ADVERTISEMENT

ഇന്നു നമ്മൾ ഒരു മഹാമാരിയുടെ നടുവിലാണ്. കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ് നമ്മളുടെ ജീവിതം ദുരിതത്തിലാക്കി. പക്ഷേ ഈ മഹാമാരിയോട് പൊരുതിനിൽക്കാൻ കഴിയുന്നതെല്ലാം മനുഷ്യരാശി ചെയ്യുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രവും വൈറോളജി പഠനത്തിലും ഔഷധമേഖലയിലും വർഷങ്ങൾ കൊണ്ടുണ്ടായ കുതിച്ചുചാട്ടവുമൊക്കെ ഈ പോരാട്ടത്തിൽ ലോകത്തിനു കവചങ്ങളും ആയുധവുമാകുന്നു.

ഇതൊന്നുമില്ലാതിരുന്ന ഒരു കാലം ആലോചിക്കാമോ? മരണദൂതുമായെത്തിയ മഹാരോഗത്തിനു മുന്നിൽ യാതൊരു പ്രതിരോധങ്ങളുമില്ലാതെ പിടഞ്ഞുവീണ് മരണം വരിക്കേണ്ട അവസ്ഥ? അങ്ങനെയുള്ള അവസ്ഥകൾ മനുഷ്യവംശത്തിന്റെ ഭൂതകാലത്തിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ബ്ലാക്ക് ഡെത്ത്. യൂറോപ്പിനെയും ഏഷ്യയെയും 5 വർഷം മുൾ നിറഞ്ഞ വഴികളിലൂടെ നടത്തിയ പ്ലേഗ് മഹാമാരി.

ഏഷ്യയിൽ മുൻപ് തന്നെ ഉദ്ഭവിച്ച്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ആക്രമിച്ചെങ്കിലും യൂറോപ്പിലായിരുന്നു ഇതിന്റെ ഭീകരത കടുത്ത രീതിയിൽ നടമാടിയത്. രണ്ടു കോടി ആളുകളെ യൂറോപ്പിൽ മാത്രം ബ്ലാക്ക് ഡെത്ത് കൊന്നുകളഞ്ഞു. ആ ഭൂഖണ്ഡത്തിന്റെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരെ.

black-death-bubonic-plague-causes-symptoms-impact
Man and women with the bubonic plague with its characteristic buboes on their bodies, Medieval painting. Photo credit :Everett Collection/Shutterstock.com

∙ ദുരന്തത്തിന്റെ തിരശ്ശീല

1347 ഒക്ടോബർ.. ഇറ്റലിയിലെ മെസീന തുറമുഖം. കരിങ്കടലിൽ നിന്നെത്തിയതായിരുന്നു ആ പന്ത്രണ്ട് കപ്പലുകൾ. തുറമുഖ ജലത്തിൽ ഇവ ഉലഞ്ഞുലഞ്ഞു നിന്നു. കപ്പലുകളുടെ ആഗമനത്തിനു ശേഷം ഇതിനടുത്തേക്ക് ഓടിയെത്തിയ ആളുകളെക്കാത്ത് അതിനുള്ളിൽ ഒളിഞ്ഞിരുന്ന കാഴ്ച അതിഭീകരമായിരുന്നു. കപ്പലിനുള്ളിൽ മരിച്ചു കിടക്കുന്ന നാവികർ. ചിലർക്കൊക്കെ ജീവനുണ്ടെങ്കിലും മൃതപ്രായരായിരുന്നു.ജീവനോടെയുള്ളവരുടെ ശരീരത്തു ആപ്പിളിന്റെ വലുപ്പമുള്ള കറുത്ത മുഴകൾ. ഇതിൽ നിന്നു രക്തവും ചലവും പുറത്തേക്കൊഴുകി ഇറങ്ങി തളംകെട്ടിയിരുന്നു.

ഡ്രാക്കുള എന്ന നോവലിൽ, പ്രധാനകഥാപാത്രം ഡ്രാക്കുള പ്രഭു എന്ന രക്തദാഹി ഡിമീറ്റർ എന്ന കപ്പലിലേറിയാണു യുഎസിലേക്കു പുറപ്പെടുന്നത്. ആ കപ്പലിലുള്ള എല്ലാവരെയും ഡ്രാക്കുള കൊല്ലുന്നതായാണ് കഥ. ശവങ്ങൾ നിറഞ്ഞ കപ്പൽ യുഎസ് തീരത്തെത്തി. ഏകദേശം ഇതുപോലൊരു ദൃശ്യമായിരുന്നു മെസീനയിലേതും. സിസിലിയൻ അധികാരികൾ കപ്പലിനെ പുറത്തേക്കു കൊണ്ടുപോകാൻ നിർദേശം നൽകുകയും ഇതു നടപ്പാക്കപ്പെടുകയും ചെയ്തു. ‌പക്ഷേ വൈകിയിരുന്നു....

മഹാമാരിയുടെ വിത്തുക്കൾ കടൽ കടന്ന് കപ്പലിൽ നിന്നു മെസീനയിലെ ജനങ്ങളിൽ ചിലരിലേക്കു പകർന്നിരുന്നു. യൂറോപ്പിന്റെ നിർഭാഗ്യയുഗത്തിന് ഇതോടെ തുടക്കമായി.

∙ ദുരിതത്തിന്റെ കുമിളകൾ

ചെറിയ ചെറിയ തടിപ്പുകളും മുഴകളുമായാണ് ആളുകളിൽ ബ്ലാക്ക് ഡെത്ത് രോഗം അരങ്ങേറിയിരുന്നതെന്ന് അക്കാലത്തു ജീവിച്ചിരുന്ന ഇറ്റാലിയൻ കവി ജയോവനി ബൊക്കേസിയോ എഴുതുന്നു. പിന്നീട് ഇവ മുട്ടയുടെ ആകൃതിയിൽ വളർന്നു. കുറച്ചുകാലം പിന്നിടുന്നതോടെ കൂടുതൽ വലുപ്പമാർജിച്ചു.

‌പ്ലേഗ് ബോയിലുകൾ എന്നായിരുന്നു ഈ മുഴകളെ അന്നു യൂറോപ്യൻമാർ വിശേഷിപ്പിച്ചിരുന്നത്. ഇവ കൂടാതെ കടുത്ത പനി, കോച്ചിപ്പിടിത്തം, ഛർദ്ദി, വയറിളക്കം, അതിശക്തമായ ദേഹവേദന എന്നിവയും രോഗികളെ വേട്ടയാടി. പ്ലേഗ് ബാധിച്ചവരിൽ നല്ലൊരു പങ്കും മരണത്തിനു കീഴടങ്ങി.

അതീവശേഷിയുള്ള സാംക്രമികരോഗമായിരുന്നു ബ്ലാക്ക് ഡെത്ത്. ഇതു ബാധിക്കപ്പെട്ട രോഗിയുടെ വസ്ത്രത്തിൽ പോലും തൊടുന്നവരിലേക്കു ബാധ പകർന്നു. വളരെ ആരോഗ്യം പുലർത്തിയിരുന്ന ആളുകൾ പോലും ഈ ബാധ മൂലം അകാലമൃത്യുവിന് ഇരയായി.

യെർസിന പെസ്റ്റിസ് എന്നൊരുതരം ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണക്കാരനെന്ന് ഇന്നത്തെ ശാസ്ത്രസമൂഹത്തിനറിയാം. പക്ഷേ അന്നത്തെ വൈദ്യമേഖലയിലുള്ള ചികിൽസകർക്ക് എന്താണു കാരണമെന്നു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.സ്പർശനത്തിൽ കൂടി മാത്രമല്ല, വായുവിലൂടെയും എലികൾ, ചില പറപ്പാറ്റകൾ എന്നിവയിലൂടെയും രോഗം പകർന്നിരുന്നു. ഇറ്റലിയിൽ ആദ്യം ആഞ്ഞടിച്ച രോഗം പിന്നീട് കപ്പലുകളിലൂടെ വിവിധ യൂറോപ്യൻ തുറമുഖങ്ങളിലേക്കും അതുവഴി നഗരങ്ങളിലേക്കും പരന്ന് ഒരു മഴതീർത്തു....മൃത്യുവിന്റെ മഴ. 

മെസീനയിൽ നിന്നു ഫ്രാൻസിലെ മാഴ്സല്ലിയിലേക്ക്, അവിടെ നിന്നു റോമിലേക്കും ഫ്ലോറൻസിലേക്കും, തുടർന്ന് പാരിസ്, ല്യോൺ, ലണ്ടൻ ഒടുവിൽ തുനീസിയയിലെ തുനീസ് തുറമുഖത്തു പരന്ന ബാധയോടെ രോഗം ആഫ്രിക്കയിലുമെത്തി. അന്നത്തെ ആഫ്രോ–ഏഷ്യൻ മേഖലയിലെ പ്രധാന വാണിജ്യകേന്ദ്രമായ ഈജിപ്തിലെ കയ്റോയും താമസിയാതെ രോഗത്തിനു കീഴടങ്ങി.

∙ മൃഗീയ ചികിൽസകൾ

അന്നത്തെ ചികിൽസകർക്ക് രോഗത്തെ എങ്ങനെ നേരിടണമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. രോഗത്തിന്റെ ഭാഗമായുണ്ടാകുന്ന പഴുപ്പുനിറഞ്ഞ മുഴകൾ കത്തി കൊണ്ട് വരഞ്ഞ് ചലം പുറത്തുചാടിക്കുന്നതായിരുന്നു പ്രധാന ചികിത്സാരീതി. എന്നാൽ ഇതു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. വിനാഗിരിയിലും പനിനീരിലും കുളിപ്പിക്കുന്നതും സുഗന്ധധൂപങ്ങൾ രോഗിക്കു ചുറ്റും പുകച്ചിടുന്നതുമൊക്കെ മറ്റു ചില മാർഗങ്ങളായിരുന്നു.

ആളുകളിൽ ഭയം നിറഞ്ഞു നിന്നു. മറ്റാളുകളെ കാണാനുള്ള അവസരങ്ങൾ യൂറോപ്പിലുള്ളവർ പൊതുവെ ഒഴിവാക്കി. ചികിൽസകർ രോഗികളെ കാണാൻ മടിച്ചു. കടയുടമകൾ തങ്ങളുടെ സ്ഥാപനങ്ങൾ നീണ്ട നാളേക്ക് അടച്ചിട്ടു. നഗരങ്ങളിൽ താമസിച്ചവർ രോഗബാധ കിട്ടില്ലെന്ന വിശ്വാസത്തിൽ ഗ്രാമപ്രദേശങ്ങളിലേക്കു കൂട്ടപ്പലായനം നടത്തി. ഇതോടെ താരതമ്യേന സുരക്ഷിതമായിരുന്ന ഗ്രാമങ്ങളും ബ്ലാക്ക് ഡെത്തിന്റെ പിടിയിലായി. മനുഷ്യർ മാത്രമല്ല, പശുക്കളും ആടുകളും ചെമ്മരിയാടുകളും കോഴികളും പന്നികളുമൊക്കെ വൻ തോതിൽ ചത്തൊടുങ്ങി. ഭക്ഷ്യക്ഷാമവും കമ്പിളിയുടെ ദൗർലഭ്യവും ഇതു മൂലം സംഭവിച്ചു.

∙കണ്ണീരോർമകൾ

കണ്ണീരുതിരുന്ന നിമിഷങ്ങളാണു ബ്ലാക്ക് ഡെത്ത് യൂറോപ്പിനു സമ്മാനിച്ചത്. രോഗബാധിതരായ പ്രിയപ്പെട്ടവരെ ഒന്നു പരിചരിക്കാൻ പോലും ആക്കാതെ ഓടിയകലുന്ന ബന്ധുക്കൾ. ദുരന്തത്തിന്റെ തീവ്രത സഹിക്കാനാകാതെ ആത്മഹത്യ ചെയ്തവർ ഒട്ടേറെ. രോഗത്തോടുള്ള അരിശം സമൂഹത്തിൽ തന്നെ കലാപങ്ങളായി പരിണമിച്ച സംഭവങ്ങളും കുറവല്ല. ദൈവകോപമാണ് ബ്ലാക്ക് ഡെത്തിനു കാരണമെന്നു പലരും വിചാരിച്ചു. തെറ്റുകളും പാപങ്ങളും തീർക്കാനായി സ്വയം പീഡകൾ ഏറ്റവരും ഒരുപാട്. 

യൂറോപ്യൻ തുറമുഖങ്ങൾ താമസിയാതെ ഇതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. തുറമുഖങ്ങളിലെത്തുന്ന നാവികരെ 40 ദിവസത്തോളം ഒറ്റപ്പെട്ട മുറികളിൽ താമസിപ്പിച്ച് രോഗമില്ലെന്ന് ഉറപ്പാക്കി മാത്രം പുറത്തിറക്കി. മധ്യകാലഘട്ടത്തിലെ ശക്തവും ഏകീകരിക്കപ്പെട്ടതുമായ ഒരു ക്വാറന്റീൻ സംവിധാനമായിരുന്നു അത്.

അഞ്ചുവർഷത്തോളം ആക്രമണം തുടർന്ന ശേഷം ബ്ലാക്ക് ഡെത്ത് ഒടുവിൽ ഒടുങ്ങിത്തുടങ്ങി. പിൽക്കാലത്ത് മികച്ച ശുചിത്വസംവിധാനങ്ങൾ, ആന്റിബയോട്ടിക് മരുന്നുകൾ തുടങ്ങിയവയുടെ വരവോടെ രോഗം വൈദ്യശാസ്ത്രത്തിന്റെ നിയന്ത്രണത്തിലായി മാറി.

 

English summary: Black Death - Causes, Symptom and Impact

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com