ADVERTISEMENT

സ്വന്തമായി രൂപപ്പെടുത്തിയ ലിപി, കലണ്ടർ, കൃഷി ആയുധങ്ങൾ, കനാലുകൾ, കെട്ടിടങ്ങൾ, പിരമിഡുകൾ... മായൻ സംസ്കാരത്തിന്റെ ഭാഗമായിരുന്നു ഇവയെല്ലാം. ആയിരത്തിലേറെ വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന മായൻ സംസ്കാരത്തിന്റെ അടയാളങ്ങൾ കണ്ട് ലോകം ഇന്നും അമ്പരക്കുകയാണ്, ഇതൊക്കെ എങ്ങനെ സാധിച്ചു എന്നാലോചിച്ച്. പക്ഷേ എഡി 800നും 1000ത്തിനും ഇടയ്ക്ക് മായന്മാർക്ക് എന്തോ സംഭവിച്ചു. അവരുടെ സംസ്കാരം പാടെ തകർന്നു. അജ്ഞാതരായ ശത്രുക്കളുമായുള്ള യുദ്ധം, കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം, മായൻ വിഭാഗക്കാർക്കിടയിൽതന്നെയുണ്ടായ  വഴക്ക്... ഇതെല്ലാം കാരണമായി പറയുന്നുണ്ട്. പക്ഷേ ഇപ്പോഴും യഥാർഥ കാരണം പുരാവസ്തു ഗവേഷകർക്ക് പിടികിട്ടിയിട്ടില്ല. അതിനുള്ള കൊണ്ടുപിടിച്ച അന്വേഷണത്തിലുമാണ് അവർ. 

 

അങ്ങനെയിരിക്കെയാണ് അടുത്തിടെ, അതിനു സഹായിക്കുന്ന ഒരു കണ്ടെത്തലുണ്ടായത്. മെക്സിക്കൻ വനാന്തരങ്ങളിൽ നിന്ന് ഒരു മായൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിരിക്കുന്നു. ആയിരത്തിലേറെ വർഷം പഴക്കമുള്ളതാണത്. അതായത് എഡി 600നും എഡി 900ത്തിനും ഇടയിൽ ജീവിച്ചിരുന്ന മായന്മാരും എഡി 850നും 1050നും ഇടയിൽ ജീവിച്ചിരുന്നവരും ഉപയോഗിച്ചിരുന്ന കൊട്ടാരം. മായന്മാരുടെ അവസാനം സംബന്ധിച്ച തെളിവുകൾ ഈ കൊട്ടാരത്തിനകത്ത് എവിടെയോ ഒളിച്ചിരിപ്പുണ്ടെന്നാണു ഗവേഷകർ കരുതുന്നത്. 

 

മെക്സിക്കോയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കൻകൂണിന് 63 മൈൽ ദൂരെയായിട്ടായിരുന്നു കൊട്ടാരം കണ്ടെത്തിയത്. അതിനാൽത്തന്നെ കൊട്ടാരത്തിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കിയാൽ വിനോദസഞ്ചാരികളുടെയും ഒഴുക്കായിരിക്കും ഇവിടേക്ക്. 55 മീറ്റർ നീളത്തിലാണ് കൊട്ടാരം, 15 മീറ്റർ വീതിയുമുണ്ട്. ആറു മീറ്റർ ഉയരമുള്ള കൊട്ടാരത്തിൽ ആറു വലിയ മുറികളുമുണ്ടായിരുന്നു. ഇതിനോടു ചേർന്നുതന്നെ മറ്റൊരു വലിയ കെട്ടിട സമുച്ചയവും അടുക്കളയും പ്രാർഥനാകേന്ദ്രവും ഉണ്ടായിരുന്നതിന്റെ തെളിവുകളുമുണ്ട്. സമീപത്തെ ശ്മശാനവും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നുള്ള അസ്ഥികൾ‍‍‍ ഫൊറൻസിക് വിദഗ്ധർ പരിശോധിക്കുന്നതോടെ മായന്മാരുടെ അവസാന കാലത്തെപ്പറ്റി കൂടുതൽ തെളിവുകളും ലഭിക്കുമെന്നാണു കരുതുന്നത്. മെക്സിക്കോയിലെ ഉൾവനങ്ങളിൽ നിന്നുൾപ്പെടെ മായന്മാരുടെ വീടുകളുടെയും മറ്റും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കൊട്ടാരത്തിന്റെ നിർമാണ രീതിയിൽ ഏറെ പ്രത്യേകതകളുണ്ടെന്നാണു പറയപ്പെടുന്നത്. പുരോഹിതന്മാരോ ഉന്നത അധികാരികളോ താമസിച്ചിരുന്ന കൊട്ടാരമാണിതെന്നും കരുതുന്നു. കുളുബ എന്ന സ്ഥലത്തെ ഈ കൊട്ടാരത്തിന്റെ നിർമാണരീതിയെപ്പറ്റിയും പഠിക്കാനിരിക്കുകയാണു ഗവേഷകർ. 

 

English Summary : Ancient Mayan palace discovered in Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com