമീണർ ഇരുവരെയും പിടിച്ചു കുഴിക്കു പുറത്തുകയറ്റി. ആർക്കുമൊന്നും മനസ്സിലായില്ല. കുട്ടികളോട് കാര്യം ചോദിക്കാമെന്നു വച്ചാൽ അവർ സംസാരിക്കുന്ന ഭാഷ ഏതാണെന്നുപോലും ഗ്രാമീണർക്കു പിടികിട്ടിയില്ല.

പിന്നീട് ഇവർ വൂൾപിറ്റിന്റെ ഭാഗമായെന്ന് അക്കാലത്തു ജീവിച്ചിരുന്ന റാൽഫ് എന്ന ചരിത്രകാരൻ പറയുന്നു. സർ റിച്ചഡ് ഡി കാനെ എന്നു പേരുള്ള, വൂൾപിറ്റിലെ ഒരു പ്രമാണിയുടെ വീട്ടിലേക്കാണു കുട്ടിയെ ഗ്രാമീണർ കൊണ്ടുപോയത്. കുട്ടികളെ കണ്ട് അദ്ഭുതപ്പെട്ട റിച്ചഡ് അവർക്കു കഴിക്കാനായി ഭക്ഷണം നൽകി. എന്നാൽ ഭക്ഷണം കുട്ടികൾ സ്വീകരിച്ചില്ല. പല വിഭവങ്ങൾ മാറ്റിമാറ്റി പരീക്ഷിച്ച് കുട്ടികൾക്ക് വീണ്ടും വീണ്ടും ഭക്ഷണം നൽകിയെങ്കിലും അവർ നിരസിക്കൽ തുടർന്നു. ഇങ്ങനെ ദിവസങ്ങളോളം അവർ പട്ടിണികിടന്നു. എന്നാൽ ഒരുദിവസം റിച്ചഡിന്റെ വീടിനു പുറത്തിറങ്ങിയ കുട്ടികൾ ഒരു പയർച്ചെടിയിൽ പയർ വിളഞ്ഞുകിടക്കുന്നതു കണ്ട് ആർത്തിയോടെ അതിനുസമീപത്തേക്ക് ഓടിയടുക്കുകയും ആ പയർ പച്ചയ്ക്കു ഭക്ഷിക്കുകയും ചെയ്തു.

തുടർന്ന് കുറേ വർഷങ്ങൾ കുട്ടികൾ റിച്ചഡിന്റെ മാളികയിൽ താമസിച്ചു. ഇതിനിടെ സാധാരണ ഭക്ഷണം കഴിക്കാൻ റിച്ചഡ് അവരെ പരീശീലിപ്പിച്ചു. സാധാരണ ഭക്ഷണരീതിയായതോടെ കുട്ടികളുടെ ശരീരത്തിന്റെ പച്ചനിറം പോകുകയും സാദാനിറം കൈവരുകയും ചെയ്തത്രേ. ഇതിനിടെ ഇരുവരും ഇംഗ്ലിഷ് വ്യക്തമായി സംസാരിക്കാനും പഠിച്ചു.

അത്തരമൊരു ദിവസത്തിലാണ് റിച്ചഡ് അവരോട് നിങ്ങൾ എവിടെ നിന്നാണ് എത്തിയതെന്നു ചോദിച്ചത്. തങ്ങളുടെ നാടിനെക്കുറിച്ച് സംസാരിക്കാൻ കുട്ടികൾ അന്നു തയാറായി. ദൂരെയെവിടെയോ ആണു തങ്ങളുടെ നാടെന്നും അവിടെ കന്നുകാലികളെ മേയ്ച്ചുകൊണ്ടിരിക്കുകയായിരുന്ന തങ്ങൾ ഏതോ ഒരു മണിശബ്ദം കേട്ട് അതിനു പിന്നാലെ പോയതാണെന്നും പിന്നീട് ഈ കുഴിയിൽ എങ്ങനെയോ എത്തിപ്പെട്ടതാണെന്നും കുട്ടികൾ പറഞ്ഞു.

