ADVERTISEMENT

പ്രകൃതിയോട് ഒട്ടും സ്നേഹമില്ല പലർക്കും. അതിനാൽത്തന്നെ ഓരോ സെക്കൻഡിലും അന്തരീക്ഷത്തിലേക്ക് എത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡിനു കയ്യും കണക്കുമില്ല. അന്തരീക്ഷ മലിനീകരണം ദിനം തോറും വർധിക്കുകയാണെങ്കിലും തടയാനാകാതെ എല്ലാവരും അന്തംവിട്ടു നിൽക്കുകയാണ്. അത്രയേറെ കാർബണാണ് ഇതിനോടകം നമുക്കു ചുറ്റിലും നിറഞ്ഞിരിക്കുന്നത്. ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? അതിനുള്ള വഴിയാണ് ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 

 

ലോകം മുഴുവനുമുള്ള കാർബണല്ല, ഓരോരുത്തരുടെയും വീട്ടുപരിസരത്തുള്ള കാർബണെങ്കിലും വലിച്ചെടുക്കാനാണു ശ്രമം. അന്തരീക്ഷത്തിനു ഹാനികരങ്ങളാണ് ഹരിതഗൃഹവാതകങ്ങൾ. അവയിൽ ഏറ്റവും വില്ലനാണു കാർബൺ ഡൈഓക്സൈഡ്. മൊത്തം ഹരിതഗൃഹവാതകങ്ങളിൽ മുക്കാൽ പങ്കും ഇതാണ്. പക്ഷേ, അന്തരീക്ഷത്തിൽ ചുറ്റിയടിക്കുന്ന കാർബണിനെ പിടിച്ചെടുത്തു ‘ശാപ്പിടുന്നതാണ്’ ഇയോസ് എന്ന ബയോറിയാക്ടർ. കാഴ്ചയിൽ ഒരു ഹൈടെക് അലമാര പോലിരിക്കുന്ന ഇതിന്റെ നിർമാണത്തിനു പിന്നിൽ ഹൈപർ ജയന്റ് ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ്. 

 

റിയാക്ടറിൽ നിറയെ ഗ്ലാസ് ട്യൂബുകളാണ്. ഇതിനകത്താകട്ടെ പലതരം ആൽഗെകളും. ഈ ആൽഗെകൾക്ക് ആവശ്യത്തിനു സൂര്യപ്രകാശവും കാർബണും ലഭിച്ചു കഴിഞ്ഞാൽ തഴച്ചു വളരും. അതും സാധാരണ ചെടികളേക്കാൾ ഇരട്ടി വേഗത്തിൽ. പക്ഷേ, ചുമ്മാതിങ്ങനെ വളർന്നുപെരുകുന്നതിനു പകരം ആൽഗെകൾക്ക് കാർബണിനെ ‘പിടികൂടി’ പെട്ടിയിലടയ്ക്കാനുള്ള കഴിവു പകർന്നു കൊടുക്കുകയാണു റിയാക്ടർ ചെയ്യുന്നത്. മരങ്ങളും അന്തരീക്ഷത്തിൽ നിന്നു കാർബൺ വലിച്ചെടുക്കാറുണ്ട്. അവയേക്കാളും 400 ഇരട്ടി വേഗത്തിലാണ് ആല്‍ഗെകൾ കാർബൺ വലിച്ചെടുക്കുക. മറ്റേതൊരു ചെടിയേക്കാളും ഏറ്റവുമധികം കാർബണ്‍ വലിച്ചെടുക്കാൻ ശേഷിയുള്ള ക്ലൊറെല്ല വുഗേറിസ് എന്ന ആൽഗെയെയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. 

 

ഈ ആൽഗെകൾ നിറഞ്ഞ ഒരൊറ്റ റിയാക്ടർ വഴി മാത്രം ഏകദേശം രണ്ടു ടൺ ഓക്സിജൻ ഓരോ വർഷവും ഉൽപാദിപ്പിക്കാനാകും. ഒരു ഏക്കർ സ്ഥലത്തുള്ള മരങ്ങൾ ഒരു വർഷം കൊണ്ട് ഉൽപാദിപ്പിക്കുന്ന ഓക്സിജന്റെ അത്രയും വരും ഇത്. വെറുതേ കുറേ കുഴലിൽ ആൽഗെ വളർത്തുകയല്ല ഗവേഷകർ ചെയ്യുന്നത്. ആൽഗെയുടെ വളർച്ച നിരീക്ഷിക്കാനും കാർബൺ പിടിച്ചെടുക്കാനുമെല്ലാം നിർമിത ബുദ്ധിയാണ് ഉപയോഗപ്പെടുത്തുന്നത്. 

 

ഏതു സാഹചര്യത്തിലും വളരുമെന്നതാണ് ആൽഗെകളുടെ പ്രത്യേകത. വളരെക്കുറച്ച് പോഷകവസ്തുക്കളും മതി വളർച്ചയ്ക്ക്. കാർബൺ വലിച്ചെടുത്ത് ഓക്സിജൻ ഉൽപാദിപ്പിക്കുമെന്നു മാത്രമല്ല, ബാക്കി വരുന്ന ആൽഗെ കൊണ്ടുമുണ്ട് ഗുണം. ‘ബയോമാസ്’ എന്നറിയപ്പെടുന്ന ഈ വസ്തു കൊണ്ട് ജൈവ ഇന്ധനവും ഭക്ഷ്യവസ്തുക്കളും വളവും സൗന്ദര്യവർധക വസ്തുക്കളും വരെ നിർമിക്കാം. അന്തരീക്ഷത്തിൽ നിന്നു കാര്‍ബൺ വലിച്ചെടുത്ത് അന്തരീക്ഷത്തെ ദ്രോഹിക്കാത്ത ജൈവഇന്ധനം ഉൽപാദിപ്പിക്കാമെന്നു ചുരുക്കം. ഒരു മനുഷ്യനോളം ഉയരമുള്ള ബയോ റിയാക്ടർ വീട്ടു മുറ്റത്തോ പരിസരത്തോ ഒക്കെ സൂക്ഷിക്കാം. സൂര്യപ്രകാശത്തിനു പകരം കൃത്രിമ വെളിച്ചം നൽകിയും ഉൽപാദനം നടത്താം. 

 

ബയോറിയാക്ടർ എങ്ങനെയാണു നിർമിക്കുകയെന്ന വിവരങ്ങളടങ്ങിയ ബ്ലൂപ്രിന്റ് കമ്പനി അധികം വൈകാതെ സൗജന്യമായി പുറത്തുവിടും. അവ നോക്കിപ്പഠിച്ച് ആർക്കു വേണമെങ്കിലും ഇതു നിർമിക്കാനും സാധിക്കും. ഒന്നാലോചിച്ചു നോക്കൂ, ഓരോ വീട്ടിലും ഓരോ കുഞ്ഞൻ റിയാക്ടറുകളും അതുവഴി ടൺകണക്കിന് ഓക്സിജനും ഉൽപാദിപ്പിക്കാൻ സാധിച്ചാല്‍ എങ്ങനെയുണ്ടാകും? അന്തരീക്ഷ മലിനീകരണത്തിനൊരു പരിഹാരവുമാകും എല്ലാവര്‍ക്കും ശുദ്ധവായുവും ലഭിക്കും.

 

English Summary : Machine Uses Algae to Eat CO2

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com