ADVERTISEMENT

യൂട്യൂബ്..സൈബർലോകത്തെ വിഡിയോ കണ്ടന്റിന്റെ എതിരുകളില്ലാത്ത ചക്രവർത്തി. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ യൂട്യൂബ് ഉപയോഗിക്കാത്തവർ വിരളമായിരിക്കും. ഇന്ന് യൂട്യൂബിന് 230 കോടി ഉപയോക്താക്കൾ ഉണ്ടെന്നാണു കണക്ക്. ദിവസത്തിൽ എല്ലാകൂടി ഏഴുലക്ഷത്തിലധികം മണിക്കൂറുകൾ ദൈർഘ്യം വരുന്ന വിഡിയോകൾ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നു. ഗൂഗിളിനു കീഴിയിലുള്ള ഈ സേവനത്തിൽ കോടിക്കണക്കിന് വിഡിയോകളുണ്ട്.

 

2005 ഫെബ്രുവരി 14നാണു യൂട്യൂബ്  ആദ്യമായി തുടങ്ങിയത്. സീറ്റീവ് ഷെൻ, ചാഡ് ഹർലി, ജാവേദ് കരിം എന്നീ മൂന്നു ചെറുപ്പക്കാർ ചേർന്നായിരുന്നു ഈ സംരംഭം. പേയ്പാൽ കമ്പനിയിലെ മുൻ ജീവനക്കാരായിരുന്നു ഇവർ. 

me-at-the-zoo-the-first-ever-youtube-video-got-uploaded-15-years-ago
Chad Hurley, Steve Chen, Jawed Karim. Photo Credits : Wikipedia

ഇതിൽ ജാവേദിനായിരുന്നു യൂട്യൂബിലെ ആദ്യ വിഡിയോ അപ്‌ലോഡ‍് ചെയ്യാനുള്ള നിയോഗം. ‘ജാവേദ്’ എന്നു പേരുള്ള യൂട്യൂബ് അക്കൗണ്ടിൽ നിന്ന് ആ ആദ്യ വിഡിയോയുടെ അപ്‌ലോ‍‍ഡ് നടന്നു. ‘മി അറ്റ് ദ സൂ’ അഥവാ മ‍ൃഗശാലയിൽ ഞാൻ എന്ന വിഡിയോ ഷൂട്ട് ചെയ്തത് കലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാലയിലായിരുന്നു. അവിടത്തെ ആനസംരക്ഷണ കേന്ദ്രത്തിൽ ആനകളെക്കുറിച്ചും അവയുടെ സവിശേഷതയെക്കുറിച്ചും വിവരിക്കുന്ന വിഡിയോ 2005 ഏപ്രിൽ 23നാണ് അപ്‌ലോഡ‍് ചെയ്യപ്പെട്ടത്. വെറും 19 സെക്കൻഡു മാത്രം ദൈർഘ്യമുള്ള ഈ ചെറുവിഡിയോയിൽ രണ്ട് ആഫ്രിക്കൻ ആനകൾ നിൽക്കുന്നതും കാണാം. അത്ര വലിയ ക്വാളിറ്റിയൊന്നും അവകാശപ്പെടാനില്ലാത്ത ഈ വിഡിയോയ്ക്കായി ഷൂട്ട് ചെയ്യപ്പെടുമ്പോൾ ജാവേദ് കരിം ഒരിക്കലും വിചാരിച്ചുകാണില്ല, സൈബർരംഗത്തെ ഒരു വലിയ നാഴികക്കല്ലിനാണു താൻ തുടക്കമിടുന്നതെന്ന്.ജാവേദിന്റെ സുഹൃത്തായ യാക്കോവ് ലാപിറ്റ്സ്കിയാണ് ഈ വിഡിയോ അന്നു ഷൂട്ട് ചെയ്തത്. ഒരു വലിയ ചരിത്രത്തിനു തുടക്കമിട്ട ആ വിഡിയോ അപ്‌ലോഡിന്റെ പതിനാറാം വാർഷികമാണ്

 

ഇന്ന് 18 ലക്ഷം പേർ ജാവേദ് എന്ന ചാനലിനു സബ്സ്ക്രൈബേഴ്സായുണ്ട്. എന്നാൽ അതിനു ശേഷം ആ ചാനലിൽ നിന്ന് ഒരു വിഡിയോ പോലും വന്നിട്ടില്ല എന്നുള്ളതാണ് കൗതുകകരമായ കാര്യം. നിർജീവമായി കിടക്കുന്ന ഒരു യൂട്യൂബ് ചാനലിന് ഇത്രയധികം സബ്സ്ക്രൈബേഴ്സ് അപൂർവമായിരിക്കും.

 

ഇതുവരെ 16 കോടിയിലധികം ആളുകൾ ജാവേദിന്റെ വിഡിയോ കണ്ടിട്ടുണ്ട്. 75 ലക്ഷത്തോളം ലൈക്കുകളും രണ്ടു ലക്ഷത്തിനടുത്ത് ഡിസ്‌ലൈക്കുകളും 1.1 കോടി കമന്റുകളും ഈ വിഡിയോയ്ക്കുണ്ട്. ഇന്നും ആളുകൾ ഈ വിഡിയോ തേടിപ്പിടിച്ചു കാണുന്നു. ന്യൂയോർക്ക് ഓബ്സർവർ യൂട്യൂബിലെ ഏറ്റവും പ്രാധാന്യമുള്ള വിഡിയോയായി തിരഞ്ഞെടുത്തത് ഇതിനെയാണ്. പിൽക്കാലത്ത് യൂട്യൂബിന്റെ മുഖമുദ്രയായി മാറിയ വ്ലോഗുകളുടെ ആദ്യപതിപ്പായും ഇതു വ്യാഖ്യാനിക്കപ്പെടുന്നു. 

 

സംഭവമിതൊക്കെയാണെങ്കിലും യൂട്യൂബിലെ ആദ്യ വൈറൽ വിഡിയോ ഇതല്ല.റൊണാൾഡിഞ്ഞോയ്ക്ക് ഗോൾഡൻ ബൂട്സ് പുരസ്കാരം ലഭിച്ചതിന്റെ ദൃശ്യങ്ങളാണ് ആ പെരുമയ്ക്കർഹമായ ആദ്യ വിഡിയോ. കിഴക്കൻ ജർമനിയിൽ 1979ൽ ജനിച്ച ജാവേദ് കരിമിന്റെ അച്ഛൻ ബംഗ്ലദേശുകാരനും അമ്മ ജർമൻകാരിയുമായിരുന്നു. ഇലിനോയ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് ബിരുദപഠനം തുടങ്ങിയെങ്കിലും ജാവേദ് അതു മുഴുമിപ്പിച്ചില്ല. ഇന്ത്യാന സർവകലാശാലയിലെ മുൻ വിദ്യാർഥിയാണ് യൂട്യൂബ് സഹസ്ഥാപകനായ ചാഡ് ഹർലി, സ്റ്റീവ് ഷെൻ തയ്‌വാനിൽ ജനിച്ച് യുഎസിൽ കുടിയേറ്റമുറപ്പിച്ചയാളാണ്.

തുടക്കമിട്ട വർഷമായ 2005 ൽ തന്നെ യൂട്യൂബ് ഇന്റർനെറ്റ് ലോകത്ത് പുതുതരംഗം സൃഷ്ടിച്ചു. ആ വർഷം ഡിസംബറായപ്പോഴേക്കും 20 ലക്ഷം വിഡിയോ വ്യൂകൾ യൂട്യൂബിനുണ്ടായി. തൊട്ടടുത്ത വർഷം ഇത് 5 ഇരട്ടിയായി. പിന്നീട് യൂട്യൂബിനെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയായി. ഒടുവിൽ തങ്ങളുടെ കൈയിലെ സൗകര്യങ്ങൾ വച്ച് യൂട്യൂബ് നടത്തുക പ്രാവർത്തികമല്ലെന്നു മനസ്സിലാക്കിയ സ്ഥാപകർ കമ്പനി ഗൂഗിളിനു കൈമാറുകയായിരുന്നു. ശേഷം ചരിത്രം.

 

English Summary: ‘Me at the zoo’ the first ever youtube video got uploaded 15 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com