മൂന്നേകാൽ കിലോ ഭാരം, 33 സെ.മീ നീളം, ഗോലിയാത്ത് ഫ്രോഗ്സ്; ലോകത്തിലെ ഏറ്റവും വലിയ തവള

HIGHLIGHTS
  • വളർത്തുന്നതിനും സ്റ്റഫ് ചെയ്യുന്നതിനുമെല്ലാമായി പിടികൂടുന്നതും പതിവാണ്
worlds-biggest-frog-conraua-goliath
SHARE

മഴക്കാലത്ത് പോക്രോം പോക്രോം കരഞ്ഞു നടക്കുന്ന കുഞ്ഞിത്തവളകളെ കണ്ടിട്ടില്ലേ! ഇവ കൂടാതെ ചിലപ്പോഴൊക്കെ മുറ്റത്ത് അൽപം വലുപ്പക്കൂടുതലുള്ള മാക്കാച്ചിത്തവളകളും വരാറുണ്ട്. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ തവളകളുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തവളകൾ ഒന്നുമല്ല. ഗോലിയാത്ത് ഫ്രോഗ്സ് (Conraua goliath) എന്നറിയപ്പെടുന്ന ഇവ 33 സെ.മീ വരെ നീളം വയ്ക്കും. ഭാരമാകട്ടെ മൂന്നേകാൽ കിലോ വരെയുണ്ടാകും. കാമറൂണിലും ഗിനിയയുടെ ചില ഭാഗങ്ങളിലും മാത്രമാണ് ഇവയെ കാണാനാവുക. 

വലുപ്പത്തിലെ കൗതുകം കാരണം ഇവയെ വളർത്തുന്നതിനും സ്റ്റഫ് ചെയ്യുന്നതിനുമെല്ലാമായി പിടികൂടുന്നതും പതിവാണ്. വനനശീകരണം കാരണം സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ഇവയെ വംശനാശഭീഷണിയിലേക്കു തള്ളിവിടുന്നു. ഇക്കഴിഞ്ഞ 10 വർഷത്തിനിടെ ഇവയുടെ എണ്ണത്തിൽ 50 ശതമാനം കുറവാണുണ്ടായത്. അങ്ങനെ ‘സീനാകെ കോൺട്ര’യായിരിക്കുന്ന സമയത്താണ് ഈ ഭീമൻ തവളകളെപ്പറ്റിയുള്ള ഒരു കൗതുകവാർത്ത പുറത്തുവന്നിരിക്കുന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന, കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിവുള്ള ജീവികളിൽ ഇവ മാത്രമാണ് കുഞ്ഞുങ്ങൾക്കു വേണ്ടി കൂടൊരുക്കാറുള്ളത്. ആ കൂട് നിർമാണത്തിന്റെ വിശേഷമാണ് ഗവേഷകർ പുതുതായി കണ്ടെത്തി പുറത്തുവിട്ടത്. 

ബെർലിൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലെ ഡോ.മാർക് ഒലിവർ റോഡലാണ് ഈ തവളഭീമനെപ്പറ്റി പ്രത്യേകം പഠിച്ചത്. അതിനു കാരണവുമുണ്ട്. ആളു വലുപ്പക്കാരനാണെങ്കിലും ഇവയെപ്പറ്റി ജീവശാസ്ത്രലോകത്തിനുള്ള അറിവ് വളരെ കുഞ്ഞനാണ്. അങ്ങനെ പഠനത്തിന്റെ ഭാഗമായി കാമറൂണിലുള്ള എംപൗല നദിക്കരയിൽ നിരീക്ഷണം നടത്താൻ ഗവേഷകർ തീരുമാനിച്ചു. ഗോലിയാത്ത് തവളകള്‍ മുട്ടയിട്ടു കുഞ്ഞുങ്ങളെ വളർത്തുന്ന പ്രധാന സ്ഥലങ്ങളിലൊന്ന് ഈ നദീതടമാണ്. ഗവേഷകർക്കു സന്തോഷം പകർന്ന് പലയിടത്തും ഗോലിയാത്തിന്റെ കുഞ്ഞുങ്ങളുടെ മുട്ടകളും അതു വിരിഞ്ഞെത്തിയ വാൽമാക്രികളെയും കണ്ടെത്തി. സ്വന്തം കുഞ്ഞുങ്ങൾക്കായി പ്രത്യേകം ‘കൂടുകൾ’ വരെ തയാറാക്കിയിരുന്നു അവ. 