സൂര്യരശ്മികൾ അധികം പതിക്കാത്ത നാടാണ് തങ്ങളുടേതെന്ന് കുട്ടികൾ പറഞ്ഞു. എപ്പോഴും ഒരു സന്ധ്യ മയങ്ങിയ പ്രതീതിയാണ് അവിടെ. ഒരു നദിക്കിപ്പുറമാണ് നാട്, അപ്പുറം മറ്റേതോ രാജ്യം.

ഇത്രയും കാര്യങ്ങൾ കേട്ട റിച്ചഡ് കുട്ടികളെ ആശ്വസിപ്പിക്കുകയും അവർക്കു പുതിയ പേരുകൾ നൽകുകയും ചെയ്തു. കൂട്ടത്തിലെ ആൺകുട്ടി താമസിയാതെ മരിച്ചു. ആഗ്നസ് എന്നു റിച്ചഡ് പേരുനൽകിയ പെൺകുട്ടി വളർന്നു വലുതായി, റിച്ചഡ് ബാരി എന്ന ഇംഗ്ലണ്ടിലെ പ്രശസ്തനായ ഒരു ഭൂപ്രഭുവിനെ വിവാഹം കഴിച്ചു. അവർക്ക് പിന്നീടൊരു കുട്ടിയുമുണ്ടായി.

ചരിത്രമാണോ കെട്ടുകഥയാണോയെന്ന് ഇന്നും തർക്കം നടക്കുന്ന സംഭവമാണ് വൂൾപിറ്റിലേത്. അക്കാലത്തെ പ്രശസ്തർ ഇതെപ്പറ്റിയെഴുതിയതിനാൽ സംഭവം കെട്ടുകഥയല്ലെന്ന് ചിലർ വാദിക്കുന്നു. എന്തുകൊണ്ടായിരിക്കും കുട്ടികൾക്ക് പച്ചനിറം വന്നത്? ഏതുഭാഷയാകും അവർ സംസാരിച്ചിരുന്നത്? കുട്ടികൾ അന്യഗ്രഹജീവികളാണെന്നും അതല്ല, ഏതോ ഭൂഗർഭ രാജ്യത്തു നിന്നു വന്നതാണെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ട്. എന്നാൽ വിഷയത്തിൽ പഠനം നടത്തുന്ന വിദഗ്ധർ ഈ വാദങ്ങൾ തള്ളി മറ്റു ചില വാദങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

അക്കാലത്ത് ഇംഗ്ലണ്ടിലേക്ക് അനവധി ഫ്‌ളെമിഷ് അഭയാർഥികൾ വന്നിരുന്നു. ഇന്നത്തെ ബൽജിയം ഉൾപ്പെടുന്ന മേഖലയിൽ നിന്നു വന്ന ഇവർ ഫ്‌ളെമിഷ് ഭാഷയാണ് സംസാരിച്ചിരുന്നത്. ഇവരിൽ പെട്ട ഏതോ കുടുംബത്തിലേതാണു കുട്ടികൾ എന്നതാണ് ഏറ്റവും ശക്തമായ വാദം. അഭയാർഥികൾ പലരും ദാരിദ്ര്യത്തിന്റെയും കൊടുംപട്ടിണിയുടെയും പിടിയിലായിരുന്നു. ഇത്തരത്തിൽ പോഷകാഹാരക്കുറവ് സംഭവിച്ചതുമൂലമാകാം കുട്ടികളുടെ തൊലി പച്ചനിറത്തിലായത്. ഗ്രീൻ സിക്‌നെസ് എന്നാണത്രേ ഈ അവസ്ഥയുടെ പേര്. വാദങ്ങളിങ്ങനെ പലതുണ്ടെങ്കിലും വൂൾപിറ്റിലെ പച്ചക്കുട്ടികൾ ഇന്നും ഒരു ദുരൂഹതയും കടംകഥയുമായി അവശേഷിക്കുന്നു. കാലമൊരുപാടു കഴിഞ്ഞിട്ടും.

English Summary: The Mystery of the Green Children of Woolpit

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA