രത്നവും സ്വർണവും നിറഞ്ഞ അമൂല്യ മുറി: ഹിറ്റ്‌ലർ ഒളിപ്പിച്ച കോടികളുടെ നിധി രഹസ്യ തുരങ്കത്തിൽ

HIGHLIGHTS
  • ഈ മുറിയുടെ മൂല്യം ഏകദേശം 250 ദശലക്ഷം പൗണ്ട് വരും
treasure-hunters-find-hitler-s-gold-in-secret-nazi-bunker
ആംബർ റൂമിന്റെ പുനസൃഷ്ടിക്കപ്പെട്ട പതിപ്പ്. ചിത്രത്തിന് കടപ്പാട് ; വിക്കിപീഡിയ
SHARE

രണ്ടാം ലോക മഹായുദ്ധത്തിനിടെ നഷ്ടപ്പെട്ട ഏറ്റവും വിലപ്പെട്ട നിധി–ആംബർ റൂം എന്ന അമൂല്യ മുറി അറിയപ്പെടുന്നത് അങ്ങനെയാണ്. ഒരു വിശേഷണം കൂടിയുണ്ട് അതിന്– ലോകത്തെ എട്ടാമത്തെ അദ്ഭുതം. അത്രയേറെ അമ്പരപ്പിക്കുന്ന കാഴ്ചകൾ നിറഞ്ഞതായിരുന്നു ആംബർ റൂം. പ്രഷ്യയുടെ ഭരണാധികാരി ഫ്രഡറിക് ഒന്നാമനു വേണ്ടിയാണ് അപൂർവ വസ്തുക്കൾ കൊണ്ട് ഈ സുവർണ മുറി നിർമിച്ചത്. ആംബറെന്ന അമൂല്യ വസ്തുവായിരുന്നു ഇതിൽ പ്രധാനം. ഒപ്പം സ്വർണ ഫ്രെയിമുകളിൽ ഘടിപ്പിച്ച കൂറ്റൻ നിലക്കണ്ണാടികളും ശോഭ കൂട്ടാൻ രത്നക്കല്ലുകളും. 11 അടി ഉയരമുള്ള മുറി നിറയെ മെഴുകുതിരികൾ കത്തിച്ചു വയ്ക്കുമ്പോഴാണ് അതിന്റെ ശോഭ പത്തരമാറ്റാവുക. റഷ്യയിലെ കാതറിൻ കൊട്ടാരത്തിൽ ആംബർ റൂമിന്റെ പുനസൃഷ്ടിക്കപ്പെട്ട പതിപ്പ് ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ഇന്നത്തെ വിലയനുസരിച്ചു നോക്കിയാൽ ഈ മുറിയുടെ മൂല്യം ഏകദേശം 250 ദശലക്ഷം പൗണ്ട് അതായത് 2000 കോടി രൂപ വരും! 1716ൽ റഷ്യയിലെ സാർ പീറ്റർ ഒന്നാമൻ ചക്രവർത്തിക്ക് ആംബർ റൂം കൈമാറി. തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗിലെ കാതറിൻ കൊട്ടാരത്തിലാണ് ഇതു സൂക്ഷിച്ചിരുന്നത്. അതിനിടെ ഹിറ്റ്‌ലറുടെ നാത്‌സി പട്ടാളം ഇവിടേക്കു മാർച്ച് ചെയ്തു. ആംബർ റൂം സ്ഥിതി ചെയ്തിരുന്ന നഗരം 1941ൽ അവർ കരയിൽ നിന്നും ആകാശത്തു നിന്നും ആക്രമിച്ചു തകർത്തു. ചിലർ കരുതുന്നത് ആ ആക്രമണത്തിൽ സ്വർണമുറി നശിച്ചു പോയെന്നാണ്. എന്നാൽ യുദ്ധത്തിനിടെ കൊട്ടാരത്തിൽ നിന്ന് മുപ്പതോളം വാഗണുകൾ പുറത്തേക്കു പോകുന്നതു കണ്ടവരുണ്ട്. അകത്തെന്താണെന്നറിയാത്ത വിധം മൂടിയിട്ടായിരുന്നു വാഗണുകൾ പോയത്. 

പുരാതന പ്രഷ്യൻ നഗരമായ കോനിസ്ബർഗിലെ കോട്ടയിൽ ആംബർ റൂം പിന്നീട് പ്രദർശിപ്പിക്കപ്പെട്ടതും ചരിത്ര രേഖകളിലുണ്ട്. അതിനിടെ നാത്‌സികളുടെ പതനം പൂർണമായി. ഹിറ്റ്‌ലർ ഇല്ലാതായതിനു ശേഷം ചരിത്രകാരന്മാർ ആദ്യം അന്വേഷിച്ചവയിൽ ആംബർ റൂമുമുണ്ടായിരുന്നു. എന്നാൽ എത്ര അലഞ്ഞിട്ടും കണ്ടെത്താനായില്ല. ദശകങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഇപ്പോഴിതാ ഒരു കൂട്ടം നിധി വേട്ടക്കാർ പറയുന്നു– ‘ആംബർ റൂമിലേക്കുള്ള വഴി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു’. പോളണ്ടിലേക്കാണ് ആംബർ റൂം കടത്തിയതെന്ന വിവരം നേരത്തേ തന്നെ പ്രചരിക്കപ്പെട്ടിരുന്നു. എങ്കിലും യൂറോപ്പിന്റെ ഒരു ഭാഗവും വിടാതെ നിധിവേട്ടക്കാർ അന്വേഷണം നടത്തിയിരുന്നു. പോളണ്ടിലെ മമെർകി ബങ്കർ മ്യൂസിയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് ഇപ്പോൾ പുതിയ കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുന്നത്. 

വടക്കു കിഴക്കൻ പോളണ്ടിലെ വേഗൊസെവ്വൊ നഗരത്തിലാണ് പ്രശസ്തമായ ഈ യുദ്ധമ്യൂസിയം. ജർമൻ അധിനിവേശ കാലത്തെ യുദ്ധക്കാഴ്ചകളാണേറെയും. ഇവിടെ നിന്ന് ഏതാനും കിലോമീറ്റർ മാറിയാണ് ആംബർ റൂം ഉണ്ടെന്നു കരുതുന്ന രഹസ്യ തുരങ്കം കണ്ടെത്തിയതായി അവകാശവാദമുള്ളത്. ജിയോ–റഡാർ സാങ്കേതികതയാണ് ഇക്കാര്യത്തിൽ നിധിവേട്ടക്കാരെ സഹായിച്ചത്. ഭൂമിയെ തുളച്ചു കടന്നുപോകുന്ന തരം റഡാർ‍ രശ്മികൾ എന്നാണിതിനെ വിശേഷിപ്പിക്കുന്നതു തന്നെ. അത്തരത്തിൽ നടത്തിയ പരിശോധനയിൽ ഭൂമിക്കടിയില്‍ ഒരു ചെറുവാതിൽ കണ്ടെത്തുകയായിരുന്നു. അതിന്റെ തൊട്ടുമുകളിലാകട്ടെ ഒരു വമ്പൻ മരവും വളർന്നിരിക്കുന്നു. മണ്ണിന്റെ ആ ഭാഗം കുഴിച്ചു നോക്കിയാൽ മാത്രമേ താഴെ എന്താണെന്ന് അറിയാനാകൂ. മരത്തിന് ഏകദേശം 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അത്രയും കാലം ആരും വാതിൽ തുറക്കാതിരുന്നതിനാലാണു മരം പടർന്നു പന്തലിച്ചതെന്നും നിധിവേട്ടക്കാർ പറയുന്നു. 

വാതിൽ തുറക്കുന്നത് ഒരു തുരങ്കത്തിലേക്കാണെന്നതു വ്യക്തമായിട്ടുണ്ട്. യുദ്ധകാലത്ത് ജർമൻ സേനയുടെ കിഴക്കന്‍ ആസ്ഥാന മന്ദിരം ഇതിനു തൊട്ടടുത്തായിരുന്നുവെന്നതും സംശയം ബലപ്പെടുത്തുന്നു. പല രാജ്യങ്ങളിൽ നിന്നു കവർന്ന അമൂല്യ വസ്തുക്കളെല്ലാം വൂൾഫ്സ് ലയർ എന്നറിയപ്പെടുന്ന ആസ്ഥാന മന്ദിരത്തോടു ചേർന്നു സൂക്ഷിച്ചിട്ടുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. 

English Summary : Treasure hunters find Hitler's gold treasures in secret Nazi bunker 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA