ADVERTISEMENT

ഏറെ പ്രശസ്തമായ, ഒരുപാട് വേദനകളുടെ ചരിത്രമുള്ള വാക്കാണ് ചേർണോബിൽ. യുക്രൈനിൽ സ്ഥിതി ചെയ്യുന്ന ഈ ആണവ റിയാക്ടർ 1986ൽ പൊട്ടിത്തെറിച്ചത് ആയിരക്കണക്കിനു പേരുടെ മരണത്തിനിടയാക്കി. തുടർന്നു രൂപമെടുത്ത വികിരണസ്വഭാവമുള്ള പുകമേഘം യൂറോപ്പിനെ ഒട്ടേറെ ആഴ്ചകളാണ് ഭീതിയിലാഴ്ത്തിയത്. ലോക ആണവ മേഖലയ്ക്കു കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ചേർണോബിൽ ഒരിക്കലും മറക്കപ്പെടാത്ത ഒരേടാണ്.

 

എന്നാൽ ഈ സ്മരണകൾ വീണ്ടും ഉയർത്തുകയാണ് ഇപ്പോൾ റിയാക്ടറിൽ നിന്നു പുറത്തു വരുന്ന വാർത്തകൾ. പണ്ട് സ്‌ഫോടനം സംഭവിച്ച ആണവ റിയാക്ടറിന്റെ പ്രവേശിക്കാനാകാത്ത ബേസ്‌മെന്‌റ് അറയിൽ വീണ്ടും ആണവ റിയാക്ഷനുകൾ തുടങ്ങിയെന്നു ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. 305- 2 എന്നാണ് ഈ ബേസ്‌മെന്റെ് അറ അറിയപ്പെടുന്നത്. ഇതിൽ നിറയെ റേഡിയോ വികിരണശേഷിയുള്ള യുറേനിയം, സിർക്കോണിയം, ഗ്രാഫൈറ്റ്, മണൽ എന്നിവ കുന്നുകൂടി കിടക്കുകയാണ്. ലാവ പോലെ ഒലിച്ചിറങ്ങിയ ഈ അവശിഷ്ടങ്ങൾ കാലം പിന്നിടവെ ഉറയ്ക്കുകയും ഫ്യൂവൽ കണ്ടെയിനിങ് മെറ്റീരിയൽസ് (എംസിഎം) എന്ന ഘടന ഉടലെടുക്കുകയും ചെയ്തു.

 

കുറേക്കാലമായി നിർജീവമായി കിടന്ന ഈ ബേസ്‌മെന്‌റ് അറയിലെ ന്യൂട്രോൺ അളവുകൾ കൂടിയിട്ടുണ്ടെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. എംസിഎം ഘടനയ്ക്കുള്ളിൽ ആണവ പ്രവർത്തനങ്ങൾ നടക്കുന്നതു മൂലമാണ് ഇതും സംഭവിക്കുന്നത്. ന്യൂട്രോണുകൾ യുറേനിയം ന്യൂക്ലിയസുകളിൽ ഇടിക്കുകയും ഇവയെ വിഭജിച്ച് ഊർജം ബഹിർഗമിപ്പിക്കുകയും ചെയ്യുന്നു.

 

യുകെയിൽ ഷെഫീൽഡ് സർവകലാശാല ഗവേഷകർ നീൽ ഹ്യാട്ടിന്‌റെ അഭിപ്രായപ്രകാരം ഒരു ബാർബക്യൂ അടുപ്പിൽ തീപ്പൊരികളുണ്ടാകുന്നതു പോലെയാണ് ഈ പ്രവർത്തനങ്ങൾ. ഈ തീപ്പൊരികൾ വീണ്ടുമൊരു സ്‌ഫോടനമായി മാറാനും അധികസമയം വേണ്ടെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. എന്നാൽ മുൻകാലത്തെ ഒരു വമ്പൻ സ്‌ഫോടനം ഇനിയുണ്ടാകില്ല. 1986ലെ സ്‌ഫോടനത്തിനു ശേഷം പ്ലാന്‌റിനു ചുറ്റും ഷെൽട്ടറുകൾ എന്നറിയപ്പെടുന്ന സ്റ്റീൽ-കോൺക്രീറ്റ് നിർമിതികൾ സ്ഥാപിച്ചിരുന്നു. ഇനിയൊരു സ്‌ഫോടനമുണ്ടായാൽ പോലും പ്ലാന്‌റിനുള്ളിലേ അതു രൂക്ഷമാകൂ എന്ന് യുക്രൈനിൽ നിന്നുള്ള ശാസ്ത്രജ്ഞൻ മാക്‌സിം സവിലിയേവ് പറയുന്നു.

 

എന്നാൽ ഇതു പുറപ്പെടുവിപ്പിക്കുന്ന വികിരണ പുകമേഘങ്ങളും മറ്റ് അവശിഷ്ടങ്ങളും മേഖലയിൽ വീണ്ടും ആണവ മലിനീകരണത്തിനു വഴിയൊരുക്കിയേക്കാം. ഇതു പ്രദേശത്തെ ആളുകളുടെ ആരോഗ്യത്തേയും ജൈവ സമ്പത്തിനെയും ബാധിക്കാനുമിടയുണ്ട്. നാലു വർഷമായി ന്യൂട്രോണുകളുടെ അളവ് ഉയർന്നു തന്നെയാണ് ഇരിക്കുന്നത്. ചിലപ്പോൾ ഇതു സ്വാഭാവികമായും ശമിക്കും. എന്നാൽ ഇതു സംഭവിച്ചില്ലെങ്കിൽ ശാസ്ത്രജ്ഞർക്ക് ഇടപെടേണ്ടി വരുമെന്നു പറയുന്നു. എന്നാൽ അതത്ര എളുപ്പമല്ല. ടൺ കണക്കിന് ആണവ അവശിഷ്ടങ്ങളാണ് റിയാക്ടറിന്‌റെ ബേസ്‌മെന്റിൽ കെട്ടിക്കിടക്കുന്നത്. ഇവിടത്തെ വികിരണ തോതും വളരെ കൂടുതലാണ്. മനുഷ്യർ ഇതു നീക്കം ചെയ്യാനിറങ്ങുന്നത് വളരെ അപകടകരമായ അവസ്ഥയുണ്ടാക്കും.വികിരണങ്ങളെ ചെറുക്കുന്ന റോബട്ടുകൾ ഉപയോഗിച്ച് ഇവ നീക്കം ചെയ്തു സുരക്ഷിതമായി സംസ്‌കരിക്കാനാണ് മറ്റൊരു പദ്ധതി. ഇതെക്കുറിച്ചു കൂടുതൽ പഠനങ്ങൾ നടന്നു വരികയാണ്.

 

1986 ഏപ്രിൽ 25നു സംഭവിച്ച ചേർണോബിൽ ദുരന്തം ലോകത്തിലെ ഏറ്റവും തീവ്രമായ 2 ആണവ അപകടങ്ങളിൽ ഒന്നാണ്. ജപ്പാനിലെ ഫുക്കുഷിമ ദുരന്തമാണ് മറ്റേത്. യുക്രൈൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴാണ് ചേർണോബിലിലെ റിയാക്ടർ 4 പൊട്ടിത്തെറിച്ചത്. ആയിരക്കണക്കിനു മരണങ്ങളും 6800 കോടി യുഎസ് ഡോളറിന്റെ നഷ്ടവും ഇതു മൂലമുണ്ടായി. ആഴ്ചകളോളം റിയാക്ടറിൽ അഗ്നിബാധയുമുണ്ടായി.

 

ഇവിടുന്ന പുറത്തു വന്ന റേഡിയോ ആക്ടീവ് പദാർഥങ്ങളുടെ അളവ് ഹിരോഷിമയിലെ ന്യൂക്ലിയർ ബോംബു മൂലമുണ്ടായതിന്റെ 400 ഇരട്ടിയാണെന്നു കണക്കാക്കപ്പെടുന്നു. പ്രദേശത്തിനടുത്ത് ഒരു വനം റെഡ് ഫോറസ്റ്റ് എന്ന പേരിലാണു പിന്നീടറിയപ്പെട്ടത്. ആണവവികിരണത്തിന്റെ പരിണതഫലമായി വനത്തിലെ പൈൻ മരങ്ങൾ ചുവന്ന നിറത്തിലായതാണ് ഈ പേരിനു വഴി വച്ചത്. പിന്നീടു റിയാക്ടറുകൾ അടച്ചുപൂട്ടി സുരക്ഷിതമാക്കപ്പെട്ടു. കാലക്രമേണ സാധാരണ ജീവിതം ഈ യുക്രൈനിയൻ പട്ടണത്തിലേക്കു മടങ്ങി വന്നു.

 

English Summary : Fission reactions are smoldering again at Chernobyl 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com