എംപൗല നദിയിൽ എപ്പോഴും കനത്ത ഒഴുക്കാണ്. അതിനാൽത്തന്നെ വാൽമാക്രികളെ അതിലേക്ക് ഇറക്കിവിടാനും സാധിക്കില്ല. അതോടെ ഗോലിയാത്ത് തവളകൾ എന്തു ചെയ്തെന്നോ, വമ്പൻ പാറകളും ഇലകളുമൊക്കെ കൂട്ടിച്ചേർത്ത് നദിയുടെ തീരത്ത് ചെറിയ ‘കുളങ്ങളുണ്ടാക്കി’. അവയിലേക്ക് മുട്ടയിട്ട് കുഞ്ഞുങ്ങളെ ഇറക്കിവിടുകയും ചെയ്തു. ആഫ്രിക്കൻ ഉഭയജീവികളിൽ ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു കൂടുനിർമാണം കണ്ടെത്തുന്നത്. ആൺതവളകളാണ് കുളം നിര്‍മിക്കുക. പെൺതവള രാത്രി മുഴുവന്‍ കൂടിന് ഉറങ്ങാതെ കാവലിരിക്കുകയും ചെയ്യും. നദീതീരത്ത് 22 ഇടത്ത് ഗോലിയാത്ത് തവളകൾ നിർമിച്ച കുളങ്ങൾ കണ്ടെത്തി. ഇതിന്റെ നിർമാണത്തെപ്പറ്റി പഠിക്കുന്നതിന് വിഡിയോ ക്യാമറകളും സ്ഥാപിച്ചു. 

<br><br>മൂന്നുതരം കൂടുകളാണ് ഇവ കുഞ്ഞുങ്ങൾക്കു വേണ്ടി നിർമിച്ചിരുന്നത്. അതിലൊന്ന് നദിയിലെ ഒഴുക്കിൽ നിന്നു മാറി സ്വാഭാവികമായി രൂപപ്പെട്ട ചെറുകുളങ്ങൾ തന്നെയായിരുന്നു. അവയിലെ ഇലയും അഴുക്കുമെല്ലാം മാറ്റി അതിൽ മുട്ടയിടുകയാണു ചെയ്യുക. രണ്ടാമത്തെ തരത്തിലുള്ളവ ഇലയും മരക്കഷണങ്ങളും മറ്റും കുളത്തിന്റെ അരികിൽ കൂട്ടിയിട്ടു സംരക്ഷണം തീർത്താണു നിർമിച്ചത്. മൂന്നാമത്തെയായിരുന്നു കൂട്ടത്തിൽ ഏറ്റവും മികച്ചതും കൂടുതൽ സംരക്ഷണം ഒരുക്കുന്നതും. തീരത്തെ വമ്പൻപാറകൾ ചെളിയിലൂടെ ഉരുട്ടി നീക്കിയായിരുന്നു ഇത്തരം കൂട് നിർമിച്ചത്. ചെളിയിൽ പാറയിരിക്കുന്ന ഭാഗത്ത് വമ്പൻ കുഴി രൂപപ്പെട്ട് അതിലേക്ക് വെള്ളമിറങ്ങുമ്പോൾ കുളമായി ഉപയോഗിക്കുന്നതാണു തന്ത്രം. 

രണ്ടു കിലോയോളം വരെ ഭാരമുള്ള പാറകൾ ഈ തവളകൾ തള്ളിനീക്കുന്നതിന്റെ വിഡിയോകളും ഗവേഷകർക്കു ലഭിച്ചു. മൂന്നു കിലോയിലേറെ ഭാരമുള്ള വസ്തുക്കൾ തള്ളിനീക്കാൻ ഈ തവളകൾക്കു കഴിയുമെന്നു നേരത്തേ കണ്ടെത്തിയിരുന്നതാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള കുളം നിർമിക്കാൻ വേണ്ടിയായിരിക്കാം ഗോലിയാത്ത് തവളകൾക്ക് പരിണാമത്തിലൂടെ വമ്പന്‍ ശരീരം ലഭിച്ചതെന്നും ഗവേഷകർ കരുതുന്നു. നാച്വറൽ ഹിസ്റ്ററി ജേണലിലുണ്ട് ഇതു സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ട്. 

English summary: Interesting facts about worlds biggest frog conraua goliathhttps://www.facebook.com/manoramaonline/posts/4331995180192051

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